ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ഈ സയൻസ് ഫിക്ഷൻ ചിത്രത്തിൽ അജു വർഗീസ്, അൽത്താഫ് സലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു
ഗോഡ് ഫാദര്‍മാരൊന്നുമില്ലാതെ സ്വന്തം പ്രയത്നത്താല്‍ സിനിമയില്‍ സ്വന്തം വഴി കണ്ടെത്തിയ അഭിനേതാക്കളോട് പ്രേക്ഷകര്‍ക്ക് ഒരിഷ്ടക്കൂടുതല്‍ ഉണ്ട്. അക്കൂട്ടത്തില്‍ പെടുന്ന ആളാണ് നടനും റാപ്പറുമായ നീരജ് മാധവ്. നീരജ് നായകനായ ഏറ്റവും പുതിയ മലയാള ചിത്രമാണ് പ്ലൂട്ടോ. ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത ചിത്രം ഈ വാരാന്ത്യത്തിലാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദി സീന്‍ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നീരജ്. താന്‍ പങ്കെടുക്കുന്ന ഒരു ആക്ഷന്‍ രംഹത്തിന്‍റെ ചിത്രീകരണ വീഡിയോ ആണ് അത്. ഡ്യൂപ്പോ റോപ്പോ ഒന്നുമില്ലാതെയാണ് നീരജ് ആ ആക്ഷന്‍ രംഗം പൂര്‍ത്തിയാക്കുന്നത്.
ക്രെയിനും റോപ്പും ഇല്ലാതെ സ്റ്റണ്ട് ചെയ്യാൻ പറ്റുവോ സക്കീർ ഭായ്ക്ക്?, എന്നാണ് നീരജ് വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നത്. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അൽത്താഫ് സലിം ഏലിയനായി എത്തുന്ന ചിത്രത്തില്‍ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
ചിത്രത്തിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ ഏറെ കൗതുകമുണർത്തുന്നതാണ്. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്‌ലി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്‌തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്. സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.

