Asianet News MalayalamAsianet News Malayalam

'വിക്രം ലാന്‍ററിന്‍റെ' ചന്ദ്രനിലെ കിടപ്പ്: ഐഎസ്ആര്‍ഒയ്ക്കും നാസയ്ക്കും ഇടയിലുള്ള കൗതുകകരമായ കേസ്.!

നാസ തന്‍റെ കണ്ടെത്തൽ അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഷൺമുഖം ഇസ്രൊ ഒരു തരത്തിൽ ബന്ധപ്പെട്ടില്ലെന്ന് കൂടി വ്യക്തമാക്കി. എന്നാൽ ഇതിൽ ഒരു പരിഭവവുമില്ല ഈ യുവാവിന്, ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുമെന്ന പ്രതീക്ഷയാണ് അയാളുടെ വാക്കുകളിൽ.

The curious case of Vikram India crashed moon lander
Author
ISRO Satellite Centre, First Published Dec 8, 2019, 1:12 PM IST

ഴിഞ്ഞ നവംബര്‍ 19നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയുടെ ചന്ദ്രോപരിതലം നിരീക്ഷിക്കുന്ന പദ്ധതിയുടെ പ്രധാന ഗവേഷകന്‍ മാര്‍ക്ക് ആര്‍ റോബിന്‍സണിന് ഒരു മെയില്‍ ലഭിക്കുന്നത്, അതില്‍ അടങ്ങിയിരുന്ന വിവരം ഇങ്ങനെയായിരുന്നു "വിക്രം ലാന്‍ററിന്‍റെ അവസാന വിശ്രമസ്ഥലം ( തെളിവുകളും ചിത്രങ്ങളും). നാസയുടെ ഒരു പതിറ്റാണ്ടായി ചന്ദ്രോപരിതലം നിരീക്ഷിക്കുന്ന പദ്ധതിയായ ലൂണാര്‍ ആര്‍ഒയുടെ മേധാവിക്കാണ് ഇത്തരം ഒരു മെയില്‍ കിട്ടിയിരിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി മെയിലുകളാണ് ഈ നാസ യൂണിറ്റിന് വിക്രം ലാന്‍റര്‍ കാണാതായ അന്നുമുതല്‍ കിട്ടികൊണ്ടിരിക്കുന്നത്.

എന്നാല്‍ നവംബര്‍ 19ന് കിട്ടിയ മെയില്‍ നിര്‍ണ്ണായകമായി ഇതോടെ കഴിഞ്ഞ തിങ്കളാഴ്ച നാസ വിക്രം ലാന്‍ററിന്‍റെ അവസാന വിശ്രമ സ്ഥലം കണ്ടുപിടിച്ചതായി പ്രഖ്യാപിച്ചു. ചിത്രങ്ങളും പുറത്ത് വിട്ടു. ഒരു പൊട്ടു പോലെ വിക്ര ലാന്‍ററിന്‍റെ സാന്നിധ്യം ചന്ദ്രോപരിതലത്തില്‍ ആ ചിത്രത്തില്‍ അടയാളപ്പെടുത്തിയിരുന്നു. അതേ സമയം ഈ വെളിപ്പെടുത്തല്‍ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. ബഹിരാകാശ ഗവേഷണത്തില്‍ തങ്ങളുടെ വൃത്തത്തിന് പുറത്ത് നിന്നുള്ള നിരീക്ഷണങ്ങളും കണ്ടെത്തലുകളും അംഗീകരിക്കാനുള്ള നാസ പോലുള്ള ഒരു സ്ഥാപനത്തിന്‍റെ വിശാലത. അതായത് അമേരിക്കന്‍ ബഹിരാകാശ ഗവേഷണം അതില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വിശാലര്‍ത്ഥത്തില്‍ തുറന്ന അവസരം നല്‍കുന്നു. അതായത് നാസയുടെ ഓര്‍ബിറ്റര്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ അപഗ്രഥിച്ചാണ് നാസക്കാരന്‍ അല്ലാത്ത ഒരു വ്യക്തി വിക്രം ലാന്‍ററിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

അതേ സമയം ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി ഇസ്രോ വിക്രം ലാന്‍റര്‍ സംബന്ധിച്ച വിവരങ്ങള്‍ കുറച്ച് മാത്രമേ നല്‍കിയിട്ടുള്ളൂ. കഴിഞ്ഞ ജൂലൈ മാസത്തിലാണ് ചന്ദ്രയാന്‍ 2 ഇന്ത്യ വിക്ഷേപിച്ചത്. ഇതിന്‍റെ ഭാഗമായിരുന്നു ചന്ദ്രോപരിതലത്തില്‍ ഇറങ്ങേണ്ട വിക്രം ലാന്‍റര്‍. അതേ സമയം ചന്ദ്രനെ കറങ്ങുന്ന ഓര്‍ബിറ്റര്‍ ഇപ്പോഴും ചന്ദ്രന് ചുറ്റും കറങ്ങുകയും ചെയ്യുന്നുണ്ട്.

ഇന്ത്യയുടെ വിക്രം ലാന്‍റര്‍ വിജയകരമായി ലാന്‍റ് ചെയ്തിരുന്നെങ്കില്‍ ഇത് സാധ്യമാക്കുന്ന ലോകത്തിലെ നാലമത്തെ രാജ്യമാകുമായിരുന്നു ഇന്ത്യ. എന്നാല്‍ ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ അകലെ വച്ച് ഇസ്രോയ്ക്ക് വിക്രത്തിന് മുകളിലുള്ള നിയന്ത്രണം നഷ്ടമായി. സോഫ്റ്റ് ലാന്‍റിംഗ് പരാജയപ്പെട്ടതിന്‍റെ രണ്ടാം ദിവസം തന്നെ ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍റര്‍ കണ്ടെത്തിയെന്നും, എന്നാല്‍ അതുമായുള്ള കമ്യൂണിക്കേഷന്‍ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞില്ലെന്നും ഇസ്രോ വ്യക്തമാക്കിയിരുന്നു. 

നാസ വിക്രം ലാന്‍ററിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയെന്ന വാര്‍ത്ത വന്നപ്പോള്‍ ഇസ്രോ തലവന്‍ കെ ശിവന്‍ ഉദ്ധരിച്ചതും ഇത് തന്നെ. ഇസ്രോ കഴിഞ്ഞ സെപ്തംബറില്‍ തന്നെ ഇത് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സെപ്തംബറില്‍ കണ്ടെത്തിയ ഇസ്രോ അത് സംബന്ധിച്ച ചിത്രങ്ങള്‍ (നാസ പുറത്തുവിട്ട വിധത്തില്‍) ഒന്നും നല്‍കിയിരുന്നില്ല. മാത്രവുമല്ല ചന്ദ്രോപരിതലത്തില്‍ എവിടെയാണ് വിക്രം എന്ന് സൂചിപ്പിക്കുന്ന ലോക്കേഷന്‍ സൂചനകളും ഇസ്രോ നല്‍കിയിരുന്നില്ല. കഴിഞ്ഞ മാസം മാത്രമാണ് കേന്ദ്രം ചന്ദ്രയാന്‍ 2 ഭാഗികമായ പരാജയമാണെന്ന് അംഗീകരിച്ചത് തന്നെ.

ഇതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ് വിക്രം ലാന്‍റര്‍ ചന്ദ്രനില്‍ എവിടെ എന്ന് കണ്ടെത്താന്‍ നാസയും, പുറത്തുള്ള ഗവേഷകരും നടത്തിയ നിരീക്ഷണങ്ങള്‍ ഇസ്രോയുടെ സഹായം ഇല്ലാതെയാണ്.  

വിക്രത്തിനെ കണ്ടെത്താന്‍ നടത്തിയ തിരച്ചില്‍

The curious case of Vikram India crashed moon lander

ലൂണാര്‍ റിക്കോണസെന്‍സ് ഓര്‍ബിറ്റര്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ചന്ദ്രോപരിതലം മാപ്പ് ചെയ്യുന്ന പദ്ധതിയാണ്. വിക്രം ലാന്‍റര്‍ കാണാതായതിന് 10 ദിവസത്തിന് ശേഷം ഇവര്‍ വിക്രത്തെ തേടിയുള്ള പദ്ധതി ആരംഭിച്ചിരുന്നു. ചന്ദ്രോപരിതലം നിരീക്ഷിക്കുന്ന പദ്ധതിയുടെ പ്രധാന ഗവേഷകന്‍ മാര്‍ക്ക് ആര്‍ റോബിന്‍സണിന്‍റെ വാക്കുകള്‍ പ്രകാരം ഒരു തരത്തിലും വിക്രത്തിന്‍റെ പൊടിപോലും ആദ്യഘട്ടത്തില്‍ കിട്ടിയില്ല. 1 ബില്ല്യണ്‍ പിക്സല്‍ വരുന്ന ചിത്രങ്ങളാണ് പരിശോധിക്കേണ്ടിയിരുന്നത്. അതും ഒരു ചെറിയ ലാന്‍ററിന് വേണ്ടി. അതിലും നിഴലുകള്‍ ഉണ്ടെങ്കില്‍ ആസാധ്യമായ തിരച്ചില്‍. 

ഒരു വലിയ പ്രദേശം തന്നെ തിരയേണ്ടി വന്നു, അതിനായി അഞ്ചും ആറും പേര്‍ രാത്രിയും പകലും ചിലവഴിച്ചു. ആരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റ് എര്‍ത്ത് ആന്‍റ് സ്പേസ് വിഭാഗം പ്രഫസര്‍ റോബിന്‍സണ്‍ ഈ പദ്ധതി സംബന്ധിച്ച് പറഞ്ഞു.  എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന ശാസ്ത്രീയ മൂല്യത്താല്‍ ഈ തിരച്ചില്‍ ഒരു മികച്ച അനുഭവം കൂടിയായിരുന്നു അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഇതില്‍ കൂടുതല്‍ പ്രധാന്യം ഗവേഷകര്‍ കണ്ടെത്തിയതോടെയാണ് ലൂണാര്‍ റിക്കാണസെന്‍സ് ഓര്‍ബിറ്റര്‍  ഒക്ടോബര്‍ 14, ഒക്ടോബര്‍ 15, നവംബര്‍ 11 തീയതികളില്‍ വിക്രം ലാന്‍റര്‍ പതിച്ചെന്ന് കരുതുന്ന പ്രദേശത്തിന് മുകളില്‍ വീണ്ടും പറക്കല്‍ നടത്തിയത്. ഇത് കൂടുതല്‍ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ ലഭ്യമാക്കി. അമേച്വര്‍ ബഹിരാകാശ നിരീക്ഷകര്‍ക്കും നാസയുടെ ഈ ചിത്രങ്ങള്‍ ലഭിച്ചിരുന്നു. ഇവരും പരിശോധനയിലായിരുന്നു. നിരന്തരം മാര്‍ക്ക് ആര്‍ റോബിന്‍സണിന്‍റെ ഇ-മെയില്‍ ഇന്‍ ബോക്സിലേക്ക് വിക്രത്തെ കണ്ടെത്തിയെന്ന് പറഞ്ഞ് നിരവധി മെയിലുകള്‍ വന്നു. ഇതെല്ലാം നാസ സംഘം വിശദമായി പരിശോധിച്ചു. എന്നാല്‍ അപ്പോഴും വിക്രം കാണാമറയത്തായിരുന്നു. 

അങ്ങനെ ആ കണ്ടെത്തല്‍

The curious case of Vikram India crashed moon lander

ചെന്നൈ സ്വദേശിയും മെക്കാനിക്കൽ എഞ്ചിനിയറും ബ്ലോഗറുമായ ഷൺമുഖ സുബ്രഹ്മണ്യമാണ് കാണാമറയത്തായിരുന്ന വിക്രം ലാൻഡറിനെ നാസയുടെ ചിത്രങ്ങളിൽ നിന്ന് തെരഞ്ഞ് കണ്ട് പിടിച്ചത്. 33 വയസുകാരനായ ഷൺമുഖം ചെന്നൈയിലെ സ്വകാര്യ ഐടി കമ്പനി ജീവനക്കാരനാണ്. ജോലി കഴിഞ്ഞുള്ള സമയത്താണ് ഷൺമുഖം വിക്രമിനെ തപ്പിയിറങ്ങിയത്. ദിവസം രാത്രി നാല് മുതൽ ആറ് മണിക്കൂർ വരെ ഷൺമുഖം വിക്രമിനെ തെരയാനായി മാറ്റിവച്ചു.

തിരുനൽവേലി ഗവൺമെന്‍റ് എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമെടുത്ത ഷൺമുഖം ബഹിരാകാശ ഗവേഷണത്തിൽ തൽപരനാകുന്നത് കോളേജ് പഠനകാലത്ത് തിരുവനന്തപുരത്തെത്തി ഒരു സൗണ്ടിംഗ് റോക്കറ്റ് വിക്ഷേപണം കാണുന്നതോടെയാണ്. 

നാസ ലൂണാർ റിക്കോണിസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങൾ പുറത്ത് വിട്ടത് മുതൽ ഷൺമുഖ വിക്രമിനായുള്ള തെരച്ചിൽ ആരംഭിച്ചു. പഴ ചിത്രങ്ങളും പുതിയ ചിത്രങ്ങളും ചേർത്ത് വച്ച് പരിശോധിക്കാനായി പ്രത്യേക കോഡുകൾ തയ്യാറാക്കി. 

പല തവണ വിക്രമിനെ കണ്ടെത്തിയെന്ന് തോന്നിയെങ്കിലും രണ്ടാം പരിശോധനയിൽ അത് വിക്രമല്ല എന്ന് ബോധ്യപ്പെടും. ഒടുവിൽ ദിവസങ്ങളുടെ പരിശ്രമത്തിന് ശേഷം ഒക്ടോബറോടെ ഷൺമുഖം ശരിക്കും വിക്രമിനെ കണ്ടെത്തി. ഉടൻ തന്നെ ഇസ്രൊയെയും നാസയെയും ടാഗ് ചെയ്ത് തന്‍റെ കണ്ടെത്തൽ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ നാസയ്ക്ക് വിശദമായ മെയിലും അയച്ചു.തന്‍റെ ലാപ്ടോപ്പും ഇന്‍റർനെറ്റ് കണക്ഷനും മാത്രമുപയോഗിച്ചാണ് ഷൺമുഖ വിക്രമിനെ തെരഞ്ഞ് കണ്ടുപിടിച്ചതെന്നാണ് ശ്രദ്ധേയമായ കാര്യം. 

നാസ തന്‍റെ കണ്ടെത്തൽ അംഗീകരിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച ഷൺമുഖം ഇസ്രൊ ഒരു തരത്തിൽ ബന്ധപ്പെട്ടില്ലെന്ന് കൂടി വ്യക്തമാക്കി.  എന്നാൽ ഇതിൽ ഒരു പരിഭവവുമില്ല ഈ യുവാവിന്, ചന്ദ്രയാൻ മൂന്ന് സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കുമെന്ന പ്രതീക്ഷയാണ് അയാളുടെ വാക്കുകളിൽ. 

ഷൺമുഖ സുബ്രഹ്മണ്യത്തിന്‍റെ കണ്ടെത്തല്‍ നാസയില്‍ സംഭവിച്ചത്

The curious case of Vikram India crashed moon lander

ട്വിറ്റര്‍ പോസ്റ്റിന് ശേഷം, രണ്ടാഴ്ച കഴിഞ്ഞാണ് ലൂണാര്‍ റിക്കോണസെന്‍സ് ഓര്‍ബിറ്റര്‍ പ്രോജക്ട് സൈന്‍റിസ്റ്റ് നോഹ ഇ പെട്രോയ്ക്ക് ഷൺമുഖ സുബ്രഹ്മണ്യത്തിന്‍റെ മെയില്‍ ലഭിക്കുന്നത്. ഈ മെയിലില്‍ എന്തോ പ്രത്യേകത തോന്നിയ പെട്രോ ഇതിന്‍റെ സാധ്യത  ലൂണാര്‍ റിക്കോണസെന്‍സ് ഓര്‍ബിറ്റര്‍  അസിസ്റ്റന്‍റ് പ്രോജക്ട് സൈന്‍റിസ്റ്റ് ജോണ്‍ വാക്കറുമായി പരിശോധിച്ച ശേഷം ചന്ദ്രോപരിതലം നിരീക്ഷിക്കുന്ന പദ്ധതിയുടെ പ്രധാന ഗവേഷകന്‍ മാര്‍ക്ക് ആര്‍ റോബിന്‍സണിന് അയച്ചു. അദ്ദേഹമാണ് ഇത് ലൂണാര്‍ റിക്കോണസെന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ വിഭാഗത്തിന് ഇത് പരിശോധിക്കാന്‍ അയച്ചത്. ദിവസങ്ങള്‍ എടുത്താണ് പിന്നീട് ഷൺമുഖ സുബ്രഹ്മണ്യത്തിന്‍റെ മെയില്‍ നാസ സംഘം പരിശോധിച്ചത്. ഒടുവില്‍ അവര്‍ ഉറപ്പിച്ചു ഷൺമുഖ സുബ്രഹ്മണ്യം കണ്ടെത്തിയത് വിക്രം ലാന്‍റര്‍ തന്നെയാണ്. നന്ദി അറിയിച്ച് നാസ തിരിച്ച് അദ്ദേഹത്തിന് മെയില്‍ അയച്ചു.

നാസയുടെ വക്താവിന്‍റെ വാക്കുകള്‍ പ്രകാരം ഈ വിവരങ്ങള്‍ എല്ലാം തന്നെ ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഇസ്രോയെ അറിയിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ നാസയില്‍ നിന്ന് ഒരു വിവരവും ലഭിച്ചില്ല എന്നാണ് ഇസ്രോയുടെ നിലപാട്. ഒക്ടോബറില്‍  ലൂണാര്‍ റിക്കോണസെന്‍സ് ഓര്‍ബിറ്റര്‍  കൂടുതല്‍ സൂം ചെയ്ത് എടുത്ത ചിത്രങ്ങളില്‍ നിന്നാണ് ഷൺമുഖ സുബ്രഹ്മണ്യം വിക്രം ലാന്‍റര്‍ സാന്നിധ്യം കണ്ടെത്തിയത്. അതിനാല്‍ തന്നെ സെപ്തംബറില്‍ ഇന്ത്യന്‍ ഒര്‍ബിറ്ററിന്‍റെ ചിത്രങ്ങളില്‍ നിന്നും നേരത്തെ വിക്രം ലാന്‍ററിന്‍റെ സാന്നിധ്യം മനസിലാക്കി എന്ന ഇസ്രോയുടെ വാദം ഇപ്പോഴും സംശയത്തിലാകുന്നു എന്നതാണ് ബഹിരാകാശ വിദഗ്ധരുടെ അഭിപ്രായം. പ്രധാനമായും ഈ വാദത്തിന് അനുബന്ധമായി തെളിവുകള്‍ ഒന്നും ഇസ്രോ പുറത്തുവിട്ടില്ല എന്നതിന്‍റെ വെളിച്ചത്തില്‍ കൂടിയാണ് ഈ വാദം.

Follow Us:
Download App:
  • android
  • ios