Asianet News MalayalamAsianet News Malayalam

Happy Birthday AR Rahman : ദിലീപ് കുമാറില്‍ നിന്നും എ ആര്‍ റഹ്‌മാനിലേയ്ക്കുള്ള യാത്ര

വർഷങ്ങൾക്ക് ശേഷം ഒരു മലയാള ചിത്രത്തിൽ റഹമാൻ സം​ഗീതം നൽകുന്നതിന്റെ ആവേശത്തിലാണ് കേരളക്കര. ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ്. 

music legend ar rahman 55th birthday
Author
Chennai, First Published Jan 6, 2022, 12:49 PM IST

രാധകര്‍ക്ക് എന്നും വിസ്മയമാണ് എ ആര്‍ റഹ്മാനും അദ്ദേഹത്തിന്‍റെ (AR Rahman) സംഗീതവും. റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച. പിന്നീട് റഹ്മാന്‍റെ  മാസ്മരിക സംഗീതങ്ങളായിരുന്നു ജനങ്ങള്‍ കേട്ടത്. സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ അദ്ദേഹത്തിന്റെ മികവ് ലോകം അംഗീകരിച്ചു. ഇന്ത്യന്‍ ക്ലാസിക് സംഗീതത്തിന് ലോകം നല്‍കിയ അംഗീകാരമായിരുന്നു എ ആര്‍ റഹ്മാന് ലഭിച്ച ഓസ്‌കാര്‍.

മലയാളം, തമിഴ് ചലച്ചിത്രങ്ങൾക്കു സംഗീതം നൽകിയിരുന്ന ആർ കെ ശേഖറിന്റെ മകനായി 1967 ജനുവരി 6ന് ചെന്നൈയിലാണ് എ ആർ റഹ്മാൻ ജനിച്ചത്. ദിലീപ് കുമാർ എന്നായിരുന്നു ആദ്യ പേര്. ചെറുപ്പം മുതലെ അച്ഛന്റെ റെക്കോർഡിം​ഗ് സ്റ്റുഡിയോയിൽ റഹ്‌മാൻ കീബോർഡ് വായിക്കുമായിരുന്നു. റഹ്മാന്റെ ഒൻപതാം വയസ്സിൽ പിതാവ് മരിച്ചു. പഠന കാലത്ത് വരുമാനത്തിനുവേണ്ടി ജോലി ചെയ്യേണ്ടി വന്നു റഹ്മാന്. ഇതിന്റെ ഫലമായി ക്ലാസ്സുകൾ നഷ്ടപ്പെടുകയും പരീക്ഷകളിൽ പരാജയപ്പെടുകയും ചെയ്തു. ശേഷം മറ്റൊരു സ്കൂളിൽ ചേർന്ന് റഹ്മാൻ പഠനം തുടർന്നു. ഈ കാലത്ത് ഇസ്​​ലാം മത വിശ്വാസം സ്വീകരിച്ച അദ്ദേഹം, ദിലീപ് കുമാറെന്ന പേര് റഹ്മാൻ എന്നാക്കി. അമ്മ കരീമാ ബീഗത്തിന്റെ അഭ്യർഥന പ്രകാരമായിരുന്നു ഇതെന്ന് അദ്ദേഹം മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു.

സം​ഗീതത്തോടുള്ള അതിയായ ആ​ഗ്രഹം കാരണം മദ്രാസ് ക്രിസ്റ്റ്യൻ കോളേജ് ഹയർ സെക്കന്ററി സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു സംഗീത ബാൻഡിൽ റഹ്മാൻ ചേർന്നു. ശിവമണി, ജോൺ അന്തോണി, രാജ തുടങ്ങിയ സുഹൃത്തുക്കളോടൊപ്പം ‘റൂട്ട്സ്’ പോലെയുള്ള സംഗീത ട്രൂപ്പുകളിൽ കീബോർഡ് വായനക്കാരനായും ബാൻഡുകൾ സജ്ജീകരിക്കുന്നതിലും അദ്ദേഹം പ്രവർത്തിച്ചു. പിന്നീട് മാസ്റ്റർ ധനരാജിന്റെ കീഴിൽ പരിശീലനം നടത്തി. അവിടുന്ന് വിവിധ ട്രൂപ്പുകളിൽ പാടി തെളിഞ്ഞ ആ ചെറുപ്പക്കാരൻ ലണ്ടനിലെ ട്രിനിറ്റി സംഗീത കോളേജിൽ നിന്നും ക്ലാസിക്കൽ സംഗീതത്തിൽ ബിരുദം നേടി.

ഈ കാലയളവിലാണ് മണിരത്നത്തിന്റെ ചിത്രത്തിൽ റഹ്മാൻ എത്തുന്നത്. ‘റോജ’ എന്ന ചിത്രത്തിന് വേണ്ടി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയതോടെ റഹ്മാൻ സംഗീത ലോകത്ത് പകരക്കാരനില്ലാത്ത കലാകാരനായി മാറി. സിനിമാഗാനങ്ങൾ ഓർക്കസ്ട്രയുടെ താളങ്ങളിൽ മുങ്ങിപ്പോയ ഒരു കാലഘട്ടത്തിൽ സംഗീതപ്രേമികളുടെ ഹൃദയത്തിലേക്ക് ഒരു കുളിർമഴ സമ്മാനിച്ചായിരുന്നു റോജയിലെ ​ഗാനമെത്തിയത്. ഇതേ വർഷം തന്നെയാണ് റഹ്‌മാൻ മലയാളക്കരയെ ഒന്നടങ്കം യോദ്ധയിലെ പടകാളി എന്ന ഗാനത്തിലൂടെ ആവേശത്തിരയിൽ ആഴ്ത്തിയത്.

ഒരേസമയം ക്ലാസിക്കലും പെപ്പി ഡാൻസ് നമ്പറുകളുമായായിരുന്നു 90കളുടെ അവസാനത്തിൽ റഹ്മാൻ എത്തിയത്. ബോംബെ എന്ന ചിത്രത്തിലെ ഉയിരേ എന്ന ഗാനം ഹൃദയത്തിലേക്ക് ഇങ്ങനെ ആഴ്ന്നിറങ്ങുമ്പോൾ അതേ ചിത്രത്തിലെ ‘അന്ത അറബി കടലോരം’ എന്ന ഗാനം ഇന്നും പ്രേക്ഷകന് ഹരമാണ്. അത് തന്നെയാണ് എ ആർ ആർ എന്ന മാജിക്ക്. 

97ൽ ‘ഇരുവർ’ എന്ന ചിത്രത്തിൽ മണിരത്നം – റഹ്മാൻ കോംമ്പോ സൃഷ്ട്ടിച്ച സംഗീതവിസ്മയം ഇതിന് ഒരു ഉദാഹരണമാണ്. അതുപോലെ തന്നെ എടുത്ത് പറയേണ്ട മറ്റൊരു ചിത്രമാണ് ഇരുവരും ഒന്നിച്ച ‘ദിൽ സെ’. ഷാരൂഖ് ഖാനും മനീഷ കൊയ്‌രാളയും മത്സരിച്ചഭിനയിച്ച പ്രണയവിരഹ മുഹൂർത്തങ്ങൾക്ക് പ്രേക്ഷകരുടെ കണ്ണുനിറയ്ക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിൽ റഹ്മാൻ നിർവഹിച്ച പങ്ക് ഒട്ടും ചെറുതല്ലെന്ന് പ്രേക്ഷകർ പറയുന്നു. ദിൽ സെയിലെ ചൽ ചയ്യ ചയ്യ എന്ന ഗാനവും, ജിയാ ജലേയും, ദിൽ സെ രേയുമൊക്കെ കഥയ്ക്കും കഥാപാത്രങ്ങൾക്കും ജീവൻ നൽകി.

വിണൈത്താണ്ടി വരുവായ, രാവണൻ, എന്തിരൻ, ജബ് തക് ഹേയ് ജാൻ, കടൽ, ബിഗിൽ അങ്ങനെ അങ്ങനെ റഹ്‌മാൻ മാജിക്ക് മൂന്ന് പതിറ്റാണ്ടുകൾ പിന്നിട്ട് പിന്നെയും മുന്നോട്ട് പോകുന്നു. വർഷങ്ങൾക്ക് ശേഷം ഒരു മലയാള ചിത്രത്തിൽ റഹമാൻ സം​ഗീതം നൽകുന്നതിന്റെ ആവേശത്തിലാണ് കേരളക്കര. ഫഹദ് ഫാസിലിന്റെ മലയൻ കുഞ്ഞ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ തിരിച്ചു വരവ്. 55ന്റെ നിറവിൽ നിൽക്കുന്ന റഹ്മാന്റെ പിറന്നാൾ പ്രിയപ്പെട്ടവരെ പോലെ തന്നെ ആഘോഷമാക്കുകയാണ്  സം​ഗീതാസ്വാദകരും. 

Follow Us:
Download App:
  • android
  • ios