Asianet News MalayalamAsianet News Malayalam

പത്ത് വർഷം കൊണ്ട് പതിനായിരം കോടി ടേൺ ഓവർ; ബഹിരാകാശ വിപണി പിടിക്കാൻ എൻസിൽ, മനസ് തുറന്ന് അമരക്കാരൻ

പത്ത് വർഷം കൊണ്ട് പതിനായിരം കോടി രൂപ വാർഷിക ടേൺ ഓവറുള്ള സ്ഥാപനമായി വളരാനാണ് എൻസിൽ ലക്ഷ്യമിടുന്നത്. ആഗോള മാർക്കറ്റിൽ എറ്റവും വിശ്വാസതയുള്ള സേവനദാതാവായി മാറുകയാണ് ലക്ഷ്യം.

Ten Crore turn over in ten years interview with nsil head
Author
Thiruvananthapuram, First Published Mar 16, 2021, 9:58 PM IST

ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് എന്ന പേര് കേട്ട് തുടങ്ങിയിട്ട് കുറച്ചായിക്കാണുമെങ്കിലും ഈ സ്ഥാപനം എന്താണെന്നും എങ്ങനെയാണ് രാജ്യത്തെ പുതിയ ബഹിരാകാശ നയത്തിൽ എൻസിൽ ഭാഗവാക്കാകുന്നതെന്നും ചോദിച്ചാൽ പലർക്കും അറിയണമെന്നില്ല. ആൻട്രിക്സ് കോർപ്പറേഷൻ്റെ പിൻഗാമിയാണോ എൻസിൽ ? അതോ അതിനേക്കാൾ ചുമതലകളും ഉത്തരവാദിത്തങ്ങളുമുള്ള കൂടുതൽ അധികാരവും ശേഷിയമുള്ള തീർത്തും വ്യത്യസ്തമായ ഒരു സ്ഥാപനമാണോ? എൻസിൽ സിഎംഡിയും മലയാളിയുമായ ശ്രീ ജി നാരായണനുമായി ഞങ്ങളുടെ പ്രതിനിധി സംസാരിച്ചു.

ന്ത്യൻ ബഹിരാകാശ രംഗം വലിയ മാറ്റത്തിലൂടെ കടന്ന് പോകുകയാണ്. ബഹിരാകാശമെന്ന വ്യവസായമേഖലയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കാനാണ് തീരുമാനം. വാണിജ്യാടിസ്ഥാനത്തിൽ ഉപഗ്രഹങ്ങൾ നിർമ്മിക്കുകയും വിക്ഷേപിക്കുകയും ചെയ്യുന്നത് സമീപ ഭാവിയിൽ സർവസാധാരണമായ കാര്യമായി മാറും. ആ മാറ്റത്തിന് ചുക്കാൻ പിടിക്കുന്നതാകട്ടെ ഇസ്രോയുടെ പുതിയ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡും.

ഇസ്രോയുടെ വാണിജ്യ വിഭാഗം എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ ഇന്ത്യൻ ബഹിരാകാശ വിപണിയുടെ അമരക്കാരനെന്ന് വിശേഷിപ്പിക്കുന്നതായിരിക്കും നല്ലത്. രാജ്യത്തെ ഉപഗ്രഹ വിക്ഷേപണങ്ങളുടെ സിംഹഭാഗവും സമീപഭാവിയിൽ എൻസിൽ വഴിയായിരിക്കും. പത്ത് വർഷം കൊണ്ട് പതിനായിരം കോടി രൂപ വാർഷിക ടേൺ ഓവറുള്ള സ്ഥാപനമായി വളരാനാണ് എൻസിൽ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ എൻസിൽ ചെയർമാൻ വെല്ലുവിളികളെ കുറച്ച് കാണുന്നില്ല. മൂലധനം കണ്ടെത്തുന്നതിലെ വെല്ലുവിളികൾ അന്താരാഷ്ട്ര തലത്തിൽ കടുത്ത മത്സരം, മാറി മറയുന്ന നയങ്ങൾ മുന്നോട്ടുള്ള വഴിയെളുപ്പമല്ലെങ്കിലും അതാലോചിച്ച് വെറുതെയിരിക്കാൻ എൻസിലിന് മുന്നിൽ സമയമില്ല.


അഭിമുഖത്തിന്റെ പൂർണ്ണ രൂപം.

1. എന്താണ് എൻസിൽ ? മുൻഗാമിയായ ആൻട്രിക്സ് കോ‌ർപ്പറേഷനിൽ നിന്ന് എങ്ങനെയാണ് എൻസിൽ വ്യത്യസ്തമാകുന്നത് ?

എൻസിൽ ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഒരു സെൻട്രൽ പബ്ലിക് സെക്ടർ സ്ഥാപനമാണ്. പത്ത് കോടി മൂലധനത്തോടെ മാർച്ച് 9നാണ് സ്ഥാപനം രൂപീകരിച്ചത്. ഇസ്രോയിൽ നിന്ന് വിക്ഷേപണ വാഹനങ്ങളുടെ നിർമ്മാണവും വിക്ഷേപണ നിയന്ത്രണവും ഏറ്റെടുക്കുകയായിരുന്നു എൻസിലിന്റ ആദ്യ ദൗത്യം. പുതിയ ബഹിരാകാശ നയത്തിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ചുമതലകൾ കൂടി. ഉപഗ്രഹ നി‍ർമ്മാണവും വിക്ഷേപണവുമെല്ലാം എൻസിൽ ഏറ്റെടുക്കും ഇതിനെല്ലാം വലിയ മൂലധന നിക്ഷേപവും ആവശ്യമാണ്. മറ്റ് ബഹിരാകാശ അടിസ്ഥിത സേവനങ്ങൾ നൽകാനും എൻസിലിന് പുതിയ ബഹിരാകാശ നയം അനുമതി നൽകിയിട്ടുണ്ട്. ഇത്തരം ചുമതലകൾ എൻസിൽ ഏറ്റെടുക്കുന്നതോടെ ഗവേഷണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഗഹനമായ പഠനം നടത്താനും പദ്ധതികൾ ആവിഷ്കരിക്കാനും സമയം കിട്ടും.


2. ഒരു പുതിയ പ്രസ്ഥാനത്തിന്റെ അമരക്കാരനെന്ന നിലയിൽ വെല്ലുവിളികൾ എത്രത്തോളമാണ് ?

( മലയാളിയായ സുമ ദേവകി റാം ആയിരുന്നു എൻസിലിന്റെ ആദ്യ മേധാവി 2020 ജനുവരി 31ന് ഇവരുടെ കാലാവധി അവസാനിച്ച ശേഷമാണ് ജി നാരായണൻ മേധാവി സ്ഥാനം ഏറ്റെടുത്തത്. )


നാല് വെല്ലുവിളികളണ് പ്രഥാനമായും ഉള്ളത്

  1. നിലവിലെ സപ്ലൈ ഡ്രിവൺ മോഡലിൽ നിന്ന് ഡിമാൻഡ് ഡ്രിവൺ മോഡലിലേക്ക് മാറണം. ഇതിനായി സേവനം ആവശ്യപ്പെട്ട് വരുന്നവരും തയ്യാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്. അവരുടെ ആവശ്യങ്ങൾ പഠിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കിയ ശേഷം വേണം എൻസിലിനെ സമീപിക്കാൻ. നീണ്ട കാലം നിലനിൽക്കുന്ന ഉടമ്പടികളിൽ ഏർപ്പെടേണ്ടതായി വന്നേക്കാം. സാമ്പത്തിക വിഷയങ്ങളിലുൾപ്പെടെ. ഈ മാറ്റം സുഗമമാക്കാൻ എൻസിൽ പല രീതിയിൽ ശ്രമം നടത്തുണ്ട്.
  2. മൂലധനം കാര്യമായി വേണ്ട മേഖലയാണ് ഉപഗ്രഹ നി‍ർമ്മാണവും വിക്ഷേപണ  വാഹന നി‍ർമ്മാണവുമെല്ലാം. വർഷം രണ്ടായിരം കോടി രൂപയുടെ നിക്ഷേപമാണ് എൻസിൽ പദ്ധതിയിടുന്നത്. ഈ വലിയ തുക കണ്ടെത്തുന്നത് വെല്ലുവിളി തന്നെയാണ് പക്ഷേ അത് യാഥാ‍ർത്ഥ്യമാക്കാൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം.
  3. പ്രവ‍ർത്തി പരിചയവും  നൈപുണ്യവുമുള്ളവരെ ജോലിക്കായി തെരഞ്ഞെടുക്കുകയെന്നത് ബുദ്ധമുട്ടുള്ള കാര്യമാണ് മികച്ച പരിശിലീനം  നേടിയിട്ടുള്ള വിഷയത്തിൽ ഗഹനമായ അറിവ് നേടിയിട്ടുള്ളവരെ കണ്ടെത്തേണ്ടതായിട്ടുണ്ട്. ബഹിരാകാശ ഗവേഷണം സങ്കീ‍ർണ്ണമായ ജോലിയാണ്. പറ്റിയ ആളുകളെ ജോലിക്കായി കണ്ടെത്തുക തന്നെ ഒരു വെല്ലുവിളിയാണ്.
  4.  അന്താരാഷ്ട്ര തലത്തിൽ ഒരുപാട് സ്ഥാപനങ്ങളോട് മത്സരിക്കേണ്ടതായിട്ടുണ്ട്. സേവനങ്ങളുടെ വില നി‍ർണ്ണയിക്കുന്നതിലടക്കം കടുത്ത മത്സര സ്വഭാവം നിലനിൽക്കുന്നുണ്ട്. ബഹിരാകാശം ഒരു തന്ത്രപ്രധാന മേഖലയാണ് അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ തീരുമാനങ്ങളും നയ മാറ്ങങളും രാജ്യത്തെ തന്നെ നിയമവ്യവസ്ഥകളുമെല്ലാം വിപണിയെ ബാധിക്കും. അന്താരഷ്ട്ര നയം മാറ്റങ്ങൾ തിരിച്ചടിയായേക്കാം. നൽകുന്ന സേവനങ്ങളുടെ വില നി‍‌‌‌‍‌ർണ്ണയിക്കുന്നതിൽ ജാഗ്രത പുലർത്തേണ്ടതായിട്ടുണ്ട് മാറുന്ന സാഹചര്യങ്ങൾ മനസിലാക്കുകയും അതിനനുസരിച്ച് തീരുമാനങ്ങളെടുക്കുകയും വേണം കടുത്ത മത്സരമാണ് മേഖലയിലുള്ളത്.

  3. എസ്എസ്എൽവി ? എപ്പോൾ പ്രതീക്ഷിക്കാം ? എസ്എസ്എൽവിയിലൂടെ എൻസിൽ ലക്ഷ്യമിടുന്നത് എന്ത് ?

ഒരു ലോഞ്ച് ഓൺ ഡിമാൻഡ് വിക്ഷേപണ വാഹനമെന്ന നിലയിലാണ് എസ്എസ്എൽവി വികസിപ്പിക്കുന്നതെന്ന് അറിയാമല്ലോ. ഒരു പുതിയ റോക്കറ്റ് വികസിപിക്കുന്നതിന് അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. എസ്എസ്എൽവി യാഥാ‌‍ർത്ഥ്യമാക്കാൻ ഇസ്രൊ പരിശ്രമിച്ച് കൊണ്ടിരിക്കുകയാണ് അത് കൊണ്ട് തന്നെ ഈ ചോദ്യം ഇസ്രോയാണ് ചോദിക്കേണ്ടത്. നിലവിൽ അതിനെക്കുറിച്ച് പറയാൻ എൻസിലിന് കഴിയില്ല.

പക്ഷേ വിജയകരമായ ആദ്യ വിക്ഷേപണം പൂ‌ർത്തിയാക്കി കഴിഞ്ഞാൽ എൻസിൽ എസ്എസ്എൽവിയിലൂടെ വിപണി പിടിക്കാനുള്ള ശക്തമായ ശ്രമം നടത്തും. മറ്റ് രീതികളിലൂടെയും പദ്ധതി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമമുണ്ടാകും. ആഗോള തലത്തിൽ തന്നെ ചെറു ഉപഗ്രഹ പദ്ധതികൾക്ക് വലിയ മാ‌ർക്കറ്റ് രൂപപ്പെട്ടിട്ടുണ്ട്. ഈ വിപണി വരും വർഷങ്ങളിൽ കൂടുതൽ വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യം മുതലാക്കാൻ കഴിയുമെന്നും എസ്എസ്എൽവിയിലൂടെ ഈ വിപണി പിടിച്ചെടുക്കാൻ സാധിക്കുമെന്നുമാണ് എൻസിൽ പ്രതീക്ഷിക്കുന്നത്.

4.  ഉപഗ്രഹ വിക്ഷേപണങ്ങൾ സ‌ർവ്വസാധാരണമാകുന്ന ഒരു കാലമാണോ വരാനിരിക്കുന്നത് ?

തീർച്ചയായും അതേ, ബഹിരാകാശവുമായി ബന്ധപ്പെട്ട മേഖലകളിൽ താൽപര്യം വളരുന്ന കാലഘട്ടമാണ് ഇത്.  വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉപഗ്രഹ വൃന്ദങ്ങൾ സ‍ർവ്വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. ആയിരക്കണക്കിന് ഉപഗ്രഹങ്ങളാണ് നിലവിൽ ഭൂമിക്ക് ചുറ്റുമുള്ളത്. കൃത്യമായ ഇടവേളകളിൽ ഇവയ്ക്ക് പകരം ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കേണ്ടതുണ്ട്. കൂടുതൽ സ്വകാര്യ കമ്പനികൾ തങ്ങളുടെ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തിക്കാനുള്ള ശ്രമത്തിലാണ്.

സ്വാഭാവികമായും വിക്ഷേപണ സൗകര്യങ്ങൾക്ക് വലിയ ഡിമാൻഡുണ്ട്. ചെറു ഉപഗ്രങ്ങളായതിനാൽ തന്നെ ഒറ്റ തവണ അനേകം ഉപഗ്രങ്ങൾ ലോഞ്ച് ചെയ്യാൻ സാധിക്കും. ഈ മാ‍ർക്കറ്റാണ് എൻസിൽ ലക്ഷ്യമിടുന്നത്. സ്വാഭാവികമായ വിക്ഷേപണങ്ങളുടെ എണ്ണം വ‍ർധിക്കും.

  5. ഒരു ഇന്ത്യൻ കമ്പനി നി‌‌ർമ്മിച്ച വിക്ഷേപണ വാഹനം എപ്പോൾ പ്രതീക്ഷിക്കാം ?  

നിലവിൽ രാജ്യത്ത് കുറഞ്ഞത് രണ്ട് സ്വകാര്യ കമ്പനികളെങ്കിലും വളരെ ഗ സ്വന്തം നിലയ്ക്ക് വിക്ഷേപണ വാഹനങ്ങൾ വികസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. അടുത്ത ഒന്നോ രണ്ടോ വർഷത്തിനിടയിൽ ഇവർക്ക് വിജയം കാണാനാകുമെന്നാണ് കണക്കുകൂട്ടുന്നത്. ഇതിന് പുറമേ പിഎസ്ൽവി നിർമ്മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചിട്ടുണ്ട്. ഒരു സ്വകാര്യ കമ്പനി നിർമ്മിച്ച ആദ്യ പിഎസ്എൽവി മൂന്നോ നാലോ വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

6. ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടേയും ഉടമസ്ഥാവകാശം ഇനി എൻസിലിനാകുമോ ? എൻസിൽ നൽകുന്ന കരാറനുസരിച്ച് വിക്ഷേപണവാഹനങ്ങളും ഉപഗ്രങ്ങളും തയ്യാറാക്കി നൽകുന്ന ചുമതലയാകുമോ ഇസ്രോയ്ക്ക്?

നിലവിൽ പ്രവർത്തനക്ഷമമായ ഉപഗ്രഹങ്ങളുടെയും വിക്ഷേപണ വാഹനങ്ങളുടേയും  ഉടമസ്ഥാവകാശം എൻസിൽ ഏറ്റെടുക്കും രാജ്യത്തെ തന്നെ വ്യവസായങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തിയാരിക്കും . ആദ്യഘട്ടത്തിൽ ഇസ്രൊ എൻസിലിന്റെ പ്രവർത്തനങ്ങളിൽ സഹായിക്കും പിന്നീട് എല്ലാ ജോലികളും എൻസിൽ തന്നെ സ്വയം ഏറ്റെടുത്ത് നടത്തും. ഇസ്രോ പുതിയ സാങ്കേതിക വിദ്യയുടെ വികസനത്തിലും ഗവേഷണത്തിലും ശ്രദ്ധകേന്ദ്രീകരിക്കും. ബഹിരാകാശ ഗവേഷണ രംഗത്ത് ഇസ്രോയ്ക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അന്യഗ്രഹങ്ങളിലേക്ക് കൂടുതൽ പര്യവേഷണ ദൗത്യങ്ങളയക്കുന്നതും പുതിയ സംയുക്തങ്ങൾക്കായുള്ള ഗവേഷണവുമെല്ലാം അതിൽ ഉൾപ്പെടുന്നു. പുതിയ സംവിധാനത്തിന്റെ എറ്റവും പ്രധാനപ്പെട്ട ഉദ്ദേശം ഇസ്രോയുടെ ജോലിഭാരം കുറയ്ക്കുകയെന്നതാണ് എങ്കിൽ മാത്രമേ ഐഎസ്ആ‍‌‌ർഒയ്ക്ക് പുതിയ മേഖലകളിലേക്ക് കടക്കാനാകൂ. സാങ്കേതിക വിദ്യ ഇസ്രോ വികസിപ്പിക്കും വിപണയിക്കാവശ്യമായതെല്ലാം എൻസിൽ ചെയ്യും. എപ്പോഴും എൻസിൽ സാങ്കേതിക വിദ്യക്കായി ഇസ്രോയെ ആശ്രയിക്കുമെങ്കിലും ഇസ്രോയ്ക്ക് ഒരു ആവശ്യത്തിനും എൻസിലിനെ ആശ്രയിക്കേണ്ടി വരില്ല.

 7. ഇസ്രൊയുടെ സാങ്കേതിക വിദ്യയെ വാണിജ്യവൽക്കരിക്കലും എൻസിലിന്റെ ക‌ർത്തവ്യമാണല്ലോ ? വിക്ഷേപണ വാഹനങ്ങളുടെ കാര്യത്തിനപ്പുറം അത്തരത്തിൽ എന്തെങ്കിലും കരാറുകൾ ആയിട്ടുണ്ടോ ? പദ്ധതികളെന്തെങ്കിലും മനസിലുണ്ടോ ?  

പല മേഖലകളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നുണ്ട് ഇത് വരെ സാങ്കേതിക വിദ്യാ കൈമാറ്റത്തിനായി 14 ധാരണാപത്രങ്ങളൊപ്പിട്ടിട്ടുണ്ട്. ഇസ്രോയുടെ സാങ്കേതിക വിദ്യ എൻസിലിലൂടെ ഇന്ത്യൻ സ്വകാര്യ കമ്പനികൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇസ്രോയുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് എത്തിച്ച് കൊടുക്കുന്നതിന് പുറമേ റിമോട്ട് സെൻസിംഗ്, ട്രാക്കിംഗ്, വാ‌‍ർത്താവിനിമയ ഉപഗ്രങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൺസൾട്ടൻസിയായും പ്രവ‍ർത്തിക്കും. ഐഎസ്ആ‌ർഒയുടെ പ്രവൃത്തി പരിചയവും സാങ്കേതിക വിദ്യയും പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. മറ്റ് മേഖലകളിലും ചർച്ചകൾ പുരോഗമിക്കുന്നുണ്ട്.

  8.   എൻസിലിന്റെ പ്രധാന ജോലികളിലൊന്നായി വെബ്സൈറ്റിൽ തന്നെ ലിസ്റ്റ് ചെയ്തിട്ടുള്ളത് ആവശ്യാനുസരണം ഉപഗ്രഹങ്ങളുടെ നി‌ർമ്മാണവും സേവനമുറപ്പാക്കലുമാണ് ഇതും കരാറടിസ്ഥാനത്തിൽ ഇസ്രോയെക്കൊണ്ടോ സ്വകാര്യ സ്ഥാപനങ്ങളെക്കൊണ്ടോ നി‌ർമ്മിച്ച് വാങ്ങുകയായിരിക്കുമോ ? ഭാവിയിൽ എൻസിൽ സ്വന്തം നിലയിൽ ഉപഗ്രഹ നി‌ർമ്മാണത്തിലേക്ക് കടക്കുമോ ?

എൻസിലിന്റെ ജോലി ആവശ്യങ്ങൾ മനസിലാക്കുകയും ആവശ്യം നിറവേറ്റാൻ ഏത് തരം ഉപഗ്രഹം വേണമെന്ന് മനസിലാക്കുകയും ആണ്. ഉപഗ്രഹത്തിന്റെ സ്പെസിഫിക്കേഷൻ തീരുമാനിച്ച് കഴിഞ്ഞാൽ അത് ഇസ്രോ വഴിയോ മറ്റ് കമ്പനികൾ വഴിയോ എൻസിൽ നി‌ർമ്മിച്ചെടുക്കും. എൻസിൽ തന്നെ വിക്ഷേപിക്കുകയും തുട‍ർ സേവനങ്ങൾ ലഭ്യമാക്കുകയും ചെയ്യും. സ്വയം ഉപഗ്രഹ നി‍ർമ്മാണത്തിലേക്ക് കടക്കാൻ എൻസിൽ നിലവിൽ ഉദ്ദേശിച്ചിട്ടില്ല. സമീപ ഭാവിയിലും ഇത്തരമൊരു പദ്ധതിയില്ല. നിലവിൽ ഇസ്രോ മാത്രമാണ് രാജ്യത്ത് ഉപഗ്രഹ നി‍ർമ്മാണത്തിൽ കഴിവ് തെളിയിച്ചിട്ടുള്ള പ്രസ്ഥാനം. അത് കൊണ്ട് തന്നെ ഇസ്രോയെ ആശ്രയിച്ചായിരിക്കും ഇപ്പോഴത്തെ ദൗത്യങ്ങളെല്ലാം. രാജ്യത്ത് ധാരാളം സ്വകാര്യ കമ്പനികൾ ഈ മേഖലയിലേക്ക് കടന്നു വരുന്നുണ്ട്. അവർക്ക് ശേഷി തെളിയിക്കാനായാൽ എൻസിൽ അവരുടെ സേവനവും ഉപയോഗപ്പെടുത്തും.

9. നിലവിൽ എൻസിൽ ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ, വെളിപ്പെടുത്താവുന്നവ ?

രണ്ട് വാർത്താവിനിമയ ഉപഗ്രങ്ങളുമായി ബന്ധപ്പെട്ട കരാറുകൾ അന്തിമ ഘട്ടത്തിലാണ്. ഇതിൽ തീരുമാനമായാൽ ഇസ്രൊയുടെ സഹായത്തോടെ രണ്ട് ഉപഗ്രഹങ്ങളും നിർമ്മിച്ച്  വിക്ഷേപിക്കുകയും സേവനം ലഭ്യമാക്കുകയും ചെയ്യും.


10. എൻസിലിന്റെ പ്ലാൻ 2021 എന്താണ്  ? ഇനിയും സമ്പൂ‌ർണ്ണ വാണിജ്യ വിക്ഷേപണങ്ങളുണ്ടാകുമോ ഈ വ‌ർഷം.  

2021ൽ ഒരു വാർത്താ വിനിമയ ഉപഗ്രഹ കരാ‌‍ർ കൂടി സ്വന്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് . അതിന്റെ വിക്ഷേപണവും അത് വഴിയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതും എൻസിലായിരിക്കും. ഒരു വാണിജ്യ വിക്ഷേപണവും പ്രതീക്ഷിക്കുന്നുണ്ട്. ട്രാൻസ്പോൺഡറുകൾ ലീസിന് നൽകുന്നത് തുടരും. ഇതിനെല്ലാം പുറമേ പുതിയ ബഹിരാകാശ നയമനുസരിച്ചുള്ള കൂടുതൽ സേവനങ്ങൾ ലഭ്യമാക്കാനും ശ്രമം തുടരുകയാണ്.
 
11.   പത്ത് വ‌ർഷം കഴിയുമ്പോൾ എൻസിൽ എവിടെ എത്തി നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

പത്ത് വർഷത്തിനുള്ള രാജ്യത്തെ പ്രധാന കൊമേഴ്സ്യൽ സ്പേസ് കമ്പനി ആവാനാണ് എൻസിൽ ലക്ഷ്യമിടുന്നത്. പതിനായിരം കോടി രൂപ വാർഷിക ടേൺ ഓവറാണ് പ്രതീക്ഷിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഒരു എൻഡ് ടു എൻഡ് സ്പേസ് സൊലൂഷ്യൻ പ്രൊവൈഡറായി പേരെടുക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
 

12. ആൻട്രിക്സ് ദേവാസ് കേസ് എൻസിലിന്റെ ഭാവിയെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് ആശങ്കയുണ്ടോ ?

ആൻട്രിക്സ് കോർപ്പറേഷനും എൻസിലും പൂർണ്ണമായും വ്യത്യസ്തമായ രണ്ട് കമ്പനികളാണ് അത് കൊണ്ട് തന്നെ മറ്റൊരു പ്രസ്ഥാനത്തിന്റെ പ്രശ്നങ്ങൾ ഞങ്ങളെ ബാധിക്കില്ല.

 

ജി നാരായണൻ

പാലക്കാട് സ്വദേശിയായ ജി നാരായണൻ 1983ലാണ് ഐഎസ്ആർഒയിൽ ജോലിയിൽ പ്രവേശിക്കുന്നത്. തിരുവനന്തപുരം വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സെന്റ‌‍‌ർ ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്നു. ഇവിടെ നിന്നാണ് എൻസിൽ തലപ്പത്തേക്ക് നിയോഗിക്കപ്പെട്ടത്.

Follow Us:
Download App:
  • android
  • ios