Asianet News MalayalamAsianet News Malayalam

Valentine's Day 2022: ഇന്ത്യന്‍ ബിഗ് സ്ക്രീനിലെ പ്രണയം; മറക്കാനാവാത്ത പത്ത് റൊമാന്‍റിക് ചിത്രങ്ങള്‍

കാലമെത്ര ചെന്നാലും പ്രേക്ഷക മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്ന പത്ത് പ്രണയ ചിത്രങ്ങള്‍

valentines day 2022 romantic movies in indian cinema top 10
Author
Thiruvananthapuram, First Published Feb 14, 2022, 12:19 AM IST

വലുതും ചെറുതുമായ ലോകത്തെ മറ്റേത് ചലച്ചിത്ര വ്യവസായത്തില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പ്രണയചിത്രങ്ങള്‍ ഇന്ത്യന്‍ സിനിമയിലാവും. ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ അവിഭാജ്യ ഘടകങ്ങളായ ഗാനങ്ങള്‍ക്കും നൃത്തരംഗങ്ങള്‍ക്കുമൊക്കെ ഏറ്റവും സാധ്യതയൊരുക്കുന്നത് സിനിമയിലെ പ്രണയമാണ് എന്നതാണ് അതിനുള്ള ഒരു കാരണം. കഥാപാത്രങ്ങളുടെയും അവരുടെ പശ്ചാത്തലത്തിന്‍റെയും കഥാസന്ദര്‍ഭങ്ങളുടെയുമൊക്കെ പ്രത്യേകതകള്‍ കൊണ്ട് ആവര്‍ത്തന വിരസത അനുഭവിപ്പിക്കാതെ,  സിനിമാപ്രേമികളുടെ മനം കീഴടക്കിയ ഇന്ത്യന്‍ സിനിമയിലെ പത്ത് പ്രണയചിത്രങ്ങളെ പരിചയപ്പെടാം.

1. ദില്‍വാലെ ദുല്‍ഹനിയ ലേ ജായേംഗെ

valentines day 2022 romantic movies in indian cinema top 10

 

ഇന്ത്യന്‍ പ്രണയചിത്രങ്ങളില്‍ കള്‍ട്ട് പദവിയുള്ള ചിത്രം. യാഷ് ചോപ്രയുടെ സംവിധാന അരങ്ങേറ്റമായി 1995ല്‍ പുറത്തെത്തിയ ചിത്രം. രാജ് മല്‍ഹോത്രയായി ഷാരൂഖ് ഖാനും സിമ്രാന്‍ സിംഗ് ആയി കജോളും. ഇന്ത്യന്‍ ബോക്സ് ഓഫീസിലെ എക്കാലത്തെയും വിജയ ചിത്രങ്ങളില്‍ ഒന്നായ 'ഡിഡിഎല്‍ജെ' മുംബൈ മറാത്ത മന്ദിര്‍ തിയറ്ററില്‍ റിലീസിന്‍റെ 25 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രദര്‍ശിപ്പിച്ചു. ഈ ചിത്രത്തെ ഒഴിവാക്കിയുള്ള ഇന്ത്യന്‍ റൊമാന്‍റിക് ചിത്രങ്ങളുടെ ഒരു ലിസ്റ്റും പൂര്‍ണ്ണമാവില്ല.

2. അലൈപായുതേ

valentines day 2022 romantic movies in indian cinema top 10

 

മണി രത്നത്തിന്‍റെ സംവിധാനത്തില്‍ 2000ല്‍ പുറത്തെത്തിയ തമിഴ് റൊമാന്‍റിക് ഡ്രാമ. കാര്‍ത്തിക് ആയി മാധവനും ശക്തിയായി ശാലിനിയും. മാതാപിതാക്കളുടെ ഇഷ്‍ടത്തിന് വിരുദ്ധമായി ഒരുമിച്ച് ജീവിച്ചുതുടങ്ങുകയാണ് ഇരുവരും. പാരമ്പര്യവും ആധുനികവുമായ ലോകങ്ങള്‍ക്കിടയില്‍ തങ്ങളുടെ പ്രണയം കാട്ടിയ വഴിയെ ജീവിച്ചുതുടങ്ങുന്നവര്‍ ബന്ധത്തിലുള്‍പ്പെടെ നേരിടുന്ന സംഘര്‍ഷത്തെയാണ് മണി രത്നം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നത്. എ ആര്‍ റഹ്‍മാന്‍റെ ഗാനങ്ങളും എവര്‍ഗ്രീന്‍ ഹിറ്റുകളാണ്.

3. കഹോ നാ... പ്യാര്‍ ഹെ

valentines day 2022 romantic movies in indian cinema top 10

 

രാകേഷ് റോഷന്‍ സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ മകന്‍ ഋത്വിക് റോഷന്‍റെ നായക അരങ്ങേറ്റം. 2000ല്‍ പുറത്തെത്തിയ ചിത്രം യുവാക്കളുടെയിടയില്‍ ഇന്‍സ്റ്റന്‍റ് ഹിറ്റ് ആയിരുന്നു. പാട്ടുകാരനായ രോഹിത്തും വ്യവസായി രാജ് ചോപ്രയുമായി ഏത് നടനും കൊതിക്കുന്ന അരങ്ങേറ്റമാണ് ഋത്വിക്കിന് ലഭിച്ചത്. അമീഷ പട്ടേല്‍ ആയിരുന്നു നായിക. ഗാനങ്ങളും ഋത്വിക്കിന്‍റെ ചുവടുകളുമൊക്കെ മില്ലെനിയല്‍സിന്‍റെ നൊസ്റ്റാള്‍ജിയയാണ്. 

4. നിറം

valentines day 2022 romantic movies in indian cinema top 10

 

ഏത് പ്രായത്തിലുള്ള കാണിയെയും തങ്ങളുടെ കൗമാര, യൗവന കാലങ്ങളിലേക്ക് അനായാസം കൊണ്ടുപോവുന്നവയാണ് വിജയം നേടിയ പ്രണയചിത്രങ്ങള്‍. മലയാളത്തില്‍ നിന്നുള്ള അക്കൂട്ടത്തില്‍ പെടുത്താവുന് ചിത്രമാണ് നിറം. കമലിന്‍റെ സംവിധാനത്തില്‍ 1999ല്‍ പുറത്തെത്തിയ ചിത്രത്തിലെ എബിയെയും (കുഞ്ചാക്കോ ബോബന്‍) സോനയെയും (ശാലിനി) പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല. ചിത്രം സൃഷ്ടിക്കുന്ന പോസിറ്റീവ് വൈബും ക്യാമ്പസ് അന്തരീക്ഷവും തമാശകളും പോരാത്തതിന് യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ച അതിമനോഹരങ്ങളായ ഗാനങ്ങളും ചിത്രത്തെ അക്കാലത്തെ ട്രെന്‍ഡ് സെറ്റര്‍ ആക്കി. ഇപ്പോഴും ടെലിവിഷനില്‍ മികച്ച റേറ്റിംഗ് ലഭിക്കാറുള്ള ചിത്രം.

5. ദേവ് ഡി

valentines day 2022 romantic movies in indian cinema top 10

 

ശരത്ചന്ദ്ര ചതോപാധ്യായയുടെ പ്രശസ്‍ത ബംഗാളി നോവല്‍ ദേവ്‍ദാസിനെ അധികരിച്ച് മുന്‍പും സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്‍ത ചിത്രമടക്കം. എന്നാല്‍ അനുരാഗ് കശ്യപ് എന്ന വേറിട്ട വഴിയേ സഞ്ചരിക്കുന്ന സംവിധായകന്‍ എത്തിയപ്പോള്‍ ദേവ്‍ദാസിന് ആധുനിക മുഖമായി. സാധാരണ റൊമാന്‍റിക് ചിത്രങ്ങളുടെ ക്ലീഷേകളെയൊക്കെ പൊളിച്ച ചിത്രം മേക്കിംഗില്‍ ബോളിവുഡിന്‍റെ മുഖച്ഛായയെും മാറ്റി.

6. വിണ്ണൈത്താണ്ടി വരുവായാ

valentines day 2022 romantic movies in indian cinema top 10

 

മണി രത്നത്തിനു ശേഷം തമിഴ് സിനിമയില്‍ മികച്ച റൊമാന്‍റിക് രംഗങ്ങളും ഗാനങ്ങളുടെ ദൃശ്യാവിഷ്‍കാരവുമൊക്കെ കണ്ടത് ഗൗതം വസുദേവ് മേനോന്‍ ചിത്രങ്ങളിലാണ്. 2010ല്‍ പുറത്തെത്തിയ ചിത്രത്തില്‍ കാര്‍ത്തിക് ശിവകുമാര്‍ എന്ന യുവ ചലച്ചിത്ര സംവിധായകനായി ചിലമ്പരശനും ജെസി എന്ന മലയാളി പെണ്‍കുട്ടിയായി തൃഷയും എത്തി. കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് കാര്‍ത്തിക് ഡയല്‍ സെയ്താ യേന്‍ എന്ന പേരില്‍ ഈ രണ്ട് കഥാപാത്രങ്ങളെ വച്ച് ഗൗതം മേനോന്‍ ഒരു ഷോര്‍ട്ട് ഫിലിം ഒരുക്കിയിരുന്നു. അതിനു ലഭിച്ച അഭൂതപൂര്‍വ്വമായ പ്രതികരണം വിണ്ണൈത്താണ്ടി വരുവായായ്ക്ക് പ്രേക്ഷകരുടെ മനസിലുള്ള സ്ഥാനത്തിന് തെളിവായിരുന്നു.

7. ജബ് വി മെറ്റ്

valentines day 2022 romantic movies in indian cinema top 10

 

ഇംതിയാസ് അലിയുടെ സംവിധാനത്തില്‍ 2007ല്‍ പുറത്തിറങ്ങിയ റൊമാന്‍റിക് കോമഡി ചിത്രം. ആദിത്യ കശ്യപ് ആയി ഷാഹിദ് കപൂറും ഗീത് ഗൗര്‍ ധില്ലനായി കരീന കപൂറും. റിലീസിനു പിന്നാലെ വലിയ ആരാധകവൃന്ദത്തെ നേടിയ ചിത്രം മലയാളമുള്‍പ്പെടെ നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ മോസര്‍ബെയര്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ തമിഴ് മാത്രമാണ് യാഥാര്‍ഥ്യമായത്. കണ്ടേന്‍ കാതലൈ എന്ന പേരില്‍.

8. നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍

valentines day 2022 romantic movies in indian cinema top 10

 

പദ്‍മരാജന്‍റെ സംവിധാനത്തില്‍ 1986ല്‍ പുറത്തെത്തിയ മലയാളചിത്രം. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ ഈ ചിത്രത്തെ ഒഴിവാക്കിനിര്‍ത്താനാവില്ല. പതിവുപോലെ ക്ലീഷേകള്‍ക്കൊന്നും വഴങ്ങാത്ത പദ്‍മരാജന്‍ രചനയുടെ സൗന്ദര്യം. സോളമനായി മോഹന്‍ലാലും സോഫിയയായി ശാരിയും. ചിത്രത്തിന്‍റെ ക്ലൈമാക്സ് അന്നും ഇന്നും സിനിമയുടെ നടപ്പുശീലങ്ങളെയൊക്കെ തെറ്റിക്കുന്നതാണ്. ജോണ്‍സന്‍റെ ഗാനങ്ങളും പശ്ചാത്തലസംഗീതവുമൊക്കെ അതിമനോഹരം.

9. 96

valentines day 2022 romantic movies in indian cinema top 10

 

ആധുനിക തമിഴ് സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ പ്രണയചിത്രം. റാം ആയി വിജയ് സേതുപതിയും ജാനകിയായി തൃഷയും. പ്രണയികളുടെ സംഗമത്തില്‍ അവസാനിക്കുന്ന സാധാരണ പ്രണയചിത്രങ്ങളില്‍ നിന്ന് വ്യത്യസ്‍തമായിരുന്നു 96. ഒരു കോളെജ് റീയൂണിയന് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടുമുട്ടുന്ന നായികാനായകന്മാരുടെ സംഭാഷണങ്ങളിലും ഓര്‍മ്മകളിലും നിന്നാണ് സംവിധായകന്‍ സി പ്രേംകുമാര്‍ ഹൃദ്യമായ ഒരു ചലച്ചിത്രാനുഭവം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗോവിന്ദ് വസന്തയുടെ ഗാനങ്ങളും മനോഹരം.

10. റോജ

valentines day 2022 romantic movies in indian cinema top 10

 

മറ്റൊരു മണി രത്നം മാജിക്ക്. അരവിന്ദ് സ്വാമിയും മധുബാലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റൊമാന്‍റിക് ത്രില്ലര്‍. മഹാഭാരതത്തിലെ സാവിത്രി- സത്യവാന്‍ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മണി രത്നം ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയത്. റോ ഉദ്യോഗസ്ഥനായ ഒരു ക്രിപ്റ്റോളജിസ്റ്റ് ആയിരുന്നു അരവിന്ദ് സ്വാമിയുടെ കഥാപാത്രം. ജമ്മു കശ്മീര്‍ ആയിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍.

Follow Us:
Download App:
  • android
  • ios