ഈ അടുത്ത കാലത്ത് ശ്രദ്ധേയമായ അനവധി സിനിമകള്‍ എടുത്ത സംവിധായകര്‍ - മേളയുടെ സൃഷ്ടിയോ കണ്ടെത്തലോ ആണെന്ന് കാണാം- ഹൈദരാബാദ് EFLUല്‍ പി.എച്ച്.ഡി ഫിലിം സ്റ്റഡീസ് വിദ്യാര്‍ഥിയായ ദേവനാരായണന്‍ പ്രസാദ്‌ എഴുതുന്നു.

ലോക സിനിമയെ മലയാളിക്ക് പരിചയപ്പെടുത്തിയ ചലച്ചിത്ര മേളയ്ക്ക് മുപ്പതു വയസ്സ് തികയുകയാണ്. ഈ കാലയളവില്‍ മലയാളത്തിനു പുറത്തേക്ക് ഇന്ത്യയിലെ ഒരു പ്രധാനപ്പെട്ട സംസ്കാരികോത്സവമായി ഐ.എഫ്.എഫ്.കെ വളര്‍ന്നു. അങ്ങനെ പല നാട്ടില്‍ നിന്നും സിനിമയെ ഗൗരവപൂര്‍വ്വമായി സമീപിക്കുന്ന മനുഷ്യര്‍ ഡിസംബര്‍ ആദ്യവാരം ഡെയിറ്റ് മാര്‍ക്ക് ചെയ്തു കാത്തിരുന്ന് തുടങ്ങി. ഫിലിം സൊസൈറ്റി പ്രവര്‍ത്തനം അതിന്റെ ഏറ്റവും ശക്തമായിരുന്ന കാലഘട്ടത്തിലാണ് കേരളത്തിനൊരു ഫെസ്റ്റിവല്‍ എന്ന ആലോചന രൂപപ്പെടുന്നത്. അതിനു മുന്‍പ് ഓരോ പോക്കറ്റിലും ആളുകള്‍ ഒത്തുകൂടി എംബസികളില്‍ നിന്നോ, അര്‍കൈവില്‍ നിന്നോ ഒക്കെ കഷ്ടപ്പെട്ട് സംഘടിപ്പിച്ച സിനിമകളുടെ പ്രദര്‍ശനവും, ചര്‍ച്ചയും വ്യാപകമായി നടന്നിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടങ്ങളില്‍ ഒന്ന് ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളുടെതാണ്. ഒരു പക്ഷെ ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയോ അല്ലെങ്കില്‍ അതുണ്ടാക്കിയ ചലച്ചിത്ര സാക്ഷരത പ്രവര്‍ത്തനത്തിന്റെ-സാംസ്‌കാരിക കൂട്ടായ്മകളുടെ എക്സ്റ്റന്‍ഷന്‍ ആയോ ഫെസ്റ്റിവലിനെ കാണാം.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളകള്‍ പോലെയോ, ഇഫ്ഫി പോലെയോ വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പല ജില്ലകളിലായി നടത്താനായിരുന്നു ആദ്യ ആലോചന. അങ്ങനെ സിനിമയുടെ നൂറാം വാര്‍ഷികത്തില്‍, 1994 ഡിസംബര്‍ പതിനേഴ്‌ മുതല്‍ ഇരുപത്തിനാലു വരെ കേരളത്തിന്റേതായ ആദ്യത്തെ ചലച്ചിത്ര മേള കോഴിക്കോട് നടന്നു. കെ.എസ്.എഫ്.ഡി.സി ആയിരുന്നു സംഘാടകര്‍. . പിന്നിടു ചലച്ചിത്ര അക്കാദമി സ്ഥാപിക്കപ്പെടുകയും തിരുവനന്തപുരത്ത് സ്ഥിരം വേദിയായി ഫെസ്റ്റിവല്‍ നടത്താനും തുടങ്ങി. ഡിജിറ്റൽ കാലത്തിന് മുമ്പ് സിനിമകള്‍ എത്തിക്കുന്നതിലെ വെല്ലുവിളികൾ മറികടക്കാന്‍ ക്യൂബയും ലാറ്റിന്‍-അമേരിക്കന്‍ രാജ്യങ്ങളുടെ എംബസികളും വലിയ പിന്തുണ നൽകിയിരുന്നു.

അന്താരാഷ്ട്ര ഫെസ്റ്റിവലുകളെല്ലാം യൂറോപ്യൻ-അമേരിക്കന്‍ സിനിമകള്‍ക്ക്‌ ശ്രദ്ധയും അംഗീകാരവും നല്‍കുമ്പോള്‍, സാമ്പത്തികമായും സാമൂഹിക-സാഹചര്യങ്ങള്‍ കൊണ്ടും അതിലേക്കു എത്താനാകാത്ത അല്ലെങ്കില്‍ പുറന്തള്ളപ്പെടുന്ന ആഫ്രോ-ഏഷ്യൻ-ലാറ്റിൻ അമേരിക്കൻ സിനിമകളെ കേന്ദ്രീകരിച്ചാകണം നമ്മുടെ ഫെസ്റ്റിവലിന്റെ മത്സരവിഭാഗം എന്ന് അതിന്റെ ആശയ രൂപീകരണ ചര്‍ച്ചയില്‍ തന്നെ പി.കെ. നായര്‍ നിർദ്ദേശിച്ചിരുന്നു. 1999 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള പതിനാല് സിനിമകള്‍ തിരഞ്ഞെടുത്തു, അതിലെ മികച്ച സിനിമയ്ക്ക് രജതചകോരം കൊടുത്തു തുടങ്ങി. അന്ന് ഈ സമ്മാനത്തുക സിനിമകള്‍ക്ക്‌ വലിയ ആശ്വാസവും ആയിരുന്നു. 

കഴിഞ്ഞ മൂന്ന് ദശാബ്ദങ്ങളിലായി ഫെസ്റ്റിവൽ അതിശയകരമായ വളർച്ചയാണ് കൈവരിച്ചത്. ആ വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ആളുകളാണ് ഷാജി എന്‍. കരുണ്‍, കെ. ആര്‍. മോഹനന്‍, അടൂര്‍ തുടങ്ങിയവര്‍. കൂടാതെ ഐ.എഫ്.എഫ്.കെയെ ഈ രീതിയില്‍ രൂപപ്പെടുത്തി എടുത്ത സംഘാടന മികവു ബീന പോളിന്റെയാണ്. ആദ്യത്തെ മൂന്നാല് പതിപ്പ് കഴിഞ്ഞപ്പോള്‍ തന്നെ പൊതുജനങ്ങള്‍ക്കായി ചെറിയ തുകയ്ക്ക് ഡെലിഗേഷന്‍ തുറന്നു കൊടുത്തു. ഇപ്പോള്‍ ഓരോ മേളയിലും ശരാശരി 14,000 ത്തിലധികം ആളുകള്‍ പങ്കെടുക്കുന്നുണ്ട് അതില്‍ വലിയൊരു വിഭാഗം വിദ്യാർത്ഥികളുമാണ്. അങ്ങനെ പൊതുജന പങ്കാളിത്തം കൊണ്ട് ലോകത്തിനൊരു പീപ്പിള്‍സ്‌ ഫെസ്റ്റിവല്‍ കേരളം സാധ്യമാക്കി.

മേളയുടെ തുടര്‍ച്ചകള്‍

മലയാള സിനിമ ഇന്ത്യയിലെ ഏറ്റവും ശ്രദ്ധ നേടുന്ന ഇന്‍ഡസ്ട്രിയായി വളര്‍ന്നത്‌ ഇന്നോ ഇന്നലെയോ കൊണ്ട് സംഭവിച്ചതല്ല. കാലങ്ങളായി കേരളം എന്ന സമൂഹത്തെ രൂപപെടുത്തിയ അനവധി-നിരവധി കാരണങ്ങള്‍ അതിനു വേണ്ട നിലം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നുകൊണ്ടാണ് ഈ ഫിലിം മേക്കേഴ്സ് കണ്ടന്റ് രൂപപ്പെടുത്തുന്നത്. ആ ഒരു സർഗാത്മക വളർച്ചയ്ക്ക് വളം ഇട്ടതു ഫിലിം സൊസൈറ്റികളും ഐ.എഫ്.എഫ്.കെയുമാണ്‌. മേള നേരിട്ടെന്ന പോലെ തന്നെ അതിന്റെ വേരുകള്‍ പൈറേറ്റഡ് നെറ്റ്‌വര്‍ക്കുകളിലൂടെയും പലവിധ മാധ്യമങ്ങളിലൂടെയും ഉപഭോഗ തുടര്‍ച്ച സംഭവിപ്പിക്കുന്നു. അത് ഒരു ഇന്‍ഡസ്ട്രിയെ തന്നെ പുതുക്കുകയും അന്താരാഷ്ട്ര സ്വഭാവത്തിലേക്കു ഉയര്‍ത്തുകയും ചെയ്യുന്നു. ഈ അടുത്ത കാലത്ത് ശ്രദ്ധേയമായ അനവധി സിനിമകള്‍ എടുത്ത സംവിധായകര്‍ - മേളയുടെ സൃഷ്ടിയോ കണ്ടെത്തലോ ആണെന്ന് കാണാം. സുദേവന്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍, സനല്‍ കുമാര്‍ ശശിധരന്‍, ഷെറി ഗോവിന്ദന്‍, ഡോണ്‍ പാലത്തറ, സെന്ന ഹെഗ്ഡെ, റഹ്മാന്‍ ബ്രദര്‍സ്, ക്രിഷാന്ദ്, താര രാമാനുജൻ, സഞ്ജു സുരേന്ദ്രന്‍, പ്രശാന്ത്‌ വിജയ്‌, ശിവ രഞ്ജിനി, ഫാസില്‍ റസാക്ക് അങ്ങനെ ഒരുപാടു ഉദാഹരണങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്.

വൈവിധ്യങ്ങളുടെ ഫെസ്റ്റിവല്‍

2023ലെ ഐ.എഫ്.എഫ്.കെയില്‍ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്‌ പോളിഷ് ചലച്ചിത്രസംവിധായകൻ ക്രിസ്റ്റോഫ് സനൂസിക്കായിരുന്നു. വിഖ്യാത ചലച്ചിത്രക്കാരന്‍ എന്നതിനു അപ്പുറത്ത് അദ്ദേഹത്തിന്റെ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധ നിലപാടുകളുടെ പേരില്‍ കേരളത്തിനു മുന്‍പേ പരിചിതനാണ്. 1998ലെ ഐ.എഫ്‌.എഫ്‌.കെയിൽ സനൂസിയുമായി പ്രമുഖ മാര്‍ക്സിസ്റ്റ്‌ ചിന്തകന്‍ പി. ഗോവിന്ദപിള്ള നടത്തിയ സംവാദം ചരിത്രപ്രസിദ്ധമാണ്. അന്ന് കമ്മ്യൂണിസത്തെ ഉപേക്ഷിക്കാനുള്ള പോളിഷ് ജനതയുടെ തീരുമാനത്തെ പി.ജി. അപലപിച്ചു. അതിനു മറുപടിയായി “ഒരു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റിന്റെ പാർട്ടി ക്ലാസ്സ് കൂടി എനിക്ക് ആവശ്യമില്ല. നിങ്ങളെ കൊണ്ട് ഞങ്ങൾ ആവോളം അനുഭവിച്ചു, ഇനി വേണ്ട.” എന്ന് സനൂസി തിരിച്ചടിച്ചു. ഇത്തവണ വന്നപ്പോള്‍ അന്നത്തെ ആ ചര്‍ച്ചയെ “നിർഭാഗ്യകരം” എന്നു അദ്ദേഹം വിസ്മരിച്ചു. ”ഒരു ചര്‍ച്ചയിൽ പല കാര്യങ്ങളിലും വിയോജിക്കുമെങ്കിലും, വസ്തുതകളിൽ ഒരുമിക്കുക സ്വാഭാവികമാണ്. പക്ഷേ ഞങ്ങളുടെ കാര്യത്തിൽ അത് സംഭവിച്ചില്ല.” മാർക്സിസത്തെക്കുറിച്ചുള്ള സനുസിയുടെ നിലപാടിലും കാതലായ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ‘ഒരു കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരാണല്ലോ സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ്‌ നല്‍കിയത്?’ എന്ന ചോദ്യത്തിനു “ഒരു സിവിൽ ഭരണകൂടമായകൊണ്ടാണ് ഇടതുപക്ഷ സർക്കാർ അത്തരമൊരു തീരുമാനം എടുത്തത്. സങ്കുചിതമോ പക്ഷപാതപരമോ അല്ലെന്നതു കാണിക്കുന്നു. ഞാൻ അതിനെ മാനിക്കുന്നു.” ചലച്ചിത്ര മേളയുടെ ബഹുസ്വര സ്വഭാവത്തെ സൂചിപ്പിക്കാനാണ് ഈ രണ്ടു സംഭവങ്ങളും ഇവിടെ പറഞ്ഞത്. ഒരു ചലച്ചിത്ര മേള ആയിരിക്കെ തന്നെ അതുള്‍ക്കൊള്ളുന്ന വൈവിധ്യം നമ്മുടെ മേളയുടെ സവിശേഷതയാണ്. സിനിമയുടെ ക്യുറേഷനിലോ, പങ്കാളിത്തത്തിലോ, പ്രതിഷേധങ്ങളിലോ, കലാ-പരിപാടികളിലോ മാത്രമല്ല സംവാദത്തിനുള്ള സാധ്യത തുറക്കുന്നതിലും, വിപരീതാശയങ്ങളെ സഹിഷ്ണുതയോടെ കേട്ടിരിക്കുന്നതിലും ആ സവിശേഷത കാണാം. ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കെ തന്നെ നടക്കുന്ന മേളകളില്‍ കമ്മ്യൂണിസ്റ്റ്‌ വിരുദ്ധമായ എത്രയോ സിനിമകള്‍ ഉണ്ടാകാറുണ്ട്. സ്വത്വ രാഷ്ട്രീയം പ്രമേയമായ, ന്യൂനപക്ഷ പ്രശ്നങ്ങൾ സംസാരിക്കുന്ന, മത-ഭീകരതയെ ചോദ്യം ചെയ്യുന്ന തുടങ്ങി, മറ്റു മേളകളെ അപേക്ഷിച്ച് രാഷ്ട്രീയ മാനങ്ങളുള്ള, അതില്‍ ശ്രദ്ധിച്ചുകൊണ്ടുള്ള സെലക്ഷനുകളാണ് എല്ലാ തവണയും ഉണ്ടാവാറുള്ളത്. ഞാന്‍ കണ്ട എല്ലാ മേളയിലും പാലസ്തീന്‍ വിഷയം പ്രമേയമായി വരുന്ന ഒരു സിനിമയേലും ഉണ്ടായിട്ടുണ്ട്. ഇത്തവണയും സയണിസത്തിനും ബ്രിട്ടീഷ് കോളനി വാഴ്ച്ചയ്ക്കും എതിരെ 1930കളില്‍ നടന്ന പാലസ്തീനീയന്‍ പ്രക്ഷോഭം പശ്ചാത്തലമാക്കി ‘ആൻമറി ജസീർ’ സംവിധാനം ചെയ്ത ‘പാലസ്തൈൻ 36’ ആണ് ഉദ്ഘാടന ചിത്രം. അങ്ങനെ ലോക രാഷ്ട്രീയത്തിന്റെ ബഹുവിധമായ ചിത്രം ഓരോ ചലച്ചിത്രമേളയും കാണിച്ചു തരുന്നു. രാജ്യം ബഹുസ്വരതയെ അടിച്ചമര്‍ത്തുമ്പോള്‍ ഇങ്ങു തെക്കേ അറ്റത്ത് ഒരു ചെറിയ സംസ്ഥാനം ജനാധിപത്യതിന്റെ ഏറ്റവും വലിയ സൗന്ദര്യമായ സംവദിക്കാനും വിയോജിക്കാനുമുള്ള പരിസരം നിലനിര്‍ത്തുന്നു.

