ബിലാസ്‌പൂർ:  ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ ബൈകുണ്ഡ്പൂർ കുടുംബകോടതിയിൽ ഇന്നലെ അരങ്ങേറിയത് തികച്ചും 'സിനിമാറ്റിക്' ആയ ദൃശ്യങ്ങളാണ്. ഒരു കുടുംബകേസുമായി ബന്ധപ്പെട്ടു നടന്ന വിചാരണയ്ക്കിടെ കോടതിയിൽ തെളിവായി ഹാജരാക്കപ്പെട്ട തെളിവ് ഒരു വിവാഹ ഫോട്ടോ ആയിരുന്നു.  ഫോട്ടോയിലേക്ക് ഒരു നോട്ടം നോക്കിയ മജിസ്‌ട്രേട്ട് ഫോട്ടോ താഴെ  വെച്ച ശേഷമാണ് ഒന്ന് ഞെട്ടിയത്. താൻ കണ്ടത് ശരിയാണോ എന്നറിയാൻ ഒരിക്കൽ കൂടി മജിസ്‌ട്രേട്ട്  ഫോട്ടോ എടുത്ത് നോക്കി. തൃപ്തി പോരാഞ്ഞ് ഒരു മാഗ്നിഫൈയിങ് ലെൻസ് കൊണ്ടുവന്ന് വീണ്ടും നോക്കി. അതേ, കണ്ടത് സത്യം തന്നെ. വിവാഹ ഫോട്ടോയിലെ വരൻ പ്രശസ്ത ബോളിവുഡ് നടനായ സൽമാൻ ഖാനായിരുന്നു. 

അത്രയ്ക്ക് തെളിച്ചമില്ലായിരുന്നു ചിത്രത്തിനെങ്കിലും അതിലെ മുഖം സൽമാൻ ഖാന്റേതാണ് എന്ന് തിരിച്ചറിയാൻ ആർക്കും സാധിക്കുമായിരുന്നു.  ഒരിത്തിരി നൂലാമാല പിടിച്ച കേസായിരുന്നു വിചാരണയ്ക്ക് എത്തിയത്.  ബിലാസ്‌പൂർ സ്വദേശിയായ ബസന്ത് ലാൽ എന്നയാൾ റാണീദേവി എന്ന സ്ത്രീയുമായി വിവാഹിതനായിരുന്നു. വർഷങ്ങളായി അവർ ദാമ്പത്യ ജീവിതം നയിക്കുകയുമായിരുന്നു. സർക്കാർ സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്‌സ്(SECL) ൽ ഗുമസ്തനായി ജോലി നോക്കുകയായിരുന്നു ബസന്ത് ലാൽ.  എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പ്  അയാൾ സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.  

ബസന്ത് ലാൽ മരിച്ച് ആദ്യത്തെ കുറച്ചു ദിവസം ആകെ സങ്കടത്തിന്റെ അന്തരീക്ഷമായിരുന്നു എങ്കിലും, അധികം താമസിയാതെ ഉത്തരേന്ത്യയിൽ വിധവകളായ സ്ത്രീകൾ അനുഭവിക്കുന്ന ചില ക്രൂരതകൾക്ക് റാണി ദേവിയും ഇരയായി. അവരെ ഭർതൃഗൃഹത്തിൽ നിന്ന് അടിച്ചിറക്കി. എന്തുപറഞ്ഞുകൊണ്ടെന്നോ..? റാണി ദേവി  തങ്ങളുടെ മകന്റെ ഭാര്യയാണ് എന്ന് അംഗീകരിക്കുന്നില്ല എന്ന കാരണം പറഞ്ഞുകൊണ്ടാണ് ബസന്ത് ലാലിന്റെ അച്ഛൻ അവരെ വീട്ടിൽ നിന്ന് അടിച്ചിറക്കിയത്. യഥാർത്ഥത്തിൽ മറ്റൊരു ഗൂഢോദ്ദേശ്യം കൂടി ആ കടുംകൈക്ക് പിന്നിലുണ്ടായിരുന്നു. ബസന്ത് ലാലിന്റെ ജോലി ഭാര്യയും ആശ്രിതയുമായ റാണി ദേവിക്ക് കിട്ടാതെ, പകരം ഇളയ സഹോദരന് കിട്ടണം.

എന്നാൽ അത്ര എളുപ്പത്തിൽ കുടഞ്ഞു കളയാവുന്ന ഒന്നായിരുന്നില്ല റാണി ദേവിക്കും ബസന്ത് ലാലിനും ഇടയിലുള്ള ആ വൈവാഹിക ബന്ധം. അതുകൊണ്ട് ബസന്തിന്റെ പിതാവ് കോടതിക്കുമുന്നിൽ വളരെ നിർണ്ണായകമായ ഒരു തെളിവ് ഹാജരാക്കി. റാണി ദേവി മറ്റൊരാളിന്റെ ഭാര്യയാണ് എന്നതിന്റെ തെളിവ്. അതായത്, റാണി ദേവിയും മറ്റൊരാളും തമ്മിലുള്ള വിവാഹത്തിന്റെ ഫോട്ടോ.  കേസിന്റെ ഗതിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന ആ തെളിവാണ് നേരത്തെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തി എന്ന് പറഞ്ഞ ആ വിവാഹഫോട്ടോ. 

സത്യത്തിൽ കേസ്‌ ജയിക്കാൻ വേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറായിരുന്ന ബസന്തിന്റെ അച്ഛൻ കാണിച്ച ചെറിയൊരു ജാഗ്രതക്കുറവാണ് കോടതിയിൽ പൊട്ടിച്ചിരിക്ക് വകയായത്.  റാണി ദേവിയും മറ്റാരെങ്കിലുമൊത്തുള്ള വിവാഹ ഫോട്ടോ കോടതിയിൽ ഹാജരാക്കിയാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് പറഞ്ഞപ്പോൾ അതിന് അയാൾ പ്രദേശത്തെ ഒരു ഡിജിറ്റൽ സ്റ്റുഡിയോയെയാണ് ആശ്രയിച്ചത്. എന്നാൽ, ചെയ്യുന്ന ജോലിയിൽ തികഞ്ഞ ആത്മാർത്ഥത വെച്ചുപുലർത്തുന്ന ആ സ്റ്റുഡിയോക്കാരന്റെ സ്വഭാവമാണ് പരാതിക്കാരന് പണി കൊടുത്തത്. റാണി ദേവിയുടെ കൂടെ മറ്റാരുടെയെങ്കിലും ചിത്രം വെച്ച് ഒരു വിവാഹഫോട്ടോ തട്ടിക്കൂട്ടാൻ പറഞ്ഞപ്പോൾ അയാൾ കാണാൻ സാമാന്യം തെറ്റില്ലാത്ത ഒരു ചിത്രം തന്നെ വരന്റെ ചിത്രമായി വെച്ചു. സാക്ഷാൽ സൽമാൻ ഖാന്റെ. മജിസ്‌ട്രേട്ടും സിനിമയിൽ നല്ല കമ്പമുള്ള ആളായതുകൊണ്ട് കയ്യോടെ പിടിയും വീണു. 

എന്തായാലും കേസ് ആ നിമിഷം തന്നെ തീർപ്പായെന്നും, റാണി ദേവിക്ക് ബസന്ത് ലാലിന്റെ ആശ്രിതനിയമനം ലഭിച്ചു എന്നുമാണ് 'ദൈനിക് ഭാസ്കർ' പത്രം ഛത്തീസ്‌ഗഡിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.