കഥകള്‍ എന്നും കേള്‍ക്കാനുള്ള ത്വരയുള്ള മനസാണ് ഇന്ത്യക്കാരുടേത്. അതിനാല്‍ തന്നെയാണ് ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസങ്ങള്‍ ഇന്ത്യയില്‍ തന്നെ പിറന്നത്. രാമായാണവും മഹാഭാരതവും. കാലം മാറി, ഇന്ന് ലോകത്തെങ്ങുമുള്ള കഥകള്‍ സിനിമകളായും പുസ്തകങ്ങളായും നമുക്ക് മുന്നില്‍ അവതരിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ കഥകള്‍ ആസ്വദിക്കാനുള്ള നമ്മുടെ ചക്രവാളം കൂടുതല്‍ വിശാലമായിരിക്കുന്നു. മുന്‍പ് മഹാഭാരതത്തെക്കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്. ഇതില്‍ ഇല്ലാത്തത് ഒന്നും ലോകത്തില്ല, ലോകത്തുള്ളത് എല്ലാം ഇതിലുണ്ട്. കഥകളുടെ കാര്യത്തിലാണെങ്കില്‍ അത് ശരിയാണ്. അധികാരം പിടിക്കാനുള്ള മനുഷ്യ പോരാട്ടത്തെയും ചതിയെയും ഒക്കെ വിവരിക്കുന്ന ലോകത്തിലെ എവിടെ നടന്ന കഥാ ആഖ്യാനത്തെയും മഹാഭാരതത്തോട് കൂട്ടിക്കെട്ടാം. ഇത്തരമൊരു ആമുഖം മഹാഭാരതത്തെക്കുറിച്ച് പറയുന്നത് ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഇതിഹാസത്തെക്കുറിച്ച് പറയാന്‍ ആണ്. പക്ഷെ ഇത് ഒരു ടെലിവിഷന്‍ ഇതിഹാസം ആണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ടെലിവിഷന്‍ ഇതിഹാസം. 2011 ല്‍ തുടങ്ങി കഴിഞ്ഞ ഏഴ് വര്‍ഷത്തോളം ലോകം കീഴടക്കിയ ടെലിവിഷന്‍ സിരീസ് 2019 ഏപ്രില്‍ 15ന് തുടങ്ങുന്ന എട്ടാം സീസണോടെ അന്ത്യം കുറിക്കുകയാണ്. എച്ച്ബിഒ ആണ് നിര്‍മ്മാണം.

എന്താണ് ഗെയിം ഓഫ് ത്രോണ്‍സ്?

അടിസ്ഥാനപരമായി ഒരു ടെലിവിഷന്‍ സിരീസിന് അപ്പുറം വളര്‍ച്ച കഥാപ്രപഞ്ചം എന്നുതന്നെ വിശേഷിപ്പിക്കണം ഗെയിം ഓഫ് ത്രോണ്‍സിനെ. അമേരിക്കന്‍ എഴുത്തുകാരന്‍ ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ 'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയുടെ ടെലിവിഷന്‍ ആവിഷ്‌കാരമാണ് ഗെയിം ഓഫ് ത്രോണ്‍സ്.  'എ സോങ് ഓഫ് ഐസ് ആന്‍ഡ് ഫയര്‍' എന്ന പുസ്തക പരമ്പരയിലെ ആദ്യത്തെ നോവലിന്റെ പേര് ഗെയിം ഓഫ് ത്രോണ്‍സ് എന്നായിരുന്നു ഇതാണ് ടെലിവിഷന്‍ സിരീസ് പേരായി സ്വീകരിച്ചിരിക്കുന്നത്. ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവരാണ് ഷോ ക്രിയേറ്റ് ചെയ്തത്. 2011 ഏപ്രില്‍ 17 നാണ് ആദ്യ സീസണിന്റെ ആദ്യപ്രദര്‍ശനം നടന്നത്. തുടര്‍ന്ന് ഇങ്ങോട്ട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഗെയിം ഓഫ് ത്രോണ്‍സ് ഇതുവരെ 38 പ്രൈം ടൈം എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ഇതുവരെ ആരും തകര്‍ക്കാത്ത റെക്കോഡാണ് ഇത്.

കഥാപാശ്ചാത്തലം

ലോകത്ത് എന്നും ആളുകള്‍ക്ക് കേള്‍ക്കാനും കാണാനും താല്‍പ്പര്യമുള്ള വിഷയമാണ് അധികാരത്തിനായുള്ള യുദ്ധങ്ങള്‍. ഗെയിം ഓഫ് ത്രോണ്‍സിലേക്ക് എത്തുമ്പോഴും അതാണ് വിഷയം. വെസ്റ്ററോസ് എന്ന സാങ്കല്‍പ്പിക ഭൂഖണ്ഡത്തിന്റെ അധികാരം അതിന്റെ ചക്രവര്‍ത്തി ഇരിക്കുന്ന കിംഗ്‌സ് ലാന്റിംഗിലെ അയണ്‍ ത്രോണ്‍ എന്ന ഇരുമ്പു സിംഹാസനമാണ്. ഇതിനുവേണ്ടി വെസ്റ്ററോസിലെ അധികാരമുള്ള കുടുംബങ്ങള്‍ തമ്മില്‍ അടിക്കുന്നു. അവര്‍ക്കിടയിലെ പകയും യുദ്ധവും വിഷയമാകുന്നു. 

അതേ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പ് കിംഗ്‌സ് ലാന്റിംഗിലെ അയണ്‍ ത്രോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട മാഡ് കിംഗിന്റെ പിന്‍ഗാമികള്‍ വീണ്ടും ത്രോണ്‍ പിടിച്ചെടുക്കാന്‍ അയല്‍ ഭൂഖണ്ഡമായ എസ്സോസില്‍ പടക്കോപ്പ് കൂട്ടുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാം മീതേ ഇരുട്ടിന്റെ രാജാവ് വിന്ററുമായി വെസ്റ്ററോസിനെ കീഴടക്കാന്‍ എത്തുന്നു. ഈ സന്ദിഗ്ധഘട്ടത്തില്‍ ശത്രുക്കളായിരുന്നവര്‍ക്കെല്ലാം പൊതുശത്രുവിനെതിരേ ഒന്നിക്കേണ്ടി വരുമോ എന്നതാണ് കഥയുടെ ചുരുക്കം. പക്ഷെ അനവധി ഉപകഥകളും ഏടുകളുമായി മുന്നേറുന്ന കഥ ഒരു പ്രക്ഷേകനെ തീര്‍ത്തും തൃപ്തിപെടുത്തുന്നതാണെന്ന് പറയാം. എന്നിരിക്കിലും കടുത്ത ആക്രമണ രംഗങ്ങളും ലൈംഗികതയുടെ മറയൊന്നുമില്ലാത്ത ചിത്രീകരണവും ഈ സീരിസിനെതിരേ വിമര്‍ശനങ്ങളും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

ജോര്‍ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ നോവലിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഡേവിഡ് ബെനിയോഫ്, ഡി. ബി. വെയ്‌സ് എന്നിവര്‍ ടെലിവിഷനില്‍ അവതരിപ്പിച്ചിട്ടുള്ളൂ എന്നതാണ് സത്യം. അതിനാല്‍ തന്നെ ഈ സീസണോടെ അവസാനിക്കുന്ന ഗെയിം ഓഫ് ത്രോണ്‍സിന് പ്രീക്വലോ സീക്വലോ വരുമോ എന്ന ചോദ്യം ഇപ്പോഴും സൈബര്‍ ഇടങ്ങളില്‍ മുഴങ്ങുന്നുണ്ട്.

എന്തുകൊണ്ട് ഗെയിം ഓഫ് ത്രോണ്‍സ്?

ഗെയിം ഓഫ് ത്രോണ്‍സ് ഏറ്റവും മഹത്തായതോ അല്ലെങ്കില്‍ ടെലിവിഷന്‍ സീരിസിലെ അവസാന വാക്കോ ആണെന്ന് ഒരിക്കലും അഭിപ്രായപ്പെടാന്‍ കഴിയില്ല. പ്രത്യേകിച്ച് 2011 ല്‍ നിന്നും 2019 എത്തി നില്‍ക്കുമ്പോള്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് രംഗത്ത് വന്‍ മാറ്റങ്ങള്‍ വന്നു കഴിഞ്ഞു. പല സിരീസുകളും അതിന്റെ നിര്‍മ്മാണത്തിലും ഉള്ളടക്കത്തിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നതുമായി. പക്ഷെ ഇന്നും ഇംഗ്ലീഷ് ടെലിവിഷന്‍ സീരിസ് നിര്‍ദേശിക്കാന്‍ ആവശ്യപ്പെടുമ്പോള്‍ നിര്‍ദേശിക്കുന്ന മൂന്നില്‍ ഒരാള്‍ എങ്കിലും ഗെയിം ഓഫ് ത്രോണിന്റെ പേര് പറയുന്നു എന്നാണ് ബിബിസിയുടെ ലേഖനം പറയുന്നത്. 2019 ലെ ഫൈനല്‍ സീസണ്‍ പ്രമാണിച്ച് ഒരു പ്രത്യേക പേജ് തന്നെ ബിബിസി തുടങ്ങിയത് ഈ സീരിസിന്റെ ജനകീയത മനസിലാക്കിയാണ്. 

പൈറസിയിലൂടെ ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന വീഡിയോ കണ്ടന്റ് ഗെയിം ഓഫ് ത്രോണ്‍സ് ആണെന്ന് 2015ല്‍ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. 2014ന് ശേഷം ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഭിച്ച ജനപ്രീതി ഗെയിം ഓഫ് ത്രോണ്‍സിനെ രാജ്യാതിര്‍ത്തികള്‍ ലംഘിച്ച് ജനപ്രിയമാക്കാന്‍ ഇടയാക്കി. കഴിഞ്ഞ സീസണുകളില്‍ ഇന്ത്യയില്‍ ഗെയിം ഓഫ് ത്രോണ്‍സ് സ്ട്രീം ചെയ്യുന്ന ഹോട്ട്സ്റ്റാറിന് ശരിക്കും ചാകരയായിരുന്നു. അതിനാല്‍ത്തന്നെ പുതിയ സീസണ്‍ തുടങ്ങുന്ന ഏപ്രില്‍ മാസത്തില്‍ ഒരു മാസത്തെ ഹോട്ട്സ്റ്റാര്‍ പ്രീമിയം എടുക്കാന്‍ അവര്‍ ചാര്‍ജ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്.

യൂട്യൂബ് എടുത്ത് ഗെയിം ഓഫ് ത്രോണ്‍സ് റിയാക്ഷന്‍ എന്ന് സെര്‍ച്ച് ചെയ്യുക. കൂട്ടായും ഒറ്റയ്ക്കിരുന്നു വിവിധ നാടുകളിലെ ജനങ്ങള്‍ ഗെയിം ഓഫ് ത്രോണ്‍സ് സീനുകളില്‍ പ്രതികരിക്കുന്നത് കാണാം. അവരുടെ മുഖത്തെ ആ വികാരങ്ങളില്‍ നിന്നും മനസിലാക്കാം എന്താണ് ഗെയിം ഓഫ് ത്രോണ്‍സ് എന്ന്. ഇന്ത്യയില്‍ നിന്നും നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരുന്നു ബാഹുബലി. അതിന്റെ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് മഹാഭാരതം. പക്ഷെ അത് ഒറ്റ പടമായി എടുക്കാന്‍ സാധിക്കില്ലെന്നും അതിന് വേണ്ടത് ഒരു ഗെയിം ഓഫ് ത്രോണ്‍സ് പ്ലാന്‍ ആണെന്നും രാജമൗലി അഭിപ്രായപ്പെടുന്നു. 

'ഇനി മഹാഭാരതം സിനിമയാക്കണമെങ്കില്‍ നമ്മുക്ക് താരങ്ങളെ സൃഷ്ടിക്കേണ്ടിവരും. ഗെയിം ഓഫ് ത്രോണ്‍സിനെക്കുറിച്ച് നിങ്ങള്‍ കേട്ടിരിക്കും. അതില്‍ രണ്ട് താരങ്ങളെ ഒഴികെ ആരെയും ആദ്യം നിങ്ങള്‍ക്ക് അറിയുമായിരുന്നില്ല. എന്നാല്‍ സിരീസ് പുരോഗമിച്ചതോടെ അവരൊക്കെ പ്രിയതാരങ്ങളായി മാറി'-എസ് എസ് രാജമൗലി

പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവരൊക്കെ താരമൂല്യം ഉള്ളവരായി മാറിയതിന് കാരണം ഗെയിം ഓഫ് ത്രോണ്‍സിന്റെ സവിശേഷതയുള്ള നരേഷനാണ്. രചനയിലെ ഗംഭീരമായ ട്വിസ്റ്റുകളാണ് ജി.ഒ.ടിയുടെ മറ്റൊരു ആകര്‍ഷണീയത. നായകന്‍ എന്ന സങ്കല്‍പ്പത്തില്‍  പ്രേക്ഷകന്റെ പ്രീതി പറ്റുന്ന ഏതൊരു വ്യക്തിയും എപ്പോഴും കൊല്ലപ്പെടാം. വില്ലനെ കാലം കഴിയുമ്പോള്‍ ഇഷ്ടപ്പെടാം. 

കഥാപാത്രത്തിന്റെ പ്രതിസന്ധികള്‍ വിസ്മയിപ്പിക്കാം. ഇതൊക്കെ കഥയിലെ പ്രിയപ്പെട്ട ഐറ്റങ്ങളാണെങ്കില്‍, കഥപറയുന്ന ക്യാന്‍വാസും ഗ്രാഫിക്‌സും മറ്റും തരുന്നത് കാഴ്ചയുടെ പുതിയ ലോകമാണ്. മഞ്ഞുപെയ്യുന്ന വന്‍മതില്‍ ഇടങ്ങളില്‍ നിന്നും ഡ്രാഗണുകള്‍ പാറുന്ന മരുഭൂമിയിലേക്ക്, കടല്‍ യുദ്ധത്തിലേക്ക്.. ഇത്രയും വൈവിധ്യമായ ഭൂപ്രദേശങ്ങള്‍ അടയാളപ്പെടുത്താന്‍ ക്രൊയേഷ്യ, ഐസ്ലാന്‍ഡ്, മാള്‍ട്ട, മൊറോക്കോ, വടക്കന്‍ അയര്‍ലന്‍ഡ്, സ്‌കോട്ട്ലന്‍ഡ്, സ്‌പെയിന്‍, അമേരിക്ക എന്നിവിടങ്ങളിലായിരുന്നു ഗെയിം ഓഫ് ത്രോണ്‍സ് ഇതുവരെ ചിത്രീകരിച്ചത്.