ദുബായ്: ബഹിരാകാശത്ത് നിന്നുള്ള ദുബായിയുടെ ചിത്രം പുറത്തുവിട്ട് യുഎഇയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി.  യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂറി തന്റെ യാത്രയ്ക്കിടെ പകർത്തിയ ദുബായിയുടെ രണ്ടു ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.
ചെറിയ തുരുത്തുകൾ പോലെയാണ് പലതും തോന്നുന്നത്. ദുബായിലെ പ്രശസ്തമായ രണ്ട് പാം ദ്വീപുകളും ഒരു തുറമുഖവും ദുബായിലെ വേൾഡ് ഐലന്റ് പ്രോജക്റ്റും കൃത്യമായി ഇദ്ദേഹം പുറത്തുവിട്ട കാഴ്ച കാണാം.

‘ബഹിരാകാശത്തു നിന്നും ദുബായിയുടെ അത്ഭുതകരമായ ചിത്രമാണിത്. ഈ നഗരമാണ് എന്‍റെ പ്രചോദനത്തിന്റെ ഏറ്റവും വലിയ കാരണം’എന്ന കുറിപ്പോടെയാണ് ഹസ്സ ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഹസ്സ അൽ മൻസൂറി സെപ്റ്റംബർ 25നാണ് ബഹിരാകാശത്തേക്ക് പോയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐസ്എസ്) പോയ ആദ്യ അറബ് പൗരനുമായിരുന്നു ഹസ്സ. എട്ടു ദിവസത്തിനു ശേഷം ഒക്ടോബർ മൂന്നിന് ഹസ്സയുൾപ്പെട്ട സംഘം തിരികെ ഭൂമിയിൽ എത്തി. ആരോഗ്യ പരിശോധനകളുടെ ഭാഗമായി നിലവിൽ അദ്ദേഹം മോസ്കോയിൽ ആണ്. 

കസഖ്സ്ഥാനിലെ ബൈക്കന്നൂർ കോസ്മോ ഡ്രോമിൽ നിന്നാണ് ബഹിരാകാശത്തേക്ക് പറന്നത്. ഹസ്സ അൽ മൻസൂറിയുടെ വിജയകരമായ യാത്രയിലൂടെ ബഹിരാകാശ നിലയത്തിൽ സാന്നിധ്യമറിയിക്കുന്ന 19ാമത്തെ രാജ്യമായി യുഎഇ.