കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേള അതിന്റെ മുപ്പതാം ലക്കത്തിലേക്ക് കടക്കുകയാണ്. ഈ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾകൊണ്ട് ഈ മേള എവിടെയെത്തിനിൽക്കുന്നു?. സി എസ് വെങ്കിടേശ്വരൻ എഴുതുന്നു.
ഐ എഫ് എഫ് കെയുടെ ലോകം
ഒരു സംസ്ഥാനസർക്കാർ സംഘടിപ്പിക്കുന്ന മേള എന്ന നിലയിൽ തീർച്ചയായും ഐ എഫ് എഫ് കെക്ക് അതിന്റേതായ പരിമിതികളുണ്ട്, സംസ്ഥാനം എന്ന നിലയിലും, സർക്കാർ എന്ന നിലയ്ക്കും. ഒപ്പം, കേരളത്തിന്റെ ബഹുസാംസ്ക്കാരികവും സാർവ്വലൗകികവും ആയ പാരമ്പര്യത്തെയും മതേതരനവോത്ഥാനമൂല്യങ്ങളെയും ഉയർത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്തവും ഈ സർക്കാർ മേളയ്ക്കുണ്ട്. കേന്ദ്രസർക്കാർ നടത്തുന്ന ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്കുള്ളതുപോലുള്ള ധനവിഭവമോ ഒരു ദേശീയഭരണകൂടസ്ഥാപനത്തിന് ലഭ്യമായ അധികാരമോ ആശ്രയിക്കാവുന്ന നയതന്ത്രബന്ധങ്ങളുടെ പിൻബലമോ കേരളമേളയ്ക്ക് ഇല്ല. ഗോവയിൽ നടക്കുന്ന ദേശീയ ചലച്ചിത്രോൽസവത്തിന്റെ ശരാശരി ചിലവ് 25 മുതൽ 30 കോടി വരെയാണെങ്കിൽ ഇവിടെ അത് നാല് മുതൽ എട്ട് കോടിവരെയാണ്. ബജറ്റിന്റെ കാര്യത്തിൽ നാലിരട്ടിയോളം വലിപ്പമുണ്ടെങ്കിലും ഇന്ത്യയിലെ സംസ്ഥാനങ്ങൾ സംഘടിപ്പിക്കുന്ന മേളകളുമായി താരതമ്യം ചെയ്യുമ്പോൾ അത്രയേറെ മികവോ വലുപ്പമോ ഉള്ളടക്കശ്രദ്ധയോ ദേശീയമേളക്കില്ല (സിനിമകളുടെയോ പ്രദർശനവേദികളുടെയോ വിദേശഅതിഥികളുടെയോ എണ്ണത്തിന്റെ കാര്യത്തിൽ പോലും). പിന്നെയുള്ളത്, മുംബൈയിലെ മാമി പോലുള്ള മേളകളാണ്: അവ ജിയോ പോലുള്ള സ്വകാര്യസ്ഥാപനങ്ങളാണ് സ്പോൺസർ ചെയ്യുന്നത് എന്നതിനാൽ ഈ താരതമ്യത്തിൽനിന്ന് മാറ്റിനിർത്താം.
ഇന്ന് ലോകത്തെമ്പാടും ഭരണകൂടങ്ങൾ പല നിർണായക സാമൂഹ്യ-സേവന-വ്യാവസായിക രംഗങ്ങളിൽനിന്നെന്നപോലെ സംസ്ക്കാരികനിക്ഷേപങ്ങളിൽ നിന്നും പിന്മാറിക്കൊണ്ടിരിക്കുകയാണ്, ഇന്ത്യൻ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ ഇന്നു നേരിട്ടുകൊണ്ടിരിക്കുന്ന ധനക്കമ്മി സ്വാഭാവികമായും ഏറ്റവുമധികം നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത് സാംസ്ക്കാരികരംഗത്തുള്ള ‘ചിലവു'കളിന്മേലാണ്. അത്തരമൊരു സാഹചര്യത്തിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ സ്വകാര്യമൂലധനവുമായുള്ള ഉടമ്പടികളെയും പങ്കാളിത്തത്തെയും കുറിച്ചുള്ള ആലോചനകളും അത്തരം നീക്കങ്ങളും ഇവിടെയും സംഭവിച്ചുകൂടെന്നില്ല.
ഈ പശ്ചാത്തലത്തിൽനിന്നുകൊണ്ട് നോക്കുമ്പോൾ, കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയെ വിശേഷിപ്പിക്കേണ്ടത്, ഇന്ത്യ പോലുള്ള മൂന്നാം ലോകരാജ്യത്തിലെ ഒരു ചെറു സംസ്ഥാനം പൊതുമുതലുപയോഗിച്ചു സംഘടിപ്പിക്കുന്ന മേള എന്ന നിലയ്ക്കാണ്. അതുകൊണ്ടുതന്നെ മേള അതിന്റെ പ്രഖ്യാപിതമായ ഉത്തരവാദിത്തങ്ങളോടും ഉദ്ദേശ്യലക്ഷ്യങ്ങളോടും നീതി പുലർത്തുക എന്നത് പരമപ്രധാനമെന്നു മാത്രമല്ല അടിസ്ഥാനപരം കൂടിയാണ്.
മൂന്നാം ലോക ചലച്ചിത്രമേളകളുടെ ലോകം
തുടക്കം മുതൽ തന്നെ ഈ മേളയുടെ വ്യക്തിത്വം, കാഴ്ച്ചപ്പാട്, ദിശ എന്നിവയെ നിർണയിച്ചതും നിർവചിച്ചതും അതിന്റെ സവിശേഷമായ രാഷ്ട്രീയദർശനവും സാംസ്ക്കാരികദൗത്യവുമാണ്. അതിൽ കേന്ദ്ര ആശയമായി വർത്തിച്ചിട്ടുള്ളത് മൂന്നാം ലോകത്തിന് നമ്മുടെ മേള നൽകുന്ന പ്രാധാന്യമാണ്. (മൂന്നാം ലോകം എന്ന സങ്കല്‍പനത്തിന് ഇന്ന് അതിന്റെ രാഷ്ട്രീയപ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു എങ്കിലും ഭൗമരാഷ്ട്രീയതലത്തിൽ അതിന് ഇന്നും പ്രസക്തിയുണ്ടെന്ന് തോന്നുന്നു. ഡിജിറ്റൽ വിഭവങ്ങളുടെയും വിവരമൂലധനത്തിന്റെയുമൊക്കെ ഉടമസ്ഥത, വിതരണം, നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിൽ ഇന്നും മൂന്നാം ലോകവ്യവസ്ഥ തുടരുകതന്നെ ചെയ്യുന്നു) അതുകൊണ്ടാണല്ലോ മേളയുടെ ഏറ്റവും പ്രധാനപ്പെട്ട മൽസരവിഭാഗം ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ സിനിമകൾക്കു മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നതും. ഈ മൂന്നാം ലോക ആഭിമുഖ്യം എന്നത് വളരെ നിർണായകമായ ഒരു രാഷ്ട്രീയനിലപാടു കൂടിയാണ്. മേളയെ മൂന്നാം ലോകരാജ്യ സിനിമകളുടെ ഒരു അന്തർദ്ദേശീയവേദിയാക്കുക എന്ന ലക്ഷ്യം പല കാരണങ്ങൾ കൊണ്ടും ഇന്നു കൂടുതൽ പ്രസക്തമായിക്കൊണ്ടിരിക്കയുമാണ്. കൊളോണിയൽ ആധിപത്യത്തിന്റേതായ ഭൂതകാലം, സാമ്പത്തികമായ പിന്നാക്കാവസ്ഥ, ആഗോളമൂലധന ചൂഷണം, ജനാധിപത്യം നേരിടുന്ന ആന്തരികമായ വെല്ലുവിളികൾ തുടങ്ങി ചരിത്രപ്രരവും സമകാലികവുമായ പല അവസ്ഥകളും മൂന്നാം ലോകം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പങ്കിടുന്നുണ്ട്. ഏറെ സമാനകളുള്ള ചരിത്രപശ്ചാത്തലങ്ങളും സമകാലിക പ്രതിസന്ധികളും അതുകൊണ്ടുതന്നെ ജനാധിപത്യ/സാമ്പത്തിക ഭാഗധേയങ്ങളും പങ്കിടുന്നവയാണ് ഈ മൂന്നാം ലോക ദേശസംസ്കൃതികൾ. ഈ മേള ഭാവന ചെയ്യപ്പെട്ടിട്ടുള്ളത് ഈ രാജ്യങ്ങൾ തമ്മിലുള്ള സംവാദങ്ങൾക്കും സംവേദനങ്ങൾക്കുമുള്ള ഒരു വേദിയായിട്ടുകൂടിയാണ്. അതുകൊണ്ടുതന്നെ മേള ഊന്നൽ നൽകേണ്ടത് മൂന്നാം (ലോക) സിനിമയ്ക്കും അതിന്റെ സമകാലിക പ്രകാശനങ്ങൾക്കും പരീക്ഷണങ്ങൾക്കുമാണ്. അത് മേളയിൽ സംഭവിക്കുന്നുണ്ടോ?
മേളയുടെ കാഴ്ച്ചപ്പാടിനെയും ആഭിമുഖ്യങ്ങളെയും വെളിപ്പെടുത്തുന്ന ഒരു സൂചകമായി ഐഎഫ്എഫ്കെ നൽകുന്ന ആജീവനാന്തസംഭാവനയ്ക്കു നൽകുന്ന പുരസ്ക്കാരമെടുക്കാവുന്നതാണ്. 2009 മുതൽ നൽകപ്പെടുന്ന ഈ പുരസ്ക്കാരം ആർക്കൊക്കെയാണ് ലഭിച്ചിട്ടുള്ളത്? 14 പുരസ്ക്കാരജേതാക്കളിൽ എട്ടുപേരും യൂറോപ്യൻ സംവിധായകരാണ്. ലാറ്റിനമേരിക്കയിൽനിന്ന് ഒരാൾക്കു (ഫെർണാണ്ടോ സൊലാനസ്/2019) മാത്രമേ ലഭിച്ചിട്ടുള്ളൂ എങ്കിൽ നാലുപേർ മാത്രമാണ് ഏഷ്യക്കാർ. ഇത്തവണയാണ് ആദ്യമായി ഒരു ആഫ്രിക്കൻ വംശജൻ ഈ പുരസ്ക്കാരത്തിന് അർഹനാകുന്നത്. അതുപോലെ ഈ 14 പേരിൽ ആകെ ഒരു സ്ത്രീസംവിധായികയേ ഉള്ളൂ. ഇത് കാണിക്കുന്നത് നമ്മുടെ മേളയുടെ അമിതമായ യൂറോപ്യൻ ആഭിമുഖ്യത്തെയാണ്. ആഗോളസിനിമാരംഗത്ത് ലാവണ്യതലത്തിലും രാഷ്ട്രീയമായും യൂറോപ്പിനുണ്ടായിരുന്ന ആധിപത്യം അവസാനിച്ചിട്ട് ഏറെക്കാലമായെങ്കിലും നമ്മുടെ മേള ഇപ്പോഴും യൂറോപ്യൻ യുഗത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ആഗോളമേളകളിൽ ഭാവുകത്വപാരമായും രാഷ്ട്രീയപ്രസക്തി കൊണ്ടും ചലനങ്ങൾ സൃഷ്ടിക്കുന്നത് ഏഷ്യൻ-ലാറ്റിനമേരിക്കൻ ചിത്രങ്ങളാണ്. ഏഷ്യയിൽനിന്ന് കൊറിയ, തൈവാൻ, തായ്‍ലന്റ്, കംബോഡിയ തുടങ്ങിയ രാജ്യങ്ങളീൽനിന്ന് വളരെ ശ്രദ്ധേയമായ സിനിമകളാണ് പുറത്തുവരുന്നത്. ഈ ആവിഷ്ക്കാരങ്ങൾ യൂറോപ്യൻ ഭാവുകത്വത്തിൽനിന്നും രാഷ്ട്രീയഭാവനകളിൽനിന്നും വേറിട്ടുനിൽക്കുന്നവയുമാണ്. അത്തരം ശ്രമങ്ങളെയും പരീക്ഷണങ്ങളെയുമല്ലേ നമ്മുടേതു പോലുള്ള ഒരു മൂന്നാം ലോക മേള പ്രാധാന്യം കൊടുക്കേണ്ടതും ആഘോഷിക്കേണ്ടതും? യൂറോപ്യൻ ഭാവുകത്വത്തെയും താല്പര്യങ്ങളെയും നേരിട്ടുമല്ലാതെയും സംരക്ഷിക്കുന്നതും സാധാരണവും മാനകവുമാക്കുന്ന കൃതികളെയാണോ ഇത്രയും ശുഷ്ക്കാന്തിയോടെ നമ്മൾ പ്രദർശിപ്പിക്കേണ്ടത്?

മലയാളസിനിമയും ലോകവേദികളും
ഐ എഫ് എഫ് കെ ലോകസിനിമയ്ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുന്നു, എന്നാൽ മലയാളസിനിമയ്ക്ക് ലോകവേദികളൊരുക്കാൻ അതിനു കഴിഞ്ഞിട്ടുണ്ടോ? അതായത്, നമ്മുടെ മേളയ്ക്ക് മലയാളസിനിമയെ ലോകത്തിനു മുന്നിൽ എത്തിക്കാൻ കഴിഞ്ഞോ? തീർച്ചയായും മുമ്പ് ഫിലിം സൊസൈറ്റികൾ ചെയ്തിരുന്നതുപോലെ, ഐ എഫ് എഫ് കെ ലോകസിനിമയെ കേരളീയർക്കുമുന്നിലെത്തിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ സിനിമയെ ഫലപ്രദമായും അതർഹിക്കുന്ന രീതിയിലും ലോകസദസ്സിലെത്തിക്കാൻ ഈ മുപ്പതുവർഷങ്ങൾക്കിടയിൽ നമുക്ക് കഴിഞ്ഞിട്ടുണ്ടോ? ഈ മേളയിലൂടെ പ്രചോദനം ഉൾക്കൊണ്ട് സംവിധായകരായിത്തീർന്ന നിരവധി ചലച്ചിത്രകൃത്തുക്കളുണ്ട്: ഡോ ബിജു, സനൽകുമാർ ശശിധരൻ, കെ ആർ മനോജ്, സുദേവൻ, ഷെറി, തുടങ്ങി പലരും അക്കൂട്ടത്തിൽ പെടും. പക്ഷെ അവരിലാരെയെങ്കിലും ലോകസിനിമാരംഗത്ത് എത്തിക്കാൻ നമ്മുടെ മേളയ്ക്ക് കഴിഞ്ഞിട്ടുണ്ടോ?
ഇന്ന്, കോവിഡ് അനന്തര വർഷങ്ങളിൽ പ്രത്യേകിച്ചും. മലയാളസിനിമ ഓടിടി വേദികളിലൂടെ ആഗോളതലത്തിൽ വലിയ പ്രചാരവും പ്രശസ്തിയും നേടിയിരിക്കുന്നു. എങ്കിലും നമ്മുടെ മേളയ്ക്ക് ഈ ആഗോളതാല്‍പര്യത്തിനെ മുതലെടുക്കാനോ അതിലൂടെ മലയാളസിനിമയിലേക്ക് ലോകശ്രദ്ധയെ കൊണ്ടുവരാനോ കഴിഞ്ഞിട്ടുണ്ടോ? ഇത്രയേറെ വൈവിധ്യമാർന്ന പ്രമേയങ്ങളും ആഖ്യാനശൈലികളും നിലനിൽക്കുന്ന നമ്മുടെ സിനിമാചരിത്രത്തിൽനിന്ന് തിരഞ്ഞെടുത്തും ക്യുറേറ്റ് ചെയ്തതുമായ എത്ര മലയാളസിനിമാ പാക്കേജുകൾ നമുക്ക് ഒരുക്കാൻ കഴിഞ്ഞിട്ടുണ്ട്? അപൂർവ്വമായി ചില മേളകളിൽ മലയാളസിനിമാ പാക്കേജുകൾ അവതരിപ്പിക്കപ്പെട്ടുട്ടുണ്ട് എങ്കിലും അത്തരം ശ്രമങ്ങൾക്ക് നമ്മുടെ മേള വേണ്ടത്ര ശ്രദ്ധയോ പ്രാധാന്യമോ നൽകിയിട്ടില്ല.

നമ്മുടെ മേളയുടെ ഭാഗമായുള്ള ഫിലിം മാർക്കറ്റ് കൊണ്ട് എത്ര മലയാളിസംവിധായകർക്ക് അവരുടെ സിനിമ നിർമ്മിക്കാനോ വിപണനം ചെയ്യാനോ കഴിഞ്ഞിട്ടുണ്ട്? ഫിലിം മാർക്കറ്റ് എന്ന ഈ വേദിയിലേക്ക് ആരൊക്കെയാണ് ക്ഷണിക്കപ്പെടുന്നത്? ഇത്രയും കാലം കൊണ്ട് അവർ ചെയ്ത സംഭാവനകൾ എന്തൊക്കെയാണ്? എത്ര ആഗോളമേളകളിൽ അവർ നമ്മുടെ സിനിമകളെത്തിച്ചു? മേളയോട് ഇത്തരം ചോദ്യങ്ങൾ ചോദിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടൂർ ഗോപാലകൃഷ്ണൻ, ഡോ ബിജു തുടങ്ങിയവർ ഇക്കാര്യം നിരവധി തവണ പല വേദികളിലായി ഉന്നയിച്ചിട്ടും ഗൗരവപ്പെട്ട ഒരു നീക്കവും അക്കാദമി നടത്തിയിട്ടില്ല എന്നത് നമ്മുടെ സിനിമയോടുള്ള നമ്മുടെ ആത്മനിന്ദാപരമായ സമീപനത്തെയാണ് സൂചിപ്പിക്കുന്നത്. കോൺക്ലേവുകളും മറ്റും സംഘടിപ്പിക്കുക എന്നത് അവയുടെ സംഘാടനത്തിൽ മാത്രമായി ഒതുങ്ങുന്നു. പൊതുധനം ചിലവഴിച്ച് സംഘടിപ്പിക്കപ്പെടുന്ന അത്തരം ശ്രമങ്ങൾ കൊണ്ടു ഉണ്ടാവേണ്ട പ്രയോജനം എന്നത് അവയിലൂടെ ഉരുത്തിരിയുന്ന ആശയങ്ങളും നിർദ്ദേശങ്ങളും നടപ്പിലാക്കപ്പെടുമ്പോൾ മാത്രമാണ്. ഹേമാ കമ്മിറ്റി റിപ്പോർട്ടായാലും അടൂർ ഗോപാലകൃഷ്ണൻ, ഡോ ബിജു തുടങ്ങിയവർ സമർപ്പിച്ച നിർദ്ദേശങ്ങളായാലും കടലാസിൽ തന്നെ അവശേഷിക്കുക എന്നതാണ് അവയുടെയൊക്കെ വിധി. നിർദ്ദേശങ്ങൾ നടപ്പിലാക്കുന്ന കാര്യം വരുമ്പോൾ ഇവിടെ ഒന്നും സംഭവിക്കുന്നില്ല എന്നതാണ് വസ്തുത. പരിഹാരങ്ങളെക്കുറിച്ച് ആലോചിക്കുക, നിർദ്ദേശങ്ങൾ ക്ഷണിക്കുക എന്നതുകൊണ്ട് പ്രശ്‍നങ്ങൾ പരിഹരിക്കപ്പെടുന്നില്ല.
ഉള്ളടക്കം, സംഘാടനം, പങ്കാളിത്തം
നമ്മുടെ മേള ഏറ്റവും മികവ് പ്രകടിപ്പിക്കുന്നതും പ്രശംസകൾ ലഭിക്കുന്നതും അതിന്റെ ഉള്ളടക്കം, സംഘാടനം, പങ്കാളിത്തം എന്നിവ കൊണ്ടാണ്. ഇതിൽ ഉള്ളടക്കത്തിന്റെ കാര്യത്തിലെ യൂറോപ്യൻ ചായ്‍വിനെക്കുറിച്ചാണ് മുമ്പ് സൂചിപ്പിച്ചത്. മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകൾക്ക് പ്രാധാന്യമുണ്ടാകേണ്ടത്, ചകോരപുരസ്ക്കാരങ്ങളുടെ കാര്യത്തിൽ മാത്രമല്ല, ഉള്ളടക്കത്തിൽ കൂടിയാണ്. മൂന്നാം ലോക ഭാവുകത്വത്തെ തൊട്ടറിയുക മാത്രമല്ല അതിന് രൂപം നൽകാനും കൂടി മുപ്പതുവർഷത്തെ പാരമ്പര്യമുള്ള നമ്മുടെ മേളയ്ക്ക് കഴിയേണ്ടതാണ്. മൂന്നാം ലോക സിനിമ നേരിടുന്ന പ്രതിസന്ധികളെയും സംഭവിക്കുന്ന ഭാവുകത്വപരിണാമങ്ങളെയും പരീക്ഷണങ്ങളെയും നമ്മുടെ മേള സൂക്ഷ്‍മമായി പിന്തുടരുകയും പങ്കിടുകയും നയിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ബൗദ്ധികവും ഭാവുകത്വപരവുമായ ശേഷി വികസിപ്പിക്കുക എന്നതുകൂടി നമ്മുടെ ഉത്തരവാദിത്തവും ലക്ഷ്യവുമാണ്.
ഏതൊരു മേളയ്ക്കും ലാവണ്യപരമായ നേതൃത്വം നൽകുന്നതും ആഗോളീയ സാഹചര്യങ്ങൾക്കനുസരിച്ച് ഉള്ളടക്കം രൂപകല്പന ചെയ്യുന്നതുമെല്ലാം അതിന്റെ ആർടിസ്റ്റിക് ഡയറക്ടർ ആണ്. നമ്മുടെ അന്താരാഷ്ട്രമേളയ്ക്ക് നിലവിൽ ഒരു ആർടിസ്റ്റിക് ഡയറക്ടറില്ല എന്നത് മുപ്പതാം ലക്കത്തിലേക്കു പ്രവേശിക്കുന്ന ഒരു മേളയ്ക്ക് ഭൂഷണമല്ല. അത് നമ്മുടെ നാട്ടിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ഒരു ആഗോളസാംസ്ക്കാരിക സംരംഭത്തോടുള്ള ഭരണനേതൃത്വത്തിന്റെ അനാസ്ഥയെയാണ് സൂചിപ്പിക്കുന്നത്.
അതുപോലെ ആശങ്കയുളവാക്കുന്നതാണ് മേളയിലെ തിരിഞ്ഞുനോട്ടങ്ങൾക്കു സംഭവിക്കുന്ന ശോഷണം. ഏതൊരു അന്താരാഷ്ട്രമേളയും സിനിമാചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാനും വിലയിരുത്താനും ഉള്ള അവസരങ്ങൾ കൂടിയാണ്. തിരഞ്ഞെടുത്ത പ്രമേയങ്ങളെ അടിസ്ഥാനമാക്കിയുള്ള പാക്കേജുകൾ, റിട്രോസ്പെക്ടീവുകൾ, രാജ്യ ഫോക്കസുകൾ എന്നിവയിലൂടെയാണ് അത് സാധ്യമാകുന്നത്. സമകാലിക സിനിമകൾക്കു നൽകുന്ന അമിതപ്രാധാന്യവും സമയവും വേദികളും മൂലം സിനിമയെക്കുറിച്ച് ചിന്തിക്കുന്ന ഇത്തരം വിഭാഗങ്ങൾക്ക് മേളയിലുള്ള സ്ഥാനത്തെ പരിമിതമാക്കുകയോ അരികുകളിലാക്കുകയോ ചെയ്യുന്നു. ഓരോ മേളയിലും മലയാളം, ഇന്ത്യ, മൂന്നാം ലോക രാജ്യം എന്നിവിടങ്ങളിൽനിന്നുള്ള പ്രധാനപ്പെട്ട സിനിമാസഞ്ചയങ്ങളും സമഗ്രമായ റിട്രോസ്പെക്ടീവുകളും അവശ്യമായും ഉണ്ടാവേണ്ടതാണ്. ഏറ്റവും പുതിയതും പ്രശസ്തവുമായതും കാണുക എന്ന പ്രേക്ഷക/ഉപഭോഗ പ്രതീക്ഷകളെ പിന്തുടരുകയല്ല അവയെ ചോദ്യം ചെയ്യാനും പ്രകോപിപ്പിക്കാനും കൂടി നമ്മൾ ശ്രമിക്കേണ്ടതുണ്ട്. ഒരു മേളയെ അർഥപൂർണമാക്കുന്നത് ചിത്രങ്ങളുടെയോ ഡെലിഗേറ്റുകളുടെ എണ്ണമല്ല, ചിത്രങ്ങളുടെ ഗുണനിലവാരത്തിലും പ്രസക്തിയിലും പുലർത്തുന്ന ശ്രദ്ധയിലും പ്രേക്ഷകരുടെ ഭാവുകത്വത്തെയും രുചിശീലങ്ങളെയും ചോദ്യം ചെയ്യുന്നതിലും കൂടിയാണ്. തിരിഞ്ഞുനോട്ടങ്ങളിലെ ആഴക്കുറവ് ചരിത്രത്തോടുള്ള അനാസ്ഥയോടൊപ്പം ഒഴുക്കിനൊപ്പം നീന്താനുള്ള പ്രവണതയെക്കുടിയാണ് സൂചിപ്പിക്കുന്നത്.
പുതിയ ക്യുററ്റോറിയൽ ഭാവന
ഒരു മേളയുടെ ഉള്ളടക്കത്തെയും ദിശയെയും നിർണയിക്കുന്ന മറ്റൊരു ഘടകം ക്യുറേഷനാണ്. മേളകൾ സിനിമകൾ കാണാനുള്ള അവസരങ്ങൾ എന്നതിനോടൊപ്പം പുതിയ നിര ക്യുറേറ്റർമാരെ കണ്ടെത്താനും പ്രോൽസാഹിപ്പിക്കാനുമുള്ള വേദി കൂടിയാണ്. അതാണ് ഒരു മൂന്നാം ലോക മേളയെ സംബന്ധിച്ചിടത്തോളം അതിന്റെ ഭാവുകത്വവികാസത്തിനും ഉള്ളടക്കത്തെ രാഷ്ട്രീയപ്രസക്തിയുള്ളതാക്കി നിലനിർത്താനും കെല്പുള്ളതാക്കുക. മലയാളസിനിമയെ ലോകവേദിയിലെത്തിക്കുക എന്ന ദൗത്യത്തിനുള്ള അതേ പ്രാധാന്യം ക്യുറേറ്റർമാരെ കണ്ടെത്തുക എന്നതിലുമുണ്ട്.

സംഘാടനത്തിന്റെ കാര്യത്തിൽ എക്കാലത്തും നമ്മുടെ മേള ഇവിടെയെത്തുന്ന ചലച്ചിത്രകൃത്തുക്കളുടെയും പ്രതിനിധികളുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുള്ളതാണ്. മറ്റു മേളകളെപ്പോലെ പൊലിമയ്ക്കും കെട്ടുകാഴ്ച്ചകൾക്കും ആർഭാടങ്ങൾക്കുമല്ല ഐ എഫ് എഫ് കെ ഊന്നൽ നൽകിയിട്ടുള്ളത് എന്നത് നമ്മുടെ ഒരു ശക്തി തന്നെയാണ്. പക്ഷെ മന്ത്രിമാരുടെയും മറ്റും ചിത്രം മേളയുടെ പരസ്യങ്ങളിലും വിളംബരങ്ങളിലും മറ്റും വെയ്ക്കുന്നത് മേള സിനിമയ്ക്കു നൽകുന്ന / നൽകേണ്ട ആദരത്തെയും പ്രാധാന്യത്തെയും കുറയ്ക്കുകയാണ് ചെയ്യുന്നത്. മേളയെ ഒരു രാഷ്ട്രീയപരിപാടിയോ സർക്കാർ പ്രചരണമാധ്യമമോ ആക്കുന്നത് മേളയ്ക്കും സിനിമയ്ക്കും ഗുണം ചെയ്യുന്ന കാര്യമല്ല.
നമ്മുടെ മേളയിലെ ജനകീയപങ്കാളിത്തത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അത് എല്ലാ മേഖലകളിൽനിന്നുമുള്ളവരെ ആകർഷിക്കുന്നു എന്നുള്ളതാണ്. മറ്റുള്ള മേളകളിലെല്ലാം ഭൂരിപക്ഷം പ്രേക്ഷകരും സിനിമവ്യവസായം, കല, വിപണനം, പ്രദർശനം തുടങ്ങിയവയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടവരായിരിക്കും എങ്കിൽ ഇവിടെ എല്ലാത്തരം തൊഴിലുകളിലും ഏർപ്പെടുന്നവർ വളരെ താല്‍പര്യത്തോടെ മേളയിൽ പങ്കെടുക്കുന്നു. ഒരർഥത്തിൽ മലയാളികൾ ഓരോ വർഷവും നടത്തുന്ന ഒരു ആഗോളപര്യടനമാണ് ഐ എഫ് എഫ് കെ. അതുകൊണ്ടുതന്നെയാണ് അതിന്റെ ഉള്ളടക്കത്തെ ഒരു ദൃശ്യഉപഭോഗമാക്കി മാറ്റാതെ നിലനിർത്താനുള്ള ഉത്തരവാദിത്തമായി കരുതേണ്ടിവരുന്നതും. യൂറോപ്യൻ മേളകളിൽ പുരസ്കൃതമായ ചിത്രങ്ങൾ അവരിലേക്ക് എത്തിക്കുക എന്നതുമാത്രമല്ല മേളയുടെ മേന്മയെ നിർണയിക്കുന്ന മാനദണ്ഡം. മൂന്നാം ലോക സിനിമയോടും രാഷ്ട്രിയാവസ്ഥകളോടും ഭാവനകളോടും പുലർത്തേണ്ട പ്രതിബദ്ധത കൂടിയാണ്. അല്ലെങ്കിൽ യൂറോപ്പ് ഏറ്റവും പുതിയതും പ്രധാനവും എന്നു കരുതുന്നതു മാത്രം ഇവിടെയെത്തിക്കുന്ന ഒരു പ്രദർശന/വിപണനവേദിയായി മേള അവശേഷിക്കും.
