2018 നവംബര്‍ അഞ്ചിന്, നാസയുടെ വോയേജര്‍ 2 ബഹിരാകാശ പേടകം ആദ്യമായി ബഹിരാകാശാതിര്‍ത്തി കടന്നു. ആറ് വര്‍ഷത്തിന് ശേഷം മുന്‍ഗാമിയായ വോയേജര്‍ 1 കടന്നുപോയ അതേ പാതയിലൂടെ തന്നെയാണ് വോയേജര്‍ രണ്ടിന്റെ കടന്നുപോക്കെങ്കിലും മാനവരാശി കാണാത്തത് പലതും അത് കാട്ടിത്തന്നു. അതാവട്ടെ വിചിത്രവും അമ്പരപ്പിക്കുന്നതുമായ കാഴ്ചകളുടെ ശ്രേണിയായിരുന്നു. ഇതെല്ലാം ഇപ്പോള്‍ നാസ പുറത്തു വിട്ടിരിക്കുകയാണ്. 

വര്‍ണ്ണാഭമായ കാഴ്ചകളുടെ പൊടിപൂരമാണ് അതെല്ലാം. ബഹിരാകാശത്തിനപ്പുറത്ത് സഞ്ചരിക്കുന്ന ആദ്യത്തെ ഇരട്ടപേടകങ്ങളാണ് വോയേജര്‍ 1, 2 എന്നിവ. 1970 കളില്‍ ആരംഭിച്ചതുമുതല്‍ കാല്‍ടെക്കിലെ ഭൗതികശാസ്ത്ര പ്രൊഫസറും വോയേജര്‍ പ്രോഗ്രാമിലെ പ്രോജക്ട് സയന്റിസ്റ്റുമായ എഡ്വേര്‍ഡ് സ്‌റ്റോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വിവരങ്ങള്‍ അവലോകനം ചെയ്യുന്നതും നാസയ്ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്നതും.

കഴിഞ്ഞ ഒരുവര്‍ഷമായി ജ്യോതിശാസ്ത്രജ്ഞര്‍, സൂര്യന്റെ പ്രധാന സ്വാധീനമേഖലയില്‍ നിന്ന് നക്ഷത്രങ്ങള്‍ക്കിടയിലെ ശൂന്യതയിലേക്ക് സഞ്ചരിച്ച പേടകത്തില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്ന തിരക്കിലായിരുന്നു. ഹീലിയോപോസ് എന്നറിയപ്പെടുന്ന ഈ രണ്ട് മേഖലകള്‍ തമ്മിലുള്ള അതിര്‍ത്തി ചലനാത്മകമായ അന്തരീക്ഷമാണ് എന്നു നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും അതിനു സ്ഥിരീകരണം ലഭിക്കുന്നത് ഇപ്പോഴാണ്. 

അന്യഗ്രഹങ്ങളില്‍ നിന്നും വിദൂര താരാപഥങ്ങളില്‍ നിന്നുമുള്ള ഉയര്‍ന്ന ഊര്‍ജ്ജ കണങ്ങളായ ഗാലക്‌സിക് കോസ്മിക് കിരണങ്ങള്‍ സൗരയൂഥത്തെ ഉള്‍ക്കൊള്ളുന്ന സൂര്യന്‍ സൃഷ്ടിച്ച ബബിള്‍ പോലുള്ള കാന്തിക കവചത്തിലേക്ക് പതിക്കുന്ന പ്രദേശമാണിത്. ഇവിടെ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. സൂര്യനും നക്ഷത്രങ്ങളും തമ്മിലുള്ള ഈ പ്രക്ഷുബ്ധമായ അതിര്‍ത്തിയില്‍ സഞ്ചരിച്ച മനുഷ്യനിര്‍മിത പ്രഥമ വസ്തുക്കളാണ് വോയേജര്‍ പേടകങ്ങള്‍. 

ഇരട്ട പേടകങ്ങളായ വോയേജേഴ്‌സ് സമാനമായ നിരവധി നിരീക്ഷണങ്ങള്‍ അയച്ചപ്പോള്‍, വോയേജര്‍ 2 ബഹിരാകാശ അതിര്‍ത്തി കടന്നപ്പോഴുള്ള പുതിയ പ്രതിഭാസങ്ങളാണ് ഭൂമിയിലേക്ക് അയച്ചത്. ഉദാഹരണത്തിന്, മുമ്പ് അറിയപ്പെടാത്ത ഒരു അതിര്‍ത്തി ഹീലിയോപോസിന് പുറത്ത് കണ്ടെത്തിയതായി വോയേജര്‍ 2 റിപ്പോര്‍ട്ട് ചെയ്യുന്നു, 
ഗവേഷകര്‍ ഇതിനെ 'കോസ്മിക് റേ അതിര്‍ത്തി പാളി' എന്ന് വിളിക്കുന്നു. കാരണം, കോസ്മിക് കിരണങ്ങളുടെ ഗ്രേഡിയന്റില്‍ വലിയ മാറ്റമുണ്ടായെന്നും സൂര്യന് ചുറ്റുമുള്ള പരിചിതമായ പരിസ്ഥിതിയുടെ സാധാരണയിലും താഴ്ന്ന ഊര്‍ജ്ജ കണികകളില്‍ മാറ്റം സംഭവിച്ചതായും ഇത് സൂചിപ്പിക്കുന്നു. 

ഈ കോസ്മിക് റേ അതിര്‍ത്തി പാളികളിലൊന്നിനെ വോയേജര്‍ 1 നേരിട്ടുവെന്നതിന് തെളിവുകളുണ്ട്. എന്നാല്‍ രസകരമെന്നു പറയട്ടെ, അത് ഹീലിയോപോസിന്റെ ഉള്ളിലാണ് സ്ഥിതിചെയ്യുന്നതെന്നാണ് ലഭിക്കുന്ന സൂചനകള്‍. 'ഹീലിയോപോസിന്റെ ഇരുവശത്തും കോസ്മിക് റേ അതിര്‍ത്തി പാളികളുണ്ടെന്ന് തോന്നുന്നു, പുറംഭാഗം വോയേജര്‍ 2 ന്റെ സ്ഥാനത്ത് മാത്രമേ പ്രകടമാകൂ,' സ്‌റ്റോണിന്റെ ടീം പുറത്തിറക്കിയ പഠനറിപ്പോര്‍ട്ട് പറയുന്നു. 'ഹീലിയോപോസിനു പുറത്തുള്ള ഈ കോസ്മിക് കിരണ അതിര്‍ത്തി പാളി വോയേജര്‍ 1 കടന്ന സ്ഥലത്തും സമയത്തും പ്രകടമായിരുന്നില്ല.'

ഹീലിയോപോസിന്റെ എതിര്‍വശങ്ങളിലെ ഈ പാളികളിലൂടെ പേടകങ്ങള്‍ കടന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല. ഇത് വോയേജേഴ്‌സിന്റെ വിപരീത പാതയുമായി ബന്ധപ്പെട്ടിരിക്കാമെന്നാണ് ശാസ്ത്രജ്ഞരുടെ അനുമാനം. വോയേജര്‍ 1 വടക്കന്‍ അര്‍ധഗോളത്തിലെ ഹീലിയോപോസില്‍ നിന്ന് പുറത്തുകടക്കുന്നതായി സൂചനകളുണ്ട്. അതേസമയം, വോയേജര്‍ 2 തെക്ക് നിന്ന് അതിന്റെ പ്രയാണം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. ബഹിരാകാശ അതിര്‍ത്തി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഒരു അന്തരീക്ഷമാണ്. ആറ് വര്‍ഷത്തിനിടയില്‍ രണ്ട് ട്രാന്‍സിറ്റുകള്‍ക്കിടയിലുള്ള സൂര്യന്റെ പ്രവര്‍ത്തനം കുറഞ്ഞു. ഇത് രണ്ട് പേടകങ്ങളും അനുഭവിക്കുന്ന അവസ്ഥകളെ തീര്‍ച്ചയായും സ്വാധീനിച്ചുണ്ടാവുമെന്നാണ് സൂചനകള്‍.

ഹീലിയോപോസിലൂടെ കടന്നുപോകുന്നതിന് മുമ്പ് വോയേജര്‍ 1 ഉയര്‍ന്ന ഊര്‍ജ്ജ കോസ്മിക് കിരണങ്ങളുടെ വരവ് രേഖപ്പെടുത്തി. എന്നാല്‍ വോയേജര്‍ 2 ആവട്ടെ കൃത്യമായ വിപരീത പ്രതിഭാസമാണ് രേഖപ്പെടുത്തിയത്. ഹീലിയോപോസിന്റെ ഇരുവശത്തുനിന്നും ഈ കോസ്മിക്ക് കണികകള്‍ വിതറുന്നത് സൂര്യന്റെ കാന്തിക സ്വാധീനത്തിലാണെന്ന് എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, പ്രകടമായ പ്രവേശനക്ഷമത ഉണ്ടായിരുന്നിട്ടും, മിക്ക കോസ്മിക് രശ്മികളും ഒരിക്കലും ഹീലിയോപോസിനെ മറികടന്ന് സൗരയൂഥത്തിലേക്ക് കടക്കുന്നില്ലെന്നതാണ് അത്ഭുതം. ഇത് നിര്‍വചിക്കാനും ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

ഗാലക്‌സി കോസ്മിക് വികിരണങ്ങള്‍ ഭൂമിയിലെ ജൈവ ജീവികള്‍ക്ക് വന്‍ തോതിലാണ് ദോഷം ചെയ്യുക. ജീവനു തന്നെ ഇത് അപകടമാണ്. ഇക്കാരണത്താല്‍, ഹീലിയോപോസിനെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നത് നമ്മുടെ സൂര്യന് അപ്പുറത്തുള്ള വാസയോഗ്യമായ നക്ഷത്ര സംവിധാനങ്ങളെ തിരിച്ചറിയുന്നതിനുള്ള സൂചനകളാണ്. ഈ സുപ്രധാന അതിര്‍ത്തിയുടെ നേരിട്ടുള്ള നിരീക്ഷണങ്ങള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നതിനും അതിനപ്പുറം നിത്യതയില്‍ ചെലവഴിക്കുന്നതിനുമുള്ള ആദ്യത്തെ പേടകങ്ങളാണ് വോയേജേഴ്‌സ്. അവ അവസാനമല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം.