നിരൂപകശ്രദ്ധ ലഭിച്ച ആദ്യചിത്രം ഒരുക്കിയ സംവിധായകന് രണ്ടാമതൊരു ചിത്രം പുറത്തിറക്കാന്‍ അഞ്ച് വര്‍ഷമാണ് വേണ്ടിവന്നത്. എന്നാല്‍ സിനിമയ്ക്കുവേണ്ടിയുള്ള അധ്വാനവും മുന്പിലെത്തുന്ന തടസ്സങ്ങളും ഷാനവാസിന് പുതിയ അനുഭവം ആയിരുന്നില്ല
രണ്ടേരണ്ട് സിനിമകളേ കരിയറില്‍ ഇതുവരെ ചെയ്തിട്ടുള്ളുവെങ്കിലും ആ ചിത്രങ്ങളിലൂടെ ഒരു സംവിധായകന് എന്ന നിലയില്‍ സ്വയം അടയാളപ്പെടുത്തിയ കലാകാരനായിരുന്നു നരണിപ്പുഴ ഷാനവാസ്. 'സൂഫിയും സുജാതയും' എന്ന മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ചിത്രത്തിലൂടെയാണ് ഭൂരിഭാഗം സിനിമാപ്രേമികളും ഈ സംവിധായകനെക്കുറിച്ച് കേട്ടതെങ്കിലും ഫിലിം ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ അതിനകം ബഹുമാനം നേടിയിരുന്നു ഷാനവാസ്. സംവിധായക അരങ്ങേറ്റ ചിത്രമായിരുന്ന 'കരി'യിലൂടെ ആയിരുന്നു അത്.
പുരോഗമിച്ച സമൂഹമെന്ന് എപ്പോഴും സ്വയം അഭിമാനം കൊള്ളാറുള്ള കേരളത്തിലെ ജാതി യാഥാര്‍ഥ്യത്തിലേക്ക് തിരിച്ചുവച്ച ക്യാമറയായിരുന്നു 'കരി'യുടേത്. തെക്കന്‍ കേരളത്തില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് രണ്ട് മനുഷ്യര്‍ നടത്തുന്ന യാത്രയിലൂടെ ഈ മണ്ണില്‍ ഇനിയും വേരറ്റുപോകാത്ത ജാതീയമായ 'ഉച്ചനീചത്വങ്ങളെ' കറുത്ത ഹാസ്യത്തിന്റെ മേമ്പൊടിയില്‍ അവതരിപ്പിക്കുകയായിരുന്നു ഷാനവാസ്. ഗൗരവമുള്ള ഒരു വിഷയം സംസാരിക്കുമ്പോഴും ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളിലെ ബുദ്ധിജീവികള്‍ക്ക് മാത്രം വഴങ്ങുന്ന ചിത്രം എന്ന സങ്കല്‍പ്പമായിരുന്നില്ല ഷാനവാസിന്റേത്. കൃത്രിമ സംഭാഷണങ്ങളിലൂടെ പറയാനുള്ളത് പറയാന്‍ ശ്രമിക്കുന്ന സംവിധായകനുമായിരുന്നില്ല അദ്ദേഹം. അടിമുടി ദൃശ്യപരമായിരുന്നു 'കരി'. നിശ്ചല ഫ്രെയിമുകളും ലോംഗ് ഷോട്ടുകളും ഉപയോഗിച്ച് ഒരുതരം റിയാലിറ്റിയെ സ്ക്രീനിലെത്തിക്കുകയായിരുന്നു ഷാനവാസ് നരണിപ്പുഴ. സംവിധായകന് ഒരു എഡിറ്റര്‍ കൂടി ആയിരിക്കുന്നതിന്റെ ഗുണവും ആ ദൃശ്യഭാഷയില്‍ വ്യക്തമായിരുന്നു.
ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകളില്‍ വലിയ നിരൂപക പ്രശംസ ലഭിച്ച ചിത്രം കേരളത്തിലെ പ്രധാന നഗരങ്ങളിലെ തീയേറ്ററുകളിലും റിലീസ് ചെയ്യപ്പെട്ടിരുന്നു. പല സെന്ററുകളിലും രണ്ട് വാരങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ സമൂഹമാധ്യമങ്ങളിലൂടെ അറിഞ്ഞ് പലരും തീയേറ്ററില്‍ എത്തുമ്പോഴേക്ക് ചിത്രം മാറിപ്പോയ സ്ഥിതിയും ഉണ്ടായിരുന്നു. മാസങ്ങള്‍ക്കു ശേഷം കോഴിക്കോട്ടെ ഓപണ്‍ സ്ക്രീന്‍ എന്ന കൂട്ടായ്മ 'കരി'യുടെ പ്രദര്‍ശനങ്ങള്‍ ചിത്രം കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ക്കായി നടത്തിയിരുന്നു. ഇതുവഴിയും നിരവധി ചലച്ചിത്രപ്രേമികള്‍ സിനിമ കണ്ടു.
നിരൂപകശ്രദ്ധ ലഭിച്ച ആദ്യചിത്രം ഒരുക്കിയ സംവിധായകന് രണ്ടാമതൊരു ചിത്രം പുറത്തിറക്കാന്‍ അഞ്ച് വര്‍ഷമാണ് വേണ്ടിവന്നത്. എന്നാല്‍ സിനിമയ്ക്കുവേണ്ടിയുള്ള അധ്വാനവും മുന്പിലെത്തുന്ന തടസ്സങ്ങളും ഷാനവാസിന് പുതിയ അനുഭവം ആയിരുന്നില്ല. നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കും പൂര്‍ത്തിയാവാതെപോയ ഒരു ഫീച്ചര്‍ സിനിമയ്ക്കും ശേഷമാണ് അദ്ദേഹത്തിന് 'കരി' പൂര്‍ത്തീകരിക്കാനായത്. അഞ്ച് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ വിജയ് ബാബുവിന്റെ നിര്‍മ്മാണത്തില്‍ 'സൂഫിയും സുജാതയും' എന്ന ചിത്രവും ഷാനവാസ് ഒരുക്കി. പല കാരണങ്ങളാല്‍ തീയേറ്ററുകളില്‍ വേണ്ടത്ര ശ്രദ്ധ നേടാതെപോയ ആദ്യചിത്രത്തിനുശേഷം മുഖ്യധാരയില്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രവും തീയേറ്ററില്‍ എത്തുന്നത് കാണാനുള്ള ഭാഗ്യം ഷാനവാസിന് ഇല്ലാതെപോയി. തീയേറ്റര്‍ റിലീസ് ലക്ഷ്യം വച്ചുള്ള സിനിമ തന്നെയായിരുന്നു സൂഫിയും സുജാതയും. ചിത്രത്തിലെ മനോഹരമായ ചില ലോംഗ് ഷോട്ടുകള്‍ തന്നെ അതിന് ഉദാഹരണം. പക്ഷേ അപ്രതീക്ഷിതമായെത്തിയ കൊവിഡ് പ്രതിസന്ധിയില്‍ തീയേറ്ററുകള്‍ പൂട്ടിയതോടെ ഡയറക്ട് ഒടിടി റിലീസിന് നിര്‍മ്മാതാവ് നിര്‍ബന്ധിതനാവുകയായിരുന്നു.
സാഹചര്യം മനസിലാക്കി പെരുമാറിയ സംവിധായികനായി ഇവിടെ നരണിപ്പുഴ ഷാനവാസ്. പ്രതിസന്ധി ഘട്ടത്തില്‍ നിര്‍മ്മാതാവിനൊപ്പം നില്‍ക്കുകയായിരുന്നു അദ്ദേഹം. അങ്ങനെ സൂഫിയും സുജാതയും മലയാളത്തിലെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ആയി മാറി. തീയേറ്റര്‍ റിലീസ് എന്ന സ്വപ്നം ഫലം കണ്ടില്ലെങ്കിലും ആമസോണ്‍ പ്രൈം പോലെ വലിയ റീച്ച് ഉള്ള ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്തതിന്റെ ഗുണം ചിത്രത്തിനു ലഭിച്ചു. ആദ്യചിത്രം ചുരുക്കം പ്രേക്ഷകരില്‍ ഒതുങ്ങിയെങ്കില്‍ രണ്ടാംചിത്രം ആ കുറവ് പരിഹരിച്ചു. റിലീസിനു പിന്നാലെ രണ്ടാഴ്ചയോളം സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികളുടെ സജീവ ചര്‍ച്ചയില്‍ ചിത്രം ഉണ്ടായിരുന്നു.
ഷാനവാസിന്റെ രണ്ട് സിനിമകള്‍ക്കും ഒരുതരം അസാധാരണത്വം ഉണ്ടായിരുന്നു. എല്ലാവരും അറ്റംപ്റ്റ് ചെയ്യുന്ന സിനിമകളായിരുന്നില്ല അവ രണ്ടും. എപ്പോഴും സിനിമ മാത്രം സ്വപ്നം കണ്ടുനടന്നിരുന്ന സംവിധായകന്റെയുള്ളില് പറയാന്‍ നിരവധി കഥാബീജങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ അനുഭവസാക്ഷ്യം. അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ രചനയ്ക്കിടെയാണ് അദ്ദേഹത്തിന് അനാരോഗ്യം സംഭവിച്ചത് എന്നത് സുഹൃത്തുക്കളെ മാത്രമല്ല, സിനിമാപ്രേമികളെയാകെ വിഷമിപ്പിക്കുന്ന കാര്യമാണ്. വിശേഷിച്ചും അദ്ദേഹത്തിന് 37 വയസ് മാത്രമായിരുന്നു പ്രായം എന്നിരിക്കെ.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Dec 24, 2020, 12:11 AM IST
Post your Comments