മോസ്കോ: ചന്ദ്രനില്‍ സൂര്യപ്രകാശമേൽക്കുന്ന ഭാഗത്ത് വെള്ളം കണ്ടെത്തിയെന്ന വാര്‍ത്ത വലിയ ആവേശത്തോടെയാണ് ലോകം കേട്ടത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടേതാണ് നിർണായക കണ്ടെത്തൽ നടത്തിയത്.  ഇതാദ്യമായാണ് ചന്ദ്രൻറെ ഈ ഭാഗത്ത് ജലതന്മാത്രകൾ ഉണ്ടെന്ന് തെളിയുന്നത്. 

നേരത്തെ ചന്ദ്രനിൽ ജലാംശം കണ്ടെത്തിയിരുന്നെങ്കിലും അത് സൂര്യപ്രകാശമേൽക്കാത്ത ഇരുണ്ട ഭാഗങ്ങളിൽ ആയിരുന്നു. ഇതോടെ ചന്ദ്രോപരിതലത്തിൽ ഒട്ടുമിക്കയിടത്തും ജലം ഉണ്ടാകാൻ സാധ്യതയെന്ന് നാസയുടെ നിരീക്ഷണം. ഭാവിയിലെ ചന്ദ്ര പര്യവേക്ഷണങ്ങളിൽ നിർണായകമാകുന്ന കണ്ടെത്തലാണ് ഇതെന്നും നാസ വ്യക്തമാക്കി.

എന്നാല്‍ നാസയുടെ പുതിയ കണ്ടെത്തലിനെ പരിഹസിച്ചാണ് റഷ്യ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. നാസയെ കളിയാക്കി റഷ്യൻ മാധ്യമം രംഗത്ത് എത്തി. ഏകദേശം 50 വർഷം മുൻപ് സോവിയറ്റ് യൂണിയൻ ചന്ദ്രനിൽ വെള്ളം കണ്ടെത്തിയതിനെ യുഎസ് ശാസ്ത്രജ്ഞർ അവഗണിച്ചുവെന്നാണ് റഷ്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള മാധ്യമമായ സ്പുട്നിക്കിന്റെ റിപ്പോർട്ടിൽ പറയുന്നത്.

നാസ ശാസ്ത്രജ്ഞർ അവരുടെ സോവിയറ്റ് സഹപ്രവർത്തകരിൽ നിന്നുള്ള കുറച്ചു കൃതികൾ കൂടി വായിച്ചിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. 1976 ൽ സോവിയറ്റ് യൂണിയന്റെ ലൂണ 24 ഈ കണ്ടെത്തൽ നടത്തിയതായി അവർ മനസ്സിലാക്കിയിരിക്കാമെന്നും സ്പുട്നിക് റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്.

സോവിയറ്റ് കാലത്ത് ചന്ദ്രനും ശുക്രനും ഉൾപ്പെടെ ബഹിരാകാശത്തെ വിവിധ വസ്തുക്കളിലേക്ക് ഡസൻ കണക്കിന് പേടകങ്ങൾ വിക്ഷേപിച്ചിട്ടുണ്ട്. സൗരയൂഥത്തെക്കുറിച്ച് മനസിലാക്കാന്‍ ഈ ബഹിരാകാശ ദൌത്യങ്ങള്‍ വലിയ സംഭാവനകൾ നല്‍കി. എന്നാൽ, അവരുടെ രചനകൾ പലപ്പോഴും പാശ്ചാത്യ ശാസ്ത്രജ്ഞർ തെറ്റായാണ് കാണുന്നതെന്നും സ്പുട്നിക് റിപ്പോർട്ട് പറയുന്നു. 1978 ൽ യു‌എസ്‌എസ്‌ആറിന്റെ അക്കാദമി ഓഫ് സയൻസസിന്റെ പ്രതിമാസ ശാസ്ത്ര ജേണലായ ജിയോകിമിയയിൽ (ജിയോകെമിസ്ട്രി) പ്രസിദ്ധീകരിച്ച പ്രബന്ധത്തിൽ ചന്ദ്രനിൽ ജലം കണ്ടെത്തിയത് പറയുന്നു എന്നാണ് സ്പുട്നിക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

അതേ സമയം നാസയുടെ വിവരങ്ങള്‍ നേച്ചര് ആസ്ട്രോണമി ജോര്‍ണലിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചന്ദ്രനിലെ ജലാംശം കണ്ടെത്താനായി 2019ല്‍ നാസ ആര്‍ടെമിസ് എന്ന ചാന്ദ്ര പദ്ധതി തയ്യാറാക്കിയിരുന്നു. ഭാവിയില്‍ ബഹിരാകാശ ഗവേഷകര്‍ക്ക് ദാഹം മാറ്റാന്‍ മാത്രമല്ല ഈ ജലം ഉപയോഗിക്കാവുന്നതെന്നാണ് നാസയുടെ നിരീക്ഷണം.  1800കളില്‍ ചന്ദ്രനില്‍ ജലാംശം ഉണ്ടാവില്ലെന്ന ധാരണയിലായിരുന്നു പര്യവേഷകരുണ്ടായിരുന്നത്.  മേഘങ്ങള്‍ കാണാത്തതായിരുന്നു ഈ നിരീക്ഷണത്തിന് കാരണം.