കെ രാമചന്ദ്രന്‍ എന്ന റാമിന്റെയും എസ് ജാനകിയെന്ന ജാനുവിന്റെയും കഥയുമായി എത്തി പ്രേക്ഷക മനസിൽ ചേക്കേറിയ സിനിമയാണ് 96. നഷ്ടപ്രണയവും അതിലുപരി ഗൃഹാതുരമായ സ്‌കൂള്‍ ജീവിതത്തിന്റേയും കഥ പറഞ്ഞ ചിത്രം തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു. വിജയ് സേതുപതിയും തൃഷയും ആദ്യമായി ഒന്നിച്ച ചിത്രം വലിയ വിജയമാണ് നേടിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം. സി പ്രേംകുമാര്‍ എന്ന നവാഗത സംവിധായകനിലെ മികച്ച ക്രാഫ്റ്റ്മാന്റെ വിജയം കൂടിയായ ചിത്രം കന്നഡ, തെലുങ്ക് പതിപ്പുകളിലും പുറത്തിറങ്ങിയിരുന്നു. ചിത്രം ഇറങ്ങി രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ റാമിനെയും ജാനുവിനെയും അപ്‌സൈക്കിള്‍ ആർട്ടിലൂടെ ആരാധകർക്കിടയിൽ എത്തിച്ചിരിക്കുകയാണ് ബോട്ടിൽ ആർട്ടിലൂടെ ശ്രദ്ധിക്കപ്പെട്ട തിരുവനന്തപുരം സ്വദേശിനി മീനു മറിയം. 

കഴിഞ്ഞ ദിവസം പുറത്തിറക്കിയ റാമിനെയും ജാനുവിനെയും ആർട്ട് വീഡിയോ കണ്ട് 96 സിനിമയുടെ സംവിധായകൻ സി പ്രേംകുമാര്‍ നേരിട്ട് അഭിനന്ദിക്കുകയും ചെയ്തു. ഉപയോഗശൂന്യമായ വസ്തുക്കൾ അപ്‌സൈക്കിൾ ചെയ്താണ് മീനു പുതിയ അലങ്കാര വസ്തുക്കൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് പാത്രങ്ങളും കുപ്പികളും കാർഡ് ബോഡുകളുമാണ്  അധികവും. അവ പല ആകൃതിയിൽ മുറിച്ചെടുത്തും വർണക്കടലാസുകൾ ഒട്ടിച്ചും രൂപമാറ്റം വരുത്തിയാണ് അലങ്കാര വസ്തുക്കളാക്കുന്നത്. 'കൺമഷി' എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇവ വിൽപന നടത്തുകയും ചെയ്യുന്നു. പ്രക്യതിയും, സിനിമാ താരങ്ങളുമെല്ലാം മീനുവിന്റെ  കലാവിരുതില്‍ ബോട്ടിൽ ആർട്ടായി കുപ്പികളില്‍ പുനര്‍ജനിക്കും.