മലയാളത്തില്‍ കോമഡി സിനിമകള്‍ക്ക് പുതിയ ഭാവുകത്വം നല്‍കിയ സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അവരുടെ ലക്ഷണമൊത്തെ തുടര്‍ച്ചക്കാരായിരുന്നു റാഫി മെക്കാര്‍ട്ടിനും ഷാഫിയും

തിയറ്ററില്‍ പൊട്ടിച്ചിരിയുടെ പൂത്തിരി സൃഷ്ടിക്കുക എല്ലാ സംവിധായകര്‍ക്കും സാധിക്കുന്ന കാര്യമല്ല. അത് നിരവധി തവണ അനായാസം സൃഷ്ടിച്ച സംവിധായകനായിരുന്നു ഷാഫി. സംവിധായകന്‍ സിദ്ദിഖിന്‍റെ അനന്തിരവനായ, റാഫിയുടെ അനുജനായ ഷാഫിക്ക് സിനിമയിലേക്കുള്ള എന്‍ട്രി എളുപ്പമായിരുന്നു. എന്നാല്‍ ജനങ്ങളുമായി തന്‍റെ സിനിമകള്‍ സൃഷ്ടിച്ച കണക്ഷനും അവ ഉണ്ടാക്കിയ ഓളവുമൊക്കെ ഒരു സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ പ്രതിഭയുടെ അടയാളങ്ങള്‍ ആയിരുന്നു.

മലയാളത്തില്‍ കോമഡി സിനിമകള്‍ക്ക് പുതിയ ഭാവുകത്വം നല്‍കിയ സംവിധായകരായിരുന്നു സിദ്ദിഖും ലാലും. അവരുടെ ലക്ഷണമൊത്തെ തുടര്‍ച്ചക്കാരായിരുന്നു റാഫി മെക്കാര്‍ട്ടിനും ഷാഫിയും. സിദ്ദിഖ് ലാല്‍, റാഫി മെക്കാര്‍ട്ടിന്‍, രാജസേനന്‍ എന്നിവരുടെ അസിസ്റ്റന്‍റ് ആയിക്കൊണ്ടായിരുന്നു ഷാഫിയുടെ സിനിമാ പ്രവേശം. എല്ലാവരും കോമഡി സിനിമകള്‍ കൊണ്ട് മലയാളികളെ പൊട്ടിച്ചിരിപ്പിച്ച സംവിധായകര്‍. ആ വഴി തന്നെ തെരഞ്ഞെടുക്കാന്‍ ഷാഫിക്ക് ആശയക്കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല. 2001 ല്‍ പുറത്തെത്തിയ വണ്‍ മാന്‍ ഷോയിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറി.

മികച്ച വിജയവും നേടി ഈ ചിത്രം. ഒരു സംവിധായകനെ സിനിമാലോകം വിലയിരുത്തുക അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം നോക്കിയാവും. കരിയറിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കിക്കൊണ്ട് മലയാള സിനിമയിലെ ശ്രദ്ധേയ സംവിധായകരുടെ നിരയിലേക്ക് ഷാഫി കസേര വലിച്ചിട്ട് ഇരുന്നു. മലയാളികളുടെ നിത്യജീവിതത്തില്‍ ഇന്നും റെഫറന്‍സുകള്‍ സൃഷ്ടിക്കുന്ന ചിത്രം കല്യാണരാമന്‍ ആയിരുന്നു അത്. രണ്ട് ചിത്രങ്ങള്‍ വിജയിച്ചതോടെ ഷാഫി ഒരു ബ്രാന്‍ഡ് ആയി മാറി. പരാജയങ്ങള്‍ അറിയാതെ തുടര്‍ച്ചയായി ആറ് സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തത്. മലയാളത്തില്‍ അപൂര്‍വ്വ നേട്ടമാണ് ഇത്. വണ്‍ മാന്‍ ഷോ, കല്യാണരാമന്‍, പുലിവാല്‍ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്ലേറ്റ് എന്നിവയാണ് ആ ചിത്രങ്ങള്‍.

പരാജയങ്ങള്‍ക്ക് ശേഷം എപ്പോഴും വലിയ വിജയങ്ങളുമായി തിരിച്ചുവന്ന സംവിധായകനുമായിരുന്നു അദ്ദേഹം. മേരിക്കുണ്ടൊരു കുഞ്ഞാടും ടു കണ്‍ട്രീസുമൊക്കെ അത്തരം തിരിച്ചുവരവുകളായിരുന്നു. ഒപ്പം പ്രവര്‍ത്തിച്ച സംവിധായകരുടെ സെറ്റില്‍ കണ്ട പല മികവുകളും സ്വന്തം വര്‍ക് സ്പേസിലും അദ്ദേഹം കൊണ്ടുവന്നു. ചെയ്യുന്നത് കോമഡി ആണെന്ന ബോധ്യത്തില്‍ കൂടുതല്‍ മികച്ച നിര്‍ദേശം ആരില്‍ നിന്ന് വന്നാലും അദ്ദേഹം സ്വീകരിക്കുമായിരുന്നു. അതിനാല്‍ത്തന്നെ തിരക്കഥകളില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ചവയായി അതിലെ തമാശകള്‍ സ്ക്രീനില്‍ എത്തിയപ്പോള്‍. അഭിനേതാക്കള്‍ക്ക് ഇംപ്രൊവൈസ് ചെയ്യാന്‍ എപ്പോഴും സ്പേസ് കൊടുത്തിരുന്നതിനാലാണ് അദ്ദേഹത്തിന്‍റെ സിനിമകളിലെ പല രംഗങ്ങളും ഇന്നും നമ്മെ ചിരിപ്പിക്കുന്നത്. തിരക്കഥ വായിക്കുമ്പോഴും, പിന്നീട് ചിത്രീകരിക്കുമ്പോഴുമൊക്കെ ഷൂട്ടിംഗ് സെറ്റുകളില്‍ത്തന്നെ തുടങ്ങിയ ചിരിയുടെ ഒരു ഭാഗമാണ് തിയറ്ററുകളില്‍ നാം അനുഭവിച്ചത്. ചെയ്യാന്‍ ഇനിയും ആശയങ്ങള്‍ ബാക്കിവെച്ചാണ് മലയാളികളെ ഏറെ ചിരിപ്പിച്ച ഒരു സംവിധായകന്‍ വിട വാങ്ങുന്നത്.

സംവിധായകൻ ഷാഫി അന്തരിച്ചു; ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം