ഇന്ത്യക്ക് അഭിമാന ദിനം, ഏറ്റവും ചെലവേറിയ ഭൗമ നിരീക്ഷണ ഉപഗ്രഹം നൈസാര്‍ വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ, എങ്ങനെ തത്സമയം കാണാം?
KNOW
ശ്രീഹരിക്കോട്ട: നാസ- ഐഎസ്ആര്‍ഒ സംയുക്ത ദൗത്യമായ എൻ ഐ സാർ അഥവാ നൈസാറിന്‍റെ വിക്ഷേപണം ഇന്ന്. വിക്ഷേപണത്തിന് ഒരുങ്ങുന്നത് ലോകത്തിലെ എറ്റവും മികച്ചതും ചെലവേറിയതുമായ ഭൗമ നിരീക്ഷണ ഉപഗ്രഹം. ദുരന്ത നിവാരണത്തിലും എൻ ഐ സാർ മുതൽക്കൂട്ടാകും. വിക്ഷേപണം വൈകീട്ട് 5:40ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നടക്കും. നൈസാര്‍ വിക്ഷേപണം ഇസ്രൊ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ തത്സമയം സ്‌ട്രീമിംഗ് ചെയ്യും. വൈകിട്ട് 5:30ന് ഐഎസ്ആര്‍ഒയുടെ ലൈവ് സ്‌ട്രീമിംഗ് ആരംഭിക്കും. 5:40നാണ് നൈസാര്‍ സാറ്റ്‌ലൈറ്റുമായി ജിഎസ്എൽവി-എഫ്16 റോക്കറ്റ് കുതിച്ചുയരും.
13,000 കോടി രൂപ ചെലവ്, 2,400 കിലോ ഭാരം
ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ യശ്സസ് വീണ്ടും ഉയരുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ സഹകരണത്തോടെ ഐഎസ്ആര്‍ഒ വികസിപ്പിച്ച എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണം ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നടക്കും. നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക്ക് അപേർച്ചർ റഡാർ സാറ്റ്‌ലൈറ്റ് എന്നാണ് എന്‍ ഐ സാര്‍, നൈസാര്‍ എന്നീ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന ഭൗമനിരീക്ഷണ ഉപഗ്രഹത്തിന്‍റെ പൂര്‍ണരൂപം. എന്‍ ഐ സാര്‍ ഉപഗ്രഹത്തിന്‍റെ വിക്ഷേപണ ചെലവ് ആകെ 13,000 കോടി രൂപയ്ക്ക് മുകളില്‍ വരും. ഈ തുക നാസയും ഇസ്രൊയും പങ്കിടുന്നു. ഐഎസ്ആർഒ ഇതുവരെ വിക്ഷേപിച്ചതിൽ വച്ച് എറ്റവും മുടക്കുമുതലുള്ള ഉപഗ്രഹമാണ് നൈസാര്‍. 2,400 കിലോഗ്രാമാണ് നൈസാര്‍ ഉപഗ്രഹത്തിന്‍റെ ഭാരം. ജിഎസ്എൽവി-എഫ്16 ആണ് വിക്ഷേപണ വാഹനം. 747 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലൂടെയാവും നൈസാര്‍ ഭൂമിയെ ചുറ്റുക. അഞ്ച് വര്‍ഷമാണ് എന്‍ ആ സാര്‍ ദൗത്യത്തിന്‍റെ കാലാവധി.
രണ്ട് സാർ റഡാറുകള്‍
രണ്ട് സാർ റഡാറുകളുള്ള ലോകത്തിലെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് നൈസാര്‍. ഐഎസ്ആർഒയുടെ എസ് ബാൻഡ് റഡാറും, നാസയുടെ എൽ ബാൻഡ് റഡാറും നൈസാര്‍ ഉപഗ്രഹത്തില്‍ ഉള്‍പ്പെടുന്നു. പകല്‍-രാത്രി വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും ഭൂമിയിലെ ഓരോ ഇഞ്ചും അതിസൂക്ഷ്‌മമായി പകര്‍ത്താന്‍ എ ഐ സാര്‍ സാറ്റ്‌ലൈറ്റിനാകും. ഉരുൾപ്പൊട്ടലുകളും, മണ്ണിടിച്ചിലുകളും, അഗ്നിപർവ്വത വിസ്ഫോടനങ്ങളും, ഭൂകമ്പങ്ങളുമെല്ലാം എൻ ഐ സാറിന്‍റെ റഡാർ ദൃഷ്‌ടിയിൽ പതിയും. കടലിലെ മാറ്റങ്ങളും പുഴകളുടെ ഒഴുക്കും തീരശോഷണവും മണ്ണൊലിപ്പും ഒപ്പിയെടുക്കും. കാട്ടുതീകളും ഹിമാനികളുടെ ചലനവും മഞ്ഞുപാളികളിലെ മാറ്റവും തിരിച്ചറിയും. കൃഷിഭൂമിയിലെ മണ്ണിന്‍റെ ഈർപ്പവും വിളകളുടെ വളർച്ചയും വനങ്ങളിലെ പച്ചപ്പുമെല്ലാം നിരീക്ഷിക്കാനും നൈസാര്‍ ഉപഗ്രഹത്തിന് ശേഷിയുണ്ട്. പന്ത്രണ്ട് ദിവസത്തിലൊരിക്കലെങ്കിലും ഭൂമിയിലെ ഓരോ ഇഞ്ചും എൻ ഐ സാര്‍ സാറ്റ്‌ലൈറ്റിലെ റഡാറുകള്‍ സൂക്ഷ്‌മമായി പകര്‍ത്തും.

