Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ ആകാശത്തും ചന്ദ്രന്‍ വെട്ടിത്തിളങ്ങി; 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ദൃശ്യമായി

ഈ ഋതുവിലെ മൂന്നാമത്തെ പൂർണ ചന്ദ്രനായതിനാലാണ് അതിനെ ബ്ലൂ മൂൺ എന്ന് വിശേഷിപ്പിക്കുന്നത്

supermoon blue moon sighted in kerala
Author
First Published Aug 20, 2024, 9:54 AM IST | Last Updated Aug 20, 2024, 9:59 AM IST

തിരുവനന്തപുരം: പൂർണ ചന്ദ്രനെ മിഴിവോടെ കാണാനാകുന്ന 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' പ്രതിഭാസം ഇന്നലെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമായി. കേരളത്തിലും സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ പ്രതിഭാസം നിരവധിയാളുകള്‍ കണ്ടു. സാധാരണ പൗ‌ർണമി ദിവസങ്ങളിലേതിനേക്കാനാൾ അൽപ്പം കൂടി വലിപ്പത്തിലാണ് ചന്ദ്രൻ ദൃശ്യമായത്. സാധാരണയിലും മുപ്പത് ശതമാനം വരെ കൂടുതൽ തെളിച്ചവും ഇന്നലെ ചന്ദ്രബിംബത്തിന് അനുഭവപ്പെട്ടു. ഇത്തരത്തിലൊരു ബ്ലൂ മൂൺ കാണണമെങ്കിൽ ഇനി 2026 മേയ് മാസം വരെ കാത്തിരിക്കണം. 

ഈ ഋതുവിലെ മൂന്നാമത്തെ പൂർണ ചന്ദ്രനായതിനാലാണ് അതിനെ ബ്ലൂ മൂൺ എന്ന് വിശേഷിപ്പിക്കുന്നത്. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. 1528ലാണ് ആദ്യ ബ്ലൂ മൂണ്‍ രേഖപ്പെടുത്തിയത് എന്നാണ് പറയപ്പെടുന്നത്. 1940കളിലാണ് മാസത്തിലെ രണ്ടാം ഫുള്‍ മൂണിനെ ബ്ലൂ മൂണ്‍ എന്ന് വിളിക്കാന്‍ തുടങ്ങിയത്. 

കേരളത്തിലും 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' 

ഇന്ന് പുലര്‍ച്ചെ വരെ ബ്ലൂ മൂണ്‍ കേരളത്തില്‍ പലയിടത്തും ദൃശ്യമായി. മേഘാവൃതമായ ഇടങ്ങളില്‍ ഈ അവിസ്‌മരണീയ ആകാശ കാഴ്‌ച കാണാനായില്ല. ഇന്നും 'സൂപ്പ‍ർമൂണ്‍ ബ്ലൂ മൂൺ' ആകാശത്ത് ദൃശ്യമാകും. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. ചന്ദ്രന് കൂടുതല്‍ പ്രകാശവും വലിപ്പവും സൂപ്പര്‍മൂണില്‍ ദൃശ്യമാകും. ഈ വര്‍ഷത്തെ അടുത്ത മൂന്ന് സൂപ്പര്‍മൂണുകള്‍ സെപ്റ്റംബര്‍ 17നും (ഹാര്‍വെസ്റ്റ് മൂണ്‍), ഒക്ടോബര്‍ 17നും (ഹണ്ടേഴ്‌സ് മൂണ്‍), നവംബര്‍ 15നും (ബീവര്‍ മൂണ്‍) കാണാം. എന്നാല്‍ ഈ വര്‍ഷം ഇനി 'സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍' വരാനില്ല. 

Read more: ഇന്ത്യയുടെ ആകാശത്തിന് മുകളില്‍ നീല ദിവ്യവെളിച്ചം; ബഹിരാകാശത്ത് നിന്ന് പകര്‍ത്തിയ ഫോട്ടോ വൈറല്‍, സംഭവം എന്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios