Asianet News MalayalamAsianet News Malayalam

Happy Birthday Rajinikanth : ഗായകനായും 'ദൈവ'മായും സ്റ്റൈല്‍ മന്നൻ; രജനീകാന്തിന്‍റെ അതിഥി വേഷങ്ങള്‍

രജനീകാന്തിന് ഇന്ന് 71-ാം പിറന്നാള്‍

rajinikanth birthday unforgettable guest appearances of tamil superstar
Author
Thiruvananthapuram, First Published Dec 12, 2021, 9:21 AM IST

തമിഴകത്തിന്‍റെ സ്റ്റൈല്‍ മന്നൻ രജനീകാന്ത് (Rajinikanth) ആരാധകര്‍ക്ക് എന്നും ആവേശമാണ്. രജനീകാന്ത് വെറുമൊരു താരമല്ല തമിഴകത്തിന്‍റെ ഹൃദയത്തില്‍ കുടികൊള്ളുന്ന ഒരു ദൈവത്തെപ്പോലെയാണ്. അതുകൊണ്ടാണ് രജനീകാന്ത് പരാജയപ്പെടുന്നത് തിയറ്ററില്‍ പോലും കാണാൻ ആരാധകര്‍ ആഗ്രഹിക്കാത്തത്. എന്തുതരം പ്രമേയമുള്ള സിനിമയാണെങ്കിലും രജനീകാന്തിനാവണം വിജയം എന്നത് അദ്ദേഹത്തിന്‍റെ സുവര്‍ണ കാലത്ത് ആരാധകരുടെ അലിഖിത നിയമമായിരുന്നു. കഥ എന്തായാലും സിനിമയില്‍ രജനീകാന്ത് നിറഞ്ഞുനില്‍ക്കണമെന്നും ഏറ്റവും പ്രാധാന്യത്തിലുള്ള വേഷത്തിലാകണമെന്നും ആരാധകര്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ മുഴുനീള കഥാപാത്രമല്ലാതെ അതിഥി വേഷത്തില്‍ എത്തിയ രജനീകാന്തിനെയും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. യഥാര്‍ഥ വ്യക്തിത്വത്തില്‍ തന്നെ സിനിമകളില്‍ ഒരുപാട് തവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് തമിഴകത്തിന്‍റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ കരിയറിന്‍റെ തുടക്കത്തില്‍.

1977ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം 'ആമെ കഥ'യിലാണ് രജനി ആദ്യമായി അതിഥി വേഷത്തില്‍ എത്തുന്നത്.  ദുരൈ സംവിധാനം ചെയ്‍ത 'പാവത്തിന്‍ ശമ്പള'ത്തില്‍ (1978) സ്വന്തം വ്യക്തിത്വത്തില്‍ത്തന്നെ അദ്ദേഹം അതിഥിയായി എത്തി. ആര്‍ മുത്തുരാമനായിരുന്നു ചിത്രത്തില്‍ നായകൻ. 'തായില്ലാമല്‍ നാൻ ഇല്ലൈ'യില്‍ രജനി 'ബിച്വ ബക്രി' എന്ന അതിഥി വേഷത്തിലെത്തി.  1979ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ കമല്‍ഹാസനായിരുന്നു നായകൻ. 'നച്ചത്തിരം' എന്ന ചിത്രത്തിലായിരുന്നു അടുത്ത അതിഥി വേഷം. 1980ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ ശ്രീപ്രിയ കേന്ദ്ര കഥാപാത്രമായപ്പോള്‍ ശിവാജി ഗണേശൻ, കമല്‍ഹാസൻ, രജനീകാന്ത്, സാവിത്രി, കെ ആര്‍ വിജയ, മഞ്‍ജുള വിജയകുമാര്‍, ശ്രീവിദ്യ, പുഷ്‍പലത തുടങ്ങിയവര്‍ക്കൊപ്പം രജനി രജനിയായിത്തന്നെ എത്തി.

rajinikanth birthday unforgettable guest appearances of tamil superstar

 

1982 ചിത്രം 'നണ്‍ട്രി, മീണ്ടും വരുഗ'യിലും അദ്ദേഹം സ്വന്തം ഐഡന്‍റിറ്റിയില്‍ത്തന്നെ എത്തി. അതേ വര്‍ഷം പുറത്തിറങ്ങിയ 'അഗ്നിസാക്ഷി'യിലും രജനി സ്വന്തം വ്യക്തിത്വത്തില്‍ എത്തി.  1983ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ 'ഉരുവങ്കല്‍ മരള'ത്തില്‍ ദൈവമെന്ന വിശേഷണത്തില്‍ അതിഥി വേഷത്തില്‍ ശിവാജി ഗണേശൻ, കമല്‍ഹാസൻ, ജയ്‍ശങ്കര്‍ എന്നിവര്‍ക്കൊപ്പം രജനിയും എത്തി. തെലുങ്കില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ന്യായം മീരെ ചെപ്പാളി'യില്‍ പൊലീസ് ഓഫീസറായും രജനി അതിഥി താരമായി.

അമിതാഭ് ബച്ചൻ ചിത്രമായ 'ജെറാഫ്‍തറി'ലും അതിഥിയെന്ന് പറയാവുന്ന വേഷത്തിലാണ് രജനീകാന്ത് എത്തിയത്. കമല്‍ഹാസനായിരുന്നു ഈ ചിത്രത്തിലെ നായകന്‍. അമിതാഭ് ബച്ചനെ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ സ്റ്റൈലിഷ് മാനറിസങ്ങള്‍  രജനികാന്ത് ഹിന്ദി പ്രേക്ഷകരെ കാട്ടി. 1985ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'യാറി'ല്‍ രജനിയായിത്തന്നെ ഒരിക്കല്‍ക്കൂടി സ്ക്രീനില്‍. 'കൊടൈ മഴ' എന്ന സിനിമയില്‍ തൊട്ടടുത്ത വര്‍ഷവും രജനി അതിഥിതാരമായി എത്തി. ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രമായ ദാകു ഹസീനയില്‍ മംഗള്‍ സിംഗായി സ്‍പെഷല്‍ അപ്പിയറൻസായിരുന്നു രജനീകാന്തിന്. 1987ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'മനത്തില്‍ ഉരുധി വീണ്ടു'വിലും രജനിയുടെ സ്വന്തം വ്യക്തിത്വത്തിലാണ് എത്തിയത്. ഹിന്ദിയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഗെയിര്‍ കാനൂണി'യിലും അഥിതിയാകാനായിരുന്നു രജനീകാന്തിന്‍റെ നിയോഗം. 1989ല്‍ പുറത്തെത്തിയ 'ഭ്രഷ്‍ടചാര്‍' എന്ന ഹിന്ദി ചിത്രത്തിലും ഗസ്റ്റ് ആയി രജനി. അര്‍ജുൻ നായകനായ ചിത്രം 'പെരിയ ഇടത്തു പിള്ളൈ'യില്‍ ഒരിക്കല്‍ക്കൂടി രജനി രജയിയായിത്തന്നെ എത്തി. 'ദളപതി', 'അണ്ണാമലൈ', 'പാണ്ഡ്യൻ', 'ബാഷ',  തുടങ്ങിയ ഹിറ്റുകളില്‍ രജനികാന്ത് നിറഞ്ഞാടിത്തുടങ്ങിയതിന് ശേഷം 1995ല്‍ 'ഭാഗ്യദേവത'യിലെ ഗായകന്‍റെ വേഷമാണ് രജനിയുടെ അവസാന ഗസ്റ്റ് അപ്പിയറന്‍സ്. തുടര്‍ന്നിങ്ങോട്ട് നായകനായിട്ട് തന്നെയാണ് രജനീകാന്തിനെ പ്രേക്ഷകര്‍ കണ്ടത്.

Follow Us:
Download App:
  • android
  • ios