സ്റ്റൈല്‍ മന്നന് 71-ാം പിറന്നാള്‍ ദിനം

തമിഴ് സിനിമയുടെ ചരിത്രമെടുത്താല്‍ രജനിയോളം (Rajinikanth) പ്രഭാവം തീര്‍ത്ത ഒരു താരം ഉണ്ടാവില്ല. പൂര്‍ണ്ണമായും തമിഴനല്ലാത്ത ഒരാൾ എങ്ങിനെ തമിഴകത്തിന്‍റെ താരമായി എന്ന് ചോദിച്ചാല്‍, ‘അതാണ്ടാ നമ്മ രജനി സ്റ്റൈല്‍‘ എന്ന് അദ്ദേഹത്തിന്‍റെ ആരാധകർ പറയും. കര്‍ണ്ണാടക- തമിഴ്നാട് അതിര്‍ത്തിയിലുള്ള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മാറാഠാ കുടുംബത്തിന്‍റെ പരമ്പരയിലാണ് രജനിയുടെ ജനനം. പിന്നീട് ഇവർ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സിനിമയോടും അഭിനയത്തോടും ചെറുപ്പം മുതലുള്ള അടങ്ങാത്ത അഭിനിവേശമാണ് രജനിയിലെ നടന്‍ കൈമുതലാക്കിയത്. 

ബാംഗ്ലൂരിലെ ആചാര്യ പഠനശാലയിലും വിവേകാനന്ദ ബാലക് സംഘിലും പഠനം പൂർത്തിയാക്കിയ രജനി, സിനിമയിൽ മുഖം കാണിക്കുകയെന്ന ആഗ്രഹവുമായാണ് ചെന്നൈയിലേക്ക് വണ്ടി കയറിയത്. എന്നാൽ ഒരു ജോലി കണ്ടെത്താനാവാതിരുന്നതിനാല്‍ സിനിമ മോഹം ഉപേക്ഷിച്ച് തിരികെപ്പോകാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി. സിനിമാ മോഹവുമായി അലയുന്ന മകന് ഒരു ജോലി കിട്ടിയാൽ ജീവിതം മെച്ചപ്പെടുമെന്ന വീട്ടുകാരുടെ ധാരണ ബസ് കണ്ടക്ടർ ജോലിയിലേക്ക് രജനിയെ എത്തിച്ചു. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനിലായിരുന്നു ജോലി. ഈ തിരക്കുകൾക്കിടയിലും നാടകങ്ങളിൽ അഭിനയിക്കാൻ രജനി സമയം കണ്ടെത്തി. പിന്നീട് മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ടില്‍ അഭിനയം പഠിക്കാന്‍ ചേരുന്ന സമയത്തും സിനിമയോടുള്ള രജനിയുടെ ആത്മാര്‍ഥതയെ കുടുംബം അംഗീകരിച്ചില്ല. പലരും നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും തോറ്റു പിന്മാറാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം നടനാവുക എന്നത് അയാളുടെ നിയോഗമായിരുന്നു.

കെ ബാലചന്ദ്രന്‍ സംവിധാനം ചെയ്ത്, 1975 ഓഗസ്റ്റ് 18ന് റിലീസായ അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു രജനിയുടെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റം. കമല്‍ഹാസന്‍, ജയസുധ, ശ്രീവിദ്യ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളിലാണ് സിനിമാസ്വാദകര്‍ രജനിയെ കണ്ടത്. എന്നാൽ 1980കളില്‍ ഒരു അഭിനേതാവ് എന്ന നിലയിലുള്ള രജനിയുടെ വളര്‍ച്ചയ്ക്കും കോളിവുഡ് സാക്ഷ്യം വഹിച്ചു. ബാലചന്ദര്‍ തന്നെ നിര്‍മ്മിച്ച നെട്രികണ്‍ എന്ന സിനിമയായിരുന്നു രജനിക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ശിവാജി റാവു ഗെയ്‍ക്വാഡ് എന്ന പേര് മാറ്റി രജനീകാന്ത് എന്ന് വിളിച്ചതും ബാലചന്ദര്‍ ആയിരുന്നു.

എണ്‍പതുകള്‍ രജനിയിലെ താരത്തിന്‍റെ കുത്തനെയുള്ള വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ചെങ്കില്‍ തൊണ്ണൂറുകളുടെ തമിഴ് തിരശ്ശീല ആ സൂപ്പര്‍സ്റ്റാറിന്‍റെ ആഘോഷമായിരുന്നു. രജനിയുടെ എക്കാലത്തെയും വലിയ ഹിറ്റുകളായ ദളപതി, മന്നന്‍, പാണ്ഡ്യന്‍, ബാഷ, മുത്തു, പടയപ്പ, അരുണാചലം എന്നീ ചിത്രങ്ങള്‍ പുറത്തിറങ്ങിയത് ഇക്കാലയളവിലാണ്. 1991ല്‍ പുറത്തിറങ്ങിയ ദളപതി എന്ന മണിരത്നം ചിത്രം മമ്മൂട്ടി, അരവിന്ദ് സ്വാമി, ശോഭന തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ടും ശ്രദ്ധേയമായി. മന്നനും ബാഷയും പടയപ്പയുമെല്ലാം സിനിമാക്കൊട്ടകകളില്‍ ഉത്സവാന്തരീക്ഷം തന്നെ സൃഷ്‍ടിച്ചു. രജനി എന്ന പേരിന് എതിരില്ലാത്ത നിലയിലേക്ക് എത്തി ചലച്ചിത്ര വ്യവസായം. തന്‍റെ അഭിനയ മികവ് തമിഴിൽ മാത്രം ഒതുക്കിയില്ല രജനി. തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിലും രജനി അഭിനയിച്ചു. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐവി ശശി ചിത്രത്തിൽ കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലന്‍ വേഷത്തിലാണ് രജനി എത്തിയത്. ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ രജനി അഭിനയിച്ചിരുന്നു.

2002ല്‍ പുറത്തിറങ്ങിയ ബാബ ബോക്സോഫീസില്‍ തകര്‍ന്നുവീണതോടെ രജനിയുടെ കാലഘട്ടം അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതി. എന്നാല്‍ മൂന്നു വര്‍ഷത്തിന് ശേഷം പുറത്തിറങ്ങിയ ചന്ദ്രമുഖി എന്ന ചിത്രം ആ തീര്‍പ്പിനെ മാറ്റിയെഴുതി. മികച്ച വിജയം കരസ്ഥമാക്കിയാണ് ചന്ദ്രമുഖി തിയറ്റര്‍ വിട്ടത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്‍റെ റീമേക്ക് ആയിരുന്നു ഇത്. പിന്നീട് അങ്ങോട്ട് യന്തിരനും കബാലിയും കാലയും പേട്ടയും ദര്‍ബാറും അണ്ണാത്തെയുമെല്ലാം രജനി ആരാധകരെക്കൊണ്ട് തിയറ്ററുകൾ നിറച്ചു. രജനി സിനിമയിലെ ഡയലോഗുകളും സ്റ്റൈലുകളും നിത്യജീവിതത്തിന്‍റെ ഭാഗമാക്കി തമിഴ് സിനിമാസ്വാദകർ എല്ലായ്പ്പോഴും അദ്ദേഹത്തോടുള്ള ആരാധന കാട്ടി.

2000ത്തില്‍ പത്മഭൂഷണും, 2016ല്‍ പത്മവിഭൂഷണും നല്‍കി രാജ്യം രജനിയെ ആദരിച്ചു. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് ഇന്ത്യ മാസികയും രജനീകാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. ഈ വർഷത്തെ ദാദാസാഹേബ് ഫൽക്കെ പുരസ്കാരവും രജനിയെ തേടിയെത്തിയിരുന്നു. ഇന്ന് തന്‍റെ 71-ാം പിറന്നാൾ (Birthday) ആഘോഷിക്കുകയാണ് രജനീകാന്ത്. സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും പോലെ സ്റ്റൈൽ മന്നന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകരും.