Asianet News MalayalamAsianet News Malayalam

Jagathy Sreekumar birthday : 'സിബിഐ 5'ലൂടെ ജഗതി തിരിച്ചുവരുമോ? കാത്തിരിപ്പില്‍ ആരാധകര്‍

ജഗതിയുടെ സിനിമയിലെ അസാന്നിധ്യത്തിന് പത്ത് വര്‍ഷം

jagathy sreekumar birthday cbi 5 mammootty k madhu sn swamy
Author
Thiruvananthapuram, First Published Jan 5, 2022, 11:33 AM IST
  • Facebook
  • Twitter
  • Whatsapp

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് (Jagathy Sreekumar) ഇന്ന് 71-ാം പിറന്നാള്‍. 2012 മാര്‍ച്ചില്‍ സംഭവിച്ച വാഹനാപകടത്തിനു ശേഷം സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണെങ്കിലും അസാന്നിധ്യം കൊണ്ട് മലയാളസിനിമയില്‍ തന്നെ അടയാളപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഈ അതുല്യ നടന്‍. ജഗതി ചെയ്‍തുവെച്ച അനേകം കഥാപാത്രങ്ങള്‍ നേടിയ ജനപ്രീതി തന്നെ അതിനു കാരണം. പ്രിയനടന്‍റെ അനാരോഗ്യത്തെക്കുറിച്ച് ബോധ്യമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രതിഭയോടുള്ള ആരാധനയാല്‍ ഒരു തിരിച്ചുവരവിനുവേണ്ടിയുള്ള കാത്തിരിപ്പുണ്ട് സിനിമാപ്രേമികള്‍ക്കിടയില്‍. അത്തരമൊരു വാര്‍ത്ത വന്നേക്കുമെന്നുള്ള പ്രതീക്ഷയിലാണ് ജഗതി ശ്രീകുമാറിന്‍റെ 71-ാം പിറന്നാള്‍ ദിനം കടന്നുവരുന്നത്.

അഭിനയകലയില്‍ നിന്ന് ഏഴ് വര്‍ഷം വിട്ടുനിന്നതിനു ശേഷം ഒരു പരസ്യചിത്രത്തിലൂടെ ജഗതി ക്യാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തിയിരുന്നു. സില്‍വര്‍ സ്റ്റോം വാട്ടര്‍ തീം പാര്‍ക്കിന്‍റെ പരസ്യചിത്രമായിരുന്നു ഇത്. ജഗതി ശ്രീകുമാര്‍ എന്‍റര്‍ടെയ്‍ന്‍‍മെന്‍റ്സിന്‍റെ ബാനറില്‍ ജഗതിയുടെ മകന്‍ രാജ് കുമാര്‍ ആയിരുന്നു ഈ ആഡ് ഫിലിമിന്‍റെ നിര്‍മ്മാണം. മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് 2019 മെയ് മാസത്തിലാണ് ഇത് പ്രകാശനം ചെയ്‍തത്. പിന്നാലെ ചില സിനിമകളിലും ജഗതി അഭിനയിക്കുന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ശരത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'കബീറിന്‍റെ ദിവസങ്ങള്‍', കുഞ്ഞുമോന്‍ താഹ സംവിധാനം ചെയ്യുന്ന 'തീ മഴ തേന്‍ മഴ' എന്നിവയായിരുന്നു അത്. എന്നാല്‍ ജനപ്രീതി നേടിയ ഒരു ജഗതി കഥാപാത്രത്തെ വീണ്ടും സ്ക്രീനില്‍ കാണാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 'സിബിഐ' സിരീസിലെ വിക്രം എന്ന കഥാപാത്രമായി ജഗതി വീണ്ടും എത്തുമോ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന അന്വേഷണം.

jagathy sreekumar birthday cbi 5 mammootty k madhu sn swamy

 

മമ്മൂട്ടി സേതുരാമയ്യരായി എത്തുന്ന സിബിഐ സിരീസിലെ അഞ്ചാം ചിത്രത്തിന്‍റെ (CBI 5) ഷൂട്ടിംഗ് നിലവില്‍ പുരോഗമിക്കുകയാണ്. സിരീസിലെ ആദ്യ നാല് ഭാഗങ്ങളിലും സേതുരാമയ്യരുടെ അന്വേഷണ സംഘാംഗമായി ജഗതി ഉണ്ടായിരുന്നു. വിക്രം എന്ന കഥാപാത്രം ജഗതി അവതരിപ്പിച്ചവയില്‍ വ്യത്യസ്‍തമായ ഒന്നുമായിരുന്നു. സിബിഐ 5ല്‍ ജഗതി ഉണ്ടാവും എന്ന തരത്തില്‍ ആഴ്ചകള്‍ക്കു മുന്‍പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ചിത്രത്തിലെ ജഗതിയുടെ സാന്നിധ്യത്തിന് സിബിഐ 5 ടീമിന് പൂര്‍ണ്ണ യോജിപ്പാണെങ്കിലും ആ കഥാപാത്രത്തെ എത്തരത്തില്‍ പ്ലേസ് ചെയ്യണം എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല എന്നാണ് ഇത് സംബന്ധിച്ച് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം. ജഗതി ചിത്രത്തില്‍ ഉണ്ടാവുന്നപക്ഷം വൈകാതെ ഔദ്യോഗിക സ്ഥിരീകരണം വന്നേക്കും. 

2012 മാര്‍ച്ചില്‍ മലപ്പുറം തേഞ്ഞിപ്പാലത്ത് വച്ചുണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജഗതി അഭിനയരംഗത്തുനിന്ന് പിന്‍വാങ്ങിയത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. അന്നുതൊട്ടിന്നോളം പ്രിയനടന്‍റെ ബിഗ് സ്ക്രീനിലേക്കുള്ള മടങ്ങിവരവിനുവേണ്ടിയുള്ള കാത്തിപ്പിലാണ് സിനിമാപ്രേമികള്‍. 

Follow Us:
Download App:
  • android
  • ios