ത്രിപുര എന്നും കമ്യൂണിസ്റ്റുപാർട്ടിയുടെ മൂന്നാമിടം എന്ന നിലയ്ക്കാണ് അറിയപ്പെട്ടിരുന്നത്.  കേരളവും ബംഗാളും കഴിഞ്ഞാൽ പിന്നെ, ഉപഭൂഖണ്ഡത്തിൽ വിപ്ലവ വളക്കൂറുള്ള ഒരേയൊരു ഭൂമി. ഏറെക്കാലം സിപിഎം ഭരിച്ച സംസ്ഥാനം. കഴിഞ്ഞ വട്ടം അട്ടിമറിജയത്തോടെ ബിപ്ലബ്  കുമാർ എന്ന ബിജെപി നേതാവ് ഭരണത്തിലേറിയ നാട്. ബിപ്ലബിന്റെ ഭരണത്തിന്റെ ഒരു വിലയിരുത്തലാവുമോ ഇത്തവണത്തെ തെരഞ്ഞെടുപ്പ്..? സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി നഷ്ടപ്പെടുന്നതിന്റെ വക്കിൽ എത്തിനിൽക്കുന്ന സാഹചര്യത്തിൽ, സിറ്റിങ്ങ് സീറ്റുകൾ നിലനിർത്തി മാനം കാക്കുമോ ചെങ്കൊടി ഇത്തവണ ത്രിപുരയുടെ മണ്ണിൽ..?

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് ത്രിപുര  ആകെ ജനസംഖ്യയുടെ 0.3  ശതമാനം ആളുകൾ മാത്രം അധിവസിക്കുന്ന സംസ്ഥാനം. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ ത്രിപുര ഇന്ത്യൻ യൂണിയന്റെ ഭാഗമായിരുന്നില്ല. അന്ന് 185  നാട്ടുരാജാക്കന്മാർ ചേർന്ന് ഭരിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ കൊച്ചു സംസ്ഥാനം. 1949 -ലാണ് ത്രിപുര ഇന്ത്യയുടെ ഭാഗമാവുന്നത്. ആദ്യം ഒരു കേന്ദ്രഭരണ പ്രദേശമെന്ന നിലയിലായിരുന്നു പ്രവേശനം. പിന്നീട് 1972  ജനുവരി 21 - നാണ് ത്രിപുര സംസ്ഥാനം നിലവിൽ വരുന്നത്. കിഴക്കൻ ത്രിപുര, പടിഞ്ഞാറൻ ത്രിപുര എന്നിങ്ങനെ രണ്ടേ രണ്ടു ലോക്സഭാ മണ്ഡലങ്ങൾ മാത്രം. 

ലോക് സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രമെടുത്താൽ ഒരിക്കൽപ്പോലും താമര വിരിയാൻ അവസരമുണ്ടാക്കിയിട്ടില്ലാത്ത മണ്ണാണ് ത്രിപുരയിലേത്. 1977 -ലും 1989 -1996 കാലഘട്ടത്തിലും മാത്രം കോൺഗ്രസ്, ജനലോക്ദൾ  തുടങ്ങിയ പാർട്ടികൾക്ക് പാർലമെന്റ് കാണാനുള്ള യോഗമുണ്ടായതൊഴിച്ചാൽ ഇവിടെ നിന്നും ലോക് സഭ കണ്ടത് പ്രധാനമായും സിപിഎം സ്ഥാനാർത്ഥികളായിരുന്നു എന്നും.  ഇത്തവണ അതിന് മാറ്റമുണ്ടാവുമോ ?  

ബിപ്ലബ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിജെപി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ  ചുവപ്പു കോട്ടയിൽ വിള്ളൽ വീഴ്ത്തി ഭരണത്തിലേറിയത് ഇക്കുറി കോൺഗ്രസ് അടക്കമുള്ള പല പാർട്ടികൾക്കും പ്രതീക്ഷയേകുന്നുണ്ട്. സിപിഎം കയ്യടക്കി വെച്ചിരിക്കുന്ന രണ്ടു സീറ്റുകളും എങ്ങനെയും പിടിച്ചടക്കണം എന്ന ഉദ്ദേശത്തോടെ കോൺഗ്രസ് ഇത്തവണ അരയും തലയും മുറുക്കിയാണ് രംഗത്തുളളത്.  അതിന്റെ ആദ്യ പടിയായാണ് പിസിസി പ്രസിഡന്റ് പ്രദ്യോത് കിഷോർ മാണിക്യയുടെ കാർമ്മികത്വത്തിൽ, രാഹുൽ ഗാന്ധി നേരിട്ടിടപെട്ട്, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടായ സുബൽ ഭൗമിക്കിനെ ബിജെപി പാളയത്തിൽ നിന്നും  ചാടിച്ച് കോൺഗ്രസിലെത്തിച്ചത്. ഒരു ബിജെപിക്കാരനെ ചാക്കിട്ടുകൊണ്ടുവന്നു എന്നല്ല ആയ സംഭവത്തെ കാണേണ്ടത്. കോൺഗ്രസ് തറവാട്ടിൽ നിന്നും പിണങ്ങിപ്പോയ മകനെ തിരിച്ചെത്തിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞു എന്നാണ്. എഴുപതുകളിൽ കോൺഗ്രസ് പാർട്ടി അംഗമായാണ് സുബൽ ഭൗമിക് തന്റെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് 2013-ൽ  സ്വന്തമായി 'ത്രിപുര പ്രഗതിശീൽ ഗ്രാമീൺ  കോൺഗ്രസ്' എന്നൊരു പ്രാദേശിക പാർട്ടി അദ്ദേഹം രൂപീകരിച്ചിരുന്നു. 2014 -ൽ തെരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം ബിജെപി അംഗമായി. അവിടെ അഞ്ചു വർഷം തുടർന്ന ഭൗമിക്ക് ഈ തെരഞ്ഞെടുപ്പടുത്തതോടെയാണ് പടിഞ്ഞാറൻ ത്രിപുര മണ്ഡലം ലക്ഷ്യമിട്ട് കൂറുമാറിയത്. ഇത്തവണ ഭൗമിക്ക് തന്നെയാണ് കോൺഗ്രസിന്റെ പടിഞ്ഞാറൻ ത്രിപുരയിലെ സ്ഥാനാർത്ഥി.  കിഴക്കൻ ത്രിപുര മണ്ഡലത്തിൽ നിന്നും പ്രഗ്യാ ദേബ് ബർമ്മൻ കോൺഗ്രസിനെ പ്രതിനിധീകരിക്കും.  തെരഞ്ഞെടുപ്പ് സഖ്യങ്ങളുടെ ചരിത്രത്തിൽ പതിവില്ലാത്ത ഒരു ധാരണാപത്രം ( MoU) പോലും ഒപ്പിട്ടാണ് ഇത്തവണ, പ്രദേശ് കോൺഗ്രസ് കമ്മിറ്റി നേതാവും രാജകുടുംബാംഗവുമായ  മാണിക്യ ദേബ് ബർമ്മൻ, മുൻ വിപ്ലവകാരിയും ഇപ്പോൾ പാർലമെന്ററി രാഷ്ട്രീയ പാതയിൽ സഞ്ചരിക്കുന്നയാളുമായ INPT കക്ഷി നേതാവ് ബിജോയ് കുമാർ റാങ്ങ്ഭാൽ  ഇൻഡിജിനിയസ് നാഷണൽ പാർട്ടി ഓഫ് ത്രിപുര ( INPT) യുമായി കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടിരിക്കുന്നത്. 

സിപിഎം പാളയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ ക്ഷീണത്തെ മറികടക്കാൻ വേണ്ടിയുള്ള തിരക്കിട്ട പ്രചാരണ പരിപാടികളിലാണ്. ജിതേന്ദ്ര ഗാംഗുലി പടിഞ്ഞാറൻ ത്രിപുരയിൽ നിന്നും ശങ്കർ പ്രസാദ് ദത്ത കിഴക്കൻ ത്രിപുരയിൽ നിന്നും മത്സരിക്കും . ബിജെപിയെ കേന്ദ്രത്തിൽ നിന്നും പുറന്തള്ളുക എന്നത് തന്നെയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത നയമെങ്കിലും, ത്രിപുരയിൽ ചിരവൈരികളായ കോൺഗ്രസുമായി യാതൊരു നീക്കുപോക്കിനും സിപിഎം തയ്യാറില്ല. ത്രിപുരയിലെ ദളിതരുടെയും ആദിവാസികളുടെയും ക്ഷേമം പരിരക്ഷിക്കുന്നതിൽ ബിപ്ലബ് കുമാറിന്റെ ബിജെപി സർക്കാർ ഒരു വൻ പരാജയമായിരുന്നു എന്ന് ത്രിപുര എൽഡിഎഫ് കൺവീനർ ബിജാൻ ധർ പറഞ്ഞു. ബിജെപി സർക്കാർ അധികാരത്തിലേറിയ അന്നുമുതൽ സിപിഎം നേതാക്കളെ വേട്ടയാടുകയും, മർദ്ദിക്കുകയും, വധിക്കുകയുമാണ് ചെയ്തുപോരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും കർഷക ആത്മഹത്യകൾക്കും  ഒരറുതി വരണമെങ്കിൽ സിപിഎം തന്നെ തെരഞ്ഞെടുക്കപ്പെടണം എന്നും അദ്ദേഹം പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ, സംസ്ഥാന വൈസ് പ്രസിഡന്റ് സുബൽ ഭൗമിക്ക് കൂടാരം വിട്ടതോടെ ബിജെപി ആദ്യം പ്രതിരോധത്തിലായെങ്കിലും താമസിയാതെ അവരും തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബിജെപി ജനറൽ സെക്രട്ടറിയായ പ്രതിഭാ ഭൗമിക്കാണ് സുബൽ ഭൗമിക്കിനെ പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിൽ നിന്നും എതിരിടുന്നത്.  രേബതി മോഹൻ ത്രിപുരയാണ് കിഴക്കൻ ത്രിപുരയിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിക്കുന്നത് . പാവപ്പെട്ട ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നും വന്ന നരേന്ദ്ര മോദിയ്ക്ക് പാവപ്പെട്ടവരുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാമെന്നും അദ്ദേഹത്തിന്റെ സഹായത്തോടെ ത്രിപുരയെ വികസന പാതയിലൂടെ നയിക്കാമെന്നും അദ്ദേഹം പറഞ്ഞു.  എന്നാൽ പ്രാദേശിക പാർട്ടിയായ ഇൻഡിജിനിയസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര (IPFT) യെ കൂടെ നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങൾ വിജയിച്ചില്ല.  രണ്ടിൽ ഒരു സീറ്റുവേണം എന്നുള്ള IPFT യുടെ കടുംപിടുത്തം ബിജെപി നേതൃത്വം  അംഗീകരിക്കാഞ്ഞതിനാൽ അവർ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിക്കുകയും  ചെയ്തു. പാർട്ടി പ്രസിഡന്റും റവന്യു മന്ത്രിയുമായ നരേന്ദ്ര ചന്ദ്ര ദേബ ബർമയാണ്  കിഴക്കൻ ത്രിപുരയിൽ നിന്നുള്ള അവരുടെ സ്ഥാനാർത്ഥി. സുഖ് ചരൺ നോവാടിയ പടിഞ്ഞാറൻ ത്രിപുര മണ്ഡലത്തിൽ നിന്നും മത്സരിക്കും. പ്രധാനപ്പെട്ട നാലു കക്ഷികൾക്ക് പുറമെ ആൾ ഇന്ത്യ പീപ്പിൾസ് കോൺഗ്രസ്, അമ്ര ബംഗാളി, ത്രിപുര ലാൻഡ് സ്റ്റേറ്റ് പാർട്ടി, ഇൻഡോ മംഗോളിയൻ പീപ്പിൾസ് ഫെഡറേഷൻ, ത്രിപുര പീപ്പിൾസ് പാർട്ടി എന്നിവരും ചില സ്വതന്ത്ര സ്ഥാനാർത്ഥികളും മത്സരരംഗത്ത് സജീവമായുണ്ട്. 

മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ത്രിപുര വലിപ്പത്തിലും സീറ്റുകളുടെ എണ്ണത്തിലും വളരെ ചെറുതാണെങ്കിലും,  'സിപിഎമ്മിന് ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമോ' എന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ത്രിപുരയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.  ഏപ്രിൽ 11ന്  കിഴക്കൻ ത്രിപുരയിലും ഏപ്രിൽ 18 ന് പടിഞ്ഞാറൻ ത്രിപുരയിലും ജനം പോളിങ്ങ് ബൂത്തുകളിലേക്ക് ചെല്ലുമ്പോൾ , അതിനെ സാകൂതം വീക്ഷിക്കുക മറ്റേതു സംസ്ഥാനത്തേക്കാളും സിപിഎമ്മിന് കാര്യമായ രാഷ്ട്രീയ സ്വാധീനമുള്ള  നമ്മുടെ കേരളം തന്നെയാവും.