തൂത്തുക്കുടിയിലെ സാത്താങ്കുളത്തെ പോലീസ് സ്റ്റേഷനിൽ നടന്ന ക്രൂരമായ ഇരട്ട ലോക്കപ്പ് കൊലപാതകങ്ങൾക്ക് ശേഷം, മർദ്ദനത്തിനിരയായി മരിച്ച അച്ഛനും മകനും നീതി കിട്ടണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിരവധി സമരങ്ങൾ തമിഴ്‌നാട്ടിൽ നടക്കുന്നുണ്ട്. അതിനിടെ, തമിഴ് സിനിമകളിൽ പതിവായി കണ്ടുവരുന്ന പൊലീസ് ക്രൂരതകളുടെ മഹത്വവൽക്കരണമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണം എന്നൊരു വിമർശനവും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. 

@SMukundan8 എന്നൊരു ട്വിറ്റർ ഹാൻഡിൽ ഈ വിഷയത്തെ സുദീർഘമായ ഒരു ട്വീറ്റ് സീരീസ് കൊണ്ടുതന്നെ വിശകലനം ചെയ്തിട്ടുണ്ട്. ജാതീയത പൊലീസ് അക്രമങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന ഒന്നായി ഇദ്ദേഹം കരുതുന്നു. സിനിമകളിൽ പോലും ജാതിയുടെ പേരിലുള്ള മുൻഗണനയും, അപമാനങ്ങളും, പീഡനങ്ങളും ഒക്കെ നിരന്തരം കടന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. 

 

 

കാക്കിയിട്ടുകൊണ്ട് മനുഷ്യരോട് ഏറെ സ്നേഹത്തോടെയും പരിഗണനയോടെയും പെരുമാറുന്ന നിരവധി ഉദ്യോഗസ്ഥരുണ്ട് പൊലീസ് സേനയിൽ എന്നതും ഒരു വസ്തുതയാണ്. എന്നാൽ, അവർക്കൊക്കെ കളങ്കം ചാർത്തിക്കൊണ്ട് കാക്കിക്കുള്ളിൽ നിരവധി ക്രിമിനലുകളും വിളയാടുന്നുണ്ട് എന്ന സത്യമാണ് തൂത്തുക്കുടിയിലേതു പോലുള്ള സംഭവങ്ങളിലൂടെ വെളിച്ചത്തു വരുന്നത്. തമിഴ് സിനിമകളിൽ എങ്ങനെയാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അക്രമവും, അനീതിയും സ്വാഭാവികതയായി ചിത്രീകരിക്കപ്പെടുന്നത്, എങ്ങനെയാണ് പൊലീസിന്റെ നിയമാതീതമായിട്ടുള്ള ആയിട്ടുള്ള പെരുമാറ്റങ്ങൾക്ക് വാഴ്ത്തുപാട്ടുകൾ ഉണ്ടാകുന്നത് എന്ന് ഉദാഹരണസഹിതം  ഒന്ന് പരിശോധിക്കാം. 

ഗൗതം മേനോന്റെ 'കാക്ക കാക്ക' എന്ന സിനിമയുടെ തുടക്കത്തിൽ, ഒരു കെട്ടിടത്തിന്റെ ടെറസ്സിൽ വെച്ച്  നാലഞ്ച് പൊലീസ് ഓഫീസർമാർ തമ്മിൽ നടത്തുന്ന ഒരു ചർച്ചയുണ്ട്.

 

 

താഴെ തെരുവിൽ ചായയും കുടിച്ചു കൊണ്ട് നിൽക്കുന്നത് നഗരത്തിലെ അറിയപ്പെടുന്ന ഒരു ഗുണ്ടയാണ്. നിരവധി ബലാത്സംഗക്കേസുകളിലെ പ്രതി. അയാളുടെ റേപ്പിനിരയായവരിൽ ഭൂരിഭാഗവും കൊച്ചു പെൺകുട്ടികളാണ്. എന്നാൽ, ഇത്രയേറെ അക്രമങ്ങൾ പ്രവർത്തിച്ചിട്ടും അയാളെ പ്രതിയുള്ള ഭയം കാരണം അയാൾക്കെതിരെ ആരും പരാതിപ്പെടാറില്ല.

 

 

അടുത്തിടെ ഇയാൾ ബലാത്സംഗം ചെയ്ത ഒരു യുവതി ഐസിയുവിൽ മരണത്തോട് മല്ലടിക്കുന്നുണ്ട്. അറസ്റ്റ് ചെയ്യാം, യുവതിക്ക് ബോധം തെളിഞ്ഞാൽ, അവൾ കോടതിയിൽ മൊഴികൊടുത്താൽ ശിക്ഷ വാങ്ങിക്കൊടുക്കാം എന്ന്‌ സഹപ്രവർത്തകർ പറയുമ്പോൾ, "എന്തിന്, അതിന്റെയൊന്നും ആവശ്യമില്ല." എന്ന്‌ പറഞ്ഞു മുഴുമിക്കുന്നതിനിടെ, ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് സൈലൻസർ ഘടിപ്പിച്ച റിവോൾവർ കൊണ്ട് ആ ഗുണ്ടയെ വെടിവെച്ച് കൊന്നുകളയുന്നുണ്ട് സൂര്യയുടെ എസിപി അൻപുച്ചെൽവൻ.

 

പാവപ്പെട്ട ഒരു കുട്ടിയോട് അതിക്രമം പ്രവർത്തിച്ച ഗുണ്ടയുടെ കേസ് സ്വമേധയാ ഏറ്റെടുത്ത്, ആ മട്ടുപ്പാവിൽ വെച്ച് വിചാരണയൊന്നും കൂടാതെ അയാൾക്കുള്ള ശിക്ഷ വിധിച്ച്, ഒരു നിമിഷം പോലും വൈകിക്കാതെ അത് നടപ്പിലാക്കിയ  എസിപി അൻപുച്ചെൽവൻ എന്ന ധീരനായ പൊലീസ് ഓഫീസർക്കുള്ള കരഘോഷങ്ങൾ നൂറും നൂറ്റമ്പതും ദിവസം തുടർച്ചയായി തമിഴ്‌നാട്ടിലെ സിനിമാ കൊട്ടകകളിൽ മുഴങ്ങിയതാണ്. സംഭവത്തിന് ശേഷം നടക്കുന്ന അന്വേഷണത്തിനിടെ, മനുഷ്യാവകാശ പ്രവർത്തകരുടെ ചോദ്യങ്ങളെ പരിഹാസത്തോടെ എസിപി അൻപുച്ചെൽവൻ നേരിടുന്നത് പിന്നീടങ്ങോട്ടും അതേ സിനിമയിൽ കാണാം. പ്രതികളുടെ ഹ്യൂമൻ റൈറ്റ്സിനെപ്പറ്റി ഓർമിപ്പിച്ച ഉദ്യോഗസ്ഥയോട് ഓഫീസർ പറയുന്ന മറുപടി, " മനുഷ്യാവകാശങ്ങൾ മനുഷ്യർക്ക് പറഞ്ഞിട്ടുള്ളതാണ്. ഞങ്ങളുടെ കണ്ണിൽ ഇവർ മനുഷ്യരല്ല. അവരെ കൊന്ന കുറ്റത്തിന് ഞങ്ങളെ വേണമെങ്കിൽ മൃഗങ്ങളെ ഉപദ്രവിച്ചു എന്ന വകുപ്പിൽ ശിക്ഷിച്ചോളൂ. ഞങ്ങൾ ഏറ്റോളാം"എന്നാണ്. അപ്പോൾ അതാണ്കാര്യം. മനുഷ്യർക്കു മാത്രമേ മൗലികാവകാശങ്ങൾ മാത്രമേ അനുവദിച്ച് കൊടുക്കേണ്ടതുള്ളൂ. പൊലീസുകാർക്ക് മനുഷ്യരല്ല എന്ന് ബോദ്ധ്യപ്പെടുന്നവർക്ക് വേണമെങ്കിൽ അതൊക്കെ നിഷേധിക്കാം എന്നതാണ് പല സിനിമകളും നൽകുന്ന സന്ദേശം.

അതുപോലെ, ഹരി സംവിധാനം ചെയ്ത 'സാമി' എന്ന വിക്രം ചിത്രത്തിലുമുണ്ട് ഇത്തരത്തിൽ ഒരുഗ്രൻ 'ഗ്ലോറിഫിക്കേഷൻ' സീൻ. രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് തിരികെ വീട്ടിലേക്ക് നടന്നു പോകുന്ന സ്ത്രീകളെ തടഞ്ഞു നിർത്തി വിവരം ചോദിക്കുന്ന ബീറ്റ് പൊലീസ് അവരുടെ കയ്യിൽ ഓരോ ടോർച്ച് കൊടുത്തയാക്കുന്നു. ഇരുട്ടത്ത് നടന്നു പോയി പ്രശ്നത്തിൽ പെടേണ്ട, രാവിലെ ഭർത്താക്കന്മാരുടെ കയ്യിൽ കൊടുത്തയച്ചാൽ മതി എന്നാണ് പൊലീസ് ഓഫീസർ അവരോട് പറയുന്നത്.

 

 

അടുത്ത ദിവസം രാവിലെ ഈ ടോർച്ചുകൾ തിരിച്ചേൽപ്പിക്കാൻ വരുന്ന അവരുടെ ഭർത്താക്കന്മാരെ കരണക്കുറ്റിക്ക് നാല് പൊട്ടിച്ചിട്ടാണ്, 'രാത്രി എന്തിനാണ് ഭാര്യമാരെ ഒറ്റയ്ക്ക് സിനിമക്ക് വിട്ടത്? അവരെ ആരെങ്കിലും റേപ്പ് ചെയ്തിരുന്നെങ്കിലോ എന്ന് ഓഫീസർ ചോദിക്കുന്നത്.

 

 

ഭാര്യ രാത്രി ഒറ്റയ്ക്ക് സെക്കൻഡ് ഷോ സിനിമയ്ക്ക് പോയാൽ അതിന് അടുത്ത ദിവസം രാവിലെ അവരുടെ ഭർത്താക്കന്മാരെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിക്കാനും, അവരുടെ കവിളത്തടിക്കാനും ഒക്കെ ഐപിസിയിലെ ഏത് വകുപ്പാണ് പൊലീസ് ഇൻസ്പെക്ടർമാർക്ക് അവകാശം നൽകുന്നത് എന്നറിയില്ല എങ്കിലും, ഈ സീനിലും കൊട്ടകയിൽ ചെവിടുതകർക്കുന്ന കരഘോഷം മുഴങ്ങിയിരുന്നു. സാമി സിനിമയും അവസാനിക്കുന്നത് വില്ലന്റെ എക്സ്ട്രാ ജുഡീഷ്യൽ എൻകൗണ്ടറിൽ ആണ്. പൊലീസ് തന്നെ ജഡ്ജിയും, ആരാച്ചാരും ഒക്കെയാവുന്നതിന്റെ വാഴ്ത്തുപാട്ടാണ് ഈ സിനിമയും. 

ഗൗതം മേനോന്റെ തന്നെ വേട്ടയാട് വിളയാട് എന്ന ഹിറ്റ് ചിത്രത്തിൽ കമലഹാസൻ അവതരിപ്പിച്ച എസിപി രാഘവൻ എന്ന കഥാപാത്രത്തിന്റെ കാര്യമെടുക്കാം. സിനിമയിലെ കഥ നടക്കുന്നത് അമേരിക്കയിലാണ്. അവിടെ സംശയമുള്ള ഒരാളുടെ വീട് പരിശോധിക്കാൻ ചെല്ലുമ്പോൾ ആൾ സ്ഥലത്തില്ല. പ്രതിയുടെ വീട്ടിലെ ലോക്ക് തകർത്ത് അകത്ത് പോകാം എന്ന് എസിപി രാഘവൻ പറയുമ്പോൾ അമേരിക്കൻ പോലീസ് ഓഫീസർ ചോദിക്കുന്നത് "നിങ്ങൾക്ക് പ്രാന്തുണ്ടോ, നമ്മുടെ കയ്യിൽ വാറന്റില്ലല്ലോ" എന്നാണ്. "ഇതു ഞങ്ങൾ ഇന്ത്യയിൽ ഇടയ്ക്കിടെ ചെയ്യുന്ന കാര്യമാണ്" എന്നാണ് ആ നിയമലംഘനത്തെ സിനിമയിൽ ന്യായീകരിക്കപ്പെടുന്നത്. 

പൊലീസ് നിയമം കയ്യിലെടുക്കുന്നതിന്റെ മഹത്വവൽക്കരണം നമുക്ക് സിങ്കം, തെറി, ദർബാർ, പോക്കിരി തുടങ്ങിയ നിരവധി തമിഴ് ചിത്രങ്ങളിൽ നിന്ന് കണ്ടെടുക്കാവുന്നതാണ്. നമ്മുടെ മലയാള സിനിമയിലുമുണ്ട് 'ആക്ഷൻ ഹീറോ ബിജു' പോലെ പൊലീസിന്റെ അതിക്രമത്തെ സാമാന്യവൽക്കരിക്കുന്ന നിരവധി ബോക്സോഫീസ് ഹിറ്റുകൾ. എന്നാൽ, അതേ സമരം പൊലീസിന്റെ ക്രൂരതയെ തുറന്നു കാട്ടുന്ന ചില ചിത്രങ്ങളും തമിഴ്‌നാട്ടിൽ ഉണ്ടായിട്ടുണ്ട് എന്ന് പറയാതെ വയ്യ.  ഏറ്റവും ശ്രദ്ധേയമായ രണ്ടു ചിത്രങ്ങൾ എം ചന്ദ്രകുമാർ എന്ന ഓട്ടോഡ്രൈവർ എഴുതിയ 'ലോക്ക് അപ്പ്' എന്ന നോവലിനെ ആസ്പദമാക്കി നിർമിക്കപ്പെട്ട 'വിസാരണൈ'യും, 2008 -ൽ പുറത്തിറങ്ങിയ മിസ്കിന്റെ നരേൻ ചിത്രം 'അഞ്ചാതെ'യുമാണ്.

 

 

ഈ രണ്ടു ചിത്രങ്ങളും പൊലീസ് സ്റ്റേഷനുകളിൽ നടക്കുന്ന ക്രൂരമർദ്ദനങ്ങൾക്കു നേരെ കണ്ണാടി പിടിക്കുന്നവയാണ്. അവിടെ പൊതുജനങ്ങൾ നേരിടുന്ന നിസ്സഹായതയെ വെളിപ്പെടുത്തുന്ന ഈ രണ്ടു ചിത്രങ്ങൾ പക്ഷേ, ഹീറോയിസത്തിന്റെ മറവിൽ പോലീസിന്റെ ക്രൂരതയെ മഹത്വവൽക്കരിക്കുന്ന തമിഴ് ചിത്രങ്ങളിലെ പതിവ് രീതികളിൽ നിന്നുള്ള അപൂർവമായ വ്യതിയാനങ്ങൾ മാത്രമാണ്. തമിഴ് നാട്ടിൽ ഇന്നും കൂടുതൽ ജനപ്രീതി കിട്ടിയിട്ടുള്ളത് സിങ്കവും, സാമിയും,കാക്ക കാക്കയും പോലുള്ള സിനിമകളിലെ പൊലീസ് കഥാപാത്രങ്ങൾക്ക് തന്നെയാണ്. 

പൊലീസിന്റെ ക്രൂരതകളെ മഹത്വവൽക്കരിക്കുന്ന തട്ടുപൊളിപ്പൻ സിനിമകൾ നൽകുന്ന പ്രചോദനത്തോടൊപ്പം മേലധികാരികളിൽ നിന്നുണ്ടാകുന്ന സമ്മർദവും, കുടുംബജീവിതത്തിലെ അസംതൃപ്തികളും ഒക്കെ ചേരുമ്പോഴാണ് പൊലീസ് സ്റ്റേഷനുകളിൽ പൊതുജനം പീഡനങ്ങൾക്ക് ഇരയാകുന്നത്. ഇങ്ങനെ നടക്കുന്ന ലോക്കപ്പ് പീഡനങ്ങളുടെ തിക്തഫലങ്ങൾ അനുഭവിക്കാനുള്ള ദുർഭാഗ്യമുണ്ടാവുന്നത് തൂത്തുക്കുടിയിലെ ജയരാജനെയും ബെനിക്സിനെയും പോലുള്ള പാവങ്ങൾക്കാണ്. പോലീസുകാരേല്പിച്ച മർദ്ദനങ്ങളുടെ വേദനകൾക്കും, അതവരെ കൊണ്ടുനിർത്തിയ നിസ്സഹായതകൾക്കും ഒക്കെ സാക്ഷ്യം പറയാൻ പലപ്പോഴും ഇരകൾ ജീവനോടെ അവശേഷിക്കാറില്ല എന്നുമാത്രം.