Asianet News Malayalam

സാനിറ്റൈസര്‍ കൊടുംചൂടില്‍ പൊട്ടിത്തെറിക്കുമോ? വിദഗ്ധരുടെ നിരീക്ഷണം ഇങ്ങനെ

ഉയര്‍ന്ന ചൂടുള്ളയിടങ്ങളില്‍ വാഹനങ്ങളില്‍ സാനിറ്റൈസറുകള്‍ സൂക്ഷിക്കുന്നത് അപകടമാണോ? വാഹനങ്ങളില്‍ അഗ്നിബാധയ്ക്ക് സാനിറ്റൈസര്‍ കാരണമാണോ? 

will sanitizers burst in high temperature experts views are like this
Author
New Delhi, First Published May 28, 2020, 5:57 PM IST
  • Facebook
  • Twitter
  • Whatsapp

കൊടും ചൂടില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ കാര്യമായ കുറവുണ്ടാകാത്തയിടങ്ങളില്‍ അടുത്തിടെ ആളുകളെ ഭീതിയിലാക്കിയിരുന്നു സാനിറ്റൈസറിനേക്കുറിച്ചുള്ള പ്രചാരണം. കൊവിഡ് 19 വ്യാപനം തടയാനായി കാറില്‍ കരുതിയ സാനിറ്റൈസര്‍ പൊട്ടിത്തെറിച്ച് കാറുകള്‍ക്ക് കേടുപാട് സംഭവിക്കുന്നതായാണ് പ്രചാരണം. പ്രചാരണത്തിനൊപ്പം വീഡിയോ കൂടി വന്നതോടെ നിരവധിപ്പേരാണ് ആശങ്കയിലായത്.  'ദില്ലിയില്‍ സംഭവിച്ചത്. വാഹനത്തിനുള്ളിലുണ്ടായിരുന്നവര്‍ക്ക് രക്ഷപ്പെടാനുള്ള അവസരം കൂടി ലഭിച്ചില്ല. ജീവനോടെ അഗ്നിക്കിരയായി. കാര്‍ ചാവിയില്‍ സാനിറ്റൈസര്‍ തളിച്ചിരുന്നുവെന്നും വാഹനം സാനിറ്റൈസ് ചെയ്യരുത് എന്നും അവകാശപ്പെട്ടാണ് കാര്‍ കത്തുന്ന വീഡിയോ പ്രചരിക്കുന്നത്. സാനിറ്റൈസറിലെ ആല്‍ക്കഹോളാണ് അഗ്നി ബാധയ്ക്ക് കാരണമാകുന്നതെ'ന്നും പ്രചാരണം അവകാശപ്പെടുന്നുണ്ട്. 

സാനിറ്റൈസറുകള്‍ കൊടും ചൂടില്‍ പൊട്ടിത്തെറിക്കുമോ? 

എന്നാല്‍ സാനിറ്റൈസറിന്‍റെ ബോട്ടിലുകള്‍ തനിയെ പൊട്ടിത്തെറിക്കാനുള്ള സാധ്യതയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എന്നിരുന്നാലും അഗ്നി ബാധയ്ക്ക് കാരണമായേക്കാവുന്ന ചില സാധ്യതകളും ഇവര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്. വ്യത്യസ്ത സാനിറ്റൈസറുകളില്‍ ആല്‍ക്കഹോളിന്‍റെ അംശം പലതാണെങ്കിലും 60 മുതല്‍ 80 വരെ ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യമാണ് സാനിറ്റൈസറുകളില്‍ പ്രതീക്ഷിക്കാവുന്നത്. അത്യോഷ്ണമുള്ള മേഖലയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വച്ച സാനിറ്റൈസര്‍ പൊട്ടിത്തെറിക്കണമെങ്കില്‍ തേഡ് ഡിഗ്രി പൊള്ളലുണ്ടാക്കാന്‍ കഴിയുന്ന അല്ലാത്ത പക്ഷം ഒരു മുട്ട പൊരിക്കാന്‍ സാധിക്കുന്ന ചൂട് അനുഭവപ്പെടണം. ഈ താപനിലയില്‍ എത്തിയാല്‍ ശിശുക്കള്‍ പൊള്ളലേറ്റ് മരിക്കുമെന്നാണ് നിരീക്ഷണം. അതിനാല്‍ തന്നെ സാനിറ്റൈസറിന് പൊട്ടിത്തെറിച്ച് കാറിന് തീ പിടിക്കുക എന്നതിന് സാധ്യത കുറവാണ്. എന്നാല്‍ ഏറെ നേരം കൊടും ചൂടില്‍ നിര്‍ത്തിയിട്ട കാറില്‍ കയറിയ ഉടനേ സിഗരറ്റ് കത്തിക്കുന്നതിനായി ലൈറ്റര്‍ ഉപയോഗിച്ചാല്‍ പുകയുണ്ടായി തീ പിടിക്കാന്‍ സാധ്യതയുണ്ട്. ആല്‍ക്കഹോളിന്‍റെ ഫ്ലാഷ് പോയിന്‍റായി കണക്കാക്കുന്നത് 21 ഡിഗ്രി സെല്‍ഷ്യസാണ്. ദില്ലിയിലെ സാധാരണ ചൂട് ഇതിന് ഇരട്ടിയാണ്. അലക്ഷ്യമായി തുറന്നിട്ട സാനിറ്റൈസറിലെ ആല്‍ക്കഹോള്‍ ഈ താപനിലയില്‍ കാറില്‍ ബാഷ്പീകരിച്ച് കുമിഞ്ഞ് കൂടിയാല്‍ കാറിനുള്ളില്‍ ഗ്യാസ് ചേമ്പറിന് സമാനമായ സാഹചര്യമുണ്ടാകാനിടയുണ്ട്. ഇവിടെ ചെറിയൊരു തീപ്പൊരി പൊലും അഗ്നി ബാധയ്ക്ക് ഇടയാക്കുമെന്നും പ്രമുഖ അഗ്നിശമന സേന പ്രവര്‍ത്തകനായി ഡി കെ ഷമ്മി ഇന്ത്യ ടുഡേയോട് വ്യക്തമാക്കിയത്. 

ആല്‍ക്കഹോള്‍ അധിഷ്ഠിതമായതുകൊണ്ട് മാത്രം സാനിറ്റൈസര്‍ അഗ്നിബാധയ്ക്ക് കാരണമാകില്ലെന്നാണ് വിദഗ്ധര്‍ വിശദമാക്കുന്നത്. കാറിന്‍റെ ഡാഷ് ബോര്‍ഡില്‍ വയ്ക്കുന്ന സാനിറ്റൈസറിന് തീപിടിക്കണമെങ്കില്‍ 363 ഡിഗ്രി സെല്‍ഷ്യസ് താപനിലയെങ്കിലും വേണം. ആല്‍ക്കഹോളിന്‍റെ ഓട്ടോ ഇഗ്നീഷ്യന്‍ പോയിന്‍റ് 363 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഈ താപനിലയില്‍ ലെഡ്, കാഡ്മിയം അടക്കമുള്ള ലോഹങ്ങള്‍ തനിയെ ഉരുകി പോകുമെന്നും വിദഗ്ധര്‍ പറയുന്നു. സാനിറ്റൈസറുകള്‍ തണുപ്പുള്ള ഇടങ്ങളില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നതിന് കാരണം സുരക്ഷാ മുന്‍കരുതലുകള്‍ ആണ്. എല്ലാ വസ്തുക്കളും സാനിറ്റൈസര്‍ ഉപയോഗിച്ച് തുടയ്ക്കുന്ന ശീലമുണ്ടെങ്കില്‍ തുടച്ച ഉടന്‍ തന്നെ ഉപയോഗിക്കാതെ അല്‍പ നേരം കഴിഞ്ഞ് ഉപയോഗിച്ചാല്‍ മതിയാകുമെന്നും ഡി കെ ഷമ്മി പറയുന്നു. കൂടിയ താപനിലയില്‍ തുടര്‍ച്ചയായി സാനിറ്റൈസര്‍ വയ്ക്കുന്നത് കെമിക്കല്‍ കോംപൌണ്ടുകളില്‍ മാറ്റം വരാനും കാരണമാകുമെന്നും വിദഗ്ധര്‍ പറയുന്നു. സാനിറ്റൈസര്‍ പൊട്ടിത്തെറിച്ച് കാറിന് തീപിടിച്ചുവെന്ന പേരില്‍ നടക്കുന്ന പ്രചാരണത്തേക്കുറിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്നും വിദഗ്ധര്‍ വിശദമാക്കുന്നു. 

Follow Us:
Download App:
  • android
  • ios