Asianet News MalayalamAsianet News Malayalam

'വൈറലാണ്, വേറെ ലെവലാണ്, സൗമ്യ'! അഭിമുഖം

സൗമ്യയുടെ റീൽസുകളെല്ലാം ഇൻസ്റ്റയിൽ വൻഹിറ്റാണ്, അതുപോലെ തന്നെ വൈറലും. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വൈറൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മാവേലിക്കര സ്വദേശി സൗമ്യ.
 

interview with  viral star in instagram soumya
Author
First Published Jan 20, 2023, 4:34 PM IST

'ചുണ്ടിൽ കൽക്കണ്ട'വും 'കണ്ണില്‍ കർപ്പൂരവു'മായി 'പഴമുതിരും ചോലകളിൽ പാടിവരുന്നൊരു' പെൺമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറൽ. ആദ്യ വരിയിൽ തന്നെ ആളെ ഏകദേശം പിടികിട്ടിക്കാണണം. ഇൻസ്റ്റ​ഗ്രാം റീലുകളിലെ 'എക്സ്പ്രഷൻ ക്വീൻ' സൗമ്യയെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. സൗമ്യയുടെ റീൽസുകളെല്ലാം ഇൻസ്റ്റയിൽ വൻഹിറ്റാണ്, അതുപോലെ തന്നെ വൈറലും. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് വൈറൽ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മാവേലിക്കര സ്വദേശി സൗമ്യ.

ടിക് ടോക്കിൽ നിന്നാണ് ഇൻസ്റ്റയിലേക്ക് എത്തുന്നതെന്ന് സൗമ്യ പറഞ്ഞുതുടങ്ങുന്നു. ''ടിക് ടോക്കിൽ വീഡിയോ ഒക്കെ ചെയ്ത് നന്നായി വരുന്ന സമയത്ത് ടിക് ടോക് ബാൻ ആയിപ്പോയി. അങ്ങനെ നമ്മുടെ കഴിവുകൾ പുറത്തെടുക്കാൻ ഒരു മാധ്യമം ഇല്ലാതിരിക്കുമ്പോഴാണ് പെട്ടെന്ന് ഇൻസ്റ്റ​ഗ്രാം വരുന്നത്.അങ്ങനെ ഇന്‍സ്റ്റയില്‍ റീല്‍സ് ചെയ്തു തുടങ്ങി. ആദ്യമൊന്നും ഫോളോവേഴ്സോ റീച്ചോ ഒന്നും ഉണ്ടായിരുന്നില്ല. നൂറിൽ താഴെ മാത്രമേ റീച്ച് കിട്ടുമായിരുന്നുള്ളൂ. അതുകൊണ്ടൊക്കെ അതങ്ങ് വേണ്ടാന്ന് വെച്ചതായിരുന്നു. കാരണം നൂറിൽ കൂടുതൽ ആൾക്കാർ കാണുന്നില്ല. പക്ഷേ പെട്ടെന്നൊരു ദിവസം ഒരു വീഡിയോക്ക് നല്ല റീച്ച് കിട്ടി. അതുപോലെ ഫോളോവേഴ്സും കൂടി.'' ഇന്ന് രണ്ടരലക്ഷത്തോളം ഫോളോവേഴ്സുണ്ട് സൗമ്യയുടെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിന്. ദിനംപ്രതി ഫോളോവേഴ്സ് കൂടുന്നതല്ലാതെ ആരും വിട്ടുപോകുന്നില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soumya Vs (@soumya.vs.77)

വൻ​ഹിറ്റായ 'കൽക്കണ്ടം ചുണ്ടിലേ'ക്ക് വരാം. ''ദോശ കഴിച്ചു കൊണ്ടിരുന്നപ്പോൾ ചെയ്ത വീഡിയോ ആണത്. ഇത്രയും വൈറലാകുമെന്നൊന്നും അന്ന് കരുതിയില്ല. രാവിലെ ദോശ പതിയെപതിയെ കഴിച്ചു കൊണ്ടിരുന്നപ്പോൾ ഈ പാട്ട് ഓർമ്മ വന്നു. അപ്പോൾ എനിക്ക് സാധാരണയുള്ള എക്സ്പ്രഷൻസ് ഒക്കെ വെച്ച് ഒരു വീഡിയോ ചെയ്തു. എന്റെ അമ്മ  അടുത്തിരുന്ന് പറയുന്നുണ്ടായിരുന്നു, 'എന്തുവാ ഇരുന്ന് കോപ്രായം കാണിക്കുന്നെ' എന്ന്. പക്ഷേ അത് വൻഹിറ്റായിട്ട് ഒരുപാട് പേരിലേക്ക് എത്തിച്ചേർന്നു. അതിൽ ഭയങ്കര സന്തോഷം. മറ്റൊരു സന്തോഷം അതോടെയാണ് എക്സ്പ്രഷൻ ക്വീൻ എന്നൊരു വിളി വന്നത്. അത് ഇരട്ടി സന്തോഷം.'' സൗമ്യയുടെ റീൽസെല്ലാം ഇങ്ങനെ തന്നെയാണ്.  അപ്പപ്പോൾ തോന്നുന്ന പാട്ടും എക്സ്പ്രഷൻസുമൊക്കെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soumya Vs (@soumya.vs.77)

ചുരുക്കിപ്പറഞ്ഞാൽ, ദോശ കഴിച്ചും വാഴക്കുല വെട്ടിയും വീട് അടിച്ചുവാരാൻ ചൂലെടുത്തും മമ്മട്ടിയെടുത്തും സൗമ്യ റീൽസിൽ ആറാടുകയാണ്. 'ഓവർ എക്സ്പ്രഷിനിട്ട് ആൾക്കാരെ വെറുപ്പിക്കരുതല്ലോ' എന്നും സൗമ്യ പറയുന്നു. ചിരിപ്പിക്കാനും ചിരിക്കാനും മാത്രമല്ല റൊമാൻസും ഇമോഷണലുമായ റീൽസ് ചെയ്യാനും സൗമ്യക്ക് ഇഷ്ടമാണ്. ''ജയ് ഭീം സിനിമയിലെ ലിജോമോള്‍ കഥാപാത്രത്തിന്‍റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണീരിന് വേണ്ടിയൊന്നും ചെയ്തില്ല. കണ്ണീന്ന് താനേ വരുവായിരുന്നു. ആ കഥാപാത്രത്തെ ഓര്‍ത്തപ്പോള്‍ തന്നെ കരച്ചില്‍ വന്നു.'' കോമഡി ചെയ്താൽ മതിയെന്നാണ് ആരാധകരുടെ അഭിപ്രായമെന്നും സൗമ്യ ചിരിയോടെ കൂട്ടിച്ചേർക്കുന്നു. 

''ഒരു പ്രോപ്പർട്ടി വെച്ച് വീഡിയോ ചെയ്താലോ എന്ന് ആലോചിക്കുമ്പോൾ തന്നെ ആ പാട്ട് എന്റെ മനസ്സിലെത്തും. അതെങ്ങനെയെന്നൊന്നും പറയാൻ അറിയില്ല. അതുപോലെ തന്നെ ഒരു ദിവസം രാവിലെ എഴുന്നേറ്റ് വന്നപ്പോൾ തെങ്ങിന്റെ ഓല മുറ്റത്ത്. ഇത് വെച്ചൊരു റീൽ ചെയ്യണമല്ലോന്ന് മനസ്സിൽ വിചാരിച്ച് ഫോണെടുത്ത് സ്ക്രോൾ ചെയ്തതും അപ്പോള്‍ തന്നെ പാട്ട് കിട്ടി.'' വാഴക്കുലയും ഓലയും വീഡിയോയിൽ താരമായതും വൈറലായതും ഇങ്ങനെയെന്ന് സൗമ്യയുടെ വിശദീകരണം. 

അമ്മ ലളിതയും ചേച്ചി ശാലിനിയും നന്നായി പാടും. പാട്ടിനോട് ഇഷ്ടം വന്ന വഴി ഇതാണ്. നിശാ​ഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മഞ്ജുവാര്യരുടെ മുന്നിൽ വെച്ച് ശബ്ദം അനുകരിക്കാൻ അവസരം ലഭിച്ചതും മഞ്ജു കെട്ടിപ്പിടിച്ചതും അഭിനന്ദിച്ചതും ജീവിതത്തിലെ മറക്കാനാവാത്ത ഏറ്റവും സന്തോഷിച്ച നിമിഷങ്ങളാണെന്നും സൌമ്യ.. ''എനിക്കേറ്റവും ആരാധനയുള്ള വ്യക്തിയാണ് മഞ്ജുചേച്ചി.''

അതുപോലെ തന്നെ സൗമ്യ, രജ്ഞിനി ഹരിദാസിന്റെ ശബ്ദം അനുകരിച്ചതും വൈറലായിരുന്നു. ''ഞാൻ പാട്ടിനെ മോശപ്പെടുത്തുകയോ വരികളെ മോശമാക്കുകയോ ചെയ്യുന്നില്ല. എന്റേതായ രീതിയിൽ എക്സ്പ്രഷൻ  കൊടുത്ത് ചെയ്യുന്നു എന്ന് മാത്രമേയുള്ളൂ. എല്ലാക്കാര്യങ്ങളിലും നല്ലതും ചീത്തയും പറയുന്നവരുണ്ട്.'' വിമർശനങ്ങളെക്കുറിച്ച് കൂടുതൽ ചിന്തിക്കാറില്ലെന്നാണ് സൗമ്യയുടെ വിശദീകരണം. 

interview with  viral star in instagram soumya

ഫിൽട്ടറോ എഡിറ്റിം​ഗോ ഇല്ലാതെയാണ് സൗമ്യയുടെ ഓരോ വീഡിയോസും കാഴ്ചക്കാരിലേക്കെത്തുന്നത്. ''ഞാൻ കറുപ്പാണ്. നമ്മൾ ഉള്ളതിനേക്കാൾ ഭം​ഗിയായി കാണാനല്ലേ ഫിൽട്ടറൊക്കെ ഇടുന്നത്. നമ്മുടെ ശരിക്കുള്ള രൂപത്തിൽ നമ്മൾ പുറത്തിറങ്ങുമ്പോൾ ആ പോകുന്നത് സൗമ്യയാണ് എന്ന് എല്ലാവരും പെട്ടെന്ന് തിരിച്ചറിയും. ഞാൻ ട്രെയിനിലും ബസിലും പോകുന്ന സമയത്ത് സൗമ്യ ചേച്ചിയാണോ എന്ന് ചോദിക്കുന്നവരുണ്ട്. ഞാൻ ഫിൽട്ടറിട്ട് വെളുപ്പിച്ചിരുന്നെങ്കിൽ, അയ്യോ ആ ചേച്ചി വെളുത്തിട്ടല്ലേ, ഇപ്പോ കണ്ടോ എന്നൊക്കെ ചോദിക്കും. എനിക്കത് വേണ്ട. എന്റെ ശരിക്കുള്ള രൂപത്തിൽ  തന്നെ ആളുകൾ എന്നെ കണ്ടാൽ മതി.'' 'ഈ ഫോണിൽ ഫിൽട്ടർ വർക്കാകില്ലേ ചേച്ചീ' എന്നൊക്കെ ചോദിക്കുന്നവരുണ്ടെന്നും സൗമ്യയുടെ ചിരിയോടെ കൂട്ടിച്ചേർത്തു.. 

പാട്ട് ഇഷ്ടമാണ്, പക്ഷേ വരികൾ ഓർത്തിരിക്കില്ലെന്നും സൗമ്യ. അമ്മയും ചേച്ചിയും സൈനികനായ ഭർത്താവ് ദിലീപും ആറാംക്ലാസ് വിദ്യാർത്ഥിനിയായ മകൾ ദിലാരയും ​മകൻ രണ്ടാം ക്ലാസുകാരൻ ദിൽഷും കട്ട സപ്പോർട്ടുമായി കൂടെയുണ്ട്. ഭർത്താവ് ദിലീപ് എല്ലാ വീഡിയോയും കാണുകയും അഭിപ്രായം പറയുകയും ചെയ്യും. മക്കൾക്ക് പക്ഷേ വീഡിയോയ്ക്ക് മുന്നിൽ വരാൻ മടിയാണ്. അതുപോലെ വീഡിയോയിൽ എഡിറ്റിം​ഗൊന്നും ചെയ്യാറില്ല. അതേപടി അപ്‍ലോഡ് ചെയ്യുകയാണ് പതിവെന്നും സൗമ്യ പറയുന്നു.  സൗമ്യയുടെ ഭാഷയിൽ പറഞ്ഞാൽ, 'എവിടെയെങ്കിലും ചാരിവെച്ച് വീഡിയോ എടുക്കും. എന്നിട്ടത് നേരെ ഇൻസ്റ്റയിലേക്ക് പോസ്റ്റ് ചെയ്യും.' 

തിരുവല്ല മാർ അത്തനേഷ്യസിൽ നിന്നും എംഎസ്‍സി ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട് സൗമ്യ. പുതിയൊരു വെബ്സീരിസിലേക്കുള്ള ഓഡീഷൻ പൂർത്തിയായിക്കഴിഞ്ഞു. ഫലം അനുകൂലമാണെങ്കിൽ ആരാധകർക്ക് സൗമ്യയെ വെബ്സീരിസിൽ കാണാം. ഒപ്പം സിനിമയാണ് ലക്ഷ്യമെന്നും നല്ല കഥാപാത്രങ്ങളെയാണ് ആ​ഗ്രഹിക്കുന്നതെന്നും സൗമ്യ. 
 

Follow Us:
Download App:
  • android
  • ios