Asianet News MalayalamAsianet News Malayalam

ആനന്ദനും സ്റ്റീഫന്‍ നെടുമ്പള്ളിയും മറ്റു ചിലരും; മോഹന്‍ലാല്‍ 'രാഷ്ട്രീയം പറഞ്ഞപ്പോള്‍'

മുഴുനീള രാഷ്‍ട്രീയക്കാരനായി തന്നെ മോഹൻലാല്‍ വേഷമിട്ട ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിട്ടുണ്ട്. ഇതാ മോഹൻലാലിന്‍റെ ഹിറ്റ് രാഷ്‍ട്രീയ ചിത്രങ്ങള്‍ ചുവടെ.
 

political heroes of mohanlal
Author
Thiruvananthapuram, First Published May 21, 2020, 1:30 AM IST

നാട്ടിൻപുറത്തുകാരനായും അധോലോക നായകനായും കാമുകനായുമൊക്കെ വിവിധ വേഷപ്പകര്‍ച്ചകള്‍ ആടിയ താരമാണ് മോഹൻലാല്‍. അതില്‍ രാഷ്‍ട്രീയക്കാരനായിട്ടും എണ്ണം പറഞ്ഞ വേഷങ്ങളുമുണ്ട്.  ഏറ്റവും ഒടുവില്‍ അദ്ദേഹം രാഷ്‍ട്രീയക്കാരന്‍റെ വേഷത്തിലെത്തിയ ചിത്രം ലൂസിഫര്‍ ആണ്. രാഷ്‍ട്രീയക്കാരനെങ്കിലും അധോലോകനായകനായുമായിട്ടായിരുന്നു മോഹൻലാല്‍ ചിത്രത്തില്‍ എത്തിയത്. മുഴുനീള രാഷ്‍ട്രീയക്കാരനായി തന്നെ മോഹൻലാല്‍ വേഷമിട്ട ചിത്രങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിട്ടുണ്ട്. ഇതാ മോഹൻലാലിന്‍റെ ഹിറ്റ് രാഷ്‍ട്രീയ ചിത്രങ്ങള്‍ ചുവടെ.

രാഷ്‍ട്രീയ കുപ്പായമിട്ട സ്റ്റീഫൻ നെടുമ്പള്ളി

രാംദാസ് എന്ന കേരള രാഷ്‍ട്രീയത്തിലെ വൻ മരത്തിന്‍റെ ശിഷ്യനായിരുന്നു സ്റ്റീഫൻ നെടുമ്പള്ളി. കേരള രാഷ്‍ട്രീയത്തില്‍ നിര്‍ണ്ണായക ഇടപെടലുകള്‍ക്ക് ശേഷിയുള്ള പ്രവര്‍ത്തകൻ.  നിയമസഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങിയെങ്കിലും ചതിക്കപ്പെടുന്നു. രാഷ്‍ട്രീയത്തിലെ ആ ചതിയെ സ്റ്റീഫൻ നെടുമ്പള്ളി ഇല്ലാതാക്കുന്നു. പക്ഷേ രാഷ്‍ട്രീയത്തില്‍ അല്ല പിന്നീട് സ്റ്റീഫൻ.  രാഷ്‍ട്രീയക്കാരന്‍റെ കുപ്പായം മാറുകയാണ് സ്റ്റീഫൻ. രാഷ്‍ട്രീയക്കാരന്‍റെ കൗശലതയില്‍ നിന്ന് കൈയ്യൂക്കിന്‍റെ ഒരു ലോകത്തേക്ക് സ്റ്റീഫൻ നെടുമ്പള്ളി ചുവടു മാറുന്നു. യഥാര്‍ഥത്തില്‍ ആരാണ് സ്റ്റീഫൻ നെടുമ്പള്ളി? ആ ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്‍ത ലൂസിഫര്‍.

മന്ത്രിക്കസേരയിലിരുന്ന മോഹൻലാല്‍!

മോഹൻലാലിനെ സൂപ്പര്‍ സ്റ്റാര്‍ ആക്കിയ തമ്പി കണ്ണന്താനം ഒരുക്കിയ ചിത്രമായിരുന്നു ഭൂമിയിലെ രാജാക്കൻമാര്‍. തെക്കുംകൂർ രാജകുടുംബത്തിലെ മഹേന്ദ്ര വര്‍മ്മയായിട്ടാണ് മോഹൻലാല്‍ വേഷമിട്ടത്. കാശുള്ള, അതിന്‍റെ ഹുങ്കുള്ള ഒരു കഥാപാത്രം. മഹേന്ദ്ര വര്‍മ്മ രാഷ്‍ട്രീയത്തിലേക്ക് ഇറങ്ങുകയാണ്. എല്ലാ തന്ത്രങ്ങളും പയറ്റിയ മഹേന്ദ്ര വര്‍മ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുന്നു. മന്ത്രിയായ മഹേന്ദ്ര വര്‍മ്മ പക്ഷേ പിന്നീട് അനീതികള്‍ക്കെതിരെയുള്ള പോരാട്ടത്തിലേക്ക് തിരിയുകയാണ്. തമ്പി കണ്ണന്താനത്തിനൊപ്പമുള്ള മറ്റ് സിനിമകളിലേതു പോലെ നെഗറ്റീവ് ഷെയ്‍ഡില്‍ നിന്നു തുടങ്ങി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിക്കുന്ന ഒരു നായകന്‍. കൗശലക്കാരനായ രാഷ്‍ട്രീയക്കാരനായി തുടങ്ങിയ മഹേന്ദ്ര വര്‍മ്മ സിനിമയുടെ അവസാനഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പമാണ്. മഹേന്ദ്ര വര്‍മ്മയായി മോഹൻലാല്‍ തിളങ്ങിയപ്പോള്‍ സിനിമയും സൂപ്പര്‍ഹിറ്റ്.

നെട്ടൂരാനോട് കളി വേണ്ട!

'ബീഡിയുണ്ടോ സഖാവേ തീപ്പെട്ടിയെടുക്കാൻ, തീപ്പെട്ടിയുണ്ടോ സഖാവെ ബീഡിയെടുക്കാൻ..' സുഹൃത്തുക്കള്‍ തമ്മില്‍ തൊണ്ണൂറുകളിലും പിന്നീടും പല തവണ ആവര്‍ത്തിക്കപ്പെട്ട സംഭാഷണം. നെട്ടൂരാനും ആന്‍റണിയും തമ്മിലുള്ള സംഭാഷണമായിരുന്നു അത്. മോഹൻലാലും മുരളിയും തമ്മില്‍ പറഞ്ഞ് പ്രേക്ഷകരിലേക്ക് എത്തിച്ച സംഭാഷണം. കേരളത്തിലെ രാഷ്‍ട്രീയ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ലാല്‍സലാം എന്ന ചിത്രം മലയാളികളുടെ മനസ്സില്‍ അത്രത്തോളം സ്വീകാര്യതയായിരുന്നു നേടിയത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ സ്റ്റീഫൻ നെട്ടൂരാൻ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ വേഷമിട്ടത്. വേണു നാഗവള്ളിയാണ് ചിത്രം സംവിധാനം ചെയ്‍തത്.

അവര്‍ 'ഇരുവര്‍'

തമിഴകത്തെ മുടിചൂടാമന്നനായ എംജിആറിന്‍റെ വേഷത്തില്‍ പ്രേക്ഷകര്‍ക്ക് ഇനി മറ്റാരെയെങ്കിലും കാണാനാകുമോ? സാധ്യത കുറവാണ്. കാരണം മോഹൻലാല്‍ തന്നെ. അത്രത്തോളം എംജിആറായി മോഹൻലാല്‍ പകര്‍‌ന്നാടിയിരുന്നു. മണി രത്നത്തിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇരുവറില്‍ ആനന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാല്‍ അവതരിപ്പിച്ചത്. എംജിആറിന്‍റെ ജീവിതാംശങ്ങള്‍ ചേര്‍ത്ത് ഒരുക്കിയ കഥാപാത്രമായിരുന്നു, ആനന്ദൻ. എംജിആറിന്‍റെ അഭിനയജീവിതവും രാഷ്‍ട്രീയജീവിതവും ഒരുപോലെ സമ്മേളിപ്പിച്ച് ആനന്ദനായി മോഹൻലാല്‍ എത്തിയപ്പോള്‍ രാജ്യത്തെ എക്കാലത്തെയും ക്ലാസിക് ചിത്രവുമായി മാറി, ഇരുവര്‍.

'പെരുച്ചാഴി' മോഹൻലാല്‍

ഏറെക്കാലത്തിന് ശേഷം മോഹൻലാല്‍ ചിരിക്കൂട്ടുമായി എത്തിയ ചിത്രമാണ് പെരുച്ചാഴി. രാഷ്‍ട്രീയക്കാരനായ ജഗനാഥൻ എന്ന കഥാപാത്രമായിട്ടായിരുന്നു മോഹൻലാല്‍ അഭിനയിച്ചത്. അമേരിക്കയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അവിടെ ജഗനാഥൻ  ബുദ്ധി ഉപയോഗിച്ച് തന്‍റെ കക്ഷിയെ ജയിപ്പിക്കാൻ ശ്രമിക്കുകയാണ്. അതില്‍ അദ്ദേഹം വിജയം കാണുകയും ചെയ്യുന്നു. മോഹൻലാല്‍ മാനറിസങ്ങള്‍ ഒരിടവേളയ്ക്ക് ശേഷം ആരാധകര്‍ കണ്ട ചിത്രം കൂടിയായിരുന്നു അത്. അരുണ്‍ വൈദ്യനാഥൻ ആണ് ചിത്രം സംവിധാനം ചെയ്‍തത്.

Follow Us:
Download App:
  • android
  • ios