ആദ്യത്തെ സംസ്ഥാന സ്‍കൂൾ യുവജനോത്സവത്തിൽ യേശുദാസ് ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടി

മലയാളം യേശുദാസിന്‍റെ (Yesudas) ശബ്‍ദത്തിന് ചെവിയോര്‍ത്ത് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ആദ്യമായി ഒരു സിനിമയ്ക്ക് വേണ്ടി യേശുദാസ് പാടിയിട്ട് വര്‍ഷം 60 തികയുന്നു. ഗാനന്ധര്‍വനായി യേശുദാസ് എന്നും പാടിക്കൊണ്ടേയിരിക്കുന്നു. ഒമ്പതാം വയസില്‍ ആദ്യ കച്ചേരി അവതരിപ്പിച്ചുതുടങ്ങിയതാണ് യേശുദാസിന്‍റെ സംഗീത യാത്ര.

പ്രമുഖ സംഗീതജ്ഞനും നാടക നടനുമായിരുന്ന അഗസ്റ്റിൻ ജോസഫ് ഭാഗവതരുടെയും എലിസബത്തിന്‍റെയും മകനായിട്ടാണ് യേശുദാസിന്‍റെ ജനനം. അച്ഛൻ അഗസ്റ്റിൻ പാടി പഠിപ്പിച്ച സംഗീതം ചെറുപ്പത്തിലേ യേശുദാസിനെയും ഗായകനാക്കുകയായിരുന്നു. 1949-ൽ ഒമ്പതാം വയസ്സിൽ ആദ്യത്തെ കച്ചേരി യേശുദാസ് അവതരിപ്പിച്ചു. ദാസപ്പൻ ഭാഗവതർ എന്നും കാട്ടാശേരി കൊച്ചുഭാഗവതർ എന്നുമുള്ള വിശേഷണപേരും അതോടെ യേശുദാസിന് ചാര്‍ത്തപ്പെട്ടു. കേരളത്തിലെ ഏത് ഒരു കുട്ടിക്കും മാറ്റ് തെളിയിക്കാനുള്ള ആദ്യ അവസരമായ സ്‍കൂള്‍ കലോത്സവത്തില്‍ യേശുദാസും ജേതാവായി. പഠനകാലത്ത്‌ ആദ്യത്തെ സംസ്ഥാന സ്‍കൂൾ യുവജനോത്സവത്തിൽ ലളിതഗാനാലാപനത്തിന്‌ ഒന്നാം സ്ഥാനം നേടിയായിരുന്നു യേശുദാസ് തന്‍റെ വരവറിയിച്ചത്.

മലയാളത്തില്‍ മാത്രമല്ല ഏതാണ്ട് എല്ലാ പ്രധാനപ്പെട്ട ഇന്ത്യൻ ഭാഷകളിലും യേശുദാസ് പാടിയിട്ടുണ്ട്. ആ ഭാഷയിലെ ഗായകനെ പോലെ തോന്നിപ്പിക്കുന്നതായിരുന്നു യേശുദാസിന്‍റെ ഗാനാപാലന ശൈലിയും. അസാമീസ്, കശ്‍മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും യേശുദാസ് പാടി. പ്രായത്തിന് നര വീണിട്ടും യേശുദാസിന്‍റെ ശബ്‍ദത്തിന് ഇന്നും ചെറുപ്പവുമാണ്.

ഇന്നും വിദ്യാര്‍ഥി മാത്രമാണ് താൻ എന്ന് അവകാശപ്പെടുന്ന യേശുദാസിന്‍റെ സംഗീത പഠനം തിരുവനന്തപുരത്തെ മ്യൂസിക്‌ അക്കാദമി, തൃപ്പൂണിത്തുറ ആർ എൽ വി സംഗീത കോളജ്‌ എന്നിവിടങ്ങളിലായിരുന്നു. ഗാനഭൂഷണം പാസായി. സംഗീതമാണ് ഇനി തന്‍റെ വഴിയെന്ന് തുടക്കത്തിലേ തിരിച്ചറിഞ്ഞ യേശുദാസ് ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്‍ത്രീയ സംഗീതം അഭ്യസിച്ചിരുന്നു. 1974-ൽ ചെമ്പൈയുടെ മരണം വരെ അദ്ദേഹത്തിന്‍റെ കീഴില്‍ പഠനം തുടര്‍ന്ന യേശുദാസ് വയസ് എണ്‍പത് കഴിഞ്ഞിട്ടും ഇന്നും നിത്യസാധകം ചെയ്യുന്നത് തുടരുകയും ചെയ്യുന്നു.