Asianet News MalayalamAsianet News Malayalam

അദിതിയെ പോലെ ഇനിയുണ്ടാകുമോ മറ്റൊരാൾ? : ഒരു ഫോട്ടോ ഓർമപ്പെടുത്തുന്നത്

അച്ഛന്‍റേയും മകന്‍റേയും നായികയായി അദിതി. ഹേ സിനാമിക പുറത്തിറങ്ങിയ സമയത്താണ് ദുൽഖർ സൽമാൻ പ്രണയിക്കുന്ന നായിക വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ച കഥ എല്ലാവരും ഓർത്തത്. 
 

aditi rao hydari filmography and  age disparity in indian cinema
Author
Thiruvananthapuram, First Published May 14, 2022, 8:16 PM IST

ഭിനയിച്ച സിനിമകളുടെ എണ്ണം കൊണ്ടോ കിട്ടിയ പുരസ്കാരങ്ങളുടെ പേരിലോ ചരിത്രപുസ്തകത്തിലിടം പിടിക്കുക മത്സരം നിറഞ്ഞ സിനിമാലോകത്ത് പ്രയാസമാണ്. പക്ഷേ മറ്റൊരു നായികക്കും ഇതുവരെ സാധിക്കാത്ത ഒരു നേട്ടമുണ്ട് അദിതി റാവു ഹൈദരിക്ക്. അച്ഛന്‍റേയും മകന്‍റേയും നായികയായി അദിതി. ഹേ സിനാമിക പുറത്തിറങ്ങിയ സമയത്താണ് ദുൽഖർ സൽമാൻ പ്രണയിക്കുന്ന നായിക വർഷങ്ങൾക്ക് മുമ്പ് മമ്മൂട്ടിയുടെ ഒപ്പം അഭിനയിച്ച കഥ എല്ലാവരും ഓർത്തത്. 

കൗതുകം കൂടിയതു കൊണ്ടാണോ അതോ സിനിമയെ ബാധിക്കുമോ എന്നതു കൊണ്ടാണോ അതുമല്ലെങ്കിൽ താരങ്ങളുടെ ആരാധകക്കൂട്ടത്തിന്‍റെ അമ്പരപ്പ് മാറാത്തതു കൊണ്ടാണോ.....അദിതി ഉണ്ടാക്കിയ അത്ഭുതം അങ്ങനെയെങ്ങ് വാർത്തകളിൽ തുടർന്നില്ല. പിന്നെ ഇപ്പോൾ അദിതിയെ ഓർക്കാൻ കാരണം അമ്മക്കൊപ്പമുള്ള ഒരു ബാല്യകാലചിത്രം പങ്കുവെച്ചുകണ്ടപ്പോഴാണ്. നായികമാർക്ക് മാത്രം കൂടുന്ന ഒന്നാണ് വയസ്സ് നമ്മുടെ സിനിമാലോകത്ത്.

aditi rao hydari filmography and  age disparity in indian cinema

അട് രംഗി റേയിൽ സാറാ അലി ഖാന്‍റെ സങ്കൽപകാമുകന്‍റെ കഥാപാത്രം അവതരിപ്പിക്കുന്ന അക്ഷയ് കുമാറിന് സാറായുടെ അച്ഛൻ സെയ്ഫ് അലി ഖാനേക്കാളും പ്രായമുണ്ട്. ഗജിനിയിലൂടെ അസിനും രബ് നേ ബനാ ദി ജോഡിയിലൂടെ അനുഷ്ക ശർമയും ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത് രണ്ട് പതിറ്റാണ്ടിന്‍റെ പ്രായക്കൂടുതലുള്ള അമീർഖാനൊപ്പവും ഷാരൂഖ് ഖാനൊപ്പവുമാണ്. ഖാൻ ത്രയത്തിലെ മൂന്നാമൻ സൽമാൻ ഖാന്‍റെ കൂടെ ആദ്യസിനിമ ചെയ്ത സോനാക്ഷി സിൻഹയുടെ കാര്യവും അങ്ങനെ തന്നെ. 

ബാലതാരങ്ങളായി അഭിനയിച്ച് തുടങ്ങുകയും അംഗീകാരങ്ങൾ നേടുകയും ചെയ്ത അഞ്ജുവും സോണിയയും ഒക്കെ തലമുതിർന്ന നായകൻമാരുടെ ഭാര്യാവേഷത്തിലെത്തുന്നത് നമ്മൾ മോളിവുഡിലും കണ്ടു. ഒരു പാട് ഉദാഹരണങ്ങൾ എടുത്തു പറയാതെ തന്നെ സംഗതി വ്യക്തമായല്ലോ. നായകൻമാർക്ക് പ്രായമാകില്ല. നായികമാർ ഒരു പ്രായം കഴിഞ്ഞാൽ അല്ലെങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ഒന്നാലോചിക്കണം.

ഒന്നുകിൽ അഭിനയം നിർത്തണം, കുടുംബം നോക്കണം അതല്ലെങ്കിൽ സഹകഥാപാത്രങ്ങളായി മാറണം. ഈ ചിന്താഗതിക്ക് ബോളിവുഡിൽ മാറ്റം വരുത്തിയ അല്ലെങ്കിൽ ചോദ്യംചെയ്യുന്നവരാണ് ഇപ്പോഴത്തെ നായികമാരിൽ ചിലരെങ്കിലും. വാണിജ്യവിജയങ്ങളും നിരൂപകപ്രശംസയും ആവോളം നേടി കരിയറിലെ ഏറ്റവും തിളക്കമുള്ള സമയത്താണ് ആലിയ ഭട്ട് കല്യാണം കഴിക്കാൻ തീരുമാനിച്ചത്. ജോലിക്ക് വേണ്ടി പ്രണയത്തെയോ പ്രണയത്തിന് വേണ്ടി ജോലിയോ വേണ്ടെന്ന് വെക്കില്ലെന്ന പ്രഖ്യാപനമായിരുന്നു അത്.

വിവാഹത്തോടെ ആലിയയുടെ ബന്ധുവായ കരീന കപൂർ മുമ്പേ ആ വഴി നടന്നതാണ്. സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചപ്പോഴോ ഗർഭിണിയോയപ്പോഴോ ഒന്നും കരീന ജോലി ചെയ്യാതിരുന്നില്ല. മറ്റേതൊരു ജോലിയിലുമെന്ന പോലെ പ്രസവാവധിയെടുത്തു. തിരിച്ചുവന്നു. അനുഷ്ക ശർമയും അങ്ങനെ തന്നെ. ഇവരെല്ലാം ചില മാമൂലുകൾ തിരുത്താൻ ശ്രമിക്കുന്നവരാണ്. പിൻഗാമികളായെത്തുന്നവർക്ക് വഴി തെളിക്കുന്നവരാണ്.

aditi rao hydari filmography and  age disparity in indian cinema

നമ്മുടെ നാട്ടിൽ മാത്രമാണ് കല്യാണവും പ്രസവവും ഒക്കെ അഭിനേത്രികൾക്ക് വിലങ്ങുതടിയാവുന്നത്. ആഞ്ജലീന ജോളി, കേറ്റ് വിൻസ്‍ലെറ്റ്, ജെന്നിഫ‍ർ ലോറൻസ്, ജൂലിയ റോബട്ട്സ്, സാന്ദ്ര ബുള്ളക്ക്, നതാലി പോർട്മാൻ, ആൻ ഹാത്തവേ, മെറിൽ സ്ട്രീപ്പ്........നീണ്ട പട്ടികയാണ്. ആരും അഭിനയം നിർത്തിയില്ല. പ്രേക്ഷകർ ആരും അവരെ കാണാതിരുന്നില്ല. ഇവിടെ മാത്രമാണ് നടിമാർക്ക് പ്രവർത്തനകാലാവധി നിശ്ചയിച്ചിരിക്കുന്നത്. വീണ്ടും അദിതിയിലേക്ക് വന്നാൽ....ആദ്യം അഭിനയിച്ച ശൃംഗാരം (2004) റിലീസ് ചെയ്തത് കുറേക്കഴിഞ്ഞാണ്. ആദ്യം പുറത്തിറങ്ങിയ പ്രജാപതിക്കായി മോളിവുഡിൽ വന്നുപോയ ശേഷം ഹിന്ദി സിനിമയിൽ കുറേ ചെറിയ വേഷങ്ങൾ. 

ദില്ലി 6ലും റോക്ക് സ്റ്റാറിലും തീയേറ്ററിലെത്തിയപ്പോഴേക്കും ചെറുതായി പോയ കഥാപാത്രങ്ങൾ. വാസീർ നൽകിയ ഉയർത്തെഴുന്നേൽപ്. ഫിത്തൂറും പദ്മാവതും പിന്നെ മണിരത്നത്തിന്റെ കാട്ര് വിളയാടലും ചെക്ക ചിവന്ത വാനവും. 2006 മുതൽക്കിങ്ങോട്ടുള്ള അദിതിയുടെ യാത്ര കഠിനാധ്വാനത്തിന്‍റേയും ആത്മവിശ്വാസത്തിന്‍റേയും വിളിച്ചുപറയലാണ്. അതു കൊണ്ടു കൂടിയാണ് അദിതി ഞെട്ടിക്കലാകുന്നത്. ശരീരഭംഗിയും അഭിനയമികവും നിലനിർത്തി. പ്രതീക്ഷകൾ കൈവിട്ടില്ല. സ്വപ്നം കാണുന്നത് നിർത്തിയില്ല. സിനിമയിൽ അമ്മക്കും മകൾക്കും വേണ്ടി പാടിയ ലതാ മങ്കേഷ്കറിനെ പോലെ അച്ഛനൊപ്പവും മകനൊപ്പവും നായികയായി. അദിതിയെ പോലെ ഇനിയുണ്ടാകുമോ മറ്റൊരാൾ?

Bob Marley : ഉള്ളില്‍ ജീവന്‍ പൊടിഞ്ഞുപോകുമ്പോള്‍ ഗിറ്റാറില്‍ ബോബ് മാര്‍ലി പാടി...

Follow Us:
Download App:
  • android
  • ios