നഗരങ്ങളെ തകർക്കാൻ ശേഷിയുള്ള, കണ്ടെത്താത്ത ആയിരക്കണക്കിന് 'സിറ്റി കില്ലർ' ഛിന്നഗ്രഹങ്ങൾ ബഹിരാകാശത്ത് ഭീഷണിയായി തുടരുന്നുവെന്ന് നാസ മുന്നറിയിപ്പ് നൽകുന്നു. 140 മീറ്ററിൽ കൂടുതൽ വ്യാസമുള്ള ഇവയിൽ 40 ശതമാനം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്.

ഫീനിക്‌സ്: ഭൂമിയെ പൂർണമായി തകർക്കാനുള്ള ശേഷിയില്ലെങ്കിലും, പ്രദേശികമായി നാശം വിതയ്ക്കാൻ കഴിവുള്ള ആയിരക്കണക്കിന് ‘സിറ്റി കില്ലർ’ ഛിന്നഗ്രഹങ്ങള്‍ ബഹിരാകാശത്ത് കാണാമറയത്തുണ്ടെന്ന് വ്യക്തമാക്കി നാസ. കുറഞ്ഞത് 140 മീറ്റർ വ്യാസമുള്ളവയാണ് ഈ വിഭാഗത്തിൽപ്പെടുന്ന ആസ്‌ട്രോയ്‌ഡുകള്‍. ഈ ഛിന്നഗ്രഹങ്ങള്‍ ഭൂമിയെ മുഴുവനായി നശിപ്പിക്കില്ല എങ്കിലും വലിയ നഗരങ്ങളെയും പ്രദേശങ്ങളെയും തകർക്കാൻ കഴിവുള്ളവയാണെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഫീനിക്‌സിൽ നടന്ന അമേരിക്കൻ അസോസിയേഷൻ ഫോർ ദ അഡ്‍വാൻസ്മെന്‍റ് ഓഫ് സയൻസ് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ നാസയുടെ പ്ലാനറ്ററി ഡിഫൻസ് വിഭാഗം മേധാവി ഡോ. കെല്ലി ഫാസ്റ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമിക്ക് വെല്ലുവിളിയാവുന്ന ഛിന്നഗ്രഹങ്ങള്‍

അതേസമയം, 2022-ൽ ഡബിൾ ആസ്‍ട്രോയ്‌ഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) ദൗത്യത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞയായ ജോൺസ് ഹോപ്പ്കിൻസ് സർവകലാശാലയിലെ ഡോ. നാൻസി ചാബോട്ട് മറ്റൊരു ആശങ്കയും മുന്നോട്ടുവച്ചു. ഡാർട്ട് ദൗത്യത്തിന്‍റെ ഭാഗമായി ഒരു ബഹിരാകാശ പേടകം 6.8 ദശലക്ഷം മൈൽ അകലെയുള്ള ഡിമോർഫോസ് എന്ന ചെറിയ ബഹിരാകാശ ശിലയെ 2022-ൽ ഇടിച്ചുതെറിപ്പിച്ചിരുന്നു. മണിക്കൂറിൽ 14,000 മൈൽ വേഗതയിൽ ഇടിച്ചാണ് ഗവേഷകർ അതിന്‍റെ ഭ്രമണപഥം മാറ്റിയത്. ഈ ദൗത്യം വിജയകരമായിരുന്നു. പക്ഷേ, ഒരു അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാൻ ഇത്തരത്തിലുള്ള മറ്റൊരു പേടകവും ഇപ്പോൾ തയ്യാറായിട്ടില്ലെന്ന് സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡോ. നാൻസി ചാബോട്ട് ചൂണ്ടിക്കാട്ടി. അതായത് ഭൂമിക്ക് ഭീഷണിയാവുന്ന ഒരു ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടാൻ സജ്ജമായ ബഹിരാകാശ പേടകം ഇല്ലെന്നതാണ് അവരുടെ മുന്നറിയിപ്പ്.

2024 ഡിസംബറിൽ തിരിച്ചറിഞ്ഞ 2024 വൈആര്‍4 എന്ന ഛിന്നഗ്രഹം സമീപകാലത്ത് വലിയ ആശങ്കകൾ സൃഷ്‌ടിച്ചിരുന്നു. 90 മീറ്റർ വ്യാസം കണക്കാക്കുന്ന വൈആര്‍4 ഛിന്നഗ്രഹം 2032-ൽ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ 3.2 ശതമാനം സാധ്യതയുണ്ടെന്ന് ആദ്യം കണക്കാക്കപ്പെട്ടിരുന്നു. പിന്നീട് ഈ സാധ്യത പൂജ്യമായി കുറച്ചു. എന്നാൽ ഭൂമിക്കുള്ള യഥാർത്ഥ ഭീഷണി ഇതുവരെ കണ്ടെത്താത്ത ഇത്തരം ആയിരക്കണക്കിന് ഇടത്തരം ഛിന്നഗ്രഹങ്ങളാണെന്ന് വിദഗ്‌ധർ പറയുന്നു. ഒരു കിലോമീറ്ററിൽ കൂടുതലുള്ള വലിപ്പമുള്ള ചിന്നഗ്രഹങ്ങള്‍ കണ്ടെത്താനും പിന്തുടരാനും എളുപ്പമാണെന്നും എന്നാൽ ഇടത്തരം വലുപ്പമുള്ളവയിൽ ഏകദേശം 40 ശതമാനം മാത്രമാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളതെന്നും ബാക്കിയുള്ളവ എവിടെയാണെന്ന് വ്യക്തമായ അറിവില്ല എന്നും ഡോ. കെല്ലി ഫാസ്റ്റ് പറയുന്നു.

ഇടത്തരം വലിപ്പമുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്തുക പ്രയാസം 

ഭൂമിക്ക് സമീപം 140 മീറ്ററിൽ കൂടുതല്‍ വലിപ്പമുള്ള വസ്‌തുക്കളെ കണ്ടെത്താനുള്ള ചുമതല നാസയ്ക്ക് അമേരിക്കൻ കോൺഗ്രസ് നൽകിയിട്ടുണ്ട്. ഇതിനായി ‘നിയോ സർവേയർ’ എന്ന ദൗത്യം നാസ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. അടുത്ത വർഷം വിക്ഷേപിക്കാനിരിക്കുന്ന ഈ ബഹിരാകാശ ദൂരദർശിനി പ്രകാശമുള്ളതും ഇരുണ്ടതുമായ ഛിന്നഗ്രഹങ്ങളെ കണ്ടെത്താൻ കഴിവുള്ളതായിരിക്കും. നിലവിൽ 140 മീറ്ററിൽ കൂടുതൽ വലുപ്പമുള്ളവയിൽ ഏകദേശം 40 ശതമാനം മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്.

ഭീഷണി നേരിടാനുള്ള മറ്റ് മാർഗങ്ങളും ശാസ്ത്രജ്ഞർ നിർദേശിച്ചിട്ടുണ്ട്. ന്യൂക്ലിയർ സ്ഫോടനം, ഐയൺ ബീം ഡിഫ്ലെക്ഷൻ, ഗ്രാവിറ്റി ട്രാക്‌ടർ തുടങ്ങിയ ആശയങ്ങളും ചർച്ചയാവുന്നു. എങ്കിലും, കൈനറ്റിക് ഇംപാക്‌ടർ സാങ്കേതികവിദ്യയാണ് നിലവിൽ ഏറ്റവും പ്രായോഗികമെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു. അപകടകാരികളായ ഛിന്നഗ്രഹങ്ങള്‍ നമ്മെ കണ്ടെത്തുന്നതിന് മുൻപ് നാം അവയെ കണ്ടെത്തണം എന്നും ഡോ. കെല്ലി ഫാസ്റ്റ് മുന്നറിയിപ്പ് നൽകി.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming