Asianet News MalayalamAsianet News Malayalam

എംടിയുമായുള്ള തര്‍ക്കത്തിലൂടെ ആരംഭിച്ച 'വൈശാലി'; അറ്റ്‍ലസ് രാമചന്ദ്രന്‍ എന്ന ചലച്ചിത്ര നിര്‍മ്മാതാവ്

വൈശാലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭമായി അതിലെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനായി 1987 ഓഗസ്റ്റില്‍ രാമചന്ദ്രന്‍ ചെന്നൈയില്‍ എത്തി

atlas ramachandran film producer actor and art lover making of the film Vaisali
Author
First Published Oct 3, 2022, 10:29 AM IST

നാല് ചിത്രങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ അറ്റ്ലസ് രാമചന്ദ്രന്‍. പക്ഷേ സൗന്ദര്യാഭിരുചിയുള്ള ചലച്ചിത്ര നിര്‍മ്മാതാക്കളുടെ ഗണത്തില്‍ ഈ നാല് സിനിമകള്‍ കൊണ്ടുതന്നെ അദ്ദേഹം ഇടംപിടിക്കുകയും ചെയ്‍തു. ഭരതന്‍റെ വൈശാലി, സിബി മലയിലിന്‍റെ ധനം, ഹരികുമാറിന്‍റെ സുകൃതം. ഇങ്ങനെ മലയാളി സിനിമാപ്രേമികളുടെ മനസില്‍ എക്കാലവും ഇടംപിടിച്ച നാല് വ്യത്യസ്ത ചിത്രങ്ങള്‍. ഇതില്‍ രണ്ട് ചിത്രങ്ങളുടെ തിരക്കഥ എം ടി വാസുദേവന്‍ നായര്‍ ആയിരുന്നു. നിര്‍മ്മാതാവായി അരങ്ങേറിയ വൈശാലിയുടെയും അവസാനം നിര്‍മ്മിച്ച സുകൃതത്തിന്‍റെയും. എന്നാല്‍ ആദ്യ ചിത്രത്തിന്‍റെ നിര്‍മ്മാണവേളയില്‍ എംടിയുമായുണ്ടായ  രസകരമായ ചില തര്‍ക്കങ്ങളെക്കുറിച്ച് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്.

വൈശാലിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭമായി അതിലെ ഗാനങ്ങളുടെ റെക്കോര്‍ഡിംഗ് ആണ് ആദ്യം നിശ്ചയിച്ചിരുന്നത്. ഇതിനായി 1987 ഓഗസ്റ്റില്‍ രാമചന്ദ്രന്‍ ചെന്നൈയില്‍ എത്തി. കത്തീഡ്രല്‍ റോഡിലെ ന്യൂ വുഡ്ലാന്‍ഡ്സ് ഹോട്ടലില്‍ എംടിക്കും ഒഎന്‍വിക്കുമൊപ്പം താമസം. സംഗീത സംവിധായകനായ ബോംബെ രവി താമസിച്ചിരുന്നത് എതിര്‍വശത്തുള്ള ചോള ഷെറാട്ടണ്‍ ഹോട്ടലിലും. രവിയും ഒഎന്‍വിയും തമ്മിലായിരുന്നു ആദ്യ തര്‍ക്കം. വരികള്‍ തന്നാല്‍ ഈണമിടാമെന്ന് ബോംബെ രവിയും ഈണമിട്ടാല്‍ വരികള്‍ തരാമെന്ന് ഒഎന്‍വിയും. അവസാനം എംടി ഇടപെട്ട് ആ തര്‍ക്കം തീര്‍പ്പാക്കി. ഈണമിട്ടതിനു ശേഷം മതി വരികള്‍ എന്നായിരുന്നു എംടിയുടെ തീര്‍പ്പ്. അത് രവി അംഗീകരിക്കുകയും ചെയ്‍തു. പിന്നീടായിരുന്നു എംടിയുമായുള്ള രാമചന്ദ്രന്‍റെ അഭിപ്രായ വ്യത്യാസം. 

atlas ramachandran film producer actor and art lover making of the film Vaisali

 

കലയെയും സംഗീതത്തെയും അതിരറ്റ് സ്നേഹിച്ചിരുന്ന രാമചന്ദ്രന് പല പ്രമുഖരുമായും അടുത്ത ബന്ധമുണ്ടായിരുന്നു. യേശുദാസും ജയചന്ദ്രനുമൊക്കെ ആ സുഹൃദ് സംഘത്തില്‍ ഉണ്ടായിരുന്നു. ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇരുവരെക്കൊണ്ടും പാടിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. എന്നാല്‍ എല്ലാ പാട്ടുകളും പെണ്‍ശബ്ദത്തില്‍ ആയിരിക്കുമെന്ന് എംടി പ്രസ്താവിച്ചു. ഒരു ബോംബ് വര്‍ഷിക്കുന്ന പ്രതീതിയാണ് അത് തന്നില്‍ ഉളവാക്കിയതെന്നാണ് മന്ദസ്മിതത്തോടെ രാമചന്ദ്രന്‍ പിന്നീട് ഓര്‍ത്തിട്ടുള്ളത്. യേശുദാസിനെയും ജയചന്ദ്രനെയും പാടിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ അതിന് പ്രത്യേകം പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കേട്ടാല്‍പ്പോരേയെന്നും കൂടുതല്‍ പണം മുടക്കി സിനിമ നിര്‍മ്മിക്കണമോയെന്നും എംടി. നിര്‍ബന്ധമാണെങ്കില്‍ ചിത്രത്തിലുള്ള ഒരു സംഘഗാനത്തിലെ നാല് വരികള്‍ അവരെക്കൊണ്ട് പാടിച്ചോലൂവെന്നും എംടി പറഞ്ഞു. ഇരുവരുമായും തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ ആ സാഹസത്തിന് മുതിര്‍ന്നില്ലെന്ന് രാമചന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. ഗായികായി ചിത്രയെത്തി. മലയാളികള്‍ ഇന്നും കേട്ടുകൊണ്ടിരിക്കുന്ന മനോഹര ഗാനങ്ങള്‍. കെ എസ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടിക്കൊടുത്തു വൈശാലി. 

atlas ramachandran film producer actor and art lover making of the film Vaisali

 

കലയോടും സാഹിത്യത്തോടുമുള്ള അടുപ്പമാണ് രാമചന്ദ്രനെ പല ചലച്ചിത്ര നിര്‍മ്മാതാക്കളില്‍ നിന്നും വേറിട്ടുനിര്‍ത്തിയത്. സാഹിത്യ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നതും. അച്ഛന്‍ കമലാകര മേനോന്‍ കവിയായിരുന്നു. വീട്ടിലെ അക്ഷരശ്ലോക സദസ്സുകള്‍ കേട്ടുവളര്‍മ്മതായിരുന്നു ആ ബാല്യം. എഴുത്തുകാരോട് അതിരുകളില്ലാത്ത ആരാധനയും സംഗീതത്തോടുള്ള അടങ്ങാത്ത അഭിനിവേശവുമാണ് അതിന്‍റെ സമ്മേളനമായ സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

ആദ്യചിത്രം ആസ്വാദകപ്രീതി നേടിയതിനൊപ്പം സാമ്പത്തിക വിജയവുമായി. തുടര്‍ന്ന് ലോഹിതദാസിന്‍റെ തിരക്കഥയില്‍ സിബി മലയില്‍ ഒരുക്കിയ 'ധന'വും എത്തി. രണ്ട് വര്‍ഷത്തിനപ്പുറമാണ് എംടിയുടെ തന്നെ തിരക്കഥയില്‍, കാന്‍സര്‍ രോഗത്തെ നേരിടുന്ന പത്രപ്രവര്‍ത്തകന്‍റെ കഥ പറഞ്ഞ 'സുകൃതം' എത്തുന്നത്. 

വിതരണക്കാരന്‍, നടന്‍ എന്നീ നിലകളിലും ചലച്ചിത്ര മേഖലയിലെ സാന്നിധ്യമായിരുന്നു അറ്റ്ലസ് രാമചന്ദ്രന്‍. ഒപ്പം ഒരു ചിത്രം സംവിധാനവും ചെയ്‍തു. 2010ല്‍ പുറത്തിറങ്ങിയ ഹോളിഡെയ്സ് ആയിരുന്നു ഒരേയൊരു സംവിധാന സംരംഭം. ഇന്നലെയും കൌരവരും അടക്കം അഞ്ച് ചിത്രങ്ങള്‍ അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള ചന്ദ്രകാന്ത് ഫിലിംസ് വിതരണം ചെയ്തു. പത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സ്ക്രീന്‍ ടൈം കുറവെങ്കിലും ലാല്‍ജോസിന്‍റെ അറബിക്കഥയിലെ കോട്ട് നമ്പ്യാര്‍ ആണ് അക്കൂട്ടത്തില്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രം.

ALSO READ : 'പോഗോ ചാനലിനാണോ സാറ്റലൈറ്റ് റൈറ്റ്'? ട്രോളില്‍ മുങ്ങി 'ആദിപുരുഷ്' ടീസര്‍

Follow Us:
Download App:
  • android
  • ios