തിരുവനന്തപുരം സ്വേദേശിയായ സാജിത്ത് ഖാൻ പെട്ടെന്നായിരുന്നു സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായത്. കൃത്യമായി പറഞ്ഞാൽ ഒരു വർഷം മുമ്പ്. വിഷ്വൽ എഫക്ടിലൂടെ തന്റെ പ്രകടനം കുമ്പളങ്ങി നൈറ്റ്സിലെ ഷമ്മിക്ക് പകരമായി സെറ്റ് ചെയ്ത് വീഡിയോ പങ്കുവച്ചു. മണിക്കൂറുകൾക്കകം വീഡിയോക്ക് കാഴ്ചക്കാരുണ്ടായി. മുമ്പും വിജിയ് അടക്കമുള്ള തെന്നിന്ത്യൻ താരമായി സമാന രീതിയിൽ എത്തിയെങ്കിലും ഷമ്മിയായിരുന്നു ശ്രദ്ധേയമായത്. ഇപ്പോഴിതാ പുതിയൊരു മാജിക്കുമായാണ് സാജിത്തിന്റെ രംഗപ്രവേശം.  

ബ്രാഡ് പെയ്റ്റ് സംവിധാനം ചെയ്ത ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമായ റാംപേജിലാണ് സജിത് കൈവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ യുഎസ് ആര്‍മി സ്പെഷൽ ഫോഴ്സസ് ഉദ്യോഗസ്ഥനും പ്രിമറ്റോളജിസ്റ്റുമായ ഡേവിസ് ഒക്കോയേ എന്ന കഥാപാത്രത്തിന് പകരമായാണ് തന്നെ എഡിറ്റ് ചെയ്ത് കയറ്റിയിരിക്കുന്നത്. ഡ്വെയ്ൻ ജോൺസണായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഏറെ കാലത്തിന് ശേഷം കഴിഞ്ഞ ദിവസം തന്റെ പിന്നാളിനോടനുബന്ധിച്ചാണ് സാജിത്ത് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

 

'ഇതുവരെ ചെയ്ത വീഡിയോകളിൽ വച്ച് ഏറ്റവും പ്രയാസമേറിയ ഒന്ന്... പുറന്തനാൾ പ്രമാണിച്ച് ഞാൻ നിങ്ങൾക്ക് നൽകുന്ന ഒരു ചെറിയ സ്നേഹോപകാരം... അത്ര പെർഫെക്റ്റ് അല്ല, പാളിച്ചകളുണ്ടെങ്കിൽ ക്ഷമിക്കണം.. പരിമിതികൾക്കുള്ളിൽ നിന്നും ഇത്രയെ എന്നെക്കൊണ്ട് ചെയ്യാൻ ഒത്തുള്ളൂ... മുത്തുകളെ...  ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് & ഷെയർ,‌ ചെയ്ത് ഇന്റർനാഷണൽ ലെവലിൽ എത്തിച്ചില്ലേലും നിങ്ങളുടെ ഫ്രണ്ട്സിന്റെ അടുത്ത് എത്തിച്ച് കൊടുക്കണം' '- എന്നൊരു കുറിപ്പോടെയാണ് സാജിത്ത് വീഡിയോ പങ്കുവച്ചിരിക്കുന്നത്.  ഇപ്പോൾ സൌദിയിലെ സ്വകാര്യ ആശുപത്രിയിലാണ് ജോലിയെങ്കിലും ഒരു വിഷ്വൽ എഫക്ട് എഡിറ്റർ കൂടിയാണ് സാജിത്ത്.