Asianet News MalayalamAsianet News Malayalam

ജനപ്രിയ ചേരുവ, ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രാജ്ഞി വിവാഹവും, ചാൾസ്- ഡയാന പ്രശ്നങ്ങളുമടക്കം പറയുന്ന 'ദ ക്രൗൺ'

നെറ്റ്ഫ്ലിക്സിന്റെ ദ ക്രൗൺ തികച്ചും രാജകീയമാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്നത് കൊണ്ട് മാത്രമല്ല, നിർമാണത്തിലെ മികവു കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നേടിയെടുത്ത പുരസ്കാരങ്ങളുടെ നിര കൊണ്ടും.  

The Crown is a historical drama television series about the reign of Queen Elizabeth
Author
First Published Sep 20, 2022, 8:46 PM IST

നെറ്റ്ഫ്ലിക്സിന്റെ ദ ക്രൗൺ തികച്ചും രാജകീയമാണ്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കഥ പറയുന്നത് കൊണ്ട് മാത്രമല്ല, നിർമാണത്തിലെ മികവു കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും നേടിയെടുത്ത പുരസ്കാരങ്ങളുടെ നിര കൊണ്ടും.  രാജാക്കൻമാർ, റാണിമാർ, രാജകുമാരൻമാർ, രാജകുമാരിമാർ, തലയെടുപ്പുള്ള വലിയ കൊട്ടാരങ്ങൾ, ഒരു വിരൽ ഞൊടിച്ചാൽ എത്തുന്ന പരിചാരകവൃന്ദം, ആഡംബര വിരുന്നുകൾ, ലാളിത്യം എന്നാൽ എന്ത് എന്ന് അറിയാത്ത ജീവിതം... 

സാധാരണക്കാരന്റെ ഭാവനക്കും സ്വപ്നത്തിനും നിറപ്പകിട്ടേറ്റുന്ന ആലോചനകളും വ്യക്തികളും ജീവിതവും. എക്കാലത്തും ജനപ്രിയമായ ചേരുവ. ലോകം അറിയുന്ന ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചാണ് പറയുന്നത് എങ്കിൽ സ്വാഭാവികമായും ആ ചേരുവക്ക് ജനപ്രിയം കൂടും. താത്പര്യം കൂടും. പറയുന്ന കഥ കാണാനും കേൾക്കാനും ചോദ്യങ്ങൾ ഉയർത്താനും എല്ലാം ആളും കൂടും. ഇവിടെയാണ് നെറ്റ്ഫ്ലിക്സ് പരീക്ഷണവുമായി എത്തിയതും വിജയിച്ചതും.

നാല് സീസൺ അഥവാ നാല് ഭാഗങ്ങൾ കഴിഞ്ഞു. എലിസബത്ത് രാജ്ഞിയുടെ വിവാഹവും കിരീടധാരണവും പറഞ്ഞു തുടങ്ങിയ കഥ ചാൾസും ഡയാനയും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായ വേളയിലെത്തി നിൽക്കുന്നു. നാലും കണ്ട പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു. അഞ്ചാം ഭാഗം പ്രഖ്യാപിച്ചു കഴിഞ്ഞു. ആറാം ഭാഗം ഉണ്ടും താനും. ചാൾസ് ഡയാന വിവാഹമോചനം, ഡയാനയുടെ മരണം, വില്യം കേറ്റ് കണ്ടുമുട്ടൽ തുടങ്ങി ഇപ്പോഴത്തെ ചെറുപ്പം പ്രേക്ഷകർക്ക് കൂടുതൽ പരിചിതമായ വിഷയങ്ങളാണ് വരാനിരിക്കുന്ന ഭാഗങ്ങൾ അഥവാ സീസണുകൾ പറയാനിരിക്കുന്നത്. കാത്തിരിപ്പിന് മധുരം കൂടും. 

പ്രശസ്ത തിരക്കഥാകൃത്തും നാടകരചയിതാവുമായ പീറ്റർ മോർഗൻ ആണ് ദ ക്രൗണിന്റെ പ്രധാന സൃഷ്ടാവ്. ദ ക്വീൻ എന്ന സിനിമയിലും ദ ഓഡിയൻസ് എന്ന നാടകത്തിലും എലിസബത്ത് രാജ്ഞിയെ കുറിച്ച് പറഞ്ഞ പീറ്റർ മോർഗൻ  ദ ക്രൗണിലൂടെ രാജ്ഞിയുടെ ജീവിതവും ഭരണവും വിസ്തരിച്ച് പറയുന്നു. ഡയാന രാജകുമാരിയുടെ മരണശേഷം പൊതുവികാരം മനസ്സിലാക്കാനും ചിട്ടവട്ടങ്ങൾ പറഞ്ഞുള്ള കടുംപിടിത്തം മാറ്റി വെക്കാനും എലിസബത്ത് റാണി വൈകിയതും പ്രധാനമന്ത്രി ആയിരുന്ന ടോണി ബ്ലെയർ വിഷയത്തിൽ ഇടപെട്ടതും  പിന്നാലെ റാണി ബക്കിങ്ഹാം പാലസിന് മുന്നിൽ നിരന്ന പൂക്കൾ കാണാൻ എത്തിയതും ഡയാനക്ക് അന്ത്യാഞ്ജലി അർപിച്ച് ടെലിവിഷനിലൂടെ സംസാരിച്ചതും എല്ലാമാണ് ദ ക്വീൻ എന്ന സിനിമ പറയുന്നത്.  

 വിവിധ പ്രധാനമന്ത്രിമാരുമായുള്ള റാണിയുടെ വാരാന്ത്യ സംഭാഷണങ്ങളാണ് ദ ഓഡിയൻസിന്റെ പ്രമേയം. രണ്ടിലും റാണിയായത് ഹെലൻ മിറർ. ഓസ്കറും ടോണിയും ഉൾപെടെ നിരവധി പുരസ്കാരങ്ങൾ ഹെലന് നേടിക്കൊടുത്തു സിനിമയും നാടകവും. രാജ്ഞിയുടെ ജീവിതത്തിലെ സന്ദർഭങ്ങളും ബ്രിട്ടനിലെ രാഷ്ട്രീയ സാഹചര്യങ്ങളും എത്ര മാത്രം നാടകീയമാണെന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയതും അല്ലാത്തതുമായ സംഭവങ്ങൾ എത്രത്തോളം കൗതുകകരവും ആണെന്ന തിരിച്ചറിവ് ആണ് ദ ക്രൗൺ എന്ന പരന്പരയിലേക്ക് മോർഗനേയും കൂട്ടരേയും എത്തിച്ചത്. 

ഒപ്പം ആദ്യം പറഞ്ഞ പോലെ ലോകത്തെ ഏറ്റവും പ്രശസ്തമായ രാജകുടുംബത്തിൽ നിന്നുള്ള വിവരങ്ങളും വിശേഷങ്ങളും അറിയാൻ പ്രേക്ഷക സാമാന്യത്തിനുള്ള കൗതുകത്തെ കുറിച്ചുള്ള ബോധ്യവും.  1955 വരെയുള്ള കാലഘട്ടമാണ് ആദ്യ സീസൺ. വിൻസ്റ്റൻ ചർച്ചിൽ പ്രധാനമന്ത്രി പദവും ഒഴിയുന്ന സമയം.  ഹാരോൾഡ് മക്മില്ലനും ആന്റണി ഈഡനും പ്രധാനമന്ത്രി പദത്തിൽ നിന്ന് വിരമിക്കുന്നതും സൂയസ് കനാൽ പ്രതിസന്ധിയും പ്രതിപാദിക്കപ്പെടുന്നു രണ്ടാം സീസണിൽ.   ഹരോൾഡ് വിൽസൺ പ്രധാനമന്ത്രി ആയി തെരഞ്ഞെടുക്കപ്പെടുന്നതും രാജ്ഞിയുടെ കിരീടധാരണത്തിന്റെ വജ്രജൂബിലിയും തുടങ്ങി 77 വരെയുള്ള പ്രധാന സംഭവങ്ങളാണ് മൂന്നാം ഭാഗം. നാലാം സീസണിലാണ് ബ്രിട്ടനിലെ ഏറ്റവും പ്രശസ്തമായ മറ്റൊരു ചരിത്രവനിത രംഗപ്രവേശം ചെയ്യുന്നത്. 

മാർഗരറ്റ് താച്ചർ. രാഷ്ട്രീയ സംഭവങ്ങൾക്കൊപ്പം തന്നെ രാജകൊട്ടാരത്തിൽ നടക്കുന്ന സംഭവങ്ങളും ഓരോ സീസണിൽ അതത് സമയത്ത് കാണിക്കുന്നു. മാർഗരറ്റ് രാജകുമാരി പീറ്റർ ടൗൺസെൻഡുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതും  വിവാഹിതയാകുന്നതും  തുടങ്ങി ചാൾസ് രാജകുമാരന്റെ ജീവിതത്തിൽ കമീല പാർക്കർ ബൗൾസും ഡയാന സ്പെൻസറും എത്തുന്നതും വരെ നാലു സീസണുകളിലായി കാണിക്കുന്നു. രാ‍ജ്ഞിയും ഫിലിപ്പ് രാജകുമാരനും ആയുള്ള ബന്ധത്തിലെ ഇണക്കവും പിണക്കവും ഇടക്ക് അവർക്കിടയിൽ അസ്വസ്ഥതയുടെ വിത്തുവിതച്ച പ്രൊഫൂമോ വിവാദവും എഡ്വേർഡ് രാജകുമാരന്റെ ജനനവും എല്ലാം ദ ക്രൗണിലുണ്ട്. രാജകൊട്ടാരത്തിനകത്തേക്ക് ബിബിസി ക്യാമറകൾ എത്തിച്ച ഡോക്യുമെന്ററിയെ കുറിച്ചും ഫിലിപ്പ് രാജകുമാരന്റെ ബാല്യകാലത്തെ ബുദ്ധിമുട്ടുകളെ പറ്റിയും അദ്ദേഹത്തിന്റെ അമ്മ ആലീസ് രാജകുമാരി നേരിട്ട പെടാപാടുകളെ കുറിച്ചുമെല്ലാം ദ ക്രൗൺ പറയുന്നു. 

പറഞ്ഞു പോകുന്ന സംഭവങ്ങളുടെ ചരിത്രപരമായ കൃത്യതയെ കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പക്ഷേ അപ്പോഴും നിർമാണമികവിനെ കുറിച്ച് ആരും കുറ്റം പറഞ്ഞില്ല.   താരങ്ങളുടെ തെരഞ്ഞെടുപ്പിനെ പറ്റിയും അവരുടെ പ്രകടനത്തെ പറ്റിയും രണ്ട് അഭിപ്രായം ആ‌ർക്കും ഉണ്ടായില്ല. ആദ്യ രണ്ട് സീസണിൽ രാജ്ഞിയും ഫിലിപ്പ് രാജകുമാരനും മാർഗരറ്റ് രാജകുമാരിയും ആയത് ക്ലെയർ ഫോയ്, മാറ്റ് സ്മിത്ത്, വനേസ കിർബി. മൂന്നും നാലും സീസണിൽ ഒളീവിയ കോൾമാൻ, തോബിയാസ് മെൻസീസ്, ഹെലേന ബോൺഹാം കാർട്ടർ. ചാൾസ് രാജകുമാരൻ ആയത് ജോഷ് ഓ കോണർ, ഡയാന ആയത് എമ്മ കോറിൻ, കമീല ആയത് എമറാൾഡ് ഫെന്നൽ. മാർഗരറ്റ് താച്ചർ ആയത് ജില്ലിയൻ ആൻഡേഴ്സൺ. 2021ൽ പ്രൈം ടൈം എമ്മി അവാർഡ് നിശയിൽ ഏഴ് വിഭാഗങ്ങളിലും പുരസ്കാരം നേടുന്ന ആദ്യ പരന്പര ആയിരുന്നു ദ ക്രൗൺ. പ്രധാന താരങ്ങൾ എല്ലാം വിവിധ പുരസ്കാരവേദികളിൽ ജേതാക്കളായി. 

നവംബറിൽ എത്തുന്ന അഞ്ചാം സീസണിൽ രാജ്ഞി ആകുന്നത് ഇമെൽഡ സ്റ്റോന്റൺ, ഫിലിപ്പ് രാജകുമാരൻ ആകുന്നത് ജോനതൻ പ്രൈസ്, മാർഗരറ്റ് രാജകുമാരി ആകുന്നത് ലെസ്ലിപ മാൻവില്ലി. ചാൾസ് രാജകുമാരൻ ആയി ഡൊമിനിക് വെസ്റ്റും ഡയാന രാജകുമാരി ആയി എലിസബത്ത് ഡെബിക്കിയും. താരത്തിളക്കം തുടരുന്നു. മറ്റ് രാജകുടുംബാംഗങ്ങളുടെ താരനിർണയവും പൂർത്തിയായിട്ടുണ്ട്. മക്കളുടെ വിവാഹങ്ങളിലെ പ്രശ്നങ്ങളും ബ്രിട്ടനിലെ മാറുന്ന രാഷ്ട്രീയ സാഹചര്യവും എല്ലാം എലിസബത്ത് രാജ്ഞിക്ക് തലവേദനയാകുന്നതും അത് കൈകാര്യം ചെയ്യപ്പെടുന്നതും ആണ് വരാനിരിക്കുന്ന എപ്പിസോഡുകൾ. വിവാഹമോചനത്തിന് ശേഷമുള്ള ഡയാന രാജകുമാരിയുടെ ജീവിതവും അപകടമരണവും പ്രത്യേകം ശ്രദ്ധ ആകർഷിക്കും എന്നുറപ്പ്.

പുതിയ താരങ്ങള്‍, എലിസബത്ത് രാജ്ഞി പോയാലും ബ്രിട്ടീഷ് രാജകുടുംബത്തില്‍ പെണ്‍തിളക്കം കുറയുന്നില്ല!

ക്രൗൺ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു കാര്യം ഉറപ്പാണ്. ചരിത്രപരമായ സത്യസന്ധതയുടേയും കൃത്യതയുടേയും പുനർനിർമിതിയുടേയും അളവുകോലുകളിൽ നൂറിൽ നൂറ് മാർക്ക് ദ ക്രൗൺ എന്ന പരന്പരക്ക് അവകാശപ്പെടാനാകുമോ എന്ന കാര്യത്തിൽ തർക്കം ഉണ്ടാകും. എന്നാൽ മൂന്ന് കാര്യത്തിൽ രണ്ട് അഭിപ്രായം ഉണ്ടാകാൻ ഇടയില്ല. ഒന്ന് നിർമാണ മികവ്. രണ്ട് താരങ്ങളുടെ പ്രകടനം. അവസാനത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാര്യം. ബ്രിട്ടീഷ് രാജകുടുംബത്തിൽ സാധാരണക്കാരനുള്ള താത്പര്യവും കൗതുകവും പരന്പര കൂട്ടി. രാജ്ഞിയേയും കുടുംബത്തേയും അവരുടെ ശീലങ്ങളും പതിവുകളും പ്രശ്നങ്ങളും സഹിതം സാധാരണ പ്രേക്ഷകനിലേക്ക് അടുപ്പിക്കാൻ പരന്പരക്ക് കഴിഞ്ഞു. രാജ്യാതിർത്തികളില്ലാതെയാണ് ആ കൗതുകവും താത്പര്യവും കൂടിയത് എന്നു കൂടി ചേർത്ത് വായിക്കണം.

Follow Us:
Download App:
  • android
  • ios