Asianet News Malayalam

മരണരംഗങ്ങളില്‍ അഭിനയിച്ച് വിഷാദത്തിന്‍റെ വക്കിലെത്തിയ നായകന്‍; ദിലീപ് കുമാര്‍ എന്ന മെത്തേഡ് ആക്ടര്‍

സാക്ഷാല്‍ സത്യജിത്ത് റായ് ദിലീപ് കുമാറിനെ വിശേഷിപ്പിച്ചത് 'ഇന്ത്യ കണ്ട ഏറ്റവും മികച്ച മെത്തേഡ് ആക്ടർ' എന്നായിരുന്നു

Tribute to Dilip Kumar the best method actor hindi cinema had ever produced
Author
Mumbai, First Published Jul 7, 2021, 1:35 PM IST
  • Facebook
  • Twitter
  • Whatsapp

1999 ലെ ഒരു പ്രഭാതം. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ എഡിസി അദ്ദേഹത്തെ വളരെ പ്രധാനപ്പെട്ട ഒരു വിവരം അറിയിക്കാനായി ഓടിക്കിതച്ച് ചെല്ലുന്നു. "ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ഫോൺ വന്നിട്ടുണ്ട്. അങ്ങയോട് അടിയന്തിരമായി എന്തോ സംസാരിക്കാനുണ്ട് എന്ന് പറയുന്നു" അദ്ദേഹം പറഞ്ഞു. 

നവാസ് ഷെരീഫ് ലൈനിൽ വന്നപ്പോൾ വാജ്‌പേയി തന്റെ സ്വതസിദ്ധമായ ഗംഭീര സ്വരത്തിൽ അദ്ദേഹത്തോട് പറഞ്ഞു, "ഒരുവഴിക്ക്, ലാഹോറിൽ അങ്ങ് സമാധാനത്തിന്റെ കാവൽമാലാഖയായി എന്നെ സ്വാഗതം ചെയ്യുന്നു. അപ്പുറത്ത് അങ്ങയുടെ മിലിട്ടറി ജനറൽ തന്റെ ഭടന്മാർക്ക് കാർഗിലിൽ ഭാരതത്തിന്റെ മണ്ണിലേക്ക് നുഴഞ്ഞുകയറ്റം നടത്താൻ ആജ്ഞ നൽകുന്നു. എന്താണ് ഇതിന്റെയൊക്കെ അർത്ഥം?"

 

 

സ്വരത്തിൽ പ്രകടമായ ഞെട്ടലോടെ നവാസ് ഷെരീഫിന്റെ മറുപടി ഇങ്ങനെ,"അങ്ങ് ഈ പറയുന്ന സംഭവത്തെപ്പറ്റി എനിക്ക് യാതൊരു അറിവുമില്ല. എന്താണ് നടന്നത് എന്ന് ഞാനൊന്ന് അന്വേഷിക്കട്ടെ. എന്റെ ജനറൽ പർവേസ് മുഷറഫുമായി ഒന്ന് സംസാരിക്കാനുളള സാവകാശം എനിക്ക് അങ്ങ് തരണം." 

ഈ ഒരു സന്ദർഭത്തെക്കുറിച്ച് പാകിസ്താന്റെ മുൻ വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരി തന്റെ ആത്മകഥയായ നൈദർ എ ഹോക്ക് നോർ എ ഡോവ് (Neither a Hawk Nor a Dove) -ൽ എഴുതുന്നത് ഇങ്ങനെയാണ്.  ഫോൺ വെക്കും മുമ്പ് വാജ്‌പേയി നവാസ് ഷെരീഫിനോട് ഒരു കാര്യം കൂടി പറയുന്നുണ്ട്," നവാസ് ഭായ്... താങ്കളോട് ഒരു കാര്യം കൂടി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ  വർത്തമാനം എല്ലാം കേട്ടുകൊണ്ട് എന്റെ തൊട്ടടുത്ത് അങ്ങേക്ക് വളരെ വേണ്ടപ്പെട്ട ഒരാൾ ഇരിക്കുന്നുണ്ട്. ഞാൻ കൊടുക്കാം..." 

പിന്നീട് ആ ഫോണിൽ മുഴങ്ങിയ ഘനഗംഭീര സ്വരം ഇന്ത്യാ മഹാരാജ്യം മുഴുവൻ ഒറ്റക്കേൾവിയിൽ തന്നെ തിരിച്ചറിയുന്ന ഒന്നായിരുന്നു. ഭാരതീയരുടെ മാത്രമല്ല, പാകിസ്താനികളുടെയും പ്രിയങ്കരനായിരുന്ന ദിലീപ് കുമാറാണ് വാജ്പേയിയിൽ നിന്ന് റിസീവർ വാങ്ങി അപ്പോൾ നവാസ് ഷെരീഫിനോട് സംസാരിച്ചത്. "മിയാ സാഹേബ്... അങ്ങീ കൊലച്ചതി ചെയ്യും എന്ന് ഞങ്ങൾ കരുതിയിരുന്നില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ പ്രശ്നമുണ്ടാകുമ്പോഴൊക്കെ ഇവിടെയുള്ള മുസ്ലിംകൾക്ക് അത് എന്തുമാത്രം ആശങ്കകൾ ഉണ്ടാക്കുന്നുണ്ട് എന്ന് അങ്ങേയ്ക്കറിയുമോ? ദയവായി അങ്ങ് അതിർത്തിയിലെ സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കാൻ എന്തെങ്കിലും ഉടനടി ചെയ്യണം..."  ദൗർഭാഗ്യവശാൽ, അന്ന് ദിലീപ് കുമാറിന്റെ ഈ അഭ്യർത്ഥന വ്യർത്ഥമാകുന്നതും ഇന്ത്യക്ക് അയൽരാജ്യവുമായി വലിയൊരു യുദ്ധത്തിലേക്ക് കടക്കേണ്ടിവന്നതും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. 

അഭിനയത്തിലെ മിതത്വം

ആറു പതിറ്റാണ്ടുകൾ നീണ്ടു നിന്ന തന്റെ ഹിന്ദി സിനിമാ കരിയറിൽ ദിലീപ് കുമാർ ആകെ അഭിനയിച്ചിട്ടുള്ളത് വെറും 63 ചിത്രങ്ങളിൽ മാത്രമാണ് എങ്കിലും, ആ ചിത്രങ്ങളിലെ തന്റെ അഭിനയത്തിന്റെ മേന്മ കൊണ്ട് അദ്ദേഹം നമുക്ക് തന്നിട്ടുള്ളത് അഭിനയകലയുടെ വിലപറയാനാവാത്ത ഒരു നവ്യാനുഭവമാണ്.  1944 -ൽ അദ്ദേഹം തന്റെ സിനിമാഭിനയം തുടങ്ങുന്ന കാലത്ത് പാഴ്സി തിയറ്ററിന്റെ സ്വാധീനം ഇന്ത്യൻ സിനിമയിൽ പ്രകടമായിരുന്ന കാലമായിരുന്നു. നടീനടന്മാരുടെ അഭിനയം വല്ലാതെ 'ലൗഡ്' ആയിരുന്ന കാലം. ഹിന്ദിയിൽ ആദ്യമായി അഭിനയത്തിൽ മിതത്വം കൊണ്ടുവരാൻ പരിശ്രമിക്കുന്നത് ദിലീപ് കുമാർ ആണെന്നാണ് സുപ്രസിദ്ധ തിരക്കഥാകാരൻ സലിം നിരീക്ഷിക്കുന്നത്. ഉദാ. സംസാരങ്ങൾക്കിടയിലെ മനഃപൂർവ്വമുള്ള ഇടവേളകൾ, അളന്നുകുറിച്ചുള്ള ചില മൗനങ്ങൾ, അവ വെള്ളിത്തിരയിൽ പകർന്ന സുഖം അവാച്യമായിരുന്നു. അതിന് ഏറ്റവും നല്ല ഉദാഹരണമാണ്, 1960 -ൽ റിലീസ് ചെയ്ത മുഗൾ എ ആസം എന്ന കെ ആസിഫ് ചിത്രം. അതിൽ, ഒരു വശത്ത് 'ലൗഡ് ആക്ടിങ്' അതിന്റെ എല്ലാ ഗാംഭീര്യത്തോടും കൂടി ചെയ്തു ഫലിപ്പിച്ചുകൊണ്ട് പൃഥ്വിരാജ് കപൂർ അക്ബർ ചക്രവർത്തിയുടെ റോളിൽ തിളങ്ങി നിൽക്കുമ്പോൾ അദ്ദേഹത്തോട് മത്സരിക്കുന്ന സലിം രാജകുമാരന്റെ റോളിൽ ദിലീപ് കുമാർ ബോധപൂർവം ശബ്ദം പരമാവധി താഴ്ത്തിപ്പിടിച്ച്, തികഞ്ഞ അവധാനതയോടെ നടത്തിയ പ്രകടനം ആരാധകരെ അന്ന് ഏറെ ആനന്ദിപ്പിച്ചു. 

 

 

അക്കാലത്ത് ദിലീപ് കുമാർ, ദേവാനന്ദ്, രാജ്കപൂർ എന്നിവർ ഹിന്ദി സിനിമയിലെ ത്രിമൂർത്തികൾ എന്നാണ് അറിയപ്പെട്ടിരുന്നത്. ദേവാനന്ദിൽ അമേരിക്കൻ അഭിനേതാവായി ഗ്രിഗറി പെക്കിന്റെയും, രാജ് കപൂറിൽ ചാർളി ചാപ്ലിന്റേയും പ്രകടമായ സ്വാധീനം ഉണ്ടായിരുന്നപ്പോൾ, അവരിൽ നിന്ന് വ്യത്യസ്തനായി, ഒരു ഇമേജിലും ഒതുങ്ങി നിൽക്കാതെ, അഭിനയത്തിന്റെ വിശാലമായ ഒരു റേഞ്ച് പുറത്തെടുക്കാൻ ദിലീപ് കുമാറിന് സാധിച്ചു. ഉദാ. ഗംഗാ ജമുനാ സിനിമയിൽ നിരക്ഷരനായ ഒരു ഗ്രാമീണനെ അവതരിപ്പിച്ച അതേ പൂർണതയോടെ അദ്ദേഹം മുഗൾ എ ആസമിലെ യുവരാജാവിന്റെ കഥാപാത്രത്തെയും കൈകാര്യം ചെയ്തു. 

യൂസുഫ് ഖാനിൽ നിന്ന് ദിലീപ് കുമാറിലേക്ക്

സുപ്രസിദ്ധ ഹിന്ദി സിനിമാ അഭിനേത്രി ദേവികാ റാണിയുമായി യാദൃച്ഛികമായി ഉണ്ടായ കണ്ടുമുട്ടലാണ് ദിലീപ് കുമാറിന്റെ ജീവിതം തന്നെ മാറ്റി മറിച്ചു കളഞ്ഞത്. ദേവികാ റാണി എന്ന നടി നാല്പതുകളിൽ തന്റെ സിനിമാഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിൽ സുപ്രസിദ്ധി ആർജ്ജിച്ചു കഴിഞ്ഞിരുന്നു എങ്കിലും, അവരുടെ കരിയറിൽ അവർ നൽകിയ ഏറ്റവും വലിയ സംഭാവനകളിൽ ഒന്ന് പെഷവാറിലെ ഒരു മുസ്ലിം വ്യാപാരിയുടെ മകനായ യൂസുഫ് ഖാനെ ദിലീപ് കുമാർ എന്ന അഭിനേതാവായി മാറ്റി എന്നതാണ്. 

ആ കഥ വളരെ രസകരമായ ഒന്നാണ്. ബോംബെ ടാക്കീസിൽ നടന്നുകൊണ്ടിരുന്ന ഏതോ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിങ് കാണാൻ ചെന്ന സുമുഖനായ യൂസുഫ് ഖാനോട്, ദേവിക റാണി ആദ്യമായി ചോദിച്ച ചോദ്യം "താങ്കൾക്ക് ഉർദു വശമുണ്ടോ?" എന്നായിരുന്നു. "ഉവ്വ്..." എന്ന് യൂസുഫ് മറുപടി പറഞ്ഞപ്പോൾ, ദേവികാ റാണിയിൽ നിന്നുതിർന്ന അടുത്ത ചോദ്യം, "താങ്കൾക്ക് സിനിമയിൽ അഭിനയിക്കാൻ താത്പര്യമുണ്ടോ...? " എന്നായിരുന്നു. പിന്നീട് നടന്നതൊക്കെ ചരിത്രത്തിന്റെ ഭാഗമാണ്. 

ഒരു 'റൊമാന്റിക് ഹീറോ' ആയിട്ടാണ് അഭിനയിക്കേണ്ടത്. ആ റോളിൽ യൂസുഫ് ഖാൻ എന്ന പേര് ചേരില്ല എന്ന് പറഞ്ഞത് ദേവികാ റാണിയാണ്. അന്ന് സുപ്രസിദ്ധ കവി നരേന്ദ്ര ശർമ്മ ബോംബെ ടാക്കീസിൽ ജോലി ചെയ്യുന്ന കാലമാണ്. അദ്ദേഹമാണ് ദേവികാ റാണിക്ക് മൂന്നു പേരുകൾ നിർദേശിച്ചത്, " ജഹാംഗീർ, വാസുദേവ്, ദിലീപ് കുമാർ". പുതിയ ജന്മത്തിൽ എന്തുപേര് വേണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം വിട്ടുകിട്ടിയതുകൊണ്ട്, യൂസുഫ് ഖാൻ അതിൽ നിന്ന് ദിലീപ് കുമാർ എന്ന പേര് ഉറപ്പിക്കുന്നു. യൂസുഫിന്റെ യാഥാസ്ഥിതികനായ പിതാവിന് സിനിമാക്കാരെ ഒട്ടും ഇഷ്ടമില്ലായിരുന്നു. അദ്ദേഹത്തിന്റെ കണ്ണിൽ പെടാതെ സിനിമാഭിനയം എന്ന മോഹം സാക്ഷാത്കരിക്കാം എന്നതും ഈ പേരുമാറ്റത്തിന് മറ്റൊരു കാരണമായിരുന്നു. മറ്റൊരു കൗതുകകരമായ വസ്തുതയുള്ളത്, തന്റെ സിനിമാജീവിതത്തിനിടെ പിന്നീട് ഒരിക്കൽ മാത്രമാണ് ദിലീപ് കുമാർ ഒരു മുസ്‌ലിം നാമത്തിൽ അഭിനയിക്കുന്നുള്ളൂ, മുഗൾ എ ആസമിലെ 'സലിം'. 

സിതാറിന്റെ തന്ത്രികളിൽ പൊടിഞ്ഞ ചോര

സിനിമകളിലെ കഥാപാത്രങ്ങൾക്ക് പൂർണത കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ ദിലീപ് കുമാർ തയ്യാറായിരുന്നു. ഉദാ. 'കോഹിനൂർ' എന്ന ചിത്രത്തിന് വേണ്ടി ഒരു രംഗത്തിൽ അദ്ദേഹത്തിന് സിതാർ വായിക്കുന്നതായി അഭിനയിക്കണമായിരുന്നു. ഒരിക്കൽ ബിബിസിക്ക് നൽകിയ ഒരു അഭിമുഖത്തിൽ ദിലീപ് കുമാർ പറഞ്ഞത്, സിതാർ നേരെ പിടിക്കുന്നത് എങ്ങനെ എന്ന് പഠിക്കാൻ വേണ്ടി, ഉസ്താദ് അബ്ദുൽ ഹാലിം ജാഫർ ഖാന്റെ ശിഷ്യത്വം സ്വീകരിച്ച്,    മാസങ്ങളോളം താൻ സിതാർ അഭ്യസിച്ചിരുന്നു എന്നാണ്. സിതാറിന്റെ തന്ത്രികൾ കൊണ്ട് കൈവിരലുകൾ മുറിഞ്ഞു രക്തം പൊടിഞ്ഞതിനെക്കുറിച്ചും അദ്ദേഹം ഈ അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്.

 

അതുപോലെ 'നയാ ദൗർ' എന്ന ചിത്രത്തിലെ വേഷത്തിനു വേണ്ടി ദിലീപ് കുമാർ കുതിരവണ്ടി ഓടിക്കാൻ പഠിക്കുന്നുണ്ട്.  ഈ ആത്മാർപ്പണത്തിന്റെ പേരിൽ സുപ്രസിദ്ധ സംവിധായകൻ സത്യജിത്ത് റായ് അദ്ദേഹത്തെ "ഇന്ത്യ കണ്ട ഏറ്റവും മികച്ച  മെത്തേഡ് ആക്ടർ"
 എന്ന് വിശേഷിപ്പിക്കുന്നുണ്ട്. 

ദിലീപ് കുമാർ എന്ന ട്രാജഡി കിങ്

പല ഹിറ്റ് ചിത്രങ്ങളിലും താൻ കാമുക വേഷത്തിൽ ഒരുമിച്ചഭിനയിച്ച അഭിനേത്രികളുമായി അക്കാലത്ത് ദിലീപ് കുമാറിന് പ്രേമബന്ധങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ ഒന്നിനും തന്നെ വിവാഹത്തോളം എത്താനുള്ള യോഗമുണ്ടായില്ല. ആ പ്രേമബന്ധങ്ങളുടെ തകർച്ചകൾ ജീവിതത്തിൽ പകർന്ന കയ്പുനീരാകാം ദിലീപ് കുമാറിനെ ദുരന്ത നായക വേഷങ്ങളിൽ തകർത്തഭിനയിക്കാന്‍ സഹായിച്ചത്, ഒടുവിൽ "ട്രാജഡി കിംഗ്" എന്ന പേര് പോലും നേടാൻ സഹായിച്ചത്. അക്കാലത്തെ മിക്ക ചിത്രങ്ങളിലും കഥ തീരുമ്പോഴേക്കും നായകനായ ദിലീപ് കുമാറിന്റെ മരണവും സംഭവിച്ചിട്ടുണ്ടാകും. ഇങ്ങനെ മരിക്കുന്ന സീനുകൾ നിരവധി ചെയ്തു ചെയ്ത് താൻ അക്കാലത്ത് വിഷാദത്തിന്റെ വക്കിലെത്തിയിരുന്നു എന്ന് അദ്ദേഹം ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.  

 

 

അന്ന് ഡിപ്രഷനുള്ള ചികിത്സ തേടി ലണ്ടനിലെത്തിയപ്പോൾ അവിടത്തെ വിദഗ്ധ ഡോക്ടർമാർ അദ്ദേഹത്തോട്, "ഇനി കുറച്ചു കാലത്തേക്കെങ്കിലും ട്രാജഡി പടങ്ങൾ ചെയ്യരുത്, കോമഡി പരീക്ഷിക്കൂ" എന്നുവരെ ഉപദേശിക്കുന്നുണ്ടത്രേ. അവിടെ നിന്ന് തിരികെ വന്നിട്ടാണ് ദിലീപ് കുമാർ 'കോഹിനൂർ', 'ആസാദ്', 'റാം ഓർ ശ്യാം' പോലുള്ള നർമ്മരസപ്രധാനമായ ചിത്രങ്ങൾ ചെയ്യുന്നത്. 

മധുബാലയോടുള്ള പ്രണയം 

ദിലീപ് കുമാർ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് നർഗീസിന്റെ ജോഡി ആയിട്ടാണ് എങ്കിലും, അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ ചിത്രങ്ങൾ മധുബാലയ്‌ക്കൊപ്പമാണ്. ആ ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന കാലത്ത് ദിലീപ് കുമാറിന് മധുബാലയോട് കടുത്ത പ്രണയവും ആയിരുന്നു.  'ദിലീപ് കുമാർ : ദ സബ്സ്റ്റൻസ് ആൻഡ് ദ ഷാഡോ' (Dilip Kumar: The Substance and the Shadow) എന്നതന്റെ ആത്മകഥയിൽ, തനിക്ക് മധുബാലയോട് ഇങ്ങനെ കടുത്ത ആകർഷണം തോന്നിയിരുന്നു എന്ന കാര്യം അദ്ദേഹം തന്നെ സമ്മതിക്കുന്നുണ്ട്. അത് അവരുടെ അഭിനയസിദ്ധിയോടുള്ള ആരാധന എന്ന പോലെ അവരുടെ സ്ത്രൈണ സൗന്ദര്യത്തോടുള്ള അഭിനിവേശം കൂടി ആയിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്. മധുബാലക്ക് ദിലീപ് സാബിനോട് തിരിച്ചും ആരാധന കലർന്ന പ്രണയമുണ്ടായിരുന്നു. എന്നാൽ, ആ ബന്ധത്തെ പാതി വഴിയിൽ തകർത്തത്, മധുബാലയുടെ പിതാവും ദിലീപ് കുമാറും തമ്മിൽ നയാ ദൗർ സിനിമയുടെ പേരിൽ ഉണ്ടായ കോടതി വ്യവഹാരവും അതിനെത്തുടർന്നുണ്ടായ അസ്വാരസ്യവുമാണ്. ദിലീപ് കുമാർ വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ മധുബാല, "അച്ഛനോട് ആദ്യം സോറി പറയണം. എങ്കിലേ വിവാഹത്തിന് ഞാൻ സമ്മതിക്കൂ" എന്നാണ് മറുപടി നൽകിയത്. അതിന് അഭിമാനിയായ ദിലീപ് കുമാർ വഴങ്ങാതിരുന്നതോടെ അവർ തമ്മിൽ പിരിയുന്നു. അതോടെ മുഗൾ എ ആസമിൽ പ്രണയ ജോഡികൾ ആയി അഭിനയിച്ചിരുന്ന സമയത്തു പോലും അവർ തമ്മിൽ ഒരക്ഷരം മിണ്ടില്ല എന്ന അവസ്ഥ പോലുമുണ്ടായി. 

 

 

പിന്നീട് സൈറ ബാനുവുമായുള്ള ദിലീപ് കുമാറിന്റെ വിവാഹം നടന്ന ശേഷം, 1969 -ൽ മധുബാലയുടെ ആരോഗ്യം വളരെ മോശമാവുന്നു. മരണം അടുത്തെത്തി എന്ന് തിരിച്ചറിഞ്ഞ നാളുകളിലൊന്നിൽ, അവർ ദിലീപ് കുമാറിനെ ആളയച്ചു വിളിപ്പിക്കുന്നു. ഏറെ ദുർബലയും ക്ഷീണിതയും ആയിക്കഴിഞ്ഞിരുന്നു മധുബാല അപ്പോഴേക്കും. എന്നാലും, തന്റെ പൂർവ കാമുകൻ വന്നു എന്നുകണ്ടപ്പോൾ അവരുടെ കവിളുകൾ തിളങ്ങി. "എന്റെ രാജകുമാരന് ഒടുവിൽ അവന്റെ രാജകുമാരിയെ കിട്ടി, അല്ലേ. എനിക്ക് സന്തോഷമായി..! " അവർ പറഞ്ഞു. അധികം വൈകാതെ 1969 ഫെബ്രുവരി 23 -ന്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ മധുബാല ഇഹലോകവാസം വെടിഞ്ഞു. 

ദിലീപ് കുമാർ എന്ന 'സ്റ്റൈൽ ഐക്കൺ'

അക്കാലത്തെ ഇന്ത്യൻ യുവത്വത്തിന്റെ സ്റ്റൈൽ ഐക്കണുകളിൽ ഒന്നായിരുന്നു ദിലീപ് കുമാർ. അദ്ദേഹത്തിന്റെ ഹെയർ സ്റ്റൈൽ, വസ്ത്രധാരണം ഒക്കെയും യുവാക്കൾ അതേപടി അനുകരിക്കുമായിരുന്നു. വെള്ളക്കുപ്പായങ്ങളോട് അടങ്ങാത്ത അഭിനിവേശമുണ്ടായിരുന്നു അദ്ദേഹത്തിന്. ഒപ്പം ഉർദു ശായറിയിലും, സാഹിത്യത്തിലും അസാമാന്യമായ അവഗാഹവും. ഹിന്ദി, ഉർദു, ഇംഗ്ലീഷ്, പശ്തോ, പഞ്ചാബി എന്നീ ഭാഷകൾ നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. മറാഠി, ഭോജ്പുരി, ഫാർസി തുടങ്ങിയ ഭാഷകളും അദ്ദേഹത്തിന് വഴങ്ങുമായിരുന്നു. കോളേജിലും മറ്റും ഒരു ഫുട്ബോൾ ഭ്രാന്തനായിരുന്നു എങ്കിലും പിന്നീട് അദ്ദേഹം ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ബാഡ്മിന്റണും തരക്കേടില്ലാതെ കളിച്ചിരുന്ന അദ്ദേഹം ഖാർ ജിംഖാനയിൽ സംഗീത സംവിധായകൻ നൗഷാദുമൊത്ത് സ്ഥിരമായി ബാഡ്മിന്റൺ കളിയ്ക്കാൻ പോകുമായിരുന്നു. 

 

 

1991 -ൽ രാജ് കുമാറുമൊത്ത് അഭിനയിച്ച സുഭാഷ് ഘായിയുടെ 'സൗദാഗർ' ആയിരുന്നു ദിലീപ് കുമാറിന്റെ അവസാന ചിത്രം. ദീർഘകാലമായി വാർധക്യ സഹജമായ അവശതകൾ കൊണ്ട് ആശുപത്രിവാസത്തിലായിരുന്ന ദിലീപ് കുമാർ മരണത്തോട് ഏറെ അടുത്തെത്തിയിട്ട് നാളുകളായിരുന്നു. കിട്ടിയ റോളുകൾ ഏത് താരത്തിലുള്ളതായാലും, തികഞ്ഞ ആത്മാർപ്പണവും, അഭിനയ പ്രതിഭയും കൊണ്ട് അവയെ അവിസ്മരണീയമാക്കിയിരുന്നഹിന്ദി സിനിമയുടെ ചരിത്രത്തോടൊപ്പം നടന്ന ദിലീപ് കുമാറിന്റെ വിയോഗത്തോടെ തിരശീല വീണിരിക്കുന്നത് ഇതിഹാസസമാനമായ ഒരു സിനിമാജീവിതത്തിനാണ്. 

Ref .  രെഹാൻ ഫസൽ, ബിബിസി ഹിന്ദി.

Follow Us:
Download App:
  • android
  • ios