എല്ലാവരുടെ കൈയിലും സ്മാര്‍ട്ട് ഫോണും അതിലൊക്കെ അണ്‍ലിമിറ്റഡ് ഡാറ്റാ പ്ലാനുകളുമുള്ള കാലത്ത് സിനിമകളുടെ പ്രൊമോഷനുകള്‍ക്ക് അണിയറപ്രവര്‍ത്തകര്‍ പ്രധാനമായും ആശ്രയിക്കുന്നത് സോഷ്യല്‍ മീഡിയയെ ആണ്. മുന്‍പ് ട്രെയ്‌ലര്‍ മാത്രമാണ് പ്രീ-റിലീസ് പബ്ലിസിറ്റിയുടെ ഭാഗമായി വീഡിയോ ഫോര്‍മാറ്റില്‍ പുറത്തിറങ്ങിയിരുന്നതെങ്കില്‍ ഇപ്പോള്‍ ടീസറും വീഡിയോ സോംഗും അതിന്റെ ടീസറുമൊക്കെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിത്തുടങ്ങി. പോരാത്തതിന് ഫസ്റ്റ് ലുക്ക്, സെക്കന്‍ഡ് ലുക്ക്, ക്യാരക്ടര്‍ പോസ്റ്ററുകള്‍, ലിറിക്ക് വീഡിയോകള്‍ തുടങ്ങി മേക്കിംഗ് വീഡിയോകള്‍ വരെ നീളുന്നു ഇക്കാലത്ത് പുറത്തിറങ്ങുന്ന ഒരു സിനിമയുടെ ഓണ്‍ലൈന്‍ പരസ്യശൈലി. സിനിമ വിജയമാണെങ്കില്‍ ഇതെല്ലാം പ്രേക്ഷകര്‍ ഏറ്റെടുക്കും. ഇനി പരാജയപ്പെട്ടാലോ എന്തൊരു 'തള്ള്' ആയിരുന്നുവെന്നാവും വ്യാഖ്യാനിക്കപ്പെടുക. അതെന്തായാലും ഒരുപാട് പരസ്യം ചെയ്ത് തീയേറ്ററുകളില്‍ പരാജയപ്പെടുന്ന സിനിമകളുണ്ട്. അതുപോലെ റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്ക് അമിത പ്രതീക്ഷയൊന്നും കൊടുക്കാതെ വന്ന് ബമ്പര്‍ ഹിറ്റാവുന്ന സിനിമകളുമുണ്ട്. 2019ല്‍ അത്തരത്തില്‍ അപ്രതീക്ഷിത വിജയങ്ങള്‍ നേടിയ രണ്ട് സിനിമകളുണ്ട്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍

കുറേ പിള്ളേരും ഒപ്പം വിനീത് ശ്രീനിവാസനും അഭിനയിക്കുന്ന, ഒരു പുതുമുഖ സംവിധായകന്റെ സിനിമ. ട്രെയ്‌ലറും പാട്ടുമൊക്കെ വരുന്നതിന് മുന്‍പ് 'തണ്ണീര്‍മത്തന്‍ ദിനങ്ങളെ'ക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണ ഇത്രമാത്രമായിരുന്നു. ജൂലൈ 26നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിയതെങ്കില്‍ ഒരു മാസം മുന്‍പ്, ജൂണ്‍ 26ന് ട്രെയ്‌ലര്‍ എത്തി. പ്രേക്ഷകാഭിരുചികളോട് സമാസമം നില്‍ക്കുന്ന, ചിലപ്പോള്‍ തരംഗമായേക്കാവുന്ന ഒരു സിനിമയുടെ സ്പാര്‍ക്ക് ഉണ്ടായിരുന്നു ട്രെയ്‌ലറിന്. റിലീസിന് രണ്ടാഴ്ചകള്‍ക്ക് മുന്‍പ് 'ജാതിക്കാ തോട്ടം' എന്ന പാട്ടിന്റെ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടു. പുറത്തിറങ്ങിയുടന്‍ ട്രെന്‍ഡ് സെറ്ററായി ആ ഗാനം. പ്രേക്ഷകരില്‍ നല്ലൊരു വിഭാഗത്തിന്, വിശേഷിച്ചും യുവാക്കളായ കാണികളില്‍ ഈ സിനിമയ്ക്കായി ഒരു കാത്തിരിപ്പ് തുടങ്ങി. റിലീസ് അടുക്കുംതോറും ഈ 'അമിതപ്രതീക്ഷ' വിനയാകുമോ എന്ന ചിന്ത സിനിമാഗ്രൂപ്പുകളിലെയൊക്കെ പോസ്റ്റുകളില്‍ പ്രതിഫലിച്ചു. പക്ഷേ നേര്‍ വിപരീതമാണ് സംഭവിച്ചത്. 

 

റിലീസ്ദിനം മുതല്‍ ഒരേതരം മൗത്ത് പബ്ലിസിറ്റി ലഭിച്ചു ചിത്രത്തിന്. കണ്ടവര്‍ കാണാത്തവരോട് പറയാന്‍ തുടങ്ങി. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായ സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പുറത്തിറങ്ങി മൂന്നോ നാലോ ആഴ്ചകള്‍ക്ക് ശേഷവും വാരാന്ത്യങ്ങളില്‍ മിക്ക റിലീസ് കേന്ദ്രങ്ങളില്‍ ഹൗസ്ഫുള്‍ ഷോകള്‍ കളിച്ചു ചിത്രം. ഫലം താരപ്പൊലിമയൊന്നുമില്ലാതെ എത്തിയ സിനിമ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. 

 

പ്ലസ് ടു പശ്ചാത്തലം മുന്‍പ് ചില സിനിമകളിലൊക്കെ കണ്ടിട്ടുണ്ടെങ്കിലും അതിലേക്ക് ഇത്രയേറെ ഫോക്കസ് ചെയ്ത് ഒരു ചിത്രം ആദ്യമായിരുന്നു. അതും ഒരു സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ഥി ജീവിതം കാണികളില്‍ ഭൂരിപക്ഷത്തിനും അനായാസം കണക്ട് ചെയ്യാവുന്ന ഒന്നായിരുന്നു. കാസ്റ്റിംഗ്, തിരക്കഥയിലെ ആവര്‍ത്തിച്ചു കണ്ടാലും മടുക്കാത്ത മൊമന്റുകള്‍, സംവിധാനം, സംഗീതം തുടങ്ങി എല്ലാ മേഖലകളിലും മികച്ചുനിന്ന ചിത്രമായിരുന്നു തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25

റിലീസിന് മുന്‍പ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ശ്രദ്ധയൊന്നും നേടാതിരുന്ന ചിത്രം. 'വികൃതി'ക്ക് ശേഷം സുരാജും സൗബിനും ഒരുമിക്കുന്ന ചിത്രം എന്നതിലുപരി ചിത്രത്തിന്റെ പ്രമേയം സസ്‌പെന്‍സ് ആയിരുന്നു. പേരില്‍നിന്നും ഒരു റോബോട്ടും കഥാപാത്രമാവുന്ന ചിത്രമെന്നൊക്കെ ഊഹിച്ചാലും ഒരു മലയാളസിനിമയില്‍ അത്തരം പ്രമേയമൊക്കെ സാങ്കേതിക മികവോടെ കൈകാര്യം ചെയ്യപ്പെടുമോ എന്ന സംശയം നിലനിന്നിരുന്നു. എന്നാല്‍ നവംബര്‍ എട്ടോടെ ആ ധാരണ മാറി. അന്നായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ റിലീസ്.

 

പ്രായഭേദമന്യെ എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന ചിത്രം എന്നതായിരുന്നു ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ സവിശേഷത. മലയാളസിനിമയില്‍ ആദ്യമായാണ് ഒരു റോബോട്ട് ടൈറ്റില്‍ കഥാപാത്രമായി ഒരു ചിത്രം വരുന്നത്. റോബോട്ടിനെ വൃത്തിയായി അവതരിപ്പിച്ചു എന്ന് മാത്രമല്ല, കണ്ടിരിക്കുമ്പോള്‍ ഒരു മനുഷ്യന്റെ വികാരവിചാരങ്ങളുള്ള ആളായി പ്രേക്ഷകര്‍ ധരിച്ചുപോകുംവിധമായിരുന്നു 'കുഞ്ഞപ്പന്റെ' പാത്രസൃഷ്ടി. ഒപ്പം ഭാസ്‌കര പൊതുവാള്‍ എന്ന വൃദ്ധകഥാപാത്രമായി സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനത്തിനും പ്രേക്ഷകര്‍ കൈയടിച്ചു. ക്രിസ്മസ് റിലീസുകള്‍ക്കിടയിലും ചിത്രം  തീയേറ്ററുകളില്‍ തുടരുന്നു എന്നതാണ് 'കുഞ്ഞപ്പന്‍' നേടിയെടുത്ത ജനപ്രീതിയുടെ തെളിവ്.