നമ്മുടെ ചലച്ചിത്ര മേളകളുടെ സ്വാധീനത്തിലാണ് മലയാള സിനിമയില്‍ പുതിയ ചെറുപ്പക്കാര്‍ വ്യത്യസ്ത പ്രമേയങ്ങളും വളര്‍ച്ചയുള്ള ചലച്ചിത്രഭാഷയും വ്യാകരണവും സ്വീകരിച്ചു കൊണ്ട് പുതിയ സിനിമകളുണ്ടാക്കുന്നത്- വി കെ ജോസഫ് എഴുതുന്നു.
നമ്മുടെ ചലച്ചിത്രമേളയ്ക്ക് 30 വര്‍ഷം പ്രായമാവുമ്പോള്‍ നമ്മള്‍ പരിശോധിക്കേണ്ട നിരവധി വസ്തുതകളുണ്ട്. ഡെലിഗേറ്റുകളുടെ വര്‍ധിച്ച പങ്കാളിത്തവും താരതമ്യേന നല്ല സിനിമകളുടെ തെരഞ്ഞെടുപ്പും ജനകീയവും ജനാധിപത്യപരവുമായ സംഘാടനവും സംവാദാത്മകമായ ആശയവിനിമയങ്ങളുടെ സാന്നിധ്യവും ഒക്കെ കൊണ്ട് നമ്മുടെ മേള മറ്റ് ചലച്ചിത്ര മേളകളെ അപേക്ഷിച്ച് വ്യത്യസ്തത അവകാശപ്പെടാവുന്ന ഒന്നാണ്. പക്ഷേ 30 വര്‍ഷമായിട്ടും കൈവരിക്കാന്‍ പറ്റാത്ത നിരവധി കാര്യങ്ങള്‍ അവശേഷിക്കുകയാണ്. ചലച്ചിത്ര അവാര്‍ഡ് നടത്തിപ്പും IFFK സംഘടനവും മാത്രമല്ല അക്കാദമിയുടെ ചുമതലകള്‍. അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ തിരിച്ചറിയുന്ന അക്കാദമികമായ അറിവും പ്രാപ്തിയുമുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന കൗണ്‍സില്‍ ഉണ്ടാവേണ്ടതുണ്ട്. ലോകത്തിലെ മറ്റ് ചലച്ചിത്ര മേളകളിലും ലോകസിനിമയിലും സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്ന കുറേ പേരെങ്കിലും തീരുമാനങ്ങള്‍ എടുക്കേണ്ട കൗണ്‍സിലില്‍ ഉണ്ടാവേണ്ടതുണ്ട്..
ഇനിയും ചെയ്യാന്‍ കഴിയാത്തതും പ്രധാനമായിട്ടുളളതുമായ ഒന്ന് ഫലപ്രദമായ ഒരു ഫിലിം മാര്‍ക്കറ്റിന്റെ അഭാവമാണ്. നമ്മുടെ സിനിമകള്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയുന്ന വിധത്തില്‍ ലോകമെങ്ങുമുള്ള നിര്‍മ്മാതാക്കള്‍, ഏജന്‍സികള്‍, ടെലിവിഷന്‍ കമ്പനികള്‍, ഒ.ടി.ടി.പ്ലാറ്റ് ഫോം പ്രതിനിധികള്‍ എന്നിവരുടെയൊക്കെ സാന്നിധ്യം ഉറപ്പിക്കാന്‍ കഴിയണം. സ്‌ക്രിപ്റ്റുകളും പൂര്‍ത്തിയാക്കാത്ത സിനിമകളും പരിശോധിച്ച് ഫണ്ടിങ്ങ് നല്‍കുന്ന നിര്‍മ്മാണകമ്പനികള്‍ ഉണ്ടാവണം. അവരെയൊക്കെ കണ്ടെത്തി നമ്മുടെ മേളയിലേക്ക് നമ്മുടെ ചിലവില്‍ ക്ഷണിച്ചു കൊണ്ടു വരണം ആദ്യഘട്ടങ്ങളില്‍. വിവിധ ഫെസ്റ്റിവലുകളിലേക്ക് സിനിമകള്‍ സബ്മിറ്റ് ചെയ്യാനുള്ള ഉപദേശങ്ങളും സഹായങ്ങളും മലയാള സിനിമാ സംവിധായകര്‍ക്ക് നല്‍കാന്‍ പറ്റുന്ന തരത്തില്‍ അക്കാദമിയില്‍ ഒരു പ്രത്യേക സെല്‍ രൂപീകരിക്കണം.
ടൂറിങ്ങ് ടാക്കീസ് എന്ന പ്രോജക്റ്റ് ആധുനിക സംവിധാനങ്ങളോടെ വിപുലീകരിക്കണം.. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സഹായകമാവുന്ന വര്‍ക്ക്‌ഷോപ്പുകള്‍ കൂടുതല്‍ വിപുലമായും ഫലപ്രദമായും സംഘടിപ്പിച്ചു കൊണ്ട് ആരോഗ്യകരമായ ചലച്ചിത്ര സംസ്‌കാരം വളര്‍ത്തിയെടുക്കണം. ഇതിനൊക്കെ വേണ്ട യോഗ്യതകള്‍ ഉള്ള കൂടുതല്‍ ജീവനക്കാരും മറ്റ് സംവിധാനങ്ങളും വേണം.
ഇതിനാവട്ടെ കൂടുതല്‍ ഫണ്ടും കൂടുതല്‍ വൈദഗ്ധ്യമുള്ള ജീവനക്കാരെയും അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഈ സ്ഥാപനത്തിന്റെ പ്രാധാന്യത്തെ അംഗീകരിക്കണം. ചലച്ചിത്ര അക്കാദമിയുടെ മേല്‍പ്പറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കുന്ന പണം സാംസ്‌കാരികവും രാഷ്ട്രീയവുമായ ഫലം നല്‍കുന്ന മൂലധന നിക്ഷേപം ആണെന്ന് തിരിച്ചറിയാന്‍ സര്‍ക്കാരുകള്‍ക്ക് കഴിയണം.. കായിക മേഖലയ്ക്ക് മുടക്കുന്ന നിക്ഷേപം പോലെ പ്രധാനമാണ് സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ളത് എന്ന തിരിച്ചറിവ് എല്ലാ സര്‍ക്കാരുകള്‍ക്കും ഉണ്ടാവണം.
ഫിലിം സൊസൈറ്റികളുടെ പ്രസക്തി
ചലച്ചിത്രമേളകളുടെ ചരിത്രം ഫിലിം സൊസൈറ്റികളുടെ ചരിത്രവുമായി ബന്ധപ്പെട്ടതായതിനാല്‍ ആമുഖമായി മറ്റ് ചില കാര്യങ്ങള്‍ പറയേണ്ടതുണ്ട്.
സിനിമ ഗൗരവമുള്ള ഒരു കലാരൂപമായി വികസിക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള അന്വേഷണങ്ങളില്‍ നിന്നും സൗന്ദരൃശാസ്ത്ര ചിന്തകളില്‍ നിന്നുമാണ് ഫിലിം സൊസൈറ്റി എന്ന ആശയം ജന്മമെടുത്തത്. സിനിമ വെറും കച്ചവടച്ചരക്കല്ലെന്നും മാനവികതയുടെ ചരിത്രത്തെ പ്രകാശമാനമാക്കുന്ന കലാരുപമാണെന്നും അത് മനുഷ്യരുടെ ചരിത്രത്തിലും സംസ്‌ക്കാരത്തിലും പ്രധാന ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക രൂപമാണെന്നുമുള്ള നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് അത് നല്ല സിനിമയ്‌ക്കൊപ്പം യാത്ര ചെയ്തു. ഈ പ്രസ്ഥാനത്തില്‍ നിന്ന് ചലച്ചിത്രകാരന്മാരും തിരക്കഥാകൃത്തുക്കളും നിരൂപകരും ഗവേഷകരും ചലച്ചിത്ര സൈദ്ധാന്തികരും ഉയര്‍ന്നു വന്നു. പല സ്ഥലങ്ങളിലും ചെറുതും വലുതുമായ ചലച്ചിത്ര മേളകള്‍ ഉണ്ടായി വന്നത് ഫിലിം സൊസൈറ്റികള്‍ സൃഷ്ടിച്ച ഈ മനുഷ്യരുടെ കൂടി ശ്രമഫലമായാണ്..
ഒരു രാഷ്ട്രത്തിന്റെയും ജനതയുടേയും ഏറ്റവും പ്രമുഖമായ അതിജീവന ഘടകം അതിന്റെ സംസ്‌കാരവും സംസ്‌കാരത്തിന്റെ പ്രയോഗവുമാണ്. സംസ്‌കാരമെന്നത് ഏതെങ്കിലും കാലത്തില്‍ സ്തംഭിച്ചു നില്‍ക്കുന്നതോ, എക്കാലത്തേയും മാതൃകപോലെ പൂര്‍ണ വളര്‍ച്ച പ്രാപിച്ച ഏകതാന സ്വഭാവമുള്ളതോ അല്ല. അത് ചലനാത്മകവും നിരന്തരം മാറിക്കൊണ്ടിരിക്കുന്നതുമാണ്. അത് പുതിയ ചിന്തകളെയും ആശയങ്ങളെയും സ്വാംശീകരിക്കുകയും നിരന്തരം മാറ്റത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയകളില്‍ ഏറ്റവും ശക്തമായ സ്വാധീനമായി ഇടപെട്ടു കൊണ്ടിരിക്കുന്നത് മനുഷരുടെ കാഴ്ചയെ ലക്ഷ്യമാക്കി സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ദൃശ്യാനുഭവങ്ങളാണ്. ഇത് സിനിമയായും ടെലിവിഷന്‍ പരിപാടികളായും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സിനിമയടക്കമുള്ള ദൃശ്യ മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന കാഴ്ചകളുടേയും കേള്‍വികളുടേയും ഈ കൈവിരലുകളാണ് മനുഷ്യരുടെ പൊതുബോധത്തെ ഒരു ശില്പം പോലെ രൂപപ്പെടുത്തിയെടുക്കുന്നത്. കാഴ്ചയുടെ ഈ രസതന്ത്രത്തിലൂടെ പിറവികൊള്ളുന്ന രാഷ്ട്രീയ സാമൂഹിക നിലപാടുകളും പ്രത്യയശാസ്ത്ര നിര്‍മ്മിതികളും മനുഷ്യരുടെ വര്‍ത്തമാനകാല രാഷ്ട്രീയത്തെയും സാംസ്‌കാരിക ബോധത്തെയും കാര്യമായി സ്വാധീനിക്കും. അതുകൊണ്ട് സിനിമ വെറുതെ വിനോദോപാധി മാത്രമായി കാണാനാവില്ല.
കമ്പോളത്തിന്റെ സ്വീകാര്യതയ്ക്കും ലാഭത്തിനും വേണ്ടി നിര്‍മ്മിക്കപ്പെടുന്ന സിനിമകളെ പരിശോധിക്കാനും അതിന്റെ ആശയവിനിമയ രീതികളെ പഠിക്കാനും ശ്രമിക്കുന്നതിനൊപ്പം മനുഷ്യരുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യാവകാശങ്ങളുടെയും തുറസ്സുകളിലേക്ക് വികസിക്കുന്നതും കലയുടെ സൗന്ദര്യബോധത്തിലൂന്നുന്നതുമായ യഥാര്‍ത്ഥ സിനിമകളെ തിരിച്ചറിയുന്നതിനും സ്വീകരിക്കുന്നതിനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ഫിലിം സൊസൈറ്റികളും ചലച്ചിത്ര നിരൂപകരും അടങ്ങുന്ന ഒരു ചെറുസമൂഹമാണ് മേല്‍പ്പറഞ്ഞ വിധം സിനിമകളെ പരിശോധിക്കാനും പഠിക്കാനും ആസ്വാദന ശേഷി വളര്‍ത്താനുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്. ലോക സിനിമയിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടുകൊണ്ട് അവര്‍ കമ്പോളത്തിന്റെ അഭിരുചികള്‍ക്കു പുറത്തുള്ള വ്യത്യസ്തമായ സിനിമകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. ലോകസിനിമയെന്നാല്‍ ഹോളിവുഡ് സിനിമയെന്ന സങ്കല്പത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക തുടങ്ങിയ ഭൂവിഭാഗങ്ങളിലെ മികച്ച സിനിമകളെ അവര്‍ കേരളത്തിലെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത്. സൊസൈറ്റികള്‍ സിനിമ പ്രദര്‍ശിപ്പിക്കുക മാത്രമല്ല ചെയ്തത്. ചലച്ചിത്രമെന്ന കലാരൂപത്തിന്റെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയവും സംസ്‌കാരവും ചര്‍ച്ചകള്‍ക്ക് വിധേയമാക്കി. ചലച്ചിത്രാസ്വാദന പഠന ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ട് പ്രേക്ഷകരുടെ ദൃശ്യ ബോധത്തെ നവീകരിക്കാനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നുമുണ്ട്. കേരളത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായ ചലച്ചിത്ര മേളകളും ചര്‍ച്ചകളും ആസ്വാദന ക്യാമ്പുകളും പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. കേരളത്തിലെ ഫിലിം സൊസൈറ്റികള്‍ നടത്തുന്ന ലോകോത്തര ക്ലാസിക് ചലച്ചിത്ര പ്രദര്‍ശനങ്ങളും ചലച്ചിത്ര പഠന ക്യാമ്പുകളും ചലച്ചിത്രമേളകളും ആണ് കേരളത്തില്‍ രാഷ്ട്രീയ സാംസ്‌കാരിക മൂല്യങ്ങളും ചരിത്ര ബോധവും കലാമൂല്യവും ഉയര്‍ത്തിപ്പിടിക്കുന്ന നവീന സിനിമകളും ചലച്ചിത്രകാരന്മാരും നിരൂപകരും സൃഷ്ടിക്കപ്പെടുന്നതിന് കാരണമായിട്ടുള്ളത്. അവിടെ നിന്നാണ് നമ്മള്‍, കേരളത്തിന് മാത്രം സാധ്യമാവുന്ന വ്യത്യസ്താനുഭവങ്ങളുടെ IFFK യിലേക്ക് യാത്ര ചെയ്തത്.
1947 ലാണ് സത്യജിത് റായ്, ചിദാനന്ദ ദാസ് ഗുപ്ത തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത ഫിലിം സൊസൈറ്റി രൂപീകരിക്കപ്പെട്ടത്. സിനിമ ആധുനിക കാലത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാരൂപവും വിനോദ ഉപാധിയും സാമൂഹ്യ സാംസ്‌കാരിക വിനിമയോപാധിയും ആണെന്ന തിരിച്ചറിവില്‍ നിന്നാണ് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹൃ ചലച്ചിത്ര മേഖലയുടെ വികസനത്തിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ എസ് കെ പാട്ടീല്‍ ചെയര്‍മാനും വി. ശാന്താറാം, ബി എന്‍ സര്‍ക്കാര്‍ എന്നിവര്‍ അംഗങ്ങളായും ഉള്ള കമ്മിറ്റിയെ നിയോഗിച്ചത്. കമ്മിറ്റിയുടെ പഠന നിര്‍ദ്ദേശങ്ങളുടെ ഫലമായാണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (IFFI), നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ്, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ചില്‍ഡ്രന്‍സ്ഫിലിം സൊസൈറ്റി ഓഫ് ഇന്ത്യ, ഫിലിം ഫൈനാന്‍സ് കോര്‍പ്പറേഷന്‍ ഒക്കെ ആരംഭിക്കുന്നത്. (ഈ സ്ഥാപനങ്ങളെയൊക്കെ മുഴുവനായും ബി ജെ പി സര്‍ക്കാര്‍ തകര്‍ത്തു കഴിഞ്ഞു.) ഈ നിര്‍ദ്ദേശങ്ങളുടെ ഫലമായാണ് 1952 -ല്‍ ഇന്ത്യാ ഗവണ്മേന്റിന്റെ നേതൃത്വത്തില്‍ ആദ്യത്തെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ( IFFI ) ആരംഭിക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളൊക്കെ ഇന്ത്യന്‍ സിനിമയ്ക്ക് സഹായകമായി. പുതിയ ലോകസിനിമയുടെ ഒരു ഭൂപടത്തിലേയ്ക്ക് ഒരു ചെറു ന്യൂനപക്ഷം പ്രേക്ഷകരും ചലച്ചിത്രപ്രവര്‍ത്തകരും എഴുത്തുകാരും കലാകാരന്മാരും പ്രവേശിച്ചു.
ആ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട 'ബൈസിക്കിള്‍ തീവ്‌സ് ' എന്ന ഇറ്റാലിയന്‍ ക്ലാസിക് സിനിമയുടെ സ്വാധീനത്താലാണ് സത്യജിത് റായിയുടെ 'പഥേര്‍ പഞ്ചാലി'യും ബിമല്‍ റോയിയുടെ ' ദോ ബി കാ സമീന്‍ ' എന്ന പ്രശസ്ത സിനിമയുമൊക്കെ നിര്‍മ്മിക്കപ്പെടുന്നത്. ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഫിലിം ആര്‍ക്കൈവ്‌സും എന്‍ എഫ് ഡി സിയും ഇന്ത്യന്‍ നവസിനിമയ്ക്ക് വലിയ ഊര്‍ജവും ദിശാബോധവും നല്‍കി.
ആയിരത്തിതൊള്ളായിരത്തി അമ്പതുകളിലും അറുപതുകളിലും ബ്രിട്ടീഷ് ചലച്ചിത്ര പ്രവര്‍ത്തകയും എഴുത്തുകാരിയും നടിയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന മേരി സെറ്റണെ നെഹ്‌റു ഔദ്യോഗികമായി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും അവരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. അവര്‍ ഇന്ത്യയിലെ പല സ്ഥലങ്ങളിലും യൂണിവേഴ്‌സിറ്റികളിലും നല്ല സിനിമകളെ പരിചയപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തി. അവര്‍ സോവിയറ്റ് യൂണിയനില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോഴാണ് അവരെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്. വി കെ കൃഷ്ണമേനോന്റെ സുഹൃത്തും ഒരു മാര്‍ക്‌സിസ്റ്റും കൂടിയായിരുന്ന മേരി സെറ്റണ്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളെയും ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ രൂപീകരണത്തെയും സഹായിച്ചു. ഈ നെഹ്രുവിയന്‍ കാഴ്ചപ്പാടും സാംസ്‌കാരിക നയങ്ങളും പിന്നീടുള്ള ഭരണകര്‍ത്താക്കള്‍ ദുര്‍ബ്ബലമാക്കുകയും ബി ജെ പി സര്‍ക്കാര്‍ അതിനെ പാടെ തകര്‍ത്തു കളയുകയും ചെയ്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ മാറി മാറി നടത്തിക്കൊണ്ടിരുന്ന IFFI ഗോവയില്‍ സ്ഥിരമാക്കുകയും അതിന്റെ ലക്ഷ്യങ്ങളിലും നയങ്ങളിലും മായം കലര്‍ത്തുകയും ചെയ്തു കൊണ്ട് ക്രമേണ ചലച്ചിത്രോത്സവത്തെ വെറും കെട്ടുകാഴ്ചയാക്കുകയും ചെയ്തു. ബി ജെ പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതോടെ അത് സംഘപരിവാര്‍ ആശയങ്ങള്‍ക്കനുസൃതമായി അതിവേഗം മാറ്റിപ്പണിഞ്ഞു കൊണ്ടിരിക്കുകയാണ്. മേളയുടെ തുറസ്സായ സ്വഭാവത്തിനും സ്വതന്ത്രമായ ആശയ വിനിമയ സാധ്യതകള്‍ക്കും വിലങ്ങിടുന്ന വിധത്തില്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ സഖ്യം മേളയില്‍ നിന്ന് ഗൗരവപൂര്‍വ്വം ചലച്ചിത്ര പ്രവര്‍ത്തനം നടത്തുന്ന ചലച്ചിത്രകാരന്മാരേയും നിരൂപകരേയും ഫിലിം സൊസൈറ്റികളെയും നല്ല സിനിമകളെയും ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മേളയുടെ ചെലവിനേക്കാള്‍ എത്രയോ മടങ്ങാണ് അവിടെ ചെലവഴിക്കപ്പെടുന്നത്. അവര്‍ പബ്ലിസിറ്റിക്കും അലങ്കാരത്തിനും വേണ്ടി ചെലവിടുന്ന തുകയാണ് നമ്മുടെ IFFK യുടെ മൊത്തം ബഡ്ജറ്റ് . പക്ഷേ ആ മേളയേക്കാള്‍ എത്രയോ ഉയരെയാണ് നമ്മുടെ IFFK.
അറിയപ്പെടാത്ത ചില സത്യങ്ങള്‍
IFFK പൊടുന്നനെ ഉണ്ടായതല്ല. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി രൂപം കൊണ്ടതാണ്. IFFK യുടെ മുപ്പത് വര്‍ഷം ആഘോഷിക്കുമ്പോള്‍ അതിനു മുമ്പുള്ള കാലങ്ങളില്‍ നടന്ന ചില പ്രവര്‍ത്തനങ്ങളെയും മനുഷ്യരെയും ഓര്‍മ്മിക്കുകയും പലതരത്തില്‍ വിസ്മരിക്കപ്പെട്ടു പോയതോ വിട്ടുപോയതോ ആയ ചരിത്ര യാഥാര്‍ത്ഥ്യങ്ങളെ അടയാളപ്പെടുത്തേണ്ടതുമുണ്ട്. നമ്മുടെ മേളയുടെ ഔദ്യോഗിക ചരിത്രത്തില്‍ ഇടം കിട്ടാതെ പോവുന്ന ചില വസ്തുതകളാണ് ഞാനിവിടെ എഴുതുന്നത്. കാരണം ഈ വസ്തുതകള്‍ക്ക് IFFK യുമായി നേരിട്ട് ബന്ധമില്ലാത്തതു കൊണ്ട് ആരാലും പറയപ്പെടാതെയും എഴുതപ്പെടാതെയും പോകും.

1966 ല്‍ എറണാകുളത്ത് എം. ഗോവിന്ദന്‍, എം.കെ. കെ. നായര്‍ (ഫാക്ട് ചെയര്‍മാന്‍) തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരു അഖിലേന്ത്യ സാഹിത്യ സമ്മേളനം നടന്നു. അതിന്റെ ഭാഗമായി ഒരു ചലച്ചിത്രമേളയും വിഭാവനം ചെയ്തു. ചലച്ചിത്രമേള സംഘടിപ്പിക്കുന്നതിന്റെ ചുമതല എം. ഗോവിന്ദന്‍ അടൂര്‍ ഗോപാലകൃഷ്ണനെയാണ് ഏല്‍പ്പിച്ചത്. 1965 ല്‍ തിരുവനന്തപുരത്ത് അടൂരിന്റെയും കുളത്തൂര്‍ ഭാസ്‌ക്കരന്‍ നായരുടെയും കെ.പി. കുമാരന്റെയും മറ്റും നേതൃത്വത്തില്‍ ചിത്രലേഖ ഫിലിം സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചതിന്റെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം കഴിഞ്ഞു വന്നതിന്റെയും പരിചയം പരിഗണിച്ചാണ് അടൂരിനെ ഈ ചുമതല ഏല്‍പ്പിക്കുന്നത്. ഒരു ചലച്ചിത്രമേള അന്നുവരെ കേരളത്തില്‍ ഉണ്ടായിട്ടേയില്ലായിരുന്നു. ഹംഗറി, ചെക്കോസ്‌ലാവോക്യ, റഷ്യ, പോളണ്ട്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നടക്കമുള്ള പ്രശസ്ത സിനിമകളും സത്യജിത് റായി, ഋതിക് ഘട്ടക് എന്നിവരുടെ സിനിമകളും അടങ്ങുന്ന 16 സിനിമകളുടെ ഒരു പാക്കേജായിരുന്നു ആ മേളയിലുണ്ടായിരുന്നത്. ഈ ചലച്ചിത്രങ്ങളുടെ മേള എറണാകുളമടക്കം ഒമ്പത് ജില്ലകളില്‍ സംഘടിപ്പിക്കുകയുണ്ടായി. സാഹിത്യത്തിലും മറ്റ് കലാരൂപങ്ങളിലും താല്‍പ്പര്യമുണ്ടായിരുന്നവര്‍ക്ക് പോലും യഥാര്‍ത്ഥ സിനിമകളുടെ ഒരു ലോകത്തേക്കുറിച്ച് കാര്യമായ അറിവോ താല്‍പ്പര്യമോ ഉണ്ടായിരുന്നില്ല.. അന്നുവരെ എല്ലാവര്‍ക്കും സിനിമ എന്നാല്‍ മുഖ്യധാരയിലെ തട്ടുപൊളിപ്പന്‍ സിനിമകളും ഹോളിവുഡ് സിനിമകളും മാത്രമായിരുന്നു.. ആ യാഥാര്‍ത്ഥ്യത്തെ തകര്‍ത്തു കൊണ്ടാണ് ലോക ക്ലാസിക് സിനിമകളുടെ ഒരു പുത്തന്‍ കാഴ്ചാനുഭവത്തെ നല്‍കിക്കൊണ്ട് ഈ മേളകള്‍ സംഘടിപ്പിക്കപ്പെട്ടത്.
അന്നുവരെ എഴുത്തുകാരും വായനക്കാരും ചിത്രകാരന്മാരും സിനിമക്കാരും പ്രേക്ഷകരും കാണാത്ത സിനിമയുടെ മഹത്തായ സൗന്ദര്യശാസ്ത്രാനുഭവങ്ങളിലേക്ക് വാതില്‍ തുറന്നിടാന്‍ ഈ ചലച്ചിത്ര മേളകള്‍ക്ക് കഴിഞ്ഞു. ഈ ചലച്ചിത്രാനുഭവങ്ങള്‍ മലയാളിക്ക് നല്‍കിയ സ്‌ഫോടനാത്മകമായ അറിവില്‍ നിന്നാണ് കേരളത്തിന്റെ പല ഭാഗങ്ങളിലും കൂടുതല്‍ ഫിലിം സൊസൈറ്റികള്‍ രൂപീകരിക്കപ്പെട്ടത്. ഈ ഫിലിം സൊസൈറ്റികള്‍ ലോക ക്ലാസിക്കുകളുടെ പ്രദര്‍ശനങ്ങളിലൂടെയും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും ഒരു പുതിയ ചലച്ചിത്ര ബോധത്തെയും ദൃശ്യസംസ്‌കാരത്തെയും വളര്‍ത്തിയെടുത്തു. നാലോ അഞ്ചോ സിനിമകളുടെ ചലച്ചിത്ര മേളകള്‍ ഈ ഫിലിം സൊസൈറ്റികള്‍ സംഘടിപ്പിച്ചു കൊണ്ടിരുന്നു. സത്യജിത് റായിയും ഘട്ടക്കും മൂണാള്‍സെന്നും ഐസന്‍സ്റ്റീനും പുഡോവ്കിനും ഗ്രിഫിത്തും അകിര കുറസോവയും ബെര്‍ഗ്മാനും ഗൊദാര്‍ദും ലൂയി ബുനുവലും ഡിസീക്കയും റോസല്ലിനിയും ഫെല്ലിനിയും തര്‍ക്കോവ്‌സ്‌കിയും മിലോസ് ഫോര്‍മാനും മിക്ലോസ് ജാംക്‌സോയും പസോളിനിയും മിസോഗുച്ചിയും മാര്‍ത്ത മെസോറസും മൈക്കലാജ്ഞലോ അന്റോണിയോണിയും സൊളാനസും ഒക്കെ നമ്മുടെ കേരളത്തിന്റെ സ്വന്തക്കാരായി നമ്മുടെ വീടുകളിലേയ്ക്കും പൊതുമണ്ഡലത്തിലെ സംവാദ സദസ്സുകളിലേയ്ക്കും വന്നു.
മറക്കരുതാത്ത ചില മനുഷ്യര്‍
IFFK യുടെ ചരിത്രം തെരയുമ്പോള്‍ ചില മനുഷ്യരെ ഓര്‍മ്മിച്ചെടുക്കണം. എന്റെ അനുഭവത്തില്‍ നിന്നും ബോധ്യങ്ങളില്‍ നിന്നുമാണ് ഞാനിത് പറയുന്നത്. ആദ്യം ഓര്‍മ്മിക്കേണ്ടതും നന്ദി പറയേണ്ടതും ഇ. എം.എസിന്റെ മകന്‍ ഇ.എം. ശ്രീധരനോടാണ് (അനിയേട്ടന്‍ എന്നാണ് അദ്ദേഹത്തെ ഞാനടക്കം പലരും വിളിച്ചിരുന്നത്.) 1987 ലെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി വി. വിശ്വനാഥമേനോനായിരുന്നു. അദ്ദേഹത്തിന്റെ സെക്രട്ടറി ആയിരുന്നു ഇ. എം. ശ്രീധരന്‍. അനിയേട്ടന് സാഹിത്യത്തിലും സിനിമയിലും ഒക്കെ താല്‍പ്പര്യമുളളതുകൊണ്ട് പലപ്പോഴും ഈ വിഷയങ്ങള്‍ സംസാരിക്കാറുണ്ടായിരുന്നു. ചില വൈകുന്നേരങ്ങളില്‍ ജോലിത്തിരക്ക് ഒഴിഞ്ഞ സമയത്ത് അനിയേട്ടന്റെ ഓഫീസില്‍ ഞാന്‍ പോകുമായിരുന്നു. സിനിമയെക്കുറിച്ചും അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പോകുമ്പോഴുള്ള വ്യത്യസ്ത അനുഭവങ്ങളെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കുമായിരുന്നു. 1988 -ല്‍ ആദ്യമായി തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയായ ഫിലിമോത്സവ് (ഇന്നത്തെ IFFI യുടെ ആദ്യ രൂപം) വന്നു. KSFDC ചെയര്‍മാനായിരുന്ന പി. ഗോവിന്ദ പിള്ള (പിജി) യുടെ കൂടി താല്‍പ്പര്യപ്രകാരം നായനാര്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്താണ് ഫിലിമോത്സവ് തിരുവനന്തപുരത്ത് നടത്താന്‍ സൗകര്യങ്ങളൊരുക്കിയത്. ആ മേള കേരളത്തിന് പുതിയ അനുഭവവും വലിയ പ്രചോദനവും ആയിരുന്നു. ആ മേളയ്ക്ക് കേരളം ചില പുതിയ കാര്യങ്ങള്‍ സംഭാവന ചെയ്തു. അതില്‍ പ്രധാനപ്പെട്ടത് ഓപ്പണ്‍ ഫോറം ആണ്.
ഫിലിമോത്സവിലും IFFI യിലും ഡെലിഗേറ്റ് ആയി പ്രവേശനം കിട്ടുക സാധാരണക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ചലച്ചിത്ര മേഖലയിലെ വിവിധ സംഘടനകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമായിരുന്നു ഡെലിഗേറ്റ് പാസ് ലഭിക്കുക. FFSI ക്ക് തന്നെ അഖിലേന്ത്യാടിസ്ഥാനത്തില്‍ ലഭിച്ചിരുന്നത് നൂറിനടുത്ത പാസുകളാണ്. ഒരു ഡെലിഗേറ്റ് ഫോം ലഭിച്ചാല്‍ മാത്രമേ ഡെലിഗേറ്റ് കാര്‍ഡ് ലഭിക്കുകയുള്ളു. കേരളത്തില്‍ നിന്നുള്ള ഫിലിം സൊസൈറ്റികള്‍ക്ക് വേണ്ടി വിരലിലെണ്ണാവുന്നത്ര കുറച്ച് ഫോമാണ് ലഭിച്ചിരുന്നത്.. ദല്‍ഹിയിലും ബോംബെയിലും കൊല്‍ക്കത്തയിലും മദ്രാസിലും ബാംഗ്‌ളൂരും ഹൈദരാബാദിലും ഒക്കെ ഓരോ വര്‍ഷവും മാറി മാറി ഫെസ്റ്റിവല്‍ നടക്കും. സിനിമ കാണാനുള്ള അദമ്യമായ താല്‍പ്പര്യം കൊണ്ട് കേരളത്തില്‍ നിന്ന് ചിലര്‍ ഫെസ്റ്റിവല്‍ നടക്കുന്ന നഗരങ്ങളിലെത്തി, ഫെസ്റ്റിവല്‍ വേദികളുടെ പുറത്ത് കാത്ത് നില്‍ക്കുമായിരുന്നു. സ്വാധീനമുള്ള ആരെയെങ്കിലും കണ്ടു പിടിച്ച് ഒരു പാസ് സംഘടിപ്പിക്കാനാവുമോ എന്ന് ചിന്തിച്ചാണ് അവര്‍ കാത്തുനിന്നത്. പലപ്പോഴും ഞങ്ങളൊക്കെ ആശ്രയിക്കുന്നത് അരവിന്ദനെ ആയിരുന്നു. അദ്ദേഹം ഫെസ്റ്റിവല്‍ ഡയറക്ടര്‍മാരെ ബന്ധപ്പെട്ടിട്ടോ, ഫിലിം ഇന്‍ഡസ്ട്രിയുടെ ആളുകളെ കണ്ട് അവരുടെ പക്കലുള്ള ഫോം വാങ്ങിച്ചോ ആണ് കാര്യങ്ങള്‍ ശരിയാക്കിയിരുന്നത്. കരളത്തിന്റെ ഫെസ്റ്റിവല്‍ പോലെ ഏവര്‍ക്കും പ്രാപ്യമായ ഒന്നായിരുന്നില്ല ആ ചലച്ചിത്ര മേളകള്‍. നമ്മുടെ മേളയില്‍ തിയേറ്ററില്‍ കയറാന്‍ മാത്രമേ ഡെലിഗേറ്റ് കാര്‍ഡ് ആവശ്യമുള്ളു. മറ്റുള്ളിടത്തേക്ക് പ്രവേശനം നിഷേധിക്കാറില്ല. പക്ഷേ അവിടെ ആ പരിസരത്തേക്ക് പ്രവേശിക്കാന്‍ ഡെലിഗേറ്റ് അല്ലാത്തവര്‍ക്ക് അനുവാദമില്ല. ചില ഡെലിഗേറ്റുകള്‍ നേരത്തെ മടങ്ങിപ്പോകുമ്പോള്‍ അവരുടെ കാര്‍ഡ് വാങ്ങി കഴുത്തില്‍ തൂക്കി തിരക്കിനിടയിലൂടെ തിക്കിക്കയറി ഗേറ്റിലെ കാവല്‍ക്കാരെ കബളിപ്പിച്ചാണ് ഇങ്ങനെ വെയിലും തണുപ്പും അനുഭവിച്ച് കാത്തുനിന്ന് ഇങ്ങനെയുള്ളവര്‍ സിനിമ കണ്ടിരുന്നത്.
ഇതൊക്കെ ഇവിടെ സൂചിപ്പിക്കുന്നത് നമ്മുടെ ചലച്ചിത്രമേള എത്ര സുതാര്യവും ജനകീയവും ജനാധിപത്യപരവും വ്യത്യസ്തവും ആയാണ് വളര്‍ന്ന് വികസിച്ചതെന്ന് മനസ്സിലാവാനാണ്. പറഞ്ഞുവന്നത് അനിയേട്ടന്റെ കാര്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ ചലച്ചിത്ര മേള പോലെ നമുക്കും ഒരു മേള വേണ്ടതുണ്ടെന്നും അതിന് മുടക്കുന്ന പണം മലയാള സിനിമയ്ക്കും സാംസ്‌കാരികമായ വലിയ മാറ്റങ്ങള്‍ക്കും ഗുണകരമാവും എന്നും ഫിലിം സൊസൈറ്റി പ്രവര്‍ത്തകന്‍ എന്ന അനുഭവത്തില്‍ നിന്ന് ഞാനടക്കമുള്ള ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും നവസിനിമയുടെ സംവിധായകരും പറയുമായിരുന്നു. ബജറ്റ് പ്രൊപ്പോസല്‍ തയ്യാറാക്കുന്ന സമയങ്ങളുടെ ഇടവേളയില്‍ ഒരു ദിവസം സന്ധ്യക്ക് അദ്ദേഹത്തിന്റെ മുറിയില്‍ വെച്ച് വീണ്ടും ഈ വിഷയം ചര്‍ച്ചയായി. 1988 -ലെ ഫിലിമോത്സവിന് ചില ദിവസങ്ങളില്‍ അദ്ദേഹം സിനിമ കാണാന്‍ വന്നിരുന്നു. അതിന്റെ സ്വാധീനവും ഉണ്ടായിരുന്നിരിക്കണം. നമുക്ക് ചെറിയ രീതിയിലെങ്കിലും ഒരു ഫെസ്റ്റിവല്‍ ആരംഭിക്കാമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് അടുത്ത ബജറ്റില്‍ ഒരു ഹെഡ് ഉണ്ടാക്കി ഈ പ്രൊപ്പൊസല്‍ വെക്കാമെന്നും അനിയേട്ടന്‍ പറഞ്ഞു. പക്ഷേ നമ്മുടെ ഫെസ്റ്റിവലിന് വ്യത്യസ്തമായ ഒരു സാംസ്‌കാരിക രാഷ്ട്രീയ ദൗത്യം വേണമെന്നും ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ക്ക് പ്രാധാന്യം കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ ഒരു ചെറിയ വിശദീകരണ കുറിപ്പോടെ ഒരു ഫിലിം ഫെസ്റ്റിവല്‍ ഹെഡുണ്ടാക്കി ടോക്കണ്‍ തുക വെച്ചു. പക്ഷേ സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നതിന് ഒരു വര്‍ഷം മുമ്പ് 1991 -ല്‍ അസംബ്ലി പിരിച്ചു വിട്ട് തെരഞ്ഞെടുപ്പ് നടത്തി. കെ. കരുണാകരന്റെ നേതൃത്വത്തില്‍ യു ഡി എഫ് അധികാരത്തില്‍ വന്നു. ബജറ്റിലെ നിര്‍ദ്ദേശം ആരും ശ്രദ്ധിച്ചില്ല. ശ്രദ്ധിച്ചവര്‍ക്കു തന്നെ ഇതെന്താണെന്ന് മനസ്സിലായതുമില്ല. ഈ ഹെഡ് ബഡ്ജറ്റില്‍ തുടര്‍ന്നും വന്നു കൊണ്ടിരുന്നു. 1994 -ല്‍ കെ.ജയകുമാര്‍ IAS സാംസ്‌കാരികവകുപ്പ് സെക്രട്ടറിയും KSFDC എംഡി യുടെ ചുമതല നിര്‍വ്വഹിക്കുകയും ചെയ്ത സമയത്ത് ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുകയും കെ എസ് എഫ് ഡി സി ബോര്‍ഡിലുള്ള കെ.ജി. ജോര്‍ജ്ജ്, രാജീവ് നാഥ് എന്നിവരുമായൊക്കെ ചര്‍ച്ച ചെയ്യുകയും ചെയ്തു. ജയകുമാറും രാജീവ്‌നാഥും കൂടി മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ട് ബജറ്റില്‍ ചേര്‍ത്ത ഫിലിം ഫെസ്റ്റിവല്‍ കാര്യത്തെ കുറിച്ച് സംസാരിക്കുകയും അദ്ദേഹം വളരെ പോസിറ്റീവായി തീരുമാനമെടുക്കുകയും ചെയ്തു.
കോഴിക്കോട്ടെ ചലച്ചിത്ര മേള
1994 -ല്‍ സിനിമയുടെ നൂറു വര്‍ഷം ആഘോഷിക്കുന്ന സമയമായിരുന്നു. കോഴിക്കോട് വെച്ച് ലോകസിനിമയിലെ 100 സിനിമകളുടെ ഒരു മേള ആദ്യത്തെ IFFK ആയി നടത്തപ്പെട്ടു. അത് വളരെ വലിയ ഒരു ചലച്ചിത്രമേള ആയി മാറിയപ്പോള്‍ ഇ.കെ. നായനാര്‍, വിശ്വനാഥ മേനോന്‍, ഇ. എം. ശ്രീധരന്‍ , കെ.ജയകുമാര്‍ IAS, കെ. കരുണാകരന്‍, രാജീവ് നാഥ്, കെ.ജി. ജോര്‍ജ്ജ് എന്നിവരെ ഒക്കെ ഓര്‍മ്മിക്കേണ്ടതുണ്ട്. ഒന്നാമത്തെ IFFKയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഫിലിം ആര്‍ക്കൈവ്‌സ് ഡയറക്ടര്‍ ആയിരുന്ന പി.കെ. നായരായിരുന്നു. 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ KSFDC നേതൃത്വത്തില്‍ കോഴിക്കോട് ആദ്യ IFFK നടന്നപ്പോള്‍ കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ചിരകാല ആഗ്രഹം കൂടിയാണ് നിറവേറ്റപ്പെട്ടത്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും നല്ല സിനിമയെ സ്വപ്നം കണ്ട് ദുരിതവഴികള്‍ നടന്ന ചലച്ചിത്ര പ്രവര്‍ത്തകരും സംവിധായകരും മറ്റ് ഫിലിം പ്രൊഫഷണലുകളും ചലച്ചിത്ര നിരൂപകരും IFFK യുടെ പ്രവര്‍ത്തകരും പ്രചാരകരും സംഘാടകരും ഒക്കെയായി രംഗത്ത് വന്നു. അശ്വനി ഫിലിം സൊസൈറ്റിയുടെ ചുമതലക്കാരനും സാംസ്‌കാരിക പ്രവര്‍ത്തകനും നല്ല സിനിമക്കാരുടെ ആത്മസുഹൃത്തും ആയിരുന്ന ചെലവൂര്‍ വേണു ഈ മേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച പ്രമുഖനായിരുന്നു. വേണുവേട്ടന്‍ മരിക്കുന്നത് വരെ ഈ മേളയ്‌ക്കൊപ്പം സഞ്ചരിച്ചു. ആദ്യ മേളയുടെ വിജയം കണക്കിലെടുത്ത് 1995 ല്‍ രണ്ടാമത്തെ ചലച്ചിത്ര മേള തിരുവനന്തപുരത്ത് നടന്നു. പിന്നീട് രണ്ട് വര്‍ഷം IFFK നടന്നില്ല.. 1998 ല്‍ ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതുവരെ IFFK യുടെ ചുമതല KSFDC ക്കായിരുന്നു.
1998 -ല്‍ KSFDC നടത്തിയ ചലച്ചിത്രമേള പലതു കൊണ്ടും ശ്രദ്ധേയവും അവിസ്മരണീയവുമായിരുന്നു. അതായിരുന്നു എല്ലാ അര്‍ത്ഥത്തിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ സ്വഭാവമുണ്ടായിരുന്ന ആദ്യ IFFK എന്ന് പറയാം.. KSFDC യുടെ ചെയര്‍മാന്‍ പിജി ആയിരുന്നു. ബോര്‍ഡില്‍ ടി.വി. ചന്ദ്രന്‍, പിടി കുഞ്ഞുമുഹമ്മദ്, നടന്‍ മധു, വി കെ ജോസഫ്, മീരാ സാഹിബ്, സണ്ണി ജോസഫ്, പ്രൊഫ. ചന്ദ്രചൂഡന്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. സിഡിറ്റില്‍ ആയിരുന്ന ബീന പോളിനെ ഫെസ്റ്റിവല്‍ ഡയറക്ടറായും എന്നെയും മീരാ സാഹിബിനെയും ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍മാരായും ചുമതലപ്പെടുത്തി. ബീനയ്ക്ക് അതിന് മുമ്പ് സിഡിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച IV FEST -ന്റെ പരിചയമുണ്ടായിരുന്നു. KSFDC യില്‍ അന്ന് ജോലി ചെയ്തിരുന്നവരുടെ ഒരു പ്രഗത്ഭ നിരയുണ്ടായിരുന്നു. കെ.ആര്‍. മോഹനന്‍, ലെനിന്‍ രാജേന്ദ്രന്‍, വി. ആര്‍. ഗോപിനാഥ്, കൃഷ്ണനുണ്ണി തുടങ്ങിയവരായിരുന്നു അവര്‍. ബോര്‍ഡംഗങ്ങളും ഈ ടീമും പിജിയുടെ നേതൃത്വത്തില്‍ ഫെസ്റ്റിവലിന്റെ സംഘാടകരായി കളം നിറഞ്ഞു നിന്ന അനുഭവം അവിസ്മരണീയമാണ്. സംഘാടകരും ഡെലിഗേറ്റുകളും തമ്മിലുള്ള സുതാര്യവും ജനകീയവും ജനാധിപത്യപരവുമായ ബന്ധം പില്‍ക്കാലത്തും തുടരുന്നതിന് KSFDC യുടെ ചുമതലയില്‍ നടത്തപ്പെട്ട ഫെസ്റ്റിവലുകള്‍ക്ക് നല്ല പങ്കുണ്ടായിരുന്നു. കൈരളിയില്‍ തന്നെയായിരുന്നു ഓപ്പണ്‍ ഫോറവും സെമിനാറും എല്ലാം. കേരളത്തിലെ നവസിനിമയുടെ മുഴുവന്‍ പ്രതിനിധികളും ഫെസ്റ്റിവലിന്റെ ഭാഗമായി കൈരളിയുടെ നടയില്‍ തന്നെയുണ്ടായിരുന്നു. ചിന്ത രവീന്ദ്രന്‍, കെ.പി. കുമാരന്‍, പി. എ. ബക്കര്‍, പവിത്രന്‍, ബാങ്ക് രവി (ചിദംബരം വാസ്തുഹാര എന്നീ അരവിന്ദന്‍ സിനിമകളുടെ നിര്‍മ്മാതാവ് രവീന്ദ്രനാഥ്), ചെലവൂര്‍ വേണു തുടങ്ങിയ നിരവധി പ്രമുഖരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും നിരൂപകരും സംഘാടക വേഷം അണിഞ്ഞ മറ്റുള്ളവരുമൊക്കെ കൈരളിയുടെ പടിക്കെട്ടുകളില്‍ സ്ഥിരമായുണ്ടായിരുന്നു. അവിടം സ്വകാര്യ സൗഹൃദ സംഭാഷണങ്ങളുടെയും സംവാദങ്ങളുടെയും തര്‍ക്കങ്ങളുടെയും ഒക്കെ സ്ഥലമായി മാറിയിരുന്നു. അക്കാലത്തെ ഡെലിഗേറ്റുകളില്‍ സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രാതിനിധ്യം വളരെ കുറവായിരുന്നു. ഭൂരിപക്ഷം പേരും മധ്യവയസ്സ് കഴിഞ്ഞവരായിരുന്നു.

ചലച്ചിത്ര അക്കാദമിയുടെ പിറവി
മേള വീണ്ടും എറണാകുളത്തും കോഴിക്കോടും നടന്നെങ്കിലും 2003 മുതല്‍ തിരുവനന്തപുരം സ്ഥിരം വേദിയായി. ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതിന്റെ പുറകിലും ഫിലിം സൊസൈറ്റികളുടെ പങ്കുണ്ടായിരുന്നു എസ് കെ പാട്ടീല്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലും പിന്നീട് 1980 -ല്‍ രൂപീകരിച്ച ശിവരാമ കാരന്ത് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങളിലും പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ ഒന്ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി എന്നിവ പോലെ ചലച്ചിത്ര അക്കാദമികള്‍ രൂപീകരിക്കണം എന്നതായിരുന്നു. പക്ഷേ അതൊരിക്കലും ഒരു സര്‍ക്കാരും പ്രാവര്‍ത്തികമാക്കിയില്ല.
1997 -ല്‍ കേരളത്തിലെ ഇടതുപക്ഷജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പുതിയ സാംസ്‌കാരിക നയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ കേരളത്തിലെ ഫിലിം സൊസൈറ്റി ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ മുമ്പോട്ട് വെച്ച നിര്‍ദ്ദേശം സാംസ്‌കാരിക വകുപ്പുമന്ത്രി ടി കെ രാമകൃഷ്ണനും സര്‍ക്കാരും അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെടുന്നത്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും സാംസ്‌കാരിക വകുപ്പുമന്ത്രിയുടെ സെക്രട്ടറിയും കവിയും ആയിരുന്ന എസ്.രമേശന്‍ ഇക്കാര്യത്തില്‍ നിര്‍വ്വഹിച്ച പങ്ക് എക്കാലത്തും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ചലച്ചിത്ര മേഖലയില്‍ പുരോഗമനകലാസാഹിത്യ സംഘം ഫലപ്രദമായി ഇടപെടേണ്ടതുണ്ടെന്നു വിശ്വസിച്ച രമേശനുമായി ഫിലിം സൊസൈറ്റി ഫെഡറേഷന്‍ പ്രവര്‍ത്തകനും പുകാസ പ്രവര്‍ത്തകനും ആയിരുന്ന ഈ ലേഖകന്‍ നടത്തിയ പല സൗഹൃദ ചര്‍ച്ചകളും ചലച്ചിത്ര അക്കാദമിയുടെ രൂപീകരണ തീരുമാനത്തിന് സഹായകരമായി. അങ്ങനെ രമേശന്റെ ബോധ്യങ്ങളില്‍ നിന്നാണ് നയപരമായ ഒരു വലിയ തീരുമാനം ഉണ്ടാകുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ പുതിയ സാംസ്‌കാരിക നയം രൂപീകരിക്കുമ്പോള്‍ പഴയതിന്റെ മിനുക്കിയ ആവര്‍ത്തനങ്ങള്‍ ആവരുതെന്നും ഇന്ത്യയില്‍ ഒരിടത്തും ഇല്ലാത്ത ചലച്ചിത്ര അക്കാദമി രൂപീകരിച്ചു കൊണ്ട് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് തന്നെ മാതൃകയാകണമെന്ന എന്റെ നിര്‍ദ്ദേശം സഖാവ് ടി. കെ. രാമകൃഷ്ണനും രമേശനും അംഗീകരിച്ചു. രമേശന്റെ നിര്‍ദ്ദേശാനുസരണം ഞാന്‍ സഖാവ് ടി കെ രാമകൃഷ്ണനുമായി സംസാരിക്കുകയും ചലച്ചിത്ര അക്കാദമിയുടെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ കുറിപ്പ് തയ്യാറാക്കി നല്‍കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തില്‍ വളരെ വിശദമായ ഒരു രൂപരേഖ തയ്യാറാക്കുന്നതിനായി എന്നെയും ഷാജി. എന്‍. കരുണിനെയും ചുമതലപ്പെടുത്തി. ഞാനും ഷാജിയും കൂടിയാണ് പല ദിവസങ്ങളിലെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര അക്കാദമിയുടെ വിശദമായ രൂപരേഖ തയ്യാറാക്കി നല്‍കിയത്. അങ്ങിനെ 1998 -ല്‍ ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെട്ടു. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഒരു ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെടുന്നത്. KSFDC വഴി സര്‍ക്കാര്‍ തുടങ്ങി വെച്ച ചലച്ചിത്രമേളയും പി ആര്‍ ഡി നിര്‍വ്വഹിച്ചു കൊണ്ടിരുന്ന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയവും അതോടെ അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി. ക്രമേണ ചലച്ചിത്ര അക്കാദമിയുടെ പ്രവര്‍ത്തനം ചലച്ചിത്രമേളകള്‍ക്കും അവാര്‍ഡ് നിര്‍ണ്ണയങ്ങള്‍ക്കും അപ്പുറമുള്ള നിരവധി അക്കാദമിക്ക് വിഷയങ്ങളിലും പ്രവര്‍ത്തനങ്ങളിലും വ്യാപരിക്കുന്ന തരത്തില്‍ വിപുലപ്പെടുത്തി. ഈ ഒറ്റ തീരുമാനത്തിലൂടെ കേരളം ദേശീയ അന്തര്‍ദ്ദേശീയ തലത്തിലുളള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധ നേടി.
1999 ലാണ് IFFK മത്സരമേളയാകുന്നത്. FIAPF ന്റെ അംഗീകാരം ലഭിക്കുന്നതും അപ്പോഴാണ്. നമ്മുടെ ചലച്ചിത്രമേളയുടെ ഒരു സവിശേഷത അത് ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്നു എന്നതാണ്. അത് കേരള സമൂഹത്തിന്റെ രാഷ്ട്രീയ നിലപാടാണ്. അതുകൊണ്ടാണ് നമ്മുടെ മത്സരവിഭാഗത്തില്‍ ഈ രാജ്യങ്ങളിലെ സിനിമകള്‍ മാത്രം പരിഗണിക്കുന്നത്. പക്ഷേ ലോകസിനിമ വിഭാഗത്തില്‍ എല്ലാ രാജ്യങ്ങളിലെയും മികച്ച സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കൂടാതെ കണ്‍ട്രി ഫോക്കസ്, മാസ്റ്റര്‍മാരുടെ റിട്രോസ്‌പെക്റ്റീവുകള്‍, ഇന്ത്യന്‍ സിനിമ ഇന്ന്, മലയാള സിനിമ ഇന്ന് എന്ന വിഭാഗങ്ങളും കാലാകാലങ്ങളിലെ പ്രത്യേക പാക്കേജുകളും കൊണ്ട് നമ്മുടെ മേള ലോകശ്രദ്ധയാകര്‍ഷിക്കുന്നതായി മാറിയിട്ടുണ്ട്.

2009 -ലാണ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് തുടങ്ങുന്നത്. മൃണാള്‍ സെന്നിന് ആയിരുന്നു ആദ്യത്തെ അവാര്‍ഡ്. ലോക സിനിമയിലെ എത്രയോ മാസ്റ്റര്‍മാര്‍ നമ്മുടെ മേളയിലെത്തി ഈ അവാര്‍ഡ് സ്വീകരിച്ചിട്ടുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് ഞാന്‍ കടക്കുന്നില്ല. എങ്കിലും ഗൊദാര്‍ദിനേപ്പോലെ ഒരു മാസ്റ്റര്‍, ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട് IFFK പ്രേക്ഷകരോട് സംസാരിച്ചത് അവിസ്മരണീയമായ ഒരനുഭവം തന്നെയാണ്. അതുപോലെ തന്നെ വെര്‍ണര്‍ ഹെര്‍സോഗും കാര്‍ലോ സൗരയും മജീദ് മജീദിയും അലക്‌സാണ്ടര്‍ സകുറോവും ഫെര്‍ണാണ്ടോ സൊളാനസും തുടങ്ങി നിരവധി മഹാരഥന്മാര്‍ ഈ അവാര്‍ഡ് തിരുവനന്തപുരത്ത് വന്ന് ഏറ്റുവാങ്ങി. പ്രേക്ഷകര്‍ അവര്‍ക്ക് നല്‍കിയ സ്വീകരണം അവരെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളെപ്പോലെ വളരെയകലെയുള്ള ഏതോ രാജ്യങ്ങളിലെ ചലച്ചിത്രകാരന്മാരെ ഇത്രയധികം ആളുകള്‍ എങ്ങനെയാണ് തിരിച്ചറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നത് എന്നതായിരുന്നു അവരുടെയൊക്കെ അത്ഭുതം. ഞങ്ങളുടെ സ്വന്തം രാജ്യങ്ങളില്‍ പോലും ഞങ്ങള്‍ ഇങ്ങിനെ സ്വീകരിക്കപ്പെട്ടിട്ടില്ല. കേരളത്തിലെ ഫിലിം സൊസൈറ്റികളാണ് ഇവരെയൊക്കെ നിരന്തരം പരിചയപ്പെടുത്തുകയും പ്രശസ്തരാക്കുകയും ചെയ്യുന്നതെന്നും അതിന്റെ തുടര്‍ച്ചകളാണ് IFFK അടക്കമുള്ള ചലച്ചിത്രമേളകള്‍ എന്നുമുള്ളതാണ് അതിന്റെ ഉത്തരം.
പ്രളയവും കോവിഡും തകര്‍ക്കാത്ത മേള
2018 ല്‍ പ്രളയം കേരളത്തെ തകര്‍ത്തു കളഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന്റെ സഹായവും പിന്തുണയും വേണ്ട വിധത്തില്‍ ലഭിക്കാതിരുന്നത് കൊണ്ടുണ്ടായ സാമ്പത്തിക ഞെരുക്കമുണ്ടായിട്ടും കീഴടങ്ങാതെ സാംസ്‌കാരിക കേരളവും കേരള ജനതയും തകര്‍ന്നിട്ടില്ലെന്ന സന്ദേശവുമായി മേള മുടങ്ങാതെ നടത്താനായത് സര്‍ക്കാരിന്റെയും ചലച്ചിത്ര അക്കാദമിയുടെയും ദൃഢനിശ്ചയവും സാംസ്‌കാരികമായ തിരിച്ചറിവും കൊണ്ടാണ്.
സ്‌പോണ്‍സര്‍ഷിപ്പ് വഴിയും ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയുമാണ് കുറവുള്ള ഫണ്ട് നികത്തി ഫെസ്റ്റിവല്‍ നടത്താനായത്. മഹാപ്രളയത്തെ തുടര്‍ന്ന് തകര്‍ന്നു പോയ വീടുകളും റോഡുകളും പാലങ്ങളും പുനര്‍നിര്‍മ്മിക്കുന്നതുപോലെയാണ് മനസ്സുകളുടെ പുനര്‍നിര്‍മ്മാണവും എന്ന് സര്‍ക്കാരും അക്കാദമിയും പൊതുസമൂഹവും തിരിച്ചറിഞ്ഞതുകൊണ്ടാണ് വളരെ പ്രതിസസികള്‍ക്കിടയിലും ഈ മേള നടത്താനായത്. ആഘാതാനന്തര മാനസികാവസ്ഥയില്‍ നിന്ന് മനുഷ്യരെയാകെ അതിജീവനത്തിന്റെ വഴിയിലേക്ക് കരകയറ്റുന്നതിന് കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ കൂടി തുടരേണ്ടതുണ്ടെന്ന വലിയ സന്ദേശമാണ് ഈ മേള കേരളീയ സമൂഹത്തിന് നല്‍കിയത്.
കോവിഡ് ഭീഷണി നിലനില്‍ക്കെത്തന്നെ അതിന് പൂര്‍ണ്ണമായും കീഴടങ്ങാതെ 25 -ാമത് ഐ.എഫ് എഫ് കെ നടത്തിയതും ലോകത്തിനാകെ മാതൃകയായ കേരള മാതൃകയായി പലരും പരിഗണിച്ചിട്ടുണ്ട്. ഡെലിഗേററുകള്‍ മുഴുവന്‍ തിരുവനന്തപുരത്ത് കേന്ദ്രീകരിക്കാതെ, പൊതുവെ എണ്ണം നിയന്ത്രിച്ചു കൊണ്ട് നാലു സ്ഥലങ്ങളിലായി നടത്താനാണ് തീരുമാനിച്ചത്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ സ്ഥലങ്ങളില്‍ നടത്തിയ മേളയില്‍ 8000 ഡെലിഗേറ്റുകളാണ് പങ്കെടുത്തത്. അക്കാദമിയുടെ ചിലവില്‍ കോവിഡ് പരിശോധന നടത്തിയാണ് ഡെലിഗേറ്റുകള്‍ക്ക് ഡെലിഗേറ്റ് കാര്‍ഡ് നല്‍കിയത്. പരിശോധനയില്‍ കോവിഡ് പോസിറ്റീവായി കണ്ടവരെ അക്കാദമിയുടെ ചുമതലയില്‍ തന്നെ വീട്ടിലേക്കോ ഹോസ്പിറ്റലിലേക്കോ അയക്കുകയും ചെയ്തു. തിയേറ്ററില്‍ പ്രവേശിക്കുന്നതിന് മുമ്പും ഓരോരുത്തരെയും ടെംപറേച്ചര്‍ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു. സീറ്റുകളും അകലം പാലിച്ചാണ് ക്രമീകരിച്ചത്. അത്ര സൂക്ഷ്മമായ മുന്‍കരുതലുകള്‍ എടുത്തതു കൊണ്ട് തന്നെ നാലു സ്ഥലങ്ങളിലും മേളയില്‍ പങ്കെടുത്ത ആരും കോവിഡ് ബാധിതരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല എന്നത് സൂക്ഷ്മമായ മുന്‍കരുതലുകള്‍ സ്വീകരിച്ചു കൊണ്ടു കേരളീയ ജീവിതം സാധാരണരീതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നുള്ള തിരിച്ചറിവാണ് നല്‍കിയത് .
കേരളത്തിന്റെ നാലുഭാഗങ്ങളില്‍ ഈ ചലച്ചിത്രമേള തുടര്‍ച്ചയായി നടത്തുന്നതിന് ചലച്ചിത്ര അക്കാദമിക്ക് വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വങ്കിലും കോവിഡിന്റെ കെട്ട കാലത്തെ സാംസ്‌കാരികമായി പ്രതിരോധിക്കാനുളള ഒരു സാഹസിക ശ്രമം എന്ന നിലയില്‍ സിനിമയെ പ്രണയിക്കുന്നവര്‍ എല്ലാവിധത്തിലുമുള്ള പിന്തുണയും നല്‍കി ഇതിനെ വിജയിപ്പിച്ചു.. ഈ മേളകള്‍ ചില വസ്തുതകള്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും. IFFK സിനിമകള്‍ കാണാനുളള ഒരു വേദി മാത്രമല്ലെന്നും, മനുഷ്യരുടെ കൂടിച്ചേരലുകളുടെ ആരവങ്ങളും ജൈവികാഹ്ലാദങ്ങളും നിറയുന്ന തുറസ്സായ സ്ഥലമാണെന്നും അവിടെ വിവിധ ദേശങ്ങളെയും രാജ്യങ്ങളെയും ഭാഷകളെയും വേഷങ്ങളെയും ഒക്കെ പ്രതിനിധാനം ചെയ്യുന്ന വ്യത്യസ്ത പ്രായങ്ങളിലുള്ള മനുഷ്യരുടെ സൗഹൃദങ്ങള്‍ പൂക്കുന്ന പൂമരങ്ങള്‍ നിറയുന്ന ഇടങ്ങള്‍ കൂടിയാണെന്നും കോവിഡിന്റെ വിലക്കുകള്‍ കൊണ്ട് അകലം പാലിക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെട്ട അക്കാലം നമ്മെ ഗൃഹാതുരതയോടെ ഓര്‍മ്മിപ്പിക്കും. മനുഷ്യ ബന്ധങ്ങളുടെ ആഘോഷത്തിന്റെയും പ്രക്ഷോഭങ്ങളുടെയും സംവാദങ്ങളുടെയും അസാന്നിധ്യവും അഭാവവും ആ മേളയുടെ അനിവാര്യമായ ന്യൂനത തന്നെ ആയിരിക്കും. 25-ാമത്തെ ആ മേളയുടെ മറ്റൊരു പ്രത്യേകത സജിത മഠത്തിലിന്റെയും ബീനാ പോളിന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ IFFK യുടെ ആദ്യകാലം മുതലുള്ള ഫോട്ടോകളും പോസ്റ്ററുകളും ഫെസ്റ്റിവല്‍ ബുക്കുകളും ഡെയിലി ബുള്ളറ്റിനുകളും ഡെലിഗേറ്റ് കാര്‍ഡുകളും ഒക്കെ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള ഫോട്ടോ എക്‌സിബിഷനായിരുന്നു. അത് കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങളുടെയും പങ്കെടുത്ത വിശിഷ്ടാതിഥികളുടെയും പരസ്യ ബോര്‍ഡുകളുടെയും ഫെസ്റ്റിവല്‍ വേദികളുടെയും ഡെലിഗേറ്റുകളുടെയും ഓര്‍മ്മപ്പെടുത്തലിന്റെ ഒരു പരിച്ഛേദമായിരുന്നു. ആദ്യകാലത്തെ, കൈ കൊണ്ട് എഴുതിത്തയ്യാറാക്കിയ ഡെലിഗേറ്റ് പാസുകളില്‍ നിന്ന് ഇന്നത്തെ ആധുനിക ഡെലിഗേറ്റ് കാര്‍ഡുകളിലേയ്ക്കുള്ള മാറ്റങ്ങളും പുതിയ തലമുറയ്ക്ക് ഏറെ കൗതുകകരമായി തോന്നിയിട്ടുണ്ട. ഒരു ഫെസ്റ്റിവല്‍ അതിന്റെ ശൈശവദശയില്‍ നിന്ന് എങ്ങനെയാണ് അതിന്റെ വിവിധഘട്ടങ്ങളിലെ വളര്‍ച്ചകളിലേക്ക് സഞ്ചരിക്കുന്നതെന്ന അറിവാണ് ഈ ഫോട്ടോ എക്‌സിബിഷന്‍ നല്‍കിയത്.
നമ്മുടെ മേളയുടെ മറ്റൊരു സവിശേഷത അതിന്റെ ജനാധിപത്യ സ്വഭാവമാണ്. ലോകത്തെ ഏറ്റവും വലിയ ജനകീയ ചലച്ചിത്ര മേള എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ഡെലിഗേറ്റുകളുടെ പങ്കാളിത്തമാണ് അത്. 12000-14000 ഡലിഗേറ്റുകള്‍ പങ്കെടുക്കുന്ന മേളയായി ഇത് വികസിപ്പിച്ചു. ഈ മേള തിയേറ്ററുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വികസിക്കുന്ന ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഏറ്റവും വലിയ സാംസ്‌കാരിക ഇടമായി വളര്‍ന്നു കഴിഞ്ഞു. ഈ ചലച്ചിത്ര മേളയില്‍ സിനിമ കാണല്‍ മാത്രമല്ല സംഭവിക്കുന്നത്. , സൗഹൃദങ്ങള്‍ പങ്ക് വെക്കുന്നതിന്റെയും വ്യത്യസ്ത ആശയങ്ങളും പ്രതിഷേധങ്ങളും രൂപം കൊള്ളുന്നതിന്റെയും രാഷ്ട്രീയ സാംസ്‌കാരിക ഇടമായും അത് നിലനില്‍ക്കുന്നു.
പെട്ടെന്ന് രൂപം കൊളളുന്ന ചെറിയ കവിതയും പാട്ടും നൃത്തവും ആഹ്ലാദത്തിന്റെ ഒച്ചകളും മറ്റൊരു ചലച്ചിത്രമേളയ്ക്കും അവകാശപ്പെടാനാവില്ല. IFFK 30 -ാമത് എഡീഷനിലെയ്ക്കു പ്രവേശിക്കുമ്പോള്‍ നമ്മളെ ആഹ്ലാദഭരിതരാക്കുന്ന നിരവധി കാര്യങ്ങള്‍ സംഭവിക്കുന്നുണ്ട്. മുതിര്‍ന്ന പുരുഷന്മാരുടെ മാത്രം മേളയായിരുന്ന ഇടം സ്ത്രീകളുടെയും വിദ്യാര്‍ത്ഥികളുടേയും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് സമ്പന്നമാണിന്ന്.

ഓപ്പണ്‍ ഫോറം
1988 വരെ ഫെസ്റ്റിവലിന് എത്തുന്ന ചലച്ചിത്രകാരന്മാര്‍ക്കോ, ഫിലിം പ്രൊഫഷണലുകള്‍ക്കോ ഡെലിഗേറ്റുകളുമായും മറ്റുള്ളവരുമായും സംവാദാത്മകമായ സംഭാഷണം നടത്താനുള്ള വേദി IFFI യില്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് IFFI നടന്ന 1988 ല്‍ പി. ഗോവിന്ദപിള്ളയും അടൂര്‍ ഗോപാലകൃഷ്ണനും കൂടിയാണ് ഒരു സംവാദ വേദി വേണമെന്ന നിര്‍ദ്ദേശം വെച്ചത്. ഈ വേദി സ്വതന്ത്രമായിരിക്കണമെന്നും ഫെസ്റ്റിവലിനെക്കുറിളുള്ള പ്രേക്ഷകരുടെ ക്രിയാത്മക വിമര്‍ശനങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യാവുന്ന ഒരു വേദി ആയി ഇതിനെ കാണണമെന്നും ഫെസ്റ്റിവലിന്റെ ഭാഗമായിരിക്കുമ്പോള്‍ തന്നെ ഫെസ്റ്റിവലിന്റെ നിയന്ത്രണമില്ലാതെ നിലനില്‍ക്കണമെന്നും അതുകൊണ്ട് ഫിലിം സൊസൈറ്റി ഫെഡറേഷനെ ഇതിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും അന്ന് തീരുമാനമായി. അങ്ങനെ ഫെഡറേഷന്‍ പ്രതിനിധികളെ കൂടാതെ തിരുവനന്തപുരത്തുള്ള മറ്റ് ഫിലിം സൊസൈറ്റി പ്രതിനിധികളെയും കൂടി വിളിച്ചു ചേര്‍ത്താണ് പല പേരുകള്‍ ചര്‍ച്ച ചെയ്ത് അവസാനം ഓപ്പണ്‍ ഫോറം എന്ന് തീരുമാനിക്കപ്പെട്ടത്. തൈക്കാട് ഗസ്റ്റ് ഹൗസിന്റെ പുറത്തുണ്ടാക്കിയ വേദിയിലാണ് ആദ്യമായി ഓപ്പണ്‍ ഫോറം അരങ്ങേറിയത്. 1988 -ല്‍ ആരംഭിച്ച ഓപ്പണ്‍ ഫോറം പിന്നീട് എല്ലാ എഡിഷനുകളിലും സ്ഥിരമായ ഒരു സംവിധാനമായി മാറി. എല്ലായിടങ്ങളിലും FFSI ആണ് ഓപ്പണ്‍ ഫോറം സംഘടിപ്പിച്ചിരുന്നത്. ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളും പങ്കെടുക്കുന്ന ആളുകളെയും ഒക്കെ തീരുമാനിച്ചിരുന്നത് FFSI സ്വതന്ത്രമായിട്ടായിരുന്നു.
ആദ്യമേള മുതല്‍ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ പൂര്‍ണമായ സഹകരണവും ക്രിയാത്മകമായ ഇടപെടലുകളും ഉണ്ടായിട്ടുണ്ട്. ഡെലിഗേറ്റ് പാസ് വിതരണം ചെയ്യുന്ന ചുമതലയും ഫെസ്റ്റിവല്‍ വേദികളിലെ തുറന്ന സംവാദ വേദിയായ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കുന്നതും ഫെഡറേഷനാണ്. അടൂര്‍ അക്കാദമിയുടെ ചെയര്‍മാനും സൂര്യകൃഷ്ണമൂര്‍ത്തി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവും ആയിരുന്ന സമയം മുതലാണ് ഡെലിഗേറ്റ് പാസ് വിതരണത്തിന്റെ ചുമതല ഫെഡറേഷനെ ഏല്‍പ്പിക്കുന്നത്. അന്ന് മുതല്‍ അതിന്റെ ചുമതല നിര്‍വ്വഹിച്ചു കൊണ്ട് പ്രവര്‍ത്തിച്ചവരില്‍ പ്രധാനപ്പെട്ട ഒരാള്‍ ഫെഡറേഷന്റെ ട്രെഷററും സൂര്യയുടെ വൈസ് പ്രസിഡന്റും ആയിരുന്ന കെ.എസ്. പ്രസന്നകുമാറായിരുന്നു. കൂടാതെ ഫെഡറേഷന്റെ ഭാരവാഹികളായിരുന്ന കെ.ജി. മോഹന്‍ കുമാറും കെ. പ്രഭാകരനും ഒപ്പമുണ്ടായിരുന്നു. ഡെലിഗേറ്റ് രജിസ്‌ടേഷന്‍ മുതല്‍ ഡെലിഗേറ്റ് കാര്‍ഡും ഫെസ്റ്റിവല്‍ കിറ്റും വിതരണം ചെയ്യുന്നതുവരെയുള്ള കാര്യങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്തിരുന്നത് ഫെഡറേഷന്റെ ടീമിന്റെ മേല്‍നോട്ടത്തിലായിരുന്നു.കൂടാതെ അക്കാദമി പ്രാദേശികമായി നടത്തുന്ന റീജിയണല്‍ ഫിലിം ഫെസ്റ്റിവലുകള്‍, ദേശീയ ചലച്ചിത്ര മേള, ചലച്ചിത്രാസ്വാദന പഠന ക്യാമ്പുകള്‍ എന്നിവയുടെ നടത്തിപ്പിലൊക്കെ ഫിലിം സൊസൈറ്റി ഫെഡറേഷന്റെ സഹകരണമാണ് അക്കാദമിക്ക് എപ്പോഴും ലഭ്യമാവുന്നത്.
ചലച്ചിത്ര മേളകളില്‍ എത്തിച്ചേരുന്ന ചലച്ചിത്രകാരന്മാര്‍, നിരൂപകര്‍, തുടങ്ങിയവരുമായി ഡെലിഗേറ്റുകള്‍ക്കു സംവദിക്കാനും ചര്‍ച്ചകള്‍ നടത്താനുമുള്ള വേദിയാണ് ഓപ്പണ്‍ ഫോറം. മേളകളില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമല്ല പല വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും അവിടെ നടന്നു വരുന്നുണ്ട്. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ഓപ്പണ്‍ ഫോറം തുറന്ന വിമര്‍ശനങ്ങള്‍ക്കും ആശയ സംവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വേദിയായി മാറുന്നുണ്ട്. ചലച്ചിത്രസംവിധായകര്‍, നിരൂപകര്‍, പ്രേക്ഷകര്‍ ഇവരൊക്കെ തമ്മിലുള്ള സംവാദങ്ങള്‍ ഈ വേദിയില്‍ സംഭവിക്കുന്നുണ്ട്. നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങള്‍ ഈ വേദിയില്‍ പ്രകാശിപ്പിക്കപ്പെടുന്നുണ്ട്.
ഓപ്പണ്‍ ഫോറത്തിന്റെ ചരിത്രത്തില്‍ പലപ്പോഴും സംഘാടകരായ ചലച്ചിത്ര അക്കാദമി ഭാരവാഹികളുമായി വലിയ സംഘര്‍ഷവും ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. ഓപ്പണ്‍ ഫോറത്തിന്റെ സ്വതന്ത്ര സ്വഭാവത്തെ അട്ടിമറിച്ചു കൊണ്ട് അക്കാദമി ഒരിക്കുന്നവരുടെ സൗകര്യാനുസരണം മാറ്റിത്തീര്‍ക്കുന്നതിനും ഓപ്പണ്‍ ഫോറം തന്നെ നിര്‍ത്തിവെക്കുകയും ചെയ്ത സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. അക്കാദമിയുടെ ആദ്യ കാലത്ത് ഷാജി. എന്‍ കരുണ്‍ ചെയര്‍മാനായിരുന്ന സമയത്ത് വളരെ മോശമായതും ഏകാധിപത്യ സ്വഭാവമുള്ളതുമായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. അക്കാര്യങ്ങളും എഴുതപ്പെടുന്ന ചരിത്രത്തില്‍ ഉണ്ടാവില്ല എന്നുള്ളത് കൊണ്ട് ചില കാര്യങ്ങള്‍ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്.
1999 ല്‍ കൊച്ചിയിലാണ് IFFK നടന്നത്. ആ സമയത്ത് ഷാജി. എന്‍. കരുണ്‍ ഓപ്പണ്‍ ഫോറം FFSI അല്ല നടത്തുന്നതെന്നും അക്കാദമി നേരിട്ട് നടത്തുന്നുവെന്നും തീരുമാനിച്ചു. ആ തീരുമാനത്തില്‍ നിന്ന് പിന്മാറണം എന്നും ഓപ്പണ്‍ ഫോറം എന്ന ആശയം തന്നെ FFSI യുടേതാണെന്നും അക്കാദമി ഭാരവാഹികളെ അറിയിച്ചു. പക്ഷേ ഷാജി എന്‍ കരുണ്‍ ഒരു തരം ഏകാധിപത്യ മനോഭാവത്തോടെ ഫിലിം സൊസൈറ്റികളെ എല്ലാറ്റില്‍ നിന്നും മാറ്റി നിര്‍ത്തുകയും ഓപ്പണ്‍ഫോറം സ്വന്തമായി നടത്താനും ഉള്ള തീരുമാനവുമായി മുമ്പോട്ട് പോകുകയും ചെയ്തു. കൊച്ചിയില്‍ അക്കാദമി തയ്യാറാക്കിയ ഓപ്പണ്‍ ഫോറം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യുമെന്നും അവര്‍ തീരുമാനിച്ചു. ഷാജി. എന്‍. കരുണ്‍ ആ തീരുമാനവുമായി മുമ്പോട്ട് പോയാല്‍ ആ വേദിയുടെ സമീപത്ത് തന്നെ ഓപ്പണ്‍ ഫോറം നടത്തുമെന്ന് FFSI തീരുമാനിച്ചു. ഈ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ അടൂരുമായി സംസാരിച്ചു. അടൂര്‍ ഞങ്ങളുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കുമെന്നും ഔദ്യോഗിക ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുക്കില്ലെന്നും ഞങ്ങളോട് പറഞ്ഞു. അടൂര്‍ മാത്രമല്ല, കെ.ജി. ജോര്‍ജ്, ടി.വി. ചന്ദ്രന്‍, ചിന്ത രവി, പവിത്രന്‍, ലെനിന്‍ രാജേന്ദ്രന്‍, കെ. ആര്‍. മോഹനന്‍, ഹരികുമാര്‍ തുടങ്ങിയ പ്രമുഖരെല്ലാം തന്നെ FFSI നിലപാടിനോട് യോജിക്കുകയും ചെയ്തു. കൂടാതെ പ്രമുഖരായ മറ്റു പലരും ഫിലിം സൊസൈറ്റി പ്രതിനിധികളടക്കമുള്ള നിരവധി ഡെലിഗേറ്റുകളും FFSI നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.. അന്തരീക്ഷം വളരെ വഷളാകുമെന്നും അത് മേളയുടെ നടത്തിപ്പിനെ തന്നെ ബാധിക്കുമെന്നും മനസ്സിലാക്കിയ ഷാജി അവസാനം ആ തീരുമാനത്തില്‍ നിന്ന് പിന്തിരിയുകയും FFSI യുടെ നേതൃത്വത്തില്‍ തന്നെ ഓപ്പണ്‍ ഫോറം നടക്കുകയും ചെയ്തു.
കെ. എന്‍ ഷാജി തന്റെ പിടിവാശിയും ഏകാധിപത്യ മനോഭാവവും തുടരുകയും തുടര്‍ന്നും ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 2001 -ല്‍ IFFK നടക്കുമ്പോള്‍ ജൂറി ചെയര്‍മാന്‍ ഇറാനിയന്‍ സംവിധായകന്‍ മൊഹ്‌സീന്‍ മക്മല്‍ബഫ് ആയിരുന്നു. ഓപ്പണ്‍ ഫോറം കൈരളി തീയേറ്ററിലായിരുന്നു നടന്നത്. ഓപ്പണ്‍ ഫോറത്തിലേക്ക് FFSI ഭാരവാഹികള്‍ മക്മല്‍ബഫിനെ ക്ഷണിക്കുകയും അദ്ദേഹം പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. പക്ഷേ ആ ദിവസം ഷാജി അദ്ദേഹം പങ്കെടുക്കുന്നത് വിലക്കി. അതിനെ തുടര്‍ന്ന് വലിയ കോലാഹലങ്ങള്‍ ഉണ്ടായി. സ്ഥലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട ചലച്ചിത്രകാരന്മാരും ഫിലിം സൊസൈറ്റി പ്രവര്‍ത്തകരും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരും ഒപ്പിട്ട ഒരു പ്രസ്താവന പത്രങ്ങള്‍ക്ക് നല്‍കുകയും അത് ഓപ്പണ്‍ ഫോറത്തില്‍ വായിക്കുകയും ചെയ്തു. അടൂര്‍ ഗോപാലകൃഷ്ണന്‍, കെ. പി. കുമാരന്‍, ടി വി ചന്ദ്രന്‍, ചിന്ത രവീന്ദ്രന്‍, പവിത്രന്‍, കെ. ആര്‍. മോഹനന്‍, വി. ആര്‍. ഗോപിനാഥ്, ലെനിന്‍ രാജേന്ദ്രന്‍, ഹരികുമാര്‍, സി.എസ്. വെങ്കിടേശ്വരന്‍, വി.സി. ഹാരിസ്, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങി നിരവധി പേര്‍ അതില്‍ ഒപ്പിട്ടിരുന്നു. ഉണ്ണിക്കൃഷ്ണനും ഹാരിസും കൂടിയായിരുന്ന പ്രസ്താവന എഴുതി തയ്യാറാക്കിയത്. ഇത് മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാക്കി. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ നല്ല ജാഗ്രത വേണമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി സഖാവ് ടി കെ രാമകൃഷ്ണന്‍ ഷാജിയോട് പറയുകയും ചെയ്തിട്ടുണ്ട്.
യു ഡി എഫ് ഭരണകാലത്ത് അക്കാദമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരും ഭരണസമിതിയും തുടക്കമിട്ടപ്പോള്‍ അതിനെതിരെ പ്രതിഷേധവും പ്രതിരോധവും തീര്‍ത്ത് അക്കാദമിയുടെ അക്കാദമിക സ്വഭാവത്തെ സംരക്ഷിക്കുന്നതിനും മുന്‍നിരയിലുണ്ടായിരുന്നത് ഫെഡറേഷനായിരുന്നു. 2011ല്‍ ഷെറി ഗോവിന്ദന്റെ 'ആദിമധ്യാന്തം' എന്ന ആദ്യ സിനിമ IFFK യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മന്ത്രി തലത്തിലുള്ള ചില ഇടപെടലുകള്‍ മൂലം മേളയില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. അതുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും കൈരളിയുടെ മുമ്പില്‍ ഷെറിയുടെ സമരവുമൊക്കെ ഉയര്‍ന്നുവന്നു. പ്രിയദര്‍ശന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനും കെ ബി ഗണേഷ്‌കുമാര്‍ സിനിമാ മന്ത്രിയും ആയിരുന്നു.
ആദ്യ ഓപ്പണ്‍ ഫോറത്തില്‍ തന്നെ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും തുടര്‍ബഹളങ്ങളും ഉയര്‍ന്നുവന്നു. ഡെലിഗേറ്റുകളുടെ ഭാഗത്ത് നിന്ന് ഉയര്‍ന്ന ചോദ്യങ്ങളെ അഭിമുഖീകരിക്കാനാകാതെ ഓപ്പണ്‍ ഫോറം അവസാനിപ്പിക്കേണ്ടി വന്നു. ഈ ഓപ്പണ്‍ ഫോറം അക്കാദമി തന്നെ നേരിട്ടാണ് നടത്തിയത്. വിഷയങ്ങളുടെ തെരഞ്ഞെടുക്കലും പങ്കെടുപ്പിക്കുന്ന ആളുകളുടെ പ്രാധാന്യവും ഒക്കെ കണക്കാക്കുമ്പോള്‍ വളരെ പരിഹാസ്യവും ഗൗരവ ചര്‍ച്ചകളില്ലാത്തതുമായി ആ വര്‍ഷത്തെ ഓപ്പണ്‍ ഫോറം മാറി. അടുത്ത വര്‍ഷം ഈ അക്കാദമി നേതൃത്വം ഓപ്പണ്‍ ഫോറം തന്നെ വേണ്ടെന്ന് വെച്ചു . പക്ഷേ FFSI സ്വന്തം നിലയില്‍ കൈരളി തിയേറ്ററിനോട് ചേര്‍ന്നു കിടന്നിരുന്ന സ്ഥലത്ത് ( ഇന്നവിടെ ഒരു വലിയ ഹോട്ടലാണുള്ളത്) ഒരു പന്തല്‍ കെട്ടി ഓപ്പണ്‍ ഫോറം വളരെ ഭംഗിയായി സംഘടിപ്പിച്ചു. ലെനിന്‍ രാജേന്ദ്രനും കരമന ഹരിയും ഒക്കെ ഒപ്പം നിന്നതുകൊണ്ടാണ് സൗകര്യപ്രദമായ സ്ഥലം ലഭിച്ചത്.
ഇത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഗോവയിലെ ഫെസ്റ്റിവലില്‍ ഇത്തരം ഒരു കാര്യങ്ങളും സംഭവിക്കുന്നില്ല. അവിടെ എതിര്‍ ശബ്ദങ്ങള്‍ക്കോ ചര്‍ച്ചകള്‍ക്കോ കൂടിച്ചേരലുകള്‍ക്കോ ഒന്നും സാധ്യതയുമില്ല. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സംഭാവനയായ ഓപ്പണ്‍ ഫോറം ഇന്ന് ചെറുതും വലുതുമായ എല്ലാ മേളകളുടെയും അവിഭാജ്യ ഭാഗമാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ മാത്രമല്ലാ , മറ്റ് നിരവധി സാഹിത്യമേളകളിലും സാംസ്‌കാരിക മേളകളിലും ഒക്കെ ഓപ്പണ്‍ ഫോറം എന്ന ചര്‍ച്ചാ വേദി വ്യാപകമായി സംഘടിപ്പിക്കുന്നുണ്ട്. ഗോവയില്‍ വെറും ചടങ്ങു പോലെ നടന്നു വന്ന ഓപ്പണ്‍ ഫോറവും കഴിഞ്ഞ വര്‍ഷം മുതല്‍ നിര്‍ത്തലാക്കി.
ബഹുസ്വരതയുടെ ജൈവ ഇടങ്ങള്‍
ഈ മേളകള്‍ ചില വസ്തുതകള്‍ നമ്മെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കും. IFFK സിനിമകള്‍ കാണാനുളള ഒരു വേദി മാത്രമല്ലെന്നും, മനുഷ്യരുടെ കൂടിച്ചേരലുകളുടെ ആരവങ്ങളും ജൈവികാഹ്ലാദങ്ങളും നിറയുന്ന തുറസ്സായ സ്ഥലമാണെന്നും നമ്മളെ ബോധ്യപ്പെടുത്തും. ഫാസിസ്റ്റ് കാലത്ത് മനുഷ്യരുടെ കൂടിച്ചേരലുകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. മനുഷ്യര്‍ വംശീയമായും ജാതീയമായും മതപരമായും പ്രാദേശികമായും കൂടുതല്‍ കൂടുതല്‍ വിഭജിക്കപ്പെടുന്ന ഇക്കാലത്തിന്റെ പ്രതിരോധ ഇടങ്ങളായി സിനിമ, സാഹിത്യം, നാടകം തുടങ്ങിയവയുടെ ഉത്സവ വേദികള്‍ കൂടുതലായി രൂപം കൊള്ളേണ്ടതുണ്ട്. ഇത്തരം സാംസ്‌കാരിക ഉത്സവങ്ങള്‍ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്നതിന് പ്രേരകമാകും. ഇത്തരം ഇടങ്ങളില്‍ ഫാസിസ്റ്റുകള്‍ക്ക് സ്വാഭാവികമായും അധികം ഇടം ലഭിക്കില്ല. ഇന്ത്യയുടെ അടിസ്ഥാന സ്വഭാവമായ ബഹുസ്വരത അനുദിനം തകര്‍ക്കപ്പെടുകയും സംഘപരിവാര്‍ നിര്‍മ്മിക്കുന്ന സാംസ്‌കാരിക ഏകത്വമെന്ന സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ഇത്തരം മേളകള്‍ വ്യത്യസ്തതകളുടെ ഒരു വലിയ ആകാശത്തെ തുറന്നു വെക്കും. അവിടെ നമ്മള്‍ മാനവികതയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷകളും മൂല്യങ്ങളും എഴുതിക്കൊണ്ടേയിരിക്കും. ദേശം എന്നത് ഒരു നിര്‍മ്മിതിയല്ലെന്നും നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന ബഹുസ്വരതയുടെ പ്രക്രിയ ആണെന്നും കരുതുന്നിടത്താണ് പുരോഗമന ശക്തികള്‍ അതിന്റെ മാനവികതയുടെ കൊടി ഉയര്‍ത്തുന്നത്. അവിടെ നമ്മള്‍ നമ്മുടേതല്ലാത്ത പ്രശ്‌നങ്ങളേയും വേദനകളേയും നമ്മുടേതായി കരുതും. സിനിമകളിലൂടെ വിവിധ ദേശങ്ങളിലെ അജ്ഞാതരായ മനുഷ്യര്‍ അവരുടെ ജീവിതങ്ങളുമായി നമ്മളിലേക്ക് സഞ്ചരിക്കുന്നതു കൊണ്ടാണ് നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ചലച്ചിത്രമേളകള്‍ ഏറെ പ്രധാനമാകുന്നത്. ഈ മേളകള്‍ അനാവശ്യമാണെന്നും ധൂര്‍ത്താണെന്നും കരുതുന്നവര്‍ക്കുള്ള മറുപടിയാണ് നമ്മുടെ പുതിയ സിനിമകള്‍ നല്‍കുന്നത്.

മേളകളുടെ ഗുണഫലങ്ങള്‍
നമ്മുടെ ചലച്ചിത്ര മേളകളുടെ സ്വാധീനത്തിലാണ് മലയാള സിനിമയില്‍ പുതിയ ചെറുപ്പക്കാര്‍ വ്യത്യസ്ത പ്രമേയങ്ങളും വളര്‍ച്ചയുള്ള ചലച്ചിത്രഭാഷയും വ്യാകരണവും സ്വീകരിച്ചു കൊണ്ട് പുതിയ സിനിമകളുണ്ടാക്കുന്നത്. മേളകള്‍ സൃഷ്ടിച്ച പുതിയ ഭാവുകത്വം മലയാളസിനിമയെ (മുഖ്യധാരയിലും സമാന്തര കലാസിനിമകളിലും) ഗുണപരമായി സ്വാധീനിക്കുന്നുണ്ടെന്ന് കുറേ കാലങ്ങളായി വന്നു കൊണ്ടിരിക്കുന്ന പുതിയ സിനിമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അവരില്‍ ഭൂരിപക്ഷത്തിന്റെയും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും സിനിമയുടെ പ്രായോഗിക പാഠശാലകളും IFFK ആയിരുന്നു.. കേരളത്തിലെ ചെറുപ്പക്കാര്‍ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രശസ്തരായ പുതുതലമുറ ചലച്ചിത്രകാരന്മാരായ പാ രഞ്ജിത്, മാരി ശെല്‍വന്‍, തുടങ്ങിയ പലരും നമ്മുടെ മേളകളുടെ ആദ്യകാലങ്ങളില്‍ സ്ഥിരമായി വന്ന് സിനിമ കണ്ട് മടങ്ങിയവരായിരുന്നു. നിശ്ശബ്ദമാക്കപ്പെട്ടിരുന്ന മനുഷ്യരും തമസ്‌കരിക്കപ്പെട്ടിരുന്ന പ്രാദേശികതകളും സ്ത്രീകളും അവരുടെ ഭാഷയും വര്‍ത്തമാനവും ജീവിത പ്രശ്‌നങ്ങളുമായി സിനിമകളിലേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നു. IFFK യില്‍ സിനിമ കണ്ടു വളര്‍ന്ന മനുഷ്യര്‍ക്ക് നമുക്ക് അജ്ഞാതമായിരുന്ന നിരവധി മാനുഷിക പ്രശ്‌നങ്ങളെക്കുറിച്ച് പുതിയ ധാരണകളുണ്ടായി. അതിലൊന്ന് LGBTQIA വിഭാഗത്തില്‍ പെട്ട മനുഷ്യരോട് താരതമ്യേന സമഭാവത്തില്‍ പെരുമാറാനും അവരുടെ പ്രശ്‌നങ്ങളോട് അനുഭാവപൂര്‍ണമായ സമീപനം സ്വീകരിക്കാനും അവരുടെ അവകാശങ്ങള്‍ക്കും സ്വാതന്ത്ര്യത്തിനും വേണ്ടി ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും മലയാളി സമൂഹത്തെ പ്രാപ്തമാക്കുന്നതില്‍ നമ്മുടെ ചലച്ചിത്ര മേളകള്‍ക്ക് വലിയ പങ്കുണ്ടെന്ന് കാണാം.. ലോകമെങ്ങു നിന്നും വരുന്ന സിനിമകളില്‍ അത്തരം പ്രമേയങ്ങളുള്ളതുകൊണ്ട് യാഥാര്‍ത്ഥ്യത്തെ അടുത്തറിയാന്‍ നമ്മളെ അത് സഹായിച്ചിട്ടുണ്ട്, സഹായിച്ചു കൊണ്ടിരിക്കുന്നുണ്ട്. IFFK സിനിമകളിലൂടെ അകലെയുള്ള ലോകവും മനുഷ്യരും നമ്മുടെ ഉള്ളിലേക്ക് വന്ന് നമ്മളെ കൂടുതല്‍ നല്ല മനുഷ്യരാകാന്‍ സഹായിക്കുന്നുണ്ട്..
(ഇന്റര്‍നാഷനല്‍ ഫറേഷന്‍ ഓഫ് ഫിലിം ക്രിട്ടിക്‌സ് (FIPRESCI) ഇന്ത്യന്‍ ചാപ്റ്റര്‍ പ്രസിഡന്റാണ് ലേഖകന്‍)
