'മമ്മൂട്ടി കമ്പനിയുടെ ചിത്രമാണ് മോശമാകില്ല' എന്ന അഭിപ്രായത്തിലേക്കു പ്രേക്ഷകനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നതാണ് മമ്മൂട്ടി കമ്പനിയുടെ വിജയം.

മലയാള സിനിമ കോടികളുടെ കിലുക്കങ്ങള്‍ കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് മമ്മൂട്ടി കമ്പനിയുടെ ഒരു ചിത്രം പോലും നൂറു കോടി നേടിയിട്ടില്ല. അപ്പോഴും മലയാളത്തിന് പുറത്തും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആയി മാറാന്‍ മമ്മൂട്ടി കമ്പനിയുടെ മിക്ക ചിത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ നിന്നും അടുത്തതിലേക്ക് പോകുമ്പോള്‍ കഥാപാത്രങ്ങളില്‍ മാത്രമല്ല, കഥയുടെ പശ്ചാത്തലത്തില്‍ അടക്കം വ്യത്യസ്തത വേണം എന്ന വിഷന്‍ തന്നെ ആണ് മമ്മൂട്ടി കമ്പനി ചിത്രങ്ങളുടെ കരുത്ത്.

മലയാള സിനിമയുടെ ചരിത്രം നോക്കിയാല്‍, നിര്‍മാണ കമ്പനിയുടെ പേര് കൊണ്ട് തന്നെ പ്രേക്ഷകരെ തിയേറ്ററില്‍ എത്തിച്ച ഒട്ടനവധി 'പേരുകള്‍' ഉണ്ട്. പ്രതാപ കാലത്തിനു ശേഷം തുടര്‍ച്ചകള്‍ ഇല്ലാതെ പോയ കമ്പനികളും, ഒരു ഘട്ടത്തിന് ശേഷം പരാജയങ്ങളിലേക്കു വീണു പോയ കമ്പനികളും ഉണ്ട്. താര കേന്ദ്രീകൃത സിനിമകളില്‍ നിന്നും കഴിഞ്ഞ ദശാബ്ദം സംവിധായകന്റെ പേരിലേക്ക് കൂടെ മലയാള സിനിമയെ മാറ്റിയെടുത്ത കാലം ആയിരുന്നു. 

ഫ്രൈഡേ ഫിലിംസ്, വീക്കെന്‍ഡ് ബ്‌ളോക്ബസ്റ്റേഴ്സ്, ആശിര്‍വാദ് സിനിമാസ്, അന്‍വര്‍ റഷീദ് പ്രൊഡക്ഷന്‍സ്, ഭാവന സ്റ്റുഡിയോ തുടങ്ങി മിക്ക നിര്‍മാണ കമ്പനികളും പ്രേക്ഷകര്‍ക്ക് ക്വാളിറ്റിയുടെ കാര്യത്തില്‍ നല്‍കിയ പ്രതീക്ഷകളും ചെറുതായിരുന്നില്ല. സിനിമയും ലോകവും ഒക്കെ പകച്ചു പോയ കോവിഡ് കാലം മാറ്റങ്ങളുടെ കാലം കൂടെ ആയിരുന്നു. ലോക സിനിമയെ കണ്ട മലയാളി അതിന്റെ അതിരുകള്‍ വലുതാക്കിയ കാലം കൂടെ ആയിരുന്നു കോവിഡ് കാലം. ലോകത്തെവിടെയും ഉള്ള കണ്ടന്റുകള്‍ വിരല്‍ത്തുമ്പില്‍ കാണാനുള്ള അവസരം എന്നത് കാഴ്ച ശീലങ്ങളെയും ആസ്വാദനത്തെയും സ്വാധീനിച്ചിട്ടുണ്ട്. കോവിഡിന് ശേഷമുള്ള മലയാള സിനിമകള്‍ നോക്കിയാല്‍, കഥയുടെ തെരഞ്ഞെടുപ്പിലും അവതരണത്തിലും ഇത്തരം പ്രേക്ഷകരെ കൂടെ ചേര്‍ത്ത് വയ്ക്കുന്ന സിനിമകളും ഏറെ വന്നിട്ടുണ്ട്. കാഴ്ചക്കാരെ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്ന സിനിമകള്‍ എന്നത് കേവലം ഒരു ജോണറിലേക്ക് ഒതുങ്ങിയില്ല എന്നത് കൂടെ ശ്രദ്ധേയം ആണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കെടുപ്പില്‍ ഇന്ത്യന്‍ സിനിമ ചര്‍ച്ച ചെയ്തതും മലയാളത്തിലെ കണ്ടന്റുകള്‍ തന്നെ ആണ്.


കാതല്‍

പ്ലേഹൗസില്‍നിന്ന് മമ്മൂട്ടി കമ്പനിയിലേക്ക്

കോവിഡിന് ശേഷമുള്ള മാറ്റത്തിനൊപ്പം ചേര്‍ത്ത് വയ്ക്കേണ്ട പേരാണ് മമ്മൂട്ടി കമ്പനി. നേരത്തെ മമ്മൂട്ടി പ്ലേഹൗസ് എന്ന പ്രൊഡക്ഷന്‍ കമ്പനി സ്ഥാപിക്കുകയും അതില്‍ ചിത്രങ്ങള്‍ നിര്‍മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിനും മുമ്പേ ഐ വി ശശി, മോഹന്‍ലാല്‍, സീമ എന്നിവരോടൊപ്പം 1980 കളില്‍ കാസിനോ എന്ന നിര്‍മാണ കമ്പനിയുടെയും ശ്രദ്ധേയമായ സിനിമകള്‍ വന്നു. പ്ലേഹൗസ് ഒരു ബ്രാന്‍ഡ് എന്ന രീതിയില്‍ വളര്‍ന്നില്ല. മമ്മൂട്ടിയുടെ നിര്‍മാണ കമ്പനി എന്നതിനപ്പുറം, നിര്‍മിക്കപ്പെട്ട ചിത്രങ്ങളുടെ പേരില്‍ വലിയ മുന്നേറ്റം കൊണ്ട് വരാന്‍ പ്ലേഹൗസിനു സാധിച്ചില്ല.

മമ്മൂട്ടി കമ്പനി നിര്‍മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി യുടെ നന്‍പകല്‍ നേരത്തു മയക്കം ആണ്. സിനിമാ ആസ്വാദകര്‍ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കൂടെ ആയിരുന്നു അത്. രണ്ടാമത്തെ ചിത്രമായ, നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക് ആണ് ആദ്യം തിയേറ്ററില്‍ എത്തിയത്. മമ്മൂട്ടി കമ്പനിയുടെ ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ എന്ന നിലയില്‍ ഈ രണ്ടു സിനിമകളും പ്രത്യേക സ്ഥാനം അര്‍ഹിക്കുന്നുണ്ട്. അപ്ഡേറ്റഡ് ആയ പ്രേക്ഷകര്‍ക്ക് മുന്നില്‍ കഥയിലും അവതരണത്തിലും അടിമുടി പുതുമ സമ്മാനിക്കുക എന്നത് ചെറിയ കാര്യമല്ല. മലയാള സിനിമ എന്ന അതിര്‍ത്തികള്‍ ഒന്നും ഇല്ലാതെ കാഴ്ചയുടെ ഇന്റര്‍നാഷണല്‍ ഫീല്‍ സമ്മാനിച്ച സിനിമകള്‍ ആയിരുന്നു ഇവ. രണ്ടു സിനിമകളും മമ്മൂട്ടി എന്ന നടനെ കൂടെ പുതുക്കിയെടുത്തത് നമ്മള്‍ കണ്ടതാണ്. കാഴ്ചയ്ക്കപ്പുറത്തേക്കു പ്രേക്ഷകരെ കൊണ്ട് പോകാനുള്ള ഒരു മാജിക് കൂടെ ഈ സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പരീക്ഷണങ്ങള്‍ എന്ന് പറയുന്ന സമയത്തും പോപ്പുലര്‍ സിനിമ എന്ന നിലയില്‍ കൂടെ മുന്നേറാന്‍ പറ്റുന്ന രീതിയില്‍ ആയിരുന്നു മമ്മൂട്ടി കമ്പനി സിനിമകള്‍ എത്തിയത്.

കണ്ണൂര്‍ സ്‌ക്വാഡ്

മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ 

മമ്മൂട്ടി കമ്പനിയുടെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് ആയിരുന്നു. പ്രതികളെ അന്വേഷിച്ചു മറ്റു സംസ്ഥാനങ്ങളിലേക്കു യാത്ര ചെയ്യുന്ന പോലീസ് സംഘത്തിന്റെ കഥ ഇതിനു മുമ്പും വരികയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് (തീരന്‍ അധികാരം ഒന്ന്, കുറ്റവും ശിക്ഷയും). ആ സ്പേസിലേക്ക് ആണ് കണ്ണൂര്‍ സ്‌ക്വാഡും വരുന്നത്. റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ കഥ പറഞ്ഞു പ്രേക്ഷകനെ പിടിച്ചിരുത്തുക എന്നതില്‍ ആണ് കണ്ണൂര്‍ സ്‌ക്വാഡ് വിജയിക്കുന്നത്. ഈ ചിത്രത്തിന്റെ വമ്പന്‍ വിജയത്തോടെയാണ് മമ്മൂട്ടി കമ്പനി ബ്രാന്‍ഡ് എന്ന നിലയിലേക്ക് കൂടെ വളരുന്നത്. 

പോപ്പുലര്‍ സിനിമാ സാദ്ധ്യതകള്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്താണ് ജിയോ ബേബിക്കൊപ്പം മമ്മൂട്ടിയുടെ 'കാതല്‍' എന്ന ചിത്രം വരുന്നത്. മമ്മൂട്ടി അങ്ങനെയൊരു നായക വേഷത്തില്‍ എത്തുന്നു എന്നതിനൊപ്പം മമ്മൂട്ടി കമ്പനി അത് നിര്‍മിക്കുന്നു എന്നതും അഭിനന്ദനീയം ആണ്. ബ്രാന്‍ഡിന്റെ പേരില്‍ തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ നിരാശരാക്കില്ല എന്ന ഉറപ്പു നല്‍കാന്‍ നിര്‍മാണ കമ്പനിക്ക് സാധിച്ചിട്ടുമുണ്ട്. 

അഞ്ചാമത്തെ ചിത്രമായ 'ടര്‍ബോ' അടിമുടി കൊമേഴ്ഷ്യല്‍ മസാല ചേരുവകള്‍ ചേര്‍ത്ത ഒരു സിനിമ ആയാണ് വന്നത്. തിയറ്ററില്‍ അതിന് മികച്ച കളക്ഷന്‍ നേടാനും സാധിച്ചിട്ടുണ്ട്. ഈ സമയത്തു മമ്മൂട്ടി കമ്പനിയുടേത് അല്ലാതെ വന്ന സിനിമകളും മമ്മൂട്ടി എന്ന നടനെയാണ് ആഘോഷിച്ചത്. (ഭ്രമയുഗം - രാഹുല്‍ സദാശിവന്‍). വീണ്ടും മമ്മൂട്ടി കമ്പനി ശ്രദ്ധ നേടുന്നത് ഗൗതം വാസുദേവ് മേനോന്റെ ഡൊമിനിക് ആന്‍ഡ് ലേഡീസ് പഴ്‌സ് എന്ന സിനിമയിലൂടെ ആണ്. ചിത്രം ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നു. മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പുകള്‍ വീണ്ടും പ്രേക്ഷകര്‍ ആഘോഷിക്കുമ്പോള്‍ അത് മമ്മൂട്ടി കമ്പനിയുടെ ആണെന്നത് കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന, ജിതിന്‍ കെ ജോസ് സംവിധായകനായ മമ്മൂട്ടി-വിനായകന്‍ ചിത്രം ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ്.

നന്‍പകല്‍ നേരത്തു മയക്കം

മമ്മൂട്ടി കമ്പനിയുടെ വിജയം

മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ആറു സിനിമകള്‍ എന്നത് ചെറിയ കാര്യമല്ല. തുടങ്ങി പെട്ടെന്ന് തന്നെ ഒരു ബ്രാന്‍ഡ് ആയി മാറാനും പ്രക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കാനും സാധിച്ചു. എന്നതും പ്രധാനമാണ്. തന്റെ ഉള്ളിലെ അഭിനേതാവിനെ പുതുക്കിപ്പണിത ചിത്രങ്ങള്‍ കൂടെ ആണ് സ്വന്തം കമ്പനിയിലൂടെ മമ്മൂട്ടി എന്ന അഭിനേതാവ് സമ്മാനിച്ചത്. 'നന്‍പകല്‍ നേരത്ത് മയക്ക'ത്തിലെ പകര്‍ന്നാട്ടം മുതല്‍ 'ഡൊമിനിക്' വരെ എത്തി നില്‍ക്കുമ്പോള്‍ മുന്‍മാതൃകകള്‍ ഇല്ലാത്ത കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി വീണ്ടും രാകി മിനുക്കുന്നുണ്ട്. പുതിയ ടെക്നീഷ്യന്‍സ്, പുതിയ പശ്ചാത്തലങ്ങള്‍, കാലിക പ്രസക്തമായ വിഷയങ്ങള്‍ ഒക്കെ ആയി, മമ്മൂട്ടി കമ്പനിയുടെ പേരില്‍ വരുന്ന സിനിമകള്‍ അതിന്റെ അതിര്‍ത്തികള്‍ വലുതാക്കുന്നുണ്ട്.

മലയാള സിനിമ കോടികളുടെ കിലുക്കങ്ങള്‍ കൊണ്ട് ചര്‍ച്ച ചെയ്യപ്പെടുന്ന സമയത്ത് മമ്മൂട്ടി കമ്പനിയുടെ ഒരു ചിത്രം പോലും നൂറു കോടി നേടിയിട്ടില്ല. അപ്പോഴും മലയാളത്തിന് പുറത്തും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ച ആയി മാറാന്‍ മമ്മൂട്ടി കമ്പനിയുടെ മിക്ക ചിത്രങ്ങള്‍ക്കും സാധിച്ചിട്ടുണ്ട്. ഒരു സിനിമയില്‍ നിന്നും അടുത്തതിലേക്ക് പോകുമ്പോള്‍ കഥാപാത്രങ്ങളില്‍ മാത്രമല്ല, കഥയുടെ പശ്ചാത്തലത്തില്‍ അടക്കം വ്യത്യസ്തത വേണം എന്ന വിഷന്‍ തന്നെ ആണ് മമ്മൂട്ടി കമ്പനി ചിത്രങ്ങളുടെ കരുത്ത്. ഈ ചിത്രങ്ങളില്‍ മാസ് മസാല ചിത്രമായ 'ടര്‍ബോ'യ്ക്ക് മാത്രമാണ് ഒരു പ്രീ റിലീസ് ഹൈപ് ഉണ്ടായിരുന്നു. മറ്റു ചിത്രങ്ങളെല്ലാം ആദ്യ ഷോയ്ക്ക് കയറിയ പ്രേക്ഷരുടെ അഭിപ്രായങ്ങളിലൂടെ ഹിറ്റ് സ്റ്റാറ്റസ് നേടിയ ചിത്രങ്ങള്‍ ആണ്. 'മമ്മൂട്ടി കമ്പനിയുടെ ചിത്രമാണ് മോശമാകില്ല' എന്ന അഭിപ്രായത്തിലേക്കു പ്രേക്ഷകനെ സ്വാധീനിക്കാന്‍ സാധിച്ചു എന്നതാണ് മമ്മൂട്ടി കമ്പനിയുടെ വിജയം. കാഴ്ചയുടെയും കഥകളുടെയും സ്പേസ് വലുതാകുമ്പോള്‍ പ്രേക്ഷകനും പ്രതീക്ഷയുണ്ട്, വിശ്വാസമുണ്ട്.