ശ്രീഹരിക്കോട്ട: ചന്ദ്രയാൻ 2 എന്ന ഇന്ത്യയുടെ അഭിമാന ദൗത്യത്തിൽ ഇതുവരെയെല്ലാം കൃത്യമായാണ് മുന്നോട്ടുപോയത്. പേടകത്തിന്‍റെ ലാൻഡിംഗ് മൊഡ്യൂളിലെ ലാൻഡർ വിക്രമും റോവർ പ്രഗ്യാനും വിജയകരമായി വേർപെട്ടുകഴിഞ്ഞു. രണ്ട് ഘടകങ്ങളുമിപ്പോൾ വെവ്വേറെ ഓർബിറ്റുകളിലായി ചന്ദ്രനെ ചുറ്റുകയാണ്. 

ലാൻഡിംഗിന് മുന്നോടിയായി കഴിഞ്ഞ ഒരാഴ്ച ഐഎസ്ആഒ നാല് തവണ ലാൻഡിംഗ് മൊഡ്യൂളിന്‍റെ ഭ്രമണപഥം താഴ്ത്തി. ചന്ദ്രന്‍റെ ഉപരിതലത്തോട് അടുപ്പിച്ചു. നാലും വിജയകരമായിരുന്നു. 

എങ്ങനെ ഇറങ്ങും?

എല്ലാം വിജയകരമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിലേക്ക് ഏതാണ്ട് 1.40-ഓടെ താഴേയ്ക്കിറങ്ങാൻ തുടങ്ങും. 930 സെക്കന്‍റുകൾ വേണം ഇന്ത്യയുടെ വിജയദൗത്യം പൂർത്തിയാകാൻ. ലാൻഡറിന്‍റെ പ്രൊപ്പൽഷൻ സംവിധാനമാണ് ഇവിടെ നിർണായക പങ്ക് വഹിക്കുക. ലാൻഡറിന്‍റെ പ്രവേഗം പതുക്കെ കുറച്ചുകൊണ്ടുവന്ന്, അങ്ങനെ പതുക്കെ 'ബ്രേക്കിടാൻ' തുടങ്ങുന്നത് ലാൻഡറിന്‍റെ പ്രൊപ്പൽഷൻ സംവിധാനമാണ്. ചന്ദ്രോപരിതലം തൊടുന്നതോടെ പതുക്കെ എഞ്ചിനുകൾ ഓഫാകും. 

30 കിലോമീറ്റർ ദൂരത്തുള്ള ഓർബിറ്റിലാണ് ലാൻഡറുള്ളത് ഇപ്പോൾ. സെക്കന്‍റിൽ 1.681 കിലോ മീറ്റർ വേഗതയിലാണ് നിലവിൽ പേടകം ചന്ദ്രനെ ചുറ്റി സഞ്ചരിക്കുന്നത്. അത് താഴേയ്ക്കിറങ്ങുന്ന സമയം പതിനഞ്ച് മിനിറ്റ്. അതാണ് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ പറഞ്ഞ ആ ''പതിനഞ്ച് മിനിറ്റ് പേടിപ്പിക്കുന്ന സമയം''. ഐഎസ്ആർഒയുടെ ചരിത്രത്തിലെത്തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ മിഷനിലെ ഏറ്റവും നെഞ്ചിടിപ്പിക്കുന്ന സമയം. 

കുത്തനെ നേരെ താഴേയ്ക്ക് അല്ല ലാൻഡർ ഇറങ്ങുക. ചരിഞ്ഞ പാതയിലൂടെ നീങ്ങി, ഇടയ്ക്ക് ഒന്ന് നിന്ന് ചന്ദ്രോപരിതലത്തിലെ കുഴികളും പാറക്കല്ലുകളും ഒക്കെ നിരീക്ഷിച്ച് ആണ് ഈ യാത്ര. ഇതിനായി ആകെ 570 കിലോമീറ്റർ വരെ ലാന്‍ററിന് സഞ്ചരിക്കേണ്ടിവരും.

930-ലെ ആദ്യ സെക്കന്‍റിൽ വിക്രം ലാന്‍ററിന് താഴെയുള്ള അഞ്ച് എഞ്ചിനുകളിൽ നാല് എണ്ണം പ്രവർത്തിച്ചു തുടങ്ങും. ഇതോടെ ലാൻഡറിന്‍റെ വേഗത കുറഞ്ഞ് തുടങ്ങും. പല ഘട്ടങ്ങളിലായാണ് പേടകത്തിന്‍റെ ചന്ദ്രോപരിതലത്തിലേക്കുള്ള ഈ യാത്ര സാധ്യമാകുന്നത്. ഇടയ്ക്ക് ഇറക്കം നിർത്തി, ലാൻഡർ ഇറങ്ങാനുള്ള സ്ഥലം നിരീക്ഷിക്കും.

620 സെക്കന്‍റ് കഴിയുന്നതോടെ ലാൻഡറിന്‍റെ പ്രവേഗം വലിയ തോതിൽ കുറയും, സെക്കന്‍റിൽ 0.150 കിലോ മീറ്റർ വരെയായി ഇത് മാറും. ഈ സമയം ഉപരിതലത്തിൽ നിന്ന് 7.4 കിലോമീറ്റർ ഉയരത്തിലാകും ഈ സമയത്ത് ലാൻഡർ. 

ഏകദേശം 740 സെക്കൻഡ് ആകുന്നതോടെ നാല് എഞ്ചിനുകളിൽ രണ്ടെണ്ണം ഓഫാക്കും. അത്രയും നേരം എഞ്ചിൻ പ്രവർത്തിച്ചതിലൂടെ വലിയൊരു അളവ് ഇന്ധനം കത്തി തീർന്നിരിക്കും. അതുകൊണ്ട് തന്നെ ലാൻഡറിന്‍റെ ഭാരവും കുറയും. ഇനി രണ്ട് എഞ്ചിനുകളാണ് പ്രവർത്തിക്കേണ്ടത്.

ചന്ദ്രോപരിതലത്തിൽ നിന്ന് 100 മീറ്റ‍ർ ഉയരത്തിൽ എത്തിക്കഴിഞ്ഞാൽ ഇറക്കം നിർത്തി ലാന്‍റർ ഒരു ഹോവറിംഗ് നടത്തും. അതായത് വായുവിൽ തന്നെ നിന്ന് ഇറങ്ങേണ്ട സ്ഥലത്തെക്കുറിച്ചുള്ള ഒരു വിവരശേഖരണം നടത്തും. പത്തോ ഇരുപതോ സെക്കന്‍റ് എടുത്താകും ഈ പരിശോധന.

10 മീറ്റർ മുകളിൽ എത്തിക്കഴിഞ്ഞാൽ പിന്നെ ഫ്രീ ഫാളാണ്. അതായത് 920 സെക്കന്‍റിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന രണ്ട് എഞ്ചിനുകളും കൂടി പ്രവർത്തനം നിർത്തും . പിന്നെയൊരു വീഴ്ചയാണ്. പക്ഷെ അവസാന പത്ത് സെക്കന്‍റിലും അതുവരെ പ്രവർത്തിക്കാതിരുന്ന അഞ്ചാമത്തെ എഞ്ചിൻ പ്രവർത്തിക്കുന്നുണ്ടാകും.

ലാൻഡിംഗിന് തൊട്ടുമുമ്പ് ത്രസ്റ്ററുകൾ ഉപയോഗിക്കുന്നത് വിക്രം ലാൻഡർ ഒഴിവാക്കും. ആ സമയത്ത് ചന്ദ്രന്‍റെ ഗുരുത്വാകർഷണം മാത്രമാകും താഴേയ്ക്കിറങ്ങാനുള്ള ആശ്രയം. അതിന് കാരണം വേറൊന്നുമല്ല. ചന്ദ്രോപരിതലത്തിലെ പൊടി ത്രസ്റ്ററുകൾ ഉപയോഗിച്ചാൽ ആകെ പറക്കും. അത് ലാൻഡറിനെയോ, അതിന്‍റെ സോളാർ പാനലുകളെയോ ഈ പൊടി വന്ന് മൂടാതിരിക്കാനാണ് ത്രസ്റ്ററുകൾ അങ്ങ് ഓഫാക്കിക്കളയുന്നത്. അങ്ങനെ 930-ാം സെക്കന്‍റിൽ ചന്ദ്രയാൻ - 2 ചന്ദ്രോപരിതലം തൊടും. 

ചന്ദ്രയാൻ ലാൻഡിംഗ് ലൈവ് ഏഷ്യാനെറ്റ് ന്യൂസിൽ കാണാം: