വേറിട്ട ഫോട്ടോ ഷൂട്ടുകളിലൂടെ ശ്രദ്ധേയനായ ഫോട്ടോഗ്രാഫറാണ് മഹാദേവൻ തമ്പി. അതിഥി തൊഴിലാളിയായ യുവതിയെ മോഡലാക്കിയും, പ്രണയത്തിന്റെ കല്‍പ്പിത സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതി കൊണ്ടുള്ള ഫോട്ടോഷൂട്ടും അടക്കം നിരവധി വേറിട്ട പ്രമേയങ്ങളാണ് മഹാദേവൻ തമ്പി അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ  98 കാരിയായ പാപ്പിയമ്മയെ തന്റെ ചിത്രങ്ങള്‍ക്ക് മോഡലായി കണ്ടെത്തിയിരിക്കുകയാണ് മഹാദേവൻ തമ്പി.

പച്ചപ്പാടത്തിനിടയില്‍ നിഷ്‌കളങ്കമായ ചിരിയോടെ നില്‍ക്കുന്ന പാപ്പിയമ്മുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തേവലക്കാട് എന്ന സ്ഥലത്ത് പുതിയ ചിത്രത്തിന് വേണ്ടി ലൊക്കേഷന്‍ ഹണ്ടിനെത്തിയപ്പോഴാണ് പാപ്പിയമ്മയെ മഹാദേവന്‍ തമ്പി കണ്ടെത്തിയത്. പാപ്പിയമ്മയുടെ മേക്കോവര്‍ ഷൂട്ടൊന്നുമല്ല അപ്പോള്‍ മനസ്സില്‍ വന്നതെന്ന് മഹാദേവന്‍ തമ്പി പറയുന്നു . 'ഗ്രാമീണതയും അതിന്റെ നിഷ്‌കളങ്കതയും പുതിയ തലമുറയെ കാണിച്ചുകൊടുക്കാന്‍ പാപ്പിയമ്മയെ അങ്ങനെ തന്നെ ഫ്രെയ്മിലാക്കുകയായിരുന്നു ലക്ഷ്യം. പാപ്പിയമ്മയുടെ ഒരു ദിനം, അത് ചിത്രങ്ങളിലൂടെ പകര്‍ത്താനായിരുന്നു തങ്ങളുടെ ശ്രമെന്നും ഹാദേവന്‍ തമ്പി പറഞ്ഞു. പാപ്പി അമ്മയ്ക്ക് മേക്കോവര്‍ വരുത്തുകയല്ല, പകരം ഫീച്ചേഴ്‌സ് എന്‍ഹാന്‌സ് ചെയ്യുന്ന തരം മേക്കപ്പാണ് നല്‍കിയത്.' ഫോട്ടോഷൂട്ട് മേക്കപ്പ് ടീമിലെ ജോഷി പറഞ്ഞു. പല്ലില്ലാത്ത മോണകാട്ടി, നിറഞ്ഞ് പുഞ്ചിരിക്കുന്ന  പാപ്പിയമ്മ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. വൈദ്യുതിയില്ലാത്ത കുടില്‍ മണ്ണണ്ണ വിളക്കിന്റെ വെളിച്ചത്തിലാണ് പാപ്പിയമ്മയുടെ ജീവിതം. ആ കുഞ്ഞു വീടിന് ഒരു കതക് വച്ച് സുരക്ഷിതത്വം ഉറപ്പാക്കുമെന്നാണ് മഹാദേവന്‍ തമ്പിയുടെ വാഗ്ദാനം.