തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററാണ് ഗഗന്‍യാന്‍ ദൗത്യത്തിന് മുന്നോടിയായുള്ള ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് പരീക്ഷണത്തിൽ സുപ്രധാന പങ്കുവഹിച്ചത്

തിരുവനന്തപുരം: ഗഗൻയാൻ ആദ്യ ആളില്ലാ ദൗത്യം ഈ വ‌‌‌‍ർഷം തന്നെ നടത്താനുള്ള കഠിന പരിശ്രമത്തില്‍ ഐഎസ്ആ‌‌‌ർഒ. ദൗത്യത്തിനുപയോഗിക്കുന്ന പാരച്യൂട്ടുകളുടെയടക്കം പ്രവ‌ർത്തനക്ഷമത ഇക്കഴിഞ്ഞ ഞായറാഴ്‌ച നടന്ന ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റ് തെളിയിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററാണ് ഈ പരീക്ഷണത്തിൽ സുപ്രധാന പങ്കുവഹിച്ചത്. യഥാര്‍‌ഥ ദൗത്യത്തിലേക്ക് കടക്കും മുമ്പ് ഇനിയും ഇത്തരം പരീക്ഷണങ്ങളുണ്ടാകുമെന്ന് വിഎസ്‍എസ്‍സി മേധാവി എ രാജരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റ്

യഥാർഥ ഗഗൻയാൻ യാത്രാ പേടകത്തിന്‍റെ അത്രതന്നെ വലിപ്പവും ഭാരവുമുള്ള ഒരു പരീക്ഷണ മാതൃക. അതിനെ വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്റ‌‌ർ ഉപയോഗിച്ച് മൂന്ന് കിലോമീറ്ററോളം ഉയരത്തിലെത്തിച്ച ശേഷം താഴേക്കിടുകയായിരുന്നു ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റില്‍ ഇസ്രൊ ചെയ്‌തത്. ഐഎസ്ആര്‍ഒയുടെയും ശാസ്ത്രകുതുകികളുടെയും ശ്രദ്ധ മുഴുവൻ പരീക്ഷണ പേടകത്തെ വഹിക്കുന്ന പാരച്യൂട്ടുകളിലായിരുന്നെങ്കിലും ഈ പരീക്ഷണം പാരച്യൂട്ടുകളുടെ പ്രവ‍‌ർത്തനം വിലയിരുത്താൻ വേണ്ടി മാത്രമായിരുന്നില്ല. താഴേക്കുള്ള വീഴ്‌ചയ്ക്കിടെ പേടകം നേരെ നിൽക്കേണ്ടതും, കടലിൽ വീണ ശേഷം ചെരിയാതെ പൊങ്ങിനിൽക്കേണ്ടതും ദൗത്യത്തില്‍ സുപ്രധാനമാണ്. യഥാർഥ ദൗത്യത്തിനിടെ കുലുക്കം കൂടുകയോ, പേടകം മറിഞ്ഞുവീഴുകയോ ചെയ്‌താൽ ബഹിരാകാശ സഞ്ചാരികളുടെ ജീവൻ അപകടത്തിലാകും. അതിനാല്‍ ഏറെ നിര്‍ണായകമായിരുന്നു ഞായറാഴ്‌ച നടന്ന ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റ്. ഇന്‍റഗ്രേറ്റഡ് എയ‌‌‌ർഡ്രോപ് ടെസ്റ്റിന്‍റെ ഭാഗമായ 90 ശതമാനം ജോലികളും നടന്നത് തിരുവനന്തപുരം വിഎസ്‍എസ്‍സിയിലായിരുന്നു.

മറ്റൊരു പരീക്ഷണം കൂടി ഉടന്‍

ഗഗൻയാൻ ആളില്ലാ ദൗത്യം വിക്ഷേപിക്കും മുമ്പ് മറ്റൊരു നി‌‌ർണായക പരീക്ഷണം കൂടി ഐഎസ്ആ‌ർഒ ലക്ഷ്യമിടുന്നുണ്ട്. റോക്കറ്റിന് എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാൽ ബഹിരാകാശ സഞ്ചാരികളുടെ ജീവൻ രക്ഷിക്കാനുള്ള ക്രൂ എസ്കേപ്പ് സിസ്റ്റത്തിന്‍റെ പരീക്ഷണം. പ്രത്യേകം തയ്യാറാക്കിയ ചെറു റോക്കറ്റാകും ഈ പരീക്ഷണത്തിനായി ഉപയോഗിക്കുക. ആ പരീക്ഷണം കൂടി വിജയിക്കുന്നതോടെ ഗഗന്‍യാന്‍ ദൗത്യത്തിലേക്ക് ഐഎസ്ആര്‍ഒ ഒരുപടി കൂടി അടുക്കും.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News