ന്യൂയോര്‍ക്ക്: കൊളംമ്പിയ നദിയിലെ നൂറുകണക്കിന് കടല്‍ സിംഹങ്ങളെ കൊല്ലാന്‍ അമേരിക്കന്‍ വന്യജീവി സംരക്ഷണ വകുപ്പിന്‍റെ അനുമതി. വാഷിംങ്ടണ്‍, ഒറിഗോളണ്‍, ഒഡാഹോ എന്നിവിടങ്ങളിലുള്ള കടല്‍ സിംഹങ്ങളെ കൊല്ലനാണ് അനുമതി. സലമോണ്‍, സ്റ്റീല്‍ഹെഡ് ട്രോട്ട് എന്നീ മത്സ്യവിഭാഗങ്ങള്‍ക്ക് കടല്‍ സിംഹങ്ങള്‍ മൂലം വ്യവകമായ നാശം സംഭവിക്കുന്നത് തടയാനാണ് ഈ നീക്കം. 

കൊളംബിയ നദീതടത്തിൽ നിന്നും  വരും വർഷങ്ങളിലായി 546 കലിഫോർണിയ കടല്‍ സിംഹങ്ങളെയും  176 സ്റ്റെല്ലർ ഇനത്തിൽപ്പെട്ട കടല്‍ സിംഹങ്ങളെയും കൊന്നൊടുക്കാനാണ്  സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. പ്രജനന സമയത്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്ന  മത്സ്യങ്ങള്‍ ഡാമുകളിൽ നിന്നും നദികളിൽ നിന്നുമുള്ള കൈവഴികളിലേക്ക് തിരിയുന്ന ഭാഗത്തുവച്ചാണ് കടല്‍ സിംഹങ്ങളെ ഇവയെ ഭക്ഷിക്കുന്നത്. ഇതുമൂലം മത്സ്യങ്ങളുടെ പ്രജനനത്തില്‍ കുറവ് വരുകയും ഇവയുടെ എണ്ണത്തിൽ വൻ തോതിൽ കുറവുണ്ടാകുന്നതായും ശാസ്ത്രീയ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 

പിന്നീട് ഇത്തരം ഒരു ഉത്തരവ് ഇറക്കിയാലും കടല്‍ സിംഹങ്ങളുടെ എണ്ണത്തെ അത് ബാധിക്കില്ലെന്ന വിലയിരുത്തലോടെയാണ് പുതിയ നീക്കം  അമേരിക്കന്‍ വന്യജീവി സംരക്ഷണ വകുപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടായത്.  നീർനായകളെ കൊല്ലാനുള്ള അനുമതി പ്രാബല്യത്തിൽ വന്നതോടെ കൊളംബിയ നദിയിൽ പോർട്ട്ലൻഡ് മുതൽ മക്നെരി ഡാം വരെയുള്ള 290 കിലോമീറ്റർ ഭാഗത്തുള്ള  സംസ്ഥാനങ്ങൾക്കും ചില പ്രാദേശിക ഗോത്രവർഗക്കാർക്കും നീർനായകളെ നിയമാനുസൃതമായി കൊല്ലാൻ സാധിക്കും.

ഇത്തരം ഒരു തീരുമാനം എടുക്കാന്‍ വെറൊരു പ്രധാനകാരണം വടക്കു കിഴക്കൻ പസിഫിക് സമുദ്രത്തിലെ ഗുരുതര വംശനാശഭീഷണി നേരിടുന്ന ഓർക്ക തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണമാണ് കൊളംബിയ നദിയിലെ സാൽമൺ മത്സ്യങ്ങള്‍. സാൽമൺ  മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് തിമിംഗലങ്ങളുടെ നിലനിൽപ്പിനെയും ബാധിച്ചേക്കും എന്ന് പരിസ്ഥിതി ഗവേഷകര്‍ വിലയിരുത്തിയിരുന്നു.

നേരത്തെ കടല്‍ സിംഹങ്ങളെ ഡാമുകളിൽ നിന്നും നദികളിൽ നിന്നുമുള്ള കൈവഴികളിലേക്ക് തിരിയുന്ന ഭാഗത്ത് നിന്നും മാറ്റുവാന്‍ തിംമിംഗലത്തിന്‍റെ രൂപം ഉണ്ടാക്കി അവരെ പേടിപ്പിച്ച് ഓടിക്കാന്‍ അമേരിക്കന്‍ വന്യജീവി സംരക്ഷണ വകുപ്പ് ശ്രമം നടത്തിയിരുന്നു എന്നാല്‍ ഇത് ഫലിച്ചില്ല. ഇതോടെയാണ് പുതിയ തീരുമാനം.