പലരും അങ്ങനെയാണ്. ആദ്യമൊന്നും കണ്ണിൽ പെടില്ല. ചെറിയ ചെറിയ റോളൊക്കെ ചെയ്ത്, അല്ലെങ്കിൽ ഏതെങ്കിലും ഗാനരംഗത്തിലൊക്കെ അഭിനയിച്ച് നമ്മുടെ കണ്മുന്നിൽ വന്നു മിന്നിമാഞ്ഞു പോയിട്ടുണ്ടാകും മുമ്പും. പിന്നീട് അവർ നമ്മുടെ ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന ഒരു പെർഫോമൻസുമായി തിരിച്ചുവരുമ്പോഴാവും നമ്മളോർക്കുക, ഈ നടനെ/നടിയെ നമ്മൾ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന്. പിന്നെ ഓർമയിൽ പരതിനടക്കും നമ്മളിങ്ങനെ. നമ്മുടെ ഓർമ്മ നന്നെങ്കിൽ, മുമ്പുകണ്ട ഏതെങ്കിലും സിനിമയിലെ തീരെ അപ്രസക്തമായൊരു രംഗം വീണ്ടും നമ്മൾ തപ്പിയെടുത്ത് കാണും. അതിൽ ആൾക്കൂട്ടത്തിൽ ഒരാളായി, അല്ലെങ്കിൽ പശ്ചാത്തലത്തിൽ ഡാൻസ് കളിക്കുന്നവരിൽ ഒരാളായി ഒക്കെ നമ്മുടെ നടനുണ്ടാകും.

'അന്നേ അവന്റെ കണ്ണിലൊരു തിളക്കമുണ്ടായിരുന്നല്ലോ, എന്തേ അന്നത് കണ്ടില്ല' എന്ന് അപ്പോൾ നമുക്ക് സങ്കടം തോന്നും. അത്തരത്തിൽ ഒരു നടനായിരുന്നു സുശാന്ത് സിംഗ് രാജ്പുത്തും. നിങ്ങളുടെ ഓർമ്മ 'മാഗ്നറ്റിക്' ആണെങ്കിൽ ഒരു പക്ഷേ നിങ്ങൾക്ക് 2006 -ലെ മെൽബൺ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങ് ഓർമ്മകാണും. അതിലെ ഐശ്വര്യ റായിയും സംഘവും നടത്തിയ നൃത്തപ്രകടനവും. ഐശ്വര്യ റായിക്ക് അന്ന് ബാക്ക് ഗ്രൗണ്ട് ഡാൻസർമാരെ നൽകിയത് ശ്യാമക് ഡാവർ എന്ന പ്രസിദ്ധ ബോളിവുഡ് കൊറിയോഗ്രാഫറുടെ ഡാൻസ് ട്രൂപ്പ് ആയിരുന്നു. 

 

പാട്ട് കഴിയാറാകുമ്പോൾ, ഐശ്വര്യാ റായിയെ കൂടെ ഡാൻസ് ചെയ്യുന്ന പയ്യന്മാർ ചേർന്ന് എടുത്തുയർത്തുന്നുണ്ട്. തന്നെ എടുത്ത് തലക്കുമീതെ ഉയർത്തിപ്പിടിച്ചവരുടെ കൂട്ടത്തിലുള്ള വെളുത്തു മെല്ലിച്ച ഒരു പയ്യൻസ് നാളെ ബോളിവുഡിലെ കോടികൾ പ്രതിഫലം വാങ്ങുന്ന നായകനടനാകും എന്ന് അന്ന് ഐശ്വര്യയ്ക്ക് അറിയില്ലായിരുന്നു.

റിസ്കെടുക്കാൻ മടിക്കാത്ത പയ്യൻസ്

ആ പയ്യന്റെ പേര് സുശാന്ത് സിംഗ് രാജ്പുത് എന്നായിരുന്നു. 1986 -ൽ പട്ന സ്വദേശികളായ കൃഷ്ണ കുമാർ സിംഗ് - ഉഷാ സിംഗ് ദമ്പതിമാരുടെ ഏറ്റവും ഇളയപുത്രൻ. മൂന്നുപെങ്ങന്മാരുടെ ഒരേയൊരു ഇളയാങ്ങള. സുശാന്തിന്റെ ഒരു സഹോദരി മീഠു സിങ്ങ് സ്റ്റേറ്റ് ലെവൽ ക്രിക്കറ്റർ ആയിരുന്നു. സ്പോർട്സിനൊപ്പം, പഠിക്കാനും ഏറെ മുന്നിലായിരുന്നു സുശാന്ത്. അമ്മയോട് ഏറെ അടുപ്പമുണ്ടായിരുന്ന കുട്ടിയായിരുന്നു അവൻ. 2002 -ൽ അമ്മ മരിക്കുമ്പോൾ സുശാന്ത് പതിനൊന്നാം ക്‌ളാസിൽ പഠിക്കുന്ന കാലം. അമ്മ മരിച്ച സങ്കടം ഏറെ അലട്ടിയിട്ടും അവൻ കഷ്ടപ്പെട്ടുതന്നെ പഠിച്ചു. ദില്ലി സർവകലാശാലയുടെ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കായിരുന്നു അന്നാ മിടുക്കന്. അമ്മ മരിച്ച ശേഷം സുശാന്തിന്റെ കുടുംബം പട്ന വിട്ട് ദില്ലിയിലേക്ക് ചേക്കേറി.

 

 

വളരെ ബ്രില്യന്റ് ആയ ഒരു സ്റ്റുഡന്റായിരുന്നു സുശാന്ത്. ദേശീയ തലത്തിൽ ഫിസിക്സ് ഒളിമ്പ്യാഡ് വിന്നർ. ഒന്നും രണ്ടുമല്ല, ISM ധൻബാദ് അടക്കം 11 എഞ്ചിനീയറിങ് എൻട്രൻസുകൾ പാസായി അവൻ. എന്നിട്ടും, ദില്ലി വിട്ടുപോകാൻ ആഗ്രഹമില്ലാതിരുന്നതുകൊണ്ട് മാത്രം ഐഎസ്എം വേണ്ടെന്നു വെച്ച് ദില്ലി കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് കോഴ്‌സിന് ചേർന്ന് പഠിത്തം തുടങ്ങി. അങ്ങനെ ജീവിതം എന്തുകൊണ്ടും 'സെറ്റ്' എന്ന് കരുതി ഇരിക്കുന്ന നേരത്താണ് സുശാന്ത് തന്റെ ജീവിതത്തിലെ ആദ്യത്തെ റിസ്ക് എടുക്കുന്നത്.


ശ്യാമക് ഡാവറിന്റെ കീഴിൽ ഡാൻസ് പഠനം 

കോളേജിൽ പഠിക്കുന്ന സമയത്ത് സുശാന്ത് ശ്യാമക് ഡാവർ എന്ന പ്രസിദ്ധ ബോളിവുഡ് കൊറിയോഗ്രാഫറുടെ ഡാൻസ് അക്കാദമിയിൽ ചേർന്ന് നൃത്തം പഠിക്കാൻ തുടങ്ങുന്നു. അന്ന് കൂടെ ഡാൻസ് പഠിച്ചിരുന്ന ചിലർ ബാരി ജോണിന്റെ ആക്ടിങ് ക്‌ളാസിനും പോകുന്നുണ്ടായിരുന്നു. ചില്ലറക്കാരനല്ല ബാരി. ഇംഗ്ലീഷ് വംശജനായ ആ നടൻ എഴുപതുകളിൽ ദില്ലിയിൽ സ്ഥാപിച്ച തിയറ്റർ ആക്ടേഴ്‌സ് ഗ്രൂപ്പ് എന്ന നാടകക്കളരിയിൽ കണ്ടെടുത്തതാണ് ഷാരൂഖ് ഖാൻ, മനോജ് വാജ്‌പേയി തുടങ്ങിയ മഹാനടന്മാരെ. കൂട്ടുകാർക്കൊപ്പം ബാരിയുടെ ആക്ടിങ് ക്‌ളാസിനും ചേർന്ന സുശാന്തിന് അവിടെ വെച്ചാണ് തന്റെ നിയോഗം എഞ്ചിനീയറിങ് അല്ല, നൃത്തവും അഭിനയവുമാണ് എന്ന് എന്ന തിരിച്ചറിവുണ്ടാകുന്നത് 

ശ്യാമക് ഡാവറിന്റെ കീഴിൽ നൃത്തം പഠിക്കാൻ ചേർന്ന സുശാന്തിലെ പ്രതിഭയെ ആ നൃത്തസംവിധായകൻ വളരെ പെട്ടെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അവന് ശ്യാമക് ഡാവർ'സ് സ്റ്റാൻഡേർഡ് ഡാൻസ് ട്രൂപ്പിന്റെ ഭാഗമാകാൻ ക്ഷണം കിട്ടി. 'എഞ്ചിനീയറിങ് പഠനം മനംമടുപ്പിച്ച' അവസരത്തിൽ കൈവന്ന ആ അപൂർവാവസരം ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് സുശാന്തിന്റെ ജീവിതത്തിലെ ആദ്യത്തെ 'റിസ്കി' തീരുമാനം. അങ്ങനെ, വീട്ടുകാർ എഞ്ചിനീയറാകാൻ വിട്ട പയ്യൻ, അതുപേക്ഷിച്ച് ശ്യാമക് ഡാവറുടെ സംഘത്തോടൊപ്പം 2006 -ൽ ഓസ്‌ട്രേലിയയിലേക്ക് ടൂറുപോയി, കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്‌ഘാടനച്ചടങ്ങിലെ നൃത്തത്തിന് പൊലിമയേകിയ സംഘത്തിൽ അങ്ങനെ സുശാന്തും ആടിത്തകർത്തു.

അങ്ങനെ ആ ഡാൻസ് ട്രൂപ്പിൽ നിന്ന് മോശമല്ലാത്ത വരുമാനം കിട്ടിക്കൊണ്ടിരിക്കെ സുശാന്ത് അടുത്ത റിസ്കെടുക്കുന്നു. ഡാൻസ് സംഘം വിട്ട് നാദിറാ ബബ്ബറിന്റെ 'ഏക് ജുട്ടെ' എന്ന തിയേറ്റർ ഗ്രൂപ്പിന്റെ ഭാഗമായി അഭിനയരംഗത്ത് ശ്രദ്ധചെലുത്താൻ വേണ്ടി ദില്ലി വിട്ട് സുശാന്ത് മുംബൈയിലേക്ക് ചേക്കേറുന്നു. അവിടെ അയാൾ അടുത്ത രണ്ടു വർഷം ചെലവിടുന്നു. മുംബൈ കാലത്താണ് സുശാന്ത് സിംഗ് രാജ്പുതിനെ തേടി ആദ്യത്തെ സുവർണാവസരം എത്തുന്നത്. അത് ഒരു പരസ്യചിത്രമായിരുന്നു. നെസ്‌ലെ മഞ്ചിന്റെ പരസ്യം.

ടെലിവിഷൻ രംഗത്തെ പരിശ്രമങ്ങൾ

2008 -ലാണ് സുശാന്തിന് ആദ്യമായി ഒരു സീരിയലിൽ അവസരം കിട്ടുന്നത്.  'ഏക് ജുട്ടെ'യുടെ നാടകങ്ങളിൽ ഒന്നിൽ അവന്റെ പ്രകടനം കണ്ട ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസിലെ ഏതോ ഒരു കാസ്റ്റിംഗ് മെമ്പർ സുശാന്തിനെ ഓഡിഷന് വിളിക്കുകയായിരുന്നു. അതായിരുന്നു ബാലാജിയുടെ 'കിസ് ദേശ് മേം ഹേ മേരാ ദിൽ' എന്ന സീരിയലിലേക്കുള്ള സുശാന്തിന്റെ എൻട്രി. കഥയുടെ തുടക്കത്തിൽ തന്നെ സുശാന്തിന്റെ കഥാപാത്രം മരിക്കുന്നുണ്ട് ശരിക്കും. എന്നാൽ, ചുരുങ്ങിയ എപ്പിസോഡുകൾക്കുള്ളിൽ സുശാന്തിന്റെ പ്രകടനം കാരണം അയാൾ പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടിയിരുന്നു. ആരാധകർ നിരവധിയുണ്ടായി സുശാന്തിന്. അതോടെ ബാലാജി ടീം അയാളെ ആത്മാവിന്റെ രൂപത്തിൽ അടുത്ത എപ്പിസോഡുകളിലും തിരികെ കൊണ്ടുവന്നു. ഹിന്ദി സീരിയലുകളുടെ ചരിത്രത്തിൽ തന്നെ ഒരു നവാഗത നടന് വളരെ അപൂർവമായി ചെലുത്താനാകുന്ന സ്വാധീനം. 

 

ജൂൺ 2009  - സുശാന്തിന്റെ ജീവിതത്തിലെ അടുത്ത ബ്രേക്ക്. 'പവിത്ര രിഷ്താ' എന്ന സീരിയലിലെ മാനവ് ദേശ്മുഖ് എന്ന കഥാപാത്രമായി സുശാന്ത് ഏറെ പ്രേക്ഷകശ്രദ്ധ നേടി. ഈ കഥാപാത്രമാണ് സുശാന്തിനെ ബോളിവുഡിലേക്ക് നയിച്ചത്. സീരിയലിനും സിനിമയ്ക്കും ഇടയിൽ സുശാന്ത്,  'ഝലക് ദിഖ്‌ലാ ജാ'  എന്നൊരു ഡാൻസ് മത്സരത്തിലും പങ്കെടുത്തു.

2013 - 'കായ് പോ ഛേ!' എന്ന ചിത്രത്തിന് വേണ്ടി അഭിഷേക് കപൂർ എന്ന ബോളിവുഡ് സംവിധായകന് മുന്നിൽ സുശാന്ത് ഓഡിഷന് ചെല്ലുന്നു. റോക്ക് ഓൺ എന്ന തന്റെ കന്നിച്ചിത്രം തന്നെ മെഗാഹിറ്റായ ശേഷം അഭിഷേക്  ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ചേതൻ ഭാഗത്തിന്റെ പ്രസിദ്ധ നോവൽ 'ത്രീ മിസ്റ്റേക്ക്സ് ഓഫ് മൈ ലൈഫ്' ന്റെ ചലച്ചിത്രാവിഷ്കാരമായ 'കായ് പോ ഛേ!'. 

 

 

 

UTV പ്രൊഡക്ഷൻസ് നിർമിച്ച ആ ചിത്രത്തിൽ സുശാന്തിന്റെ കൂടെ അഭിനയിച്ചവരിൽ ഒരാൾ, പിന്നീട് ദേശീയ അവാർഡൊക്കെ നേടിയ യുവനടൻ രാജ് കുമാർ റാവു ആയിരുന്നു. അന്ന്, ക്രിക്കറ്റിലെ ചരടുവലികളുടെ ഇരയാകുന്ന ഇഷാൻ ഭട്ട് എന്ന ഡിസ്ട്രിക്റ്റ് ലെവൽ പ്ലെയറുടെ റോൾ സുശാന്ത് അനശ്വരമാക്കി. "ഈ ചെറുപ്പക്കാരൻ സീനിൽ വന്നാൽ പിന്നെ അയാളിൽ നിന്ന് കണ്ണെടുക്കാനാവില്ല' എന്നാണ് അന്ന് ട്രേഡ് അനലിസ്റ്റായ രാജീവ് മസന്ദ് സുശാന്തിനെക്കുറിച്ചെഴുതിയത്. അതേ, അതുതന്നെയാണ് സുശാന്തിനെ ജനപ്രിയനാക്കിയ ഘടകം, നമ്മുടെ അയല്പക്കത്തൊക്കെ കാണുന്ന അതേ 'ചെത്ത് പയ്യൻസ്' ഇമേജ് ആയിരുന്നു സിനിമയിലും തുടക്കത്തിൽ സുശാന്തിന്.

 

 

അതേവർഷം തന്നെ രണ്ടാമത്തെ ചിത്രം, യഷ് രാജ് ഫിലിംസിന്റെ 'ശുദ്ധ്‌ ദേശി റൊമാൻസ്' വരുന്നു.  'ലിവ് ഇൻ' റിലേഷൻഷിപ്‌സിനെക്കുറിച്ചുള്ള ആ ചിത്രത്തിൽ പരിനീതി ചോപ്രയ്ക്കും വാണി കപൂറിനുമൊപ്പം സുശാന്ത് അഭിനയിച്ച് തകർത്തു. അടുത്തത് ബോളിവുഡിലെ എക്കാലത്തെയും വലിയ മെഗാഹിറ്റുകളിൽ ഒന്നായ പികെയിലെ ഒരു കുഞ്ഞുറോൾ, സർഫറാസ്, അതും സുശാന്ത് അടിപൊളിയാക്കി. പിന്നെ 2015 -ൽ ദിബാകർ ബാനർജിയുടെ ബ്യോംകേശ് ബക്ഷി എന്ന ഡിറ്റക്ടീവ് ചിത്രം, അടുത്തവർഷം ധോണിയുടെ ബയോപിക്, പിന്നെ റാബ്‌ത,കേദാർനാഥ്, സോൻചിഡിയ, ഏറ്റവും ഒടുവിലായി നിതേഷ് തിവാരിയുടെ ആത്മഹത്യാപ്രവണത പ്രമേയമാക്കിയ ഛിഛോരെയും.

 

 വെറും ഏഴുവർഷത്തെ സിനിമാജീവിതത്തിൽ നിരവധി അവിസ്മരണീയമായ റോളുകളിൽ പകർന്നാടിയ സുശാന്ത് സിംഗ് രാജ്പുത് എന്ന യുവപ്രതിഭ ചെയ്തുതീർക്കാൻ നിരവധി റോളുകൾ ബാക്കി നിർത്തിയിട്ടാണ് കളമൊഴിയുന്നതും. ആനന്ദ് ഗാന്ധി 'ഷിപ് ഓഫ് തെസ്യൂസ്'എന്ന തന്റെ ദേശീയ അവാർഡ് ചിത്രത്തിന് ശേഷം ഇർഫാൻ ഖാനെക്കൊണ്ട് ചെയ്യിക്കാനിരുന്ന 'എമർജൻസി' എന്ന ചിത്രം തേടിയെത്തിയത് സുശാന്തിനെ ആയിരുന്നു. അതുപോലെ, 1962 -ലെ ഇന്തോ ചൈന യുദ്ധത്തിലെ ഹീറോ ആയിരുന്ന റൈഫിൾമാൻ ജസ്വന്ത് സിങിന്റെ റോളും ചെയ്യാനിരുന്നത് സുശാന്ത് ആയിരുന്നു. അതിന്റെ പോസ്റ്റർ വരെ പുറത്തിറങ്ങിയിരുന്നു. മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൽ കാലം മുതൽ ചാണക്യൻ വരെയുള്ള വേഷങ്ങളിടാനിരുന്ന 12  ഭാഗങ്ങളുള്ള ഒരു വെബ് സീരീസ്, ദേശീയ അവാർഡ് ജേതാവായ ശേഖർ കപൂറിന്റെ പാനി എന്ന ചിത്രം എന്നിങ്ങനെ പല ചിത്രങ്ങളും സുശാന്തിന്റെ അകാല വിയോഗത്തോടെ ഇനി സങ്കൽപ്പങ്ങൾ മാത്രമായി അവശേഷിക്കാൻ പോവുകയാണ്.

 

മറ്റ് അഭിനേതാക്കളിൽ നിന്ന് വ്യത്യസ്തനായി ജീവിതത്തിലെ പ്രശ്നങ്ങളിൽ ഇടപെട്ട് പ്രതികരിച്ചിരുന്ന ഒരു പച്ചമനുഷ്യൻ കൂടിയായിരുന്നു സുശാന്ത്. പദ്മാവതി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ രാജപുത്രരുടെ കർണി സേന സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിയെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ട്വിറ്ററിലെ സ്വന്തം പേരിൽ നിന്ന് രാജ്പുത് എന്ന ഭാഗം നീക്കി പ്രതിഷേധിച്ചു സുശാന്ത്.  സ്‌ക്രീനിൽ നിന്ന് കണ്ണെടുത്താൽ സുശാന്ത് നോക്കിയിരുന്നത് വിശാലമായ ആകാശത്തിലേക്കായിരുന്നു. വാനനിരീക്ഷണത്തിൽ അസാമാന്യമായ കമ്പമുണ്ടായിരുന്ന അദ്ദേഹം ചൊവ്വയെയും, ചന്ദ്രനെയും മറ്റുഗ്രഹങ്ങളെയും നക്ഷത്രങ്ങളെയും ഒക്കെപ്പറ്റി നിരന്തരം ട്വീറ്റ് ചെയ്യുമായിരുന്നു. 'ചന്ദാ മാമാ ദൂർ കെ' എന്ന 2018 -ൽ തുടക്കത്തിൽ തന്നെ നിന്നുപോയ ചിത്രത്തിൽ സുശാന്ത് ചെയ്യാനിരുന്ന കഥാപാത്രം ഒരു ബഹിരാകാശ സഞ്ചാരിയുടേതായിരുന്നു.

അസാമാന്യമായ ആത്മവിശ്വാസമായിരുന്നു സുശാന്തിന്റെ എന്നത്തേയും കൈമുതൽ. " എനിക്ക് സിനിമകൾ കിട്ടാത്ത കാലം വരുമ്പോൾ ഞാൻ സീരീസിലും സീരിയലിലും അഭിനയിക്കും. അതും കിട്ടാതെ വന്നാൽ ഞാൻ തിയേറ്റർ ചെയ്യും.  ഞാൻ തുടങ്ങിയ കാലത്ത് എനിക്ക് ഒരു നാടകം കളിച്ചാൽ 250 രൂപയാണ് കിട്ടിയിരുന്നത്. അന്നും ഞാൻ ഹാപ്പി ആയിരുന്നു. കാരണം അഭിനയിക്കുന്നത് എന്നെ വല്ലാതെ സന്തോഷിപ്പിച്ചിരുന്നു. അതുകൊണ്ട് ഫീൽഡ് ഔട്ട് ആകുമോ എന്ന പേടിയൊന്നും എനിക്കില്ല" എന്നാണ് ഒരു അഭിമുഖത്തിൽ സുശാന്ത് ഒരിക്കൽ പറഞ്ഞത്.

ഇങ്ങനെ, പരാജയങ്ങളെ ഭയമില്ലാത്ത, കരിയറിൽ വിജയത്തിന്റെ കൊടുമുടി ചുംബിച്ചു നിൽക്കുന്ന, മുന്നിൽ കൈനിറയെ റോളുകളും, ജീവിതത്തിന്റെ ഒരു സുവർണകാലവുമുണ്ടായിരുന്ന, ആത്മവിശ്വാസം തുളുമ്പി നിന്നൊരു ചെറുപ്പക്കാരൻ ജീവിതം മടുത്ത് പാതിവഴി നിർത്തി ഇറങ്ങിപ്പോയി എന്ന് പൊലീസ് പറയുമ്പോൾ, എന്തോ, അത് വിശ്വസിക്കുക അത്ര എളുപ്പമല്ല.

സുശാന്ത് തന്റെ അഭിനയജീവിതത്തിനു നാന്ദികുറിച്ച 'കിസ് ദേശ് മേം ഹോഗാ മേരാ ദിൽ' എന്ന സീരിയലിൽ, അതിന്റെ തുടക്കത്തിൽ തന്നെ മരിച്ചുപോകുന്ന അദ്ദേഹത്തെ വീണ്ടും കാണാൻ പ്രേക്ഷകർ ആഗ്രഹിച്ചപ്പോൾ, സംവിധായകൻ ആത്മാവിന്റെ രൂപത്തിൽ സുശാന്തിനെ മിനിസ്‌ക്രീനിൽ തിരികെയെത്തിക്കുന്നുണ്ട്. അത് ഒരു ഭ്രമകല്പനയാണ്. ശുദ്ധ ഫാന്റസി. ആരെന്തൊക്കെ ചെയ്താലും, എന്തൊക്കെ തെളിയിച്ചാലും, സുശാന്ത് സിംഗ് രാജ്പുത് എന്ന ജനപ്രിയനടൻ ഇനി ഉയിരോടെ നമ്മുടെ മുന്നിലെത്തില്ല എന്നതാണ് യാഥാർഥ്യം. അതൊന്നുതന്നെയാണ് ഏറെ വേദനിപ്പിക്കുന്ന സത്യവും.