മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ ചിത്രം ബിഗ് ബ്രദർ. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. സിദ്ദിഖ് ആണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ സുഹൃത്തുക്കളായെത്തി കയ്യടി നേടിയിരിക്കുകയാണ് ടിനി ടോമും , ഇർഷാദും, വിഷ്‍ണു ഉണ്ണികൃഷ്‍ണനും. നായകനൊപ്പം തന്നെ  നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി മൂവരും മാറുന്നു എന്നതാണ് പ്രത്യേകത.  

ജുവനൈൽ ഹോം മുതൽ മോഹൻലാൽ വേഷമിടുന്ന ബിഗ് ബ്രദറുമായി സൗഹൃദത്തിലുള്ള പരീക്കർ, ഖനി, ഖാൻ എന്നീ മൂന്ന് കഥാപാത്രമായാണ് ടിനി ടോമും കൂട്ടരും ചിത്രത്തിലെത്തുന്നത്. തുടക്കം മുതൽ അവസാനം വരെ നായകനൊപ്പമാണ് ഈ കഥാപാത്രങ്ങളുടെ സഞ്ചാരം. ഡാൻസിലും ആക്ഷൻരംഗങ്ങളിലും മികച്ച പ്രകടനമാണ് ഇവർ കാഴ്‍ചവയ്ക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാലിനൊപ്പം ഒരു മുഴുനീള വേഷം ചെയ്യാനായെന്നും ചിത്രത്തിലുടനീളം നിറഞ്ഞു നിൽക്കുന്ന കഥാപാത്രമായി മാറുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ടിനി ടോം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

ലേഡീസ് ആന്‍ഡ് ജെന്റില്‍മാനിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ച ചിത്രമാണ് ബിഗ് ബ്രദർ. അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, തുടങ്ങിയ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. ദീപക് ദേവ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.