Asianet News MalayalamAsianet News Malayalam

Yesudas 60 Years | ദേവരാജന് പകരക്കാരന്‍! യേശുദാസ് ഈണമിട്ട ഗാനങ്ങള്‍

ചലച്ചിത്ര പിന്നണിഗാന രംഗത്ത് ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് യേശുദാസിന് ഒരു ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ ക്ഷണം ലഭിക്കുന്നത്

yesudas 60 years kj yesudas the music director
Author
Thiruvananthapuram, First Published Nov 13, 2021, 4:42 PM IST

യേശുദാസ് (Yesudas) എന്ന ശബ്‍ദ സാന്നിധ്യമില്ലാതെ മലയാളിയുടെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. കേള്‍ക്കണമെന്ന് തീരുമാനിച്ച് കേട്ടില്ലെങ്കില്‍പ്പോലും ഒരു യേശുദാസ് ഗാനത്തിന്‍റെ ചീള് ദിവസത്തിന്‍റെ ഏതെങ്കിലുമൊരു സമയത്ത് എവിടെനിന്നെങ്കിലും നമ്മെ തേടിയെത്താം. എന്നാല്‍ അത് യേശുദാസ് എന്ന ഗായകന്‍റെ കാര്യം. ഇനി ദിവസേനയുള്ള ഈ കേള്‍വിയില്‍ യേശുദാസ് എന്ന സംഗീത സംവിധായകന്‍റെ 'സാന്നിധ്യം' എത്ര പേര്‍ക്ക് അറിയാം? ആലപിച്ചതുമായി തട്ടിച്ചുനോക്കുമ്പോള്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങള്‍ എണ്ണത്തില്‍ തുലോം തുച്ഛമാണെങ്കിലും അക്കൂട്ടത്തില്‍ പല ഹിറ്റ് ഗാനങ്ങളുമുണ്ട്.

ചലച്ചിത്ര പിന്നണിഗാന രംഗത്ത് ഒരു വ്യാഴവട്ടം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് യേശുദാസ് ഒരു ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. പ്രേം നസീറിനെയും ജയഭാരതിയെയും പ്രധാന കഥാപാത്രങ്ങളാക്കി കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്‍ത് 1973ല്‍ പുറത്തെത്തിയ 'അഴകുള്ള സെലീന'യായിരുന്നു അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം. വയലാര്‍ എഴുതിയ വരികള്‍ക്ക് അക്കാലത്തെ പതിവനുസരിച്ച് ദേവരാജനായിരുന്നു സംഗീതം പകരേണ്ടിയിരുന്നത്. പക്ഷേ ദേവരാജനുമായി സേതുമാധവന്‍ ആ സമയത്ത് അത്ര സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. പകരം ആര് എന്ന ചോദ്യത്തിന് യേശുദാസ് എന്ന പേരാണ് സേതുമാധവന്‍റെ മനസിലേക്ക് എത്തിയത്. പരിഭ്രമമൊന്നും കൂടാതെ യേശുദാസ് ആ നിയോഗം ഏറ്റെടുത്തു. സംഗീത സംവിധായകനായുള്ള അരങ്ങേറ്റം ഗായകനായ യേശുദാസിന്‍റെ പെരുമയ്ക്ക് മങ്ങലൊന്നും ഏല്‍പ്പിച്ചില്ലെന്നു മാത്രമല്ല, ആസ്വാദകപ്രീതി നേടുകയും ചെയ്‍തു. ചിത്രത്തിലെ ഒന്നിനൊന്ന് വ്യത്യസ്‍തമായ ഗാനങ്ങള്‍ ആലപിച്ചത് യേശുദാസിനെക്കൂടാതെ പി സുശീലയും വസന്തയും ലതാ രാജുവും പി ലീലയും എസ് ജാനകിയുമായിരുന്നു. ഇതില്‍ സുശീല ആലപിച്ച 'താജ്‍മഹല്‍ നിര്‍മ്മിച്ച രാജശില്‍പി' എന്നു തുടങ്ങുന്ന ഗാനമായിരുന്നു ഏറ്റവും ഹിറ്റ്.

പി എ തോമസിന്‍റെ സംവിധാനത്തില്‍ അതേ വര്‍ഷം പുറത്തിറങ്ങിയ 'ജീസസ്' ആയിരുന്നു യേശുദാസ് രണ്ടാമത് സംഗീതം പകര്‍ന്ന ചിത്രം. എന്നാല്‍ ചിത്രത്തില്‍ മറ്റു നാല് സംഗീത സംവിധായകരും ഗാനങ്ങള്‍ ഒരുക്കിയിരുന്നു. എം എസ് വിശ്വനാഥന്‍, ആലപ്പി രംഗനാഥ്, ജോസഫ്, കൃഷ്‍ണ എന്നിവര്‍. 'