വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ട് മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ ഭാവനയും ക്യാമറയും ചലിപ്പിപ്പിച്ചുകൊണ്ടുള്ള കിം കി ഡുക്കിന്റെ ദൃശ്യഭാഷ കാണികളെ സര്‍ഗാത്മകമായി ഉലച്ചു- എം ആര്‍ രേണുകുമാര്‍ എഴുതുന്നു.

എന്റെ ലോക സിനിമാനുഭവം ഏതാണ്ട് പൂര്‍ണ്ണമായും ബന്ധപ്പെട്ടുകിടക്കുന്നത് ഐ.എഫ്.എഫ്.കെയുമായാണ്. അതിനുമുമ്പ് ഞാന്‍ ചാര്‍ലി ചാപ്ലിന്റെയും ലൂയി ബുനുവലിന്റെയും സിനിമകളും ക്ലൂഷേവിന്റെയും ട്രാന്‍ ആങ് ഹങിന്റെയും ഓരോ സിനിമകള്‍ മാത്രമാണ് കണ്ടിട്ടുള്ളത്. 2002 ലെ എഴാമത്തെ ഫെസ്റ്റിവല്‍ മുതലാണ് ഞാന്‍ മേളയില്‍ പങ്കെടുത്ത് തുടങ്ങുന്നത്. കഴിയുമെങ്കില്‍ ദിവസവും അഞ്ചുസിനിമകള്‍ കാണുക എന്നതായിരുന്ന ആദ്യകാലങ്ങളിലെ എന്റെ രീതി. ഏതോ ഒരു വര്‍ഷം ഞാന്‍ മുപ്പതിലധികം സിനിമകള്‍വരെ കണ്ടു. സിനിമ മുടക്കിയുള്ള പടവുകളിലിരിക്കല്‍, കള്ളുകുടി, ഓപ്പണ്‍ ഫോറം തുടങ്ങിയ 'ഫില്ലറുകള്‍' ആദ്യകാലത്ത് ഞാന്‍ പരമാവധി ഒഴിവാക്കിയിരുന്നു. അവിശ്വാസിയുടെ 'മണ്ഡലകാല' മായാണ് പലരെയും പോലെ ഐ.എഫ്.എഫ്.കെ കാലത്തെ ഞാനും കണ്ടിരുന്നത്. കാഷ്വല്‍ ലീവുകള്‍ ഡിസംബറിലേക്ക് കരുതിവെച്ചും, പണയംവെച്ചും കടംവാങ്ങിച്ചും ഫെസ്റ്റിവല്‍ ചെലവിന് കാശുണ്ടാക്കിയും അത്യാവശ്യം കഷ്ടപ്പെട്ടുതന്നെയാണ് ഫെസ്റ്റിവലുകളില്‍ ഞാന്‍ പങ്കെടുത്തിരുന്നത്.

2002 മുതലുള്ള മിക്കവാറും ഫെസ്റ്റിവലുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ചിലതൊക്കെ ഇടയ്ക്കുവെച്ച് മതിയാക്കേണ്ടിവന്നിട്ടുണ്ട്. കുഞ്ഞുണ്ണി തീരെ കുഞ്ഞായിരുന്ന കാലത്ത് ഞാനും രേഖയും ദിവസങ്ങള്‍ പങ്കിട്ടാണ് സിനിമകള്‍ കണ്ടിരുന്നത്. ഇത്രയും കാലത്തിനുള്ളില്‍ ഇരുനൂറ്റിയമ്പതിലധികം സിനിമയെങ്കിലും ഞാന്‍ കണ്ടിട്ടുണ്ടാവും. ഇതില്‍ കുറെയെണ്ണമെങ്കിലും മറവിയുടെ വലക്കണ്ണിയിലൂടെ ഊര്‍ന്നുപോകാതെ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും മനസില്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ട്. 2002 ലെ ഫെസ്റ്റിവലില്‍ കണ്ട ഇറാനിയന്‍ ചിത്രമായ മജീദ് മജീദിയുടെ 'ബറാനും', ചൈനീസ് ചിത്രമായ വാങ്ങ് ഷാവോയുടെ 'ഓര്‍ഫന്‍ ഓഫ് അന്യാങും' ഇപ്പോഴുമെന്നെ പിന്‍തുടരുന്ന ചിത്രങ്ങളാണ്. 'ആരോരുമില്ലാത്തവരുടെ അയല്‍ക്കാരനാണ് ദൈവം' എന്ന ബറാനിലെ ഒരു വാചകം അതിന് തെളിവാണ്. ലൈംഗികത്തൊഴിലാളിയായ സ്ത്രീയുടെ കൈക്കുഞ്ഞിന്റെ സംരക്ഷണച്ചുമതല തികച്ചും ആകസ്മിക സാഹചര്യത്തില്‍ ഏറ്റെടുക്കേണ്ടിവന്ന അന്യാങ് നഗരത്തിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ പലായനവും അതിജീവനവും പകര്‍ത്തിയ ഈ സിനിമയ്ക്കായിരുന്നു അക്കൊല്ലത്തെ സുവര്‍ണചകോരം.

2003 ലെ മികച്ച ദൃശ്യാനുഭവമായിരുന്നു Andrey Zvyagintsev ന്റെ 'ദി റിട്ടേണ്‍' എന്ന റഷ്യന്‍ സിനിമ. അപരിചിതനായ പിതാവിനൊപ്പം യാത്ര പോകുമ്പോള്‍ ഉണ്ടാകുന്ന കുഴമറിച്ചിലുകള്‍ക്കിടയില്‍ ആകസ്‍മികമായി കുട്ടികളിലൊരാള്‍ മരിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. അനന്യമായ കലാപരപരതയാലും വൈകാരികതയാലും മിഴിവാര്‍ന്ന 'റിട്ടേണി'ന്റെ സിനുകള്‍ ഇപ്പോഴും മനസില്‍ ഓളം വെട്ടുന്നുണ്ട്. വര്‍ഷങ്ങള്‍ക്കുശേഷം ആന്ദ്രെയുടെ 'ലവ് ലെസ്' ഗോവയില്‍വെച്ച് കണ്ടപ്പോഴും 'റിട്ടേണി'ന്റെ വിങ്ങല്‍ മാറിയിരുന്നില്ല. കാണാതായ പിതാവിനെ തിരഞ്ഞുപുറപ്പെടുന്ന രണ്ട് ആണ്‍കുട്ടികളുടെ കഥ പറയുന്ന മഹമ്മദ് സാലെ ഹാറൂണിന്റെ ചാഡിയന്‍ ചിത്രമായ 'എബോണ' യായിരുന്നു മേളയിലെ മറ്റൊരു മികച്ച ചിത്രം. തങ്ങള്‍ അവിചാരിതമായി കാണുന്ന സിനിമയില്‍ പിതാവിന്റെ രൂപസാദൃശ്യമുള്ള ഒരു നടനെ കണ്ടതിനെ തുടര്‍ന്ന് രാത്രിയില്‍ കൊട്ടകയില്‍ രഹസ്യമായി കയറി ഫിലിം ചുരുളുകള്‍ പരിശോധിക്കുന്ന കുട്ടികളുടെ സീന്‍ ഒരുകാലത്തും മറക്കുകയില്ല. ഇന്‍ഡോനേഷ്യന്‍ സംവിധായികയായ ബിയോള തക് ബെര്‍ദവായിയുടെ 'സ്ട്രിംഗലെസ് വയലിന്‍', ഫിലിപ്പെന്‍സ് ചിത്രമായ മരിയോ ജെ ഡെലോസ് റീവ്സിന്റെ 'മാഗ്നിഫിഷ്യോ', ചൈനീസ്-ഓസ്ട്രിയന്‍ സിനിമയായ ഹൂമേയിയുടെ 'ഓണ്‍ ദ അദര്‍ സൈഡ് ഓഫ് ദ ബ്രഡ്ജ്' എന്നിവയായിരുന്നു എന്റെ ഇതര പ്രിയചിത്രങ്ങള്‍.

2004 ല്‍ എന്നെ കടപുഴക്കിയ സിനിമ വെര്‍ണര്‍ ഹെര്‍സോഗിന്റെ 'കോബ്രാ വെര്‍ദി'യായിരുന്നു. സിനിമയില്‍ അടിമവ്യാപാരിയായിവന്ന് ക്ലോസ് കിന്‍സ്കി സൃഷ്ടിച്ച മായാജാലങ്ങള്‍ ഇപ്പോഴുമുള്ളില്‍ പൊട്ടിച്ചിതറുന്നുണ്ട്. മനുഷ്യനെക്കാളധികം പട്ടിയോട് രൂപസാദൃശ്യമുള്ള ഒരു മനുഷ്യനെ ഈ സിനിമയില്‍, കടല്‍ത്തീരത്ത്, നാലുകാലില്‍ കണ്ടതും നടുക്കത്തോടെ ഓര്‍ക്കുന്നു. ഷെന്‍ വെന്‍ ഷെങ്ങ് സംവിധാനം ചെയ്ത ചൈനീസ് ചിത്രം 'എന്‍ഡ്ലെസ് വെ' ആയിരുന്നു മനസിനെ പിടിച്ചുലച്ച മറ്റൊരു സിനിമ. ഇരുണ്ടതും അഗാധവുമായ കിണറിനുള്ളില്‍നിന്ന് തലയില്‍ വെള്ളംനിറച്ച കുടങ്ങളുമായി, വരിവരിയായി വഴുക്കുന്ന കുത്തുകല്ലുകള്‍ കയറിവരുന്ന സ്ത്രീകളുടെ ചിത്രം മനസിലിപ്പോഴും മായതെ കിടപ്പുണ്ട്.

2005 ലാണ് കീം കി ഡുക് എന്ന കൊറിയന്‍ ചലച്ചിത്രകാരന്‍ മേളയുടെ ശ്രദ്ധാകേന്ദ്രമാകുന്നത്. വ്യത്യസ്തവും പലപ്പോഴും വിചിത്രവുമായ വിഷയങ്ങള്‍ സ്വീകരിച്ചുകൊണ്ട് മറ്റാരും സഞ്ചരിക്കാത്ത വഴിയിലൂടെ ഭാവനയും ക്യാമറയും ചലിപ്പിപ്പിച്ചുകൊണ്ടുള്ള ഡുക്കിന്റെ ദൃശ്യഭാഷ കാണികളെ സര്‍ഗാത്മകമായി ഉലച്ചു. സ്പ്രിംഗ് സമ്മര്‍ ഫാള്‍ വിന്റര്‍ സ്പ്രിംഗ്, ത്രീ അയണ്‍, സമാരിറ്റന്‍ ഗേള്‍ ദി കോസ്റ്റ് ഗാഡ് തുടങ്ങിയ സിനിമകളിലൂടെ ഡുക് മേള ഇളക്കിമറിച്ചു. അക്കൊല്ലം ഞാന്‍ കിം കി ഡുക്കില്‍ മുങ്ങിപ്പോയി എന്ന് പറയാവുന്നതാണ്. തുടര്‍ വര്‍ഷങ്ങളിലും മുടങ്ങാതെ ഡുക്കിന്റെ സിനിമകള്‍ വന്നു, പുറകെ സംവിധായകന്‍ നേരിട്ടും. അതോടെ ഒരു മലയാളി സംവിധായകനെപ്പോലെ ഡുക് മേളയുടെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

2006 ലെ എന്റെ പ്രിയപ്പെട്ടവ ഫ്രാന്‍സിസ്കോ വര്‍ഗാസിന്റെ മെക്സിക്കന്‍ സിനിമ 'ദി വയലിനും', മരിയോണ്‍ ഹാന്‍സെലിന്റെ 'സൗണ്ട് ഓഫ് സാന്‍ഡ്' എന്ന ഫ്രഞ്ച് സിനിമയുമായിരുന്നു. ചോര പനിക്കുന്ന ബാന്‍ഡേജിട്ട വിരലുകളാല്‍ ചെറുത്തുനില്‍പ്പിന്റെ സ്ട്രിംങ്ങ് വായിക്കുന്ന 'വയലിനി'ലെ അപ്പൂപ്പനെയും, വെടികൊള്ളുന്നതിനുമുമ്പ് നെഞ്ചുപൊത്തി അപ്പനെയും അതുവഴി നമ്മളെയും ഉറ്റുനോക്കുന്ന 'സൗണ്ട് ഓഫ് സാന്‍ഡി'ലെ കുട്ടിയെയും മറന്നിട്ടില്ല. സൗത്ത് ആഫ്രിക്കന്‍ പാക്കേജില്‍ ഉള്‍പ്പെട്ട ഡാരെല്‍ ജെയിംസ് റൂഡ്ത്തിന്റെ 'സറഫിന'യും 'യെസ്റ്റര്‍ഡെ' യുമായിരുന്നു മറ്റ് രണ്ട് പ്രിയ ചിത്രങ്ങള്‍.

2007 ല്‍ എന്റെ മനം കവര്‍ന്നത് ലൂസിയ പ്യൂന്‍സോയുടെ അര്‍ജന്റീനിയന്‍ ചിത്രമായ 'എക്സ് എക്സ് വൈ' ആയിരുന്നു. ജൈവിക ലിംഗാവസ്ഥയുമായി മാനസികമായി പൊരുത്തപ്പെടാനാവാത്ത ലൈംഗികാഭിമുഖ്യം പുലര്‍ത്തുന്ന പതിനാലു'കാരി'യുടെയും അവളുടെ പിതാവിന്റെയും സങ്കീര്‍ണമായ സാമൂഹ്യജീവിതമായിരുന്നു സിനിമയുടെ പ്രമേയം. കാമുകന് തന്നോടുള്ള താല്‍പ്പര്യം കുറയുന്നതായി തോന്നിത്തുടങ്ങിയ കാമുകി കോസ്മെറ്റിക് സര്‍ജറിയിലൂടെ സുന്ദരിയാകാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസസങ്ങളുമായിരുന്നു അക്കൊല്ലത്തെ മറ്റൊരു ശ്രദ്ധേയ സിനിമ യായിരുന്ന കിം കി ഡുക്കിന്റെ 'ടൈം' പങ്കുവെച്ചത്.

2008 ല്‍ എന്നെ മുഴുവനായ് വിഴുങ്ങിയത് തുര്‍ക്കിയില്‍ നിന്നുള്ള നൂറി ബില്‍ഗെ സെയ്ലാന്റെ 'ത്രീ മങ്കീസ്' എന്ന സിനിമയായിരുന്നു. അച്ഛന്‍ ജയിലായിരിക്കെ അമ്മയുടെ രഹസ്യവേഴ്ച കാണേണ്ടിവരുന്ന മകന്റെയും, രഹസ്യക്കാരനെ വകവരുത്തിയ മകനെ രക്ഷപെടുത്താന്‍ ശ്രമിക്കുന്ന പിതാവിന്റെയും, സാഹചര്യങ്ങളുടെയും കാമനകളുടെയും ചതുപ്പില്‍പ്പെട്ട് ഭര്‍ത്താവിന്റെയും മകന്റെയും വെറുപ്പിനും മര്‍ദ്ദനത്തിനും ഇരയാകേണ്ടിവരുന്ന സ്ത്രീയുടെയും അന്ത:സംഘര്‍ഷങ്ങള്‍ ചേര്‍ത്തുപടുത്ത 'ത്രീ മങ്കീസ്' ഏറെക്കാലം എന്റെ മനസിന്റെ സ്വാസ്ഥ്യം കെടുത്തിയിരുന്നു. ഈ സിനിമയോടെ സെയ്ലാന്‍ എന്റെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളായി മാറുകയുണ്ടായി.

2009 ലെ മേളയില്‍നിന്ന് കൂടെക്കൂടിയ സിനിമ കിം കി ഡുക്കിന്റെ 'ഡ്രീം' ആയിരുന്നു. ആരെയും പറഞ്ഞ് ബോധ്യപ്പെടുത്താനാവാത്തവിധം സ്വപ്നവഴികളില്‍ തമ്മില്‍ കൊരുത്ത ഒരാണിന്റെയും പെണ്ണിന്റെയും കഥയായിരുന്നു ഡ്രീംസ്. ഒരാള്‍ സ്വപ്നം കാണുന്ന അതേനേരത്ത് മറ്റൊരാള്‍ ഉറക്കത്തിലറിയാതെ ആ സ്വപ്നം നടപ്പിലാക്കുന്നു. ഉറക്കത്തില്‍ അറിയാതെ കൃത്യം ചെയ്ത ആളാണോ, കൃത്യം സ്വപ്നം കണ്ടയാളാണോ കൃത്യത്തിന്റെ യാഥാര്‍ത്ഥ ഉത്തരവാദി എന്നൊരു ചോദ്യത്തെ സിനിമ മുമ്പോട്ടുവെക്കുന്നു. ടുണീഷ്യന്‍ സംവിധായിക രാജ അമരിയുടെ 'ബറീഡ് സീക്രട്സ്', അപര്‍ണ സെന്നിന്റെ 'ജാപ്പനീസ് വൈഫ്' എന്നിവയായിരുന്നു ഈ വര്‍ഷം എന്റെ ശ്രദ്ധയാകര്‍ഷിച്ച മറ്റുസിനിമകള്‍.

2010 ല്‍ എന്നെ ആകര്‍ഷിച്ചത് സോട്ടിഗുയി കൊയാതെ യുടെ അഭിനയപാടവത്താല്‍ ശ്രദ്ധേയമായ, ഫ്രാന്‍കോ-അള്‍ജീരിയന്‍ സംവിധായകന്‍ റാച്ചിഡ് ബൗച്ചാരെബിന്റെ 'ലണ്ടന്‍ റിവര്‍', 'ലിറ്റില്‍ സെനഗല്‍' എന്നീ സിനിമകളായിരുന്നു. നിരവധിപ്പേര്‍ കൊല്ലപ്പെട്ട ബോംബ് സ്ഫോടനത്തെതുടര്‍ന്ന് കാണാതായ തങ്ങളുടെ മക്കളെത്തേടുന്ന ഒരു വെള്ളക്കാരിയുടെയും കറുത്തവര്‍ഗ്ഗക്കാരെന്റയും ഒരുമിച്ചുള്ള യാത്രയായിരുന്നു 'ലണ്ടന്‍ റിവര്‍' പ്രമേയവല്‍ക്കരിച്ചത്. നൂറ്റാണ്ടുകള്‍ക്കുമുമ്പ് അടിമക്കച്ചവടത്തിലൂടെ അമേരിക്കയിലേക്ക് കൊണ്ടുപോയ ചെയ്ത തന്റെ പൂര്‍വ്വികരുടെ പിന്‍ഗാമികളെത്തേടി സെനഗലില്‍നിന്നും അമേരിക്കയിലെത്തുന്ന ഒരാളുടെ യാത്രയും അന്വേഷണവുമായിരുന്നു 'ലിറ്റില്‍ സെനഗലി'ന്റെ പ്രേമേയം.

2011 ലെ ഓര്‍മ്മകള്‍ മുഖ്യമായും ചിലിയന്‍ സംവിധായകനായ പാബ്ലോ പെറല്‍മാന്റെ 'പെയിന്റിംഗ് ലെസണ്‍' എന്ന അസാധ്യ സിനിമയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അറുപതുകളിലെ ചിലിയിലെ അസ്ഥിര രാഷ്ട്രീയവും ഭരണകൂടത്തിന്റെ ജനായത്ത വിരുദ്ധ ഇടപെടലുകളും, അസാമാന്യ പ്രതിഭാശാലിയായ, പതിമൂന്ന്‌ വയസുള്ള ഒരു ചിത്രകാരന്‍ വരയ്ക്കുന്ന പെയിന്റിംഗുകളിലൂടെയാണ് സിനിമയിയില്‍ പ്രതിഫലിക്കുന്നത്. കുട്ടിയാണെങ്കിലും, അസാമാന്യ പ്രഹരശേഷിയുള്ള പെയിന്റിംഗുകളുടെ സൃഷ്ടാവിനെ ഭരണകൂടം അതിന്റെ വിവിധ മര്‍ഗ്ഗങ്ങളിലൂടെ തന്ത്രപരമായി ഇല്ലായ്മ ചെയ്യുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഈ സിനിമ. മലയാളികളുടെ പ്രിയങ്കരനായ ക്ലിന്റിനെ ഒരുവേള ഓര്‍മ്മപ്പെടുത്തിയ, 'അഗസ്റ്റോ' എന്ന കുഞ്ഞുചിത്രകാരന്റെ ദുരൂഹമായ തിരോധാനം ഒരു നടുക്കത്തോടെയല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല.

2012 ഞാന്‍ നെഞ്ചോട് ചേര്‍ത്തത് മെക്സിക്കന്‍ സംവിധായിക ലൂസിയ കാരേരാസിന്റെ ആദ്യസിനിമ 'നോസ് വെമോസ് പപ്പ' യും, ഫിലിപ്പെന്‍സ് സംവിധായകന്‍ ഇമ്മാനുവല്‍ ക്വിന്‍ദോ പാലോ യുടെ ആദ്യസിനിമ 'സ്റ്റാനിന' യുമായിരുന്നു. പിതാവുമായി വിവിധനിലകളില്‍ ഇഴപാകിയിരുന്ന അതിവൈകാരികബന്ധങ്ങള്‍, അദ്ദേഹത്തിന്റെ വേര്‍പാടോടെ മറ്റൊരു ഏകാന്തലോകത്തേക്ക് വിവര്‍ത്തനം ചെയ്തുകൊണ്ട് ഇരുണ്ടമുറിക്കുള്ളില്‍ കഴിഞ്ഞുകൂടുന്ന ഒരു മകളുടെ വിഭ്രമാത്കജീവിതമാണ് 'നോസ് വെമോസ് പപ്പ' അഥവാ 'സീ യു ഡാഡ്' പറഞ്ഞത്. അഗ്നിപര്‍വ്വതം ഉരുകിയൊലിച്ചുണ്ടായ മണ്ണില്‍നിന്നും രണ്ടുവയസുള്ള മകളുടെ മൃതശരീരം യാതൊരു കേടുപാടുമില്ലാതെ വര്‍ഷങ്ങള്‍ക്കുശേഷം ഒരാള്‍ക്ക് കിട്ടുന്നതും, അത്ഭുതവാര്‍ത്ത അത്ഭുതസിദ്ധികള്‍ക്കും രോഗശാന്തിക്കും മറ്റും വഴിമാറുന്നും, തുടര്‍ന്നുണ്ടാകുന്ന കുഴമറിച്ചിലും ചിത്രീകരിച്ച ഗംഭീരസിനിമയായിരുന്നു 'സ്റ്റാ നിന'. ഈ മേളയില്‍ അഭൂതപൂര്‍വമായ ഓളമുണ്ടാക്കിയ, മറ്റൊരു മികച്ച ചിത്രമായിരുന്നു ദീപ മേത്തയുടെ 'മിഡ്നൈറ്റ് ചില്‍ഡ്രന്‍'.

2013 ല്‍ എന്നെ ആകര്‍ഷിച്ച സിനിമകള്‍ നാഗരാജ് മഞ്ജുളയുടെ മറാത്തി ചിത്രം 'ഫാന്‍ഡ്രി', ആസ്ട്രേലിയന്‍ ചിത്രം കിം മോര്‍ഡാന്റെ 'ദ റോക്കറ്റ്', ബംഗ്ലാദേശ് സംവിധായകന്‍ സര്‍വര്‍ ഫറൂക്കിയുടെ ബംഗാളി ചിത്രം 'ടെലിവിഷന്‍', ബംഗാളി സംവിധായകനായ റിതുപര്‍ണഘോഷിന്റെ ഇംഗ്ലീഷ് ചിത്രം 'മെമ്മറീസ് ഇന്‍ ഏപ്രില്‍' എന്നിവയായിരുന്നു. ദേശീയസ്നേഹം അസ്ഥാനത്ത് പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഇന്ത്യയിലെ ദലിതരുടെ സമകാലിക അവസ്ഥയുടെ നേര്‍ചിത്രമായിരുന്നു ഫാന്‍ഡ്രി. ജീവിതകാലം മുഴുവന്‍ പലായനം ചെയ്യപ്പെടേണ്ടിവരുന്ന ഗോത്രസമൂഹത്തില്‍ ഉള്‍പ്പെട്ട ഒരു പത്തുവയസുകാരന്റെ അതിജീവന ശ്രമങ്ങളായിരുന്നു 'റോക്കറ്റി'ന്റെ കാതല്‍. കാലഹരണപ്പെട്ട മതപരമായ വിശ്വാസങ്ങള്‍ സമൂഹത്തില്‍ സൃഷ്ടിക്കുന്ന അലങ്കോലങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച സിനിമയായിരുന്നു ടെലിവിഷന്‍. ദുരന്ത പര്യാവസായിയായ ഗെ പ്രണയത്തിന്റെ വൈകാരിക തലങ്ങകളെ ആഴത്തില്‍ അഭിമുഖീകരിച്ച സിനിമയായിരുന്നു 'മെമ്മറീസ് ഇന്‍ ഏപ്രില്‍'. ഈ മേളയില്‍ ഞാന്‍ ഏറ്റവുമധികം (മുപ്പതിലധികം) സിനിമകള്‍ കണ്ടത്.

2014 ലെ ഞാന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായവ്യവസ്ഥയുടെയും പക്ഷപാതിത്വങ്ങളും വിധ്വംസതകളും പ്രശ്നവല്‍ക്കരിച്ച ചൈതന്യ താംഹാനയുടെ 'കോര്‍ട്ട്' എന്ന മറാത്തി സിനിമയ്ക്കൊപ്പമായിരുന്നു. ഋത്വിക് ഘട്ടക്കിന്റെ അനന്യമായ സാമൂഹ്യജീവിതവും സിനിമ/നാടക ജീവിതവും മുന്‍നിര്‍ത്തി കമലേശ്വര്‍ മുഖര്‍ജി സംവിധാനം ചെയ്ത ബംഗാളി സിനിമ 'മേഘേ ധാക്കാ താര' യായിരുന്നു ഈ മേളയിലെ എന്റെ മറ്റൊരു മികച്ച ചിത്രം. ഇതോടൊപ്പം ജൂലി ജംഗിന്റെ 'എ ഗേള്‍ അറ്റ് മൈ ഡോര്‍' എന്ന കൊറിയന്‍ സിനിമയും, സ്പാനീഷ് ചിത്രമായ ഡിയഗോ ലെര്‍മാന്റെ 'റെഫ്യൂജിയാദോ'യും, അങ്കോളന്‍-പോര്‍ച്ചുഗീസ് സിനിമയായ ജോവാ വിയന്നയുടെ 'ദ ബാറ്റില്‍ ഓഫ് ടൊബാറ്റോ' യും, ക്യൂബന്‍ സംവിധായകനായ ആല്‍ഫ്രെഡോ യുറേറ്റ യുടെ സ്പാനീഷ് ചിത്രമായ 'ദ മോള്‍സ് ഡെന്‍', ജാപ്പനീസ് ചിത്രമായ റിയോട്ടോ നകോന യുടെ 'ക്യാപ്ച്ചറിംഗ് ഡാഡ്' എന്നീ സിനിമകളും പ്രസ്തുതവര്‍ഷം എനിക്ക് മുതല്‍ക്കൂട്ടായി.

2015 ലാണ് 'എക്സൈല്‍സ്' എന്ന അസാധ്യ സിനിമയിലൂടെ ഫ്രഞ്ച് സംവിധായകനായ ടോണി ഗാറ്റ്ലിഫ് നെ ഞാന്‍ പരിചയപ്പെടുന്നത്. അതോടെ ഞാന്‍ ഗാറ്റ്ലിഫ് ന്റെ കട്ട ഫാനായി മാറി. മെക്സിക്കന്‍ സംവിധായകന്‍ സെല്‍സോ ഗാര്‍സിയോ യുടെ 'ദി തിന്‍ യെലോ ലൈന്‍' ആയിരുന്നു മറ്റൊരു ഗംഭീര ചിത്രം. തിരശീലയിലെ മെലിഞ്ഞ മഞ്ഞവരകള്‍ ഒരുമാത്രകൊണ്ട് രക്തത്തുള്ളികളുടെ വരകളായ് മാറുന്ന ആ ആകസ്മിക നിമിഷമുണ്ടാക്കിയ നടുക്കം ഇന്നും ഉളളിലുണ്ട്. അനന്യമായ സംഗീതത്താല്‍ യാരെദ് സെലെകി യുടെ 'ലാമ്പ്'എന്ന എത്യോപ്യന്‍ ചിത്രവും, കറുത്തവരുടെയും തൊട്ടുകുടാത്തവരുടേയും കഥ പറഞ്ഞ മിന്‍ ബഹാദൂര്‍ ബാമിന്‍റെ 'ബ്ളാക് ഹെന്‍' എന്ന നേപ്പാളി സിനിമയും, Audrius Juzenas ന്റെ 'ദി എസ്കേര്‍ഷനിസ്റ്റ്' എന്ന ലിത്വാനിയന്‍ സിനിമയും, Pascale Pouzadoux ന്റെ 'ദി ഫൈനല്‍ ലെസണ്‍' എന്ന ഫ്രഞ്ച് സിനിയുമായിരുന്നു മറ്റ് പ്രിയചിത്രങ്ങള്‍.

2016 ലെ മേളയാവാം ഒരുപക്ഷെ എനിക്ക് ഏറ്റവും കുടുതല്‍ മികച്ച സിനിമകള്‍ സമ്മാനിച്ച മേള. Wladyslaw Strzeminski എന്ന അവാന്ദ്-ഗാദ് ചിത്രകാരന്‍റെ ജീവിതത്തിലെ അസാനകാലഘട്ടം അനാവരണം ചെയ്ത, വിഖ്യാത പോളിഷ് സംവിധായകനായ ആന്ദ്രെ വൈദെയുടെ അവസാന ചിത്രമായ 'ആഫ്റ്റര്‍ ഇമേജ്.

ഞാന്‍ നിങ്ങളുടെ മൃഗീയതയുടെ ഇരയാണെന്ന് പോലീസിനും കോടതിക്കും മുമ്പാകെ വാദിച്ചും സിദ്ധാന്തവല്‍ക്കരിച്ചും സമര്‍ത്ഥിക്കുന്ന ഓള്‍ഗ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ, പീറ്റര്‍ കസ്ദ, തോമസ് വിയിന്‍ റെബ് എന്നിവര്‍ ചേര്‍ന്നെഴുതി സംവിധാനം ചെയ്ത 'ഐ ഓള്‍ഗ ഹെപ്നാറോവ'. ലിജ എന്ന ട്രെയിന്‍ ഡ്രൈവറുടെ ജീവിതത്തിലെ ആകസ്മികവും ദാരുണവുമായ അനുഭവങ്ങളെ എറെക്കുറെ നിസ്സംഗതയോടും, ആന്തരികമായ ഹാസ്യത്തിന്‍റെ അകമ്പടിയോടും കൂടി അവതരിപ്പിച്ച സെര്‍ബിയന്‍ സംവിധായകനായ മിലോസ് റാഡോവിക് ന്‍റെ 'ട്രെയിന്‍ ഡ്രൈവേഴ്സ് ഡയറി'. മനിലയിലെ തെരുവുകളില്‍ ജീവിക്കുന്ന വീടും കൂടുമില്ലാത്തവരുടെ ജീവിതത്തില്‍ ആവര്‍ത്തിച്ചുവരുന്ന ദുരന്തങ്ങളും, അതിജീവനത്തിനായ് അവര്‍ നടത്തുന്ന വലുതും ചെറുതുമായ കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്ത ഫിലിപ്പെന്‍സ് ചിത്രം എഡ്വേര്‍ഡോ യുടെ 'ഓര്‍ഡിനറി പീപ്പിള്‍'. വിവിധ നിലകളില്‍ ഇരകള്‍ ആയിരിക്കുമ്പോഴും തങ്ങളുടേതായ രീതിയില്‍ ആഹ്ളാദകരമായ തെരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ട് പുരുഷാധിപത്യ സമൂഹത്തിന്‍റെ നെഞ്ചില്‍ ആഞ്ഞുതൊഴിക്കുന്ന നാല് പെണ്ണുങ്ങളുടെ കഥ പറഞ്ഞ ലീന യാദവിന്‍റെ 'പാര്‍ച്ചെഡ്'. Almat Galym എന്ന ഒമ്പതുവയസുകാരന്റെ അതുല്യപ്രകടനത്താലും Serik Aprymov ന്‍റെ സംവിധാന മികവിനാലും അലക്സാണ്ടര്‍ റുബാനൊവിന്‍റെ മനോഹരമായ സിനിമറ്റോഗ്രാഫിയാലും ഹൃദയത്തിലേക്ക് അലിഞ്ഞിറങ്ങിയ ഖസാക്കിസ്ഥാന്‍ സിനിമ 'ലിറ്റില്‍ ബ്രദര്‍'. എന്നിവയായിരുന്നു ആ ചിത്രങ്ങള്‍. ഇവയെപ്പറ്റി ഞാന്‍ എഫ്.ബി.യില്‍ ചെറിയ കുറിപ്പുകള്‍ എഴുതുകയും ചെയ്തു.

2017 ലെ സിനിമകളില്‍ ആദ്യം മനസിലേക്കെത്തുന്നത് പതിനേഴാം നൂറ്റാണ്ടിലെ അടിമത്തകാലജീവിതം പകര്‍ത്തിയ ഡാനിയേല തോമസിന്റെ ബ്രസീല്‍-പോര്‍ച്ചുഗല്‍ സിനിമ 'വസാന്തെ' യാണ്. ഒപ്പം അൾജീരിയൻ സംവിധായിക റെയ്ഹാനയുടെ 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്', സംവിധായകന്‍ ഫിലിപ്പി വാന്‍ ലീയൂ വിന്റെ 'ഇന്‍ സിറിയ' എന്നീ സിനിമകളിൽ മുഖ്യവേഷത്തിലെത്തിയ പലസ്തീനിയന്‍ നടി ഹിയാം അബ്ബാസ് ന്റെ അതുല്യ അഭിനയവും. സമകാലിക ഇതിഹാസമായ റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടർ സുഖറോവിനെ അകലെനിന്ന് കാണാന്‍ കഴിഞ്ഞതും, പ്രിയ സംവിധായകൻ ടോണി ഗാറ്റ് ലിഫ് ന്റെ Djam കാണാനായതും ഈ മേളയിലാണ്. സ്നേഹത്തെയും പാട്ടിനെയും ആട്ടത്തെയും മാതൃരാജ്യമായി വിഭാവനം ചെയ്യുന്ന Djam ഒരാസാധ്യ സിനിമയായിരുന്നു. പലായനങ്ങൾക്ക് ഇടയിലും We exist, we are here എന്നൊരു ഉറപ്പ് ഗാറ്റ്ലിഫി ന്റെ ഇതര സിനിമകളെപ്പോലെ ഈ സിനിമയും ചേർത്തുപിടിയ്ക്കുന്നു. അടച്ചിട്ട ബ്യൂട്ടിപാര്‍ലറിനെ തങ്ങളുടെ വിടുതലുകളുടെയും കാമനകളുടെയും സ്വതന്ത്രരാജ്യമാക്കി മാറ്റിയ പെണ്ണുങ്ങളെ മുന്‍നിര്‍ത്തി 'ഐ സ്റ്റില്‍ ഹൈഡ് റ്റു സ്മോക്ക്' എന്ന സിനിമ പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു.

2018 ലെ എന്റെ പ്രിയ ചിത്രം കെനിയൻ സംവിധായികയായ വനുരി കഹിയുവിന്റെ 'റഫികി' ആയിരുന്നു. വേറിട്ട ദൃശ്യഭാഷയിലൂടെ വിമത പ്രണയത്തെയും അതുയർത്തുന്ന ആന്തരിക/ബാഹ്യ സംഘർഷങ്ങളെയും സ്ത്രീപക്ഷ കാഴ്ചപ്പാടില്‍ അഭിമുഖീകരിച്ച സിനിമയായിരുന്നു ഇത്. പ്രവീൺ മോർച്ചാലെ യുടെ Widow of Silence എന്ന ഉറുദു സിനിമയായിരുന്നു ഞാന്‍ കണ്ട മറ്റൊരു മികച്ച സിനിമ. മതപരവും ദേശീയവുമായ അന്യവൽക്കരണവും ലിംഗപരമായ ഹിംസകളും നേരിടുന്നതിന് പുറമെ അർദ്ധ വൈധവ്യംകൂടി നേരിടാൻ വിധിക്കപ്പെട്ട സ്ത്രീകളുടെ പ്രതിനിധിയായിരുന്നു ഈ സിനിമയിലെ കേന്ദ്രകഥാപാത്രം. മനസ്സിന്റെ തൃഷ്ണകളും ആസക്തികളും താൽക്കാലികമായിട്ടെങ്കിലും ശമിക്കണമെങ്കിൽ ശരീരമൊരു മധ്യവർത്തിയാകേണ്ടതുണ്ട് എന്ന തോന്നലിനെ ഒന്നുകൂടെ ഉറപ്പിക്കുന്ന, അർജന്റീനിയൻ സംവിധായിക മോണിക്ക ലെയ്രാനയുടെ 'ദി ബെഡ്' ആയിരുന്നു ഞാന്‍ കണ്ട മറ്റൊരു മികച്ചചിത്രം.

2019 ലും 2020 ലും 2021 ലും കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഞാന്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തില്ല. തുടര്‍ച്ചയായി പോകാതിരുന്നതില്‍ ബാധിച്ച അമാന്തവും, ഫെസ്റ്റിവലിന്റെ തിരക്കുള്‍പ്പെടെയുളള സ്വഭാവത്തിലുണ്ടായ പ്രതികൂല മാറ്റങ്ങളും കാരണം 2022ലെ മേളയിലും പേരിന് മാത്രമാണ് ഞാന്‍ പങ്കെടുത്തത്. അഞ്ചോ ആറോ സിനിമകള്‍ മാത്രം കണ്ട ഈ മേളയില്‍നിന്ന് എന്റെ മനസില്‍ കയറിക്കൂടിയത് മാര്‍സെലോ ഗോമസ് സംവിധാനം ചെയ്‍ത ബ്രസീലിയന്‍ ചിത്രം 'പലോമ' മാത്രമായിരുന്നു.

മേളകളില്‍ പങ്കെടുക്കുന്നതിന്റ തുടര്‍ച്ച നഷ്ടപ്പെട്ടതിനാലും ആരോഗ്യ-സാമ്പത്തിക പ്രശ്നങ്ങളാലും 'എന്റെ ഫെസ്റ്റിവല്‍ കാല' ത്തിന്റെ സുവര്‍ണകാലം മങ്ങിത്തുടങ്ങിയതായി എനിക്ക് തോന്നിയിരുന്നു. എന്നിരുന്നാലും 2023 ല്‍ മേളയില്‍ ഞാന്‍ പങ്കെടുത്തു. പക്ഷെ വിവിധകാരണങ്ങളാല്‍ പഴയകാലത്തെ ആവേശവും ആഹ്ലാദവും കൂടെക്കൂടിയില്ല. ആമ്പിയന്‍സും ചുറ്റുമുണ്ടായില്ല. ദിവസവും രണ്ടോ മൂന്നോ സിനിമകള്‍ മാത്രം കയറി. കൂട്ടത്തില്‍ കുറച്ച് മികച്ച സിനിമകള്‍ കാണാന്‍ കഴിഞ്ഞു. അതിലൊന്ന് ജോര്‍ജിയന്‍ സംവിധായിക എലീന നവരിയാനി യുടെ 'ബ്ലാക്ബേഡ്, ബ്ലാക്ബേഡ് ബ്ലാക് ബെറി' ആയിരുന്നു. സന്തോഷവും സ്വാതന്ത്ര്യവും നിലനിര്‍ത്താനായി ഒറ്റയ്ക്ക് ജീവിക്കാന്‍ തീരുമാനിക്കുന്ന എറ്റോറയ്ക്ക് ജീവിതത്തിന്റെ മധ്യകാലത്തുണ്ടാകുന്ന ചില അസ്തിത്വപരമായ തിരിച്ചറിവുകളും ഉണര്‍വുകളുമായിരുന്നു സിനിമയുടെ പ്രമേയം. ഇറാഖി സംവിധായകന്‍ അഹമ്മദ് യാസിന്‍ അല്‍ദരജി യുടെ 'ഹാങ്ങിംഗ് ഗാര്‍ഡന്‍' ആയിരുന്നു മറ്റൊരു ചിത്രം. വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളെക്കുറിച്ചും അവിടുത്തെ മനുഷ്യരെക്കുറിച്ചും അമേരിക്കന്‍ സമൂഹവും ഭാവുകത്വവും പുലര്‍ത്തുന്ന മുന്‍വിധികളെയും, അവയെ സംബന്ധിച്ച് ഹോളിവുഡ് സിനിമകള്‍ പടച്ചുവിടുന്ന വാര്‍പ്പുമാതൃകളെയും വ്യത്യസ്തമായ ആഖ്യാനത്തിലുടെ എതിരിടുകയും പ്രശ്നവല്‍ക്കരിക്കുകയും ചെയ്ത സിനിമയായിരുന്നു ഇത്. ഫിന്നിഷ് സംവിധായകന്‍ അകി കൗറിസ്മാകി യുടെ 'ഫോളന്‍ ലീവ്സ്' ആയിരുന്നു ഇഷ്ടപ്പെട്ട മറ്റൊരു സിനിമ. അടിസ്ഥാനപരമായി പ്രണയമാണ് കൈകാര്യം ചെയ്യുന്നതെങ്കിലും, റഷ്യയുടെ അതിര്‍ത്തിരാജ്യമെന്നനിലയില്‍ ഫിന്‍ലണ്ടിലെ മനുഷ്യര്‍ സവിശേഷമായി നേരിടുന്ന തൊഴില്‍ അസ്ഥിരതയും പ്രശ്നങ്ങളുമാണ് ഈ സിനിമ രാഷ്ട്രീയ ഉള്ളടക്കത്തോടെ പറയാന്‍ ശ്രമിച്ചതെന്ന് തോന്നി.

1996 ല്‍ കോഴിക്കോടാണ് ആദ്യത്തെ ഐ.എഫ്.എഫ്.കെ. നടക്കുന്നത്. 2001 മുതലാണ് തിരുവനന്തപുരം മേളയുടെ സ്ഥിരവേദിയായി മാറുന്നത്. 2002 മുതല്‍ എന്റെ ഫെസ്റ്റിവല്‍ കാലവും തുടങ്ങുന്നു. ഇതുവരെ 19 ഫെസ്റ്റിവലുകളില്‍ പങ്കെടുത്തു. കഴിഞ്ഞവര്‍ഷം ഉള്‍പ്പെടെ നാലെണ്ണത്തില്‍ പങ്കെടുത്തില്ല. ഈ വര്‍ഷവും പോകുന്നില്ല. ഇനിയുളള വര്‍ഷങ്ങളില്‍ പോകുമോ എന്ന് ഉറപ്പില്ല. ഞാന്‍ കണ്ട 'ലോക'സിനിമകള്‍ അഥവാ സിനിമകളിലൂടെ ഞാന്‍ ലോകം എന്റെ എഴുത്തിനെയും കാഴ്ചപ്പാടിനെയും ഒരുപാട് സ്വാധീനിച്ചിട്ടും മാറ്റിമറിച്ചിട്ടുമുണ്ട്. ഭൂമിയിലെ എന്റെ ഏറ്റവും മികച്ച (സര്‍ഗ്ഗാത്മക)നേരം ഞാന്‍ കണ്ട മികച്ച സിനിമകളിലെ മികച്ച രംഗങ്ങള്‍ കണ്ടിരുന്ന നേരമാണെന്ന് ഞാനൊരിക്കല്‍ എവിടെയോ എഴുതിയിട്ടുണ്ട്. അതിലപ്പുറം ഇപ്പോഴും ഒന്നും പറയാനില്ല.