ഒരു ദശാബ്ദത്തിന്റെ ഓര്‍മ്മകള്‍

ടി.വിയില്‍ മാത്രം വല്ലപ്പോഴും സിനിമ കാണുന്ന ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്ന് വരുന്ന എന്നെ സംബന്ധിച്ചു, ഐ.എഫ്.എഫ്.കെയെ കുറിച്ച് കേട്ട് കേള്‍വി പോലും ഉണ്ടായിരുന്നില്ല. എനിക്കെന്നല്ല നാട്ടിലോ ചുറ്റുപാടിലോ പോലും ആരും അതിനെ പറ്റി കേട്ടിട്ടുണ്ടായിരുന്നില്ല. ഇന്ത്യാ വിഷനില്‍ മനീഷ് നാരായണന്‍ നടത്തിയ മ്യാവു-ബോക്സ്‌ ഓഫീസ് തുടങ്ങിയ പരിപാടികളായിരുന്നു എന്റെ സിനിമാ ആസ്വാദനം പ്രാഥമികമായി രൂപപ്പെടുത്തിയത്. അന്ന് ഫെസ്റ്റിവല്‍ നടക്കുന്ന സമയത്ത് ഈ പരിപാടികള്‍ ഉണ്ടാകില്ല. ഇഫ്ഫിയിലോ, ഐ.എഫ്.എഫ്.കെയിലോ കാണിക്കുന്ന സിനിമകളെ പറ്റിയും വരുന്ന സംവിധായകരെ പറ്റിയും ഒക്കെ ആകും ആ ആഴ്ച റിപ്പോര്‍ട്ടിംഗ്. അതില്‍ നിന്നാണ് ആദ്യമായി എന്നേക്കാള്‍ പ്രായമുള്ള ഈ ഫെസ്റ്റിവലിനെ പറ്റി കേള്‍ക്കുന്നത്. ഇതൊരു ഭയങ്കര സംഭവം ആണെന്നും, ഞാനൊന്നും ഒരിക്കലും അതില്‍ പങ്കെടുക്കില്ലെന്നും എനിക്ക് ഉറപ്പുണ്ടായിരുന്നു. എന്നാല്‍ പതിയെ പുതിയ സിനിമകള്‍ കാണാനും മനസ്സിലാക്കാനും ശ്രമിച്ചു തുടങ്ങി. കോട്ടയത്ത് സി.എം.എസ്സ് കോളേജിലാണ് ഡിഗ്രിയ്ക്ക് പോയത്‌. അവിടെ ചെന്നപ്പോള്‍ സമാനഹൃദയരായ ഒരുപാടു മനുഷ്യരെ കണ്ടുമുട്ടി, അതില്‍ കൂട്ടുകാരും അധ്യാപകരും ഉണ്ട്. എനിക്ക് ഇഷ്ടമുള്ള, എന്നാല്‍ അന്നുവരെ പരിചയമുള്ള ആര്‍ക്കും കണ്ടുകൂടാത്ത സിനിമകളൊക്കെ ഇഷ്ടമുള്ളവരെ പരിചയപ്പെട്ടു. സിനിമയെ പറ്റി സംസാരിച്ചു-സുഹൃത്തുക്കളായി. അങ്ങനെ ആദ്യമായി പതിനെട്ടാം വയസ്സില്‍ ഇരുപതാമത് ഐ.എഫ്.എഫ്.കെയ്ക്ക് കോട്ടയത്ത് നിന്ന് ഞങ്ങള്‍ വണ്ടി കേറി. പോകാനുള്ള കാരണം തിരുവനന്തപുരത്തു നിന്നും ഒരു കൂട്ടുകാരനെ കിട്ടി എന്നതായിരുന്നു. അവന്റെ പട്ടത്തെ വീട്ടീന്നു കാലത്ത് ബസ്സ് കേറി നമ്മള്‍ തമ്പാനൂര്‍ ഇറങ്ങും. അവിടുന്ന് കൈരളിയിലോ ന്യുവിലോ ഒക്കെ പോയി ക്യുവില്‍ നില്‍ക്കും. ഒരു സിറ്റിയിലേക്ക് ആദ്യമായിട്ടായിരുന്നു വീട്ടില്‍ നിന്ന് മാറി നില്‍ക്കുന്നത്. കുറച്ചു ഭക്ഷണവും കൂടുതല്‍ സിനിമയുമായി ഞങ്ങള്‍ ആര്‍ത്തിയോടെ തീയേറ്റര്‍ തോറും ഓടി. ഒടുവില്‍ നിശാഗന്ധിയിലെ അവസാന സിനിമയും കണ്ടു തിരിച്ചു വീട്ടിലേക്ക്‌ നടക്കും. ഏഴു ദിവസങ്ങള്‍ അങ്ങനെ കടന്നു പോകും. പിന്നീട് കോട്ടയത്തൂന്നു തമിഴ് നാട്ടിലോട്ടും, അവിടുന്നു ഹൈദരാബാദിനും പോരുന്നു. കൂട്ടുകാരുടെ എണ്ണം കൂടി. ഫെസ്റ്റിവലിന് മാത്രം കാണുന്ന ആളുകളും ഉണ്ടായി. പ്രളയത്തിന്റെ സമയത്തെ ഒഴിച്ച് ബാക്കി എല്ലാ മേളയ്ക്കും പങ്കെടുത്തു. ഓരോ വട്ടവും മുപ്പതു-മുപ്പത്തഞ്ചു സിനിമകള്‍ കണ്ടു. ആദ്യ കാലം തൊട്ടേ കൂടെ ഉണ്ടായിരുന്ന ക്രിസ്റ്റഫര്‍, അസിഫ്, അരവിന്ദ്, റ്റിജു, ജിഗീഷേട്ടന്‍, അയ്യപ്പന്‍ അങ്ങനെ ഒരുപാടു മനുഷ്യരെ മറക്കാനാവില്ല. ഇപ്പോഴും ഫെസ്റ്റിവലിനു പോകാന്‍ ഇറങ്ങുമ്പോള്‍ പട്ടത്തെ ക്രിസ്റ്റഫറിന്റെ വീടും, ജോസ് അങ്കിളിനെയും, സെലിന്‍ ആന്റിയേയും ഓര്‍മ്മ വരും. ഐ.എഫ്.എഫ്.കെ എന്ന സാധ്യത തന്നെ ഉണ്ടായതു, ആ വീട് ഞങ്ങളുടെ മുന്‍പില്‍ തുറന്നു കിടന്നതുകൊണ്ടാണ്.