Asianet News MalayalamAsianet News Malayalam

'ഉസ്‌‍താദ് ഹോട്ടലി'ലെ പൊടിമീശക്കാരൻ കരീം ഇതാ ഇവിടെയുണ്ട്

എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം ഇപ്പോഴും ഉസ്‌‍താദ് ഹോട്ടലിലേത് തന്നെയാണ്.

artist jagan reju reveal how to enter in movie
Author
Ernakulam, First Published Jun 23, 2021, 2:51 PM IST

ലയാള സിനിമാസ്വാദകരുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് അഞ്‍ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്‍ത ‘ഉസ്‍താദ് ഹോട്ടൽ’. പുറത്തിറങ്ങി ഒൻപത് വർഷം കഴിയുമ്പോഴും ചിത്രത്തിലെ കഥാപാത്രങ്ങളും സന്ദർഭവുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. ചിത്രത്തിൽ വളരെ കുറച്ച് സമയം മാത്രം മിന്നിമറഞ്ഞ ഒരു മുഖമുണ്ട്. മലയാളത്തിന്റെ മഹാനടൻ തിലകൻ അവതരിപ്പിച്ച കരീം എന്ന കഥാപാത്രത്തിന്റെ കൗമാരക്കാലത്തെ മുഖം. തിലകന്റെ കുട്ടിക്കാലത്തിലേക്ക് പ്രേക്ഷകരെ സംശയമില്ലാതെ എത്തിച്ച മുഖം. മൗലവിയുടെ മകളുടെ കല്യാണത്തിന് ബിരിയാണി വയ്ക്കാൻ പോയി കല്ല്യാണ പെണ്ണിനെത്തന്നെ സ്വന്തമാക്കിയ കരീം തിയറ്ററില്‍ കയ്യടി നേടി.  ജഗൻ രജുവാണ് കുഞ്ഞ് കരീമായെത്തിയത്. പിന്നണി ഗായകൻ രജു ജോസഫിന്റെ മകനാണ് ജഗൻ. ഇപ്പോഴിതാ തന്റെ അഭിനയത്തിലേക്കുള്ള വരവും ഭാവി പരിപാടികളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പങ്കുവയ്‍ക്കുകയാണ് ജഗൻ.

ഉസ്‍താദ് ഹോട്ടലിലേക്ക്

വളരെ അപ്രതീക്ഷിതമായി കിട്ടിയ അവസരമായിരുന്നു അത്. ഞാൻ അന്ന് പത്തിൽ പഠിക്കുകയായിരുന്നു. സിനിമയിലേക്ക് വരുമെന്ന് വിചാരിച്ച് നടന്നിരുന്ന ആളല്ല ഞാൻ. എന്റെ വീടിന്റെ മുകളിൽ ഒരു റെക്കോഡിംഗ് സ്റ്റുഡിയോ ഉണ്ട്. എന്റെ അച്ഛൻ പിന്നണി ഗായകൻ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന് സിനിമയിൽ കുറച്ച് സുഹൃത്തുക്കളൊക്കെ ഉണ്ടായിരുന്നു. അൻവർ ഇക്കാനെയൊക്കെ( അൻവർ റഷീദ്) അറിയാമായിരുന്നു.

ഒരു ദിവസം തിലകൻ സാർ ഞങ്ങളുടെ റെക്കോർഡിംഗ് സ്റ്റുഡിയോയിൽ വന്നു. അദ്ദേഹം വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ ഞാൻ അവിടെ എത്തി, സാറിനോട് കുറച്ച് സമയം സംസാരിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്‍തു.

ആ ഒരു തവണ മാത്രമേ ഞാൻ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. സിനിമാ സെറ്റിലൊന്നും കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ഞാൻ അന്ന് ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ആ ഫോട്ടോയാണ് അൻവർ റഷീദിക്ക എന്നെ വിളിക്കാനും സിനിമയിലേക്ക് എത്തിപ്പെടാനും കാരണമായത്.

artist jagan reju reveal how to enter in movie

ഒരു ദിവസത്തെ ഷൂട്ടേ ഉള്ളൂ. വലിയ റോളൊന്നും ഇല്ല എന്നാലും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണെന്നായിരുന്നു പറഞ്ഞത്. ചില സുഹൃത്തുക്കളോട് അല്ലാതെ, ഞാൻ സിനിമയിൽ അഭിനയിക്കുകയാണെന്ന് ആരോടും പറഞ്ഞിട്ടുണ്ടായിരുന്നില്ല. സത്യത്തിൽ വലിയ എക്സ്‍പെറ്റേഷൻസ് ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് വാസ്‍തവം.

artist jagan reju reveal how to enter in movie

എന്നാൽ, തിയറ്ററിൽ സിനിമ എത്തിയപ്പോഴാണ് ആ കഥാപാത്രത്തിന്റെ ഇംപാക്റ്റ് എന്താണെന്ന് മനസ്സിലായത്. ചെറിയൊരു ക്യാരക്ടർ ആണെങ്കിലും, ഒരു സംഭാഷണം പോലും ഇല്ലെങ്കിലും ആൾക്കാരുടെ മനസ്സിൽ ഇപ്പോഴും ആ കഥാപാത്രമുണ്ട്. അതിന് കാരണം അൻവർ റഷീദിക്കയുടെ ഒരു മാജിക് തന്നെയാണ്. വലിയൊരു ഭാഗ്യം തന്നെയാണ് എനിക്ക് ലഭിച്ചത്.

ലാലേട്ടന്റെ വില്ലനായി വെളിപാടിന്റെ പുസ്‍തകത്തിൽ

ഉസ്‍താദ് ഹോട്ടലിന് ശേഷം ഞാൻ അഭിനയിക്കുന്നത് ലാൽ ജോസ് സാർ സംവിധാനം ചെയ്‍ത വെളിപാടിന്റെ പുസ്‍തകത്തിലാണ്. സിനിമയ്ക്ക് മുൻപ് തന്നെ അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. എഞ്ചിനീയറിംഗ് മൂന്നാം വർഷ പരീക്ഷയുടെ സമയത്താണ് എന്നെ ചിത്രത്തിൽ അഭിനയിക്കാൻ വിളിക്കുന്നത്. പരീക്ഷ സ്‍കിപ്പ് ചെയ്‍താണ് അഭിനയിച്ചത്. കോളേജിൽ നിന്ന് വലിയ സപ്പോർട്ടായിരുന്നു.

artist jagan reju reveal how to enter in movie

ഒരു മുഴുനീളെ കഥാപാത്രമായിരുന്നു ഞാൻ ചെയ്‍തത്. സിനിമയ്ക്കുള്ളിലെ സിനിമ ആയിരുന്നല്ലോ ചിത്രം. അതിൽ ചെമ്പൻ വിനോദിന്റെ ക്യാരക്ടർ ആയിരുന്നു ഞാൻ ചെയ്തത്. ലാലേട്ടന്റെ വില്ലൻ. നമ്മളൊക്കെ ദൂരെ നിന്ന് നോക്കി കണ്ടിരുന്ന ലാലേട്ടൻ മുന്നിൽ വന്ന് നിന്ന് അഭിനയിച്ചപ്പോൾ വളരെ എക്സൈറ്റഡ് ആയി പോയി. വ്യത്യസ്‍തമായൊരു അനുഭവമായിരുന്നു അത്.

ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് വരെ എനിക്ക് പ്രത്യേകിച്ച് പ്രധാന്യം ഒന്നും ഇല്ലായിരുന്നു. സെക്കന്റ് ഹാഫിലാണ് കൂടുതലും റോളുണ്ടായത്. ക്ലൈമാക്സ് സീനിൽ ലാലേട്ടനുമായി ഫൈറ്റ് സീനുണ്ടായിരുന്നു എനിക്ക്. അത് ഷൂട്ട് ചെയ്യുമ്പോൾ എല്ലാവരും എന്നെ തന്നെ ഇങ്ങനെ നോക്കിയിരിക്കുമായിരുന്നു. പക്ഷേ, എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം ഇപ്പോഴും ഉസ്‌‍താദ് ഹോട്ടലിലേത് തന്നെയാണ്.

artist jagan reju reveal how to enter in movie

താല്‍പര്യം സംവിധാനത്തോട്

അഭിനയിക്കാൻ വേണ്ടി ഞാൻ ഇതുവരെയും ചാൻസ് ചോദിച്ച് നടന്നിട്ടില്ല. എന്നാലും അഭിനയിക്കാൻ അവസരം ലഭിക്കുകയാണെങ്കിൽ ചെയ്യും. സിനിമയുമായി ബന്ധപ്പെട്ട് എന്ത് വന്നാലും ഞാൻ നോ പറയില്ല.

ഉസ്‍താദ് ഹോട്ടൽ കണ്ട് കഴിഞ്ഞപ്പോഴാണ് സംവിധായകനാകണം എന്ന മോഹം ഉള്ളിൽ ഉണ്ടായത്. ഷൂട്ടിംഗ് സമയത്തെ സെറ്റും കാര്യങ്ങളുമൊക്കെ കണ്ടപ്പോ ഒരു കൗതുകം തോന്നി. സംവിധായകൻ പറയുന്നത് അഭിനയിച്ച് കാണിക്കുന്ന അഭിനേതാക്കളെ കണ്ടപ്പോൾ അതിന് ആക്കം കൂടി. ഇതിനോടകം രണ്ട് ഷോട്ട് ഫിലിമുകൾ  ചെയ്തു കഴിഞ്ഞു(ഐ. ആം, നിമിത്തം). സിനിമ സംവിധാനം ചെയ്യണമെന്നതാണ് ആഗ്രഹം.

ഞാൻ ഇപ്പോൾ മുംബൈയിൽ മീഡിയ ആന്റ് എന്റർടെയ്മെന്റ് പഠിക്കുകയാണ്. പിജി കോഴ്‍സാണ്. നിലവിൽ പരസ്യ മേഖലയിലോട്ട് കടക്കാനാണ് തീരുമാനം. ഇതിനിടയിൽ സിനിമയിൽ അവസരം ലഭിക്കുകയാണെങ്കിൽ അതും ചെയ്യും.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by jagan reju (@jaganreju)

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios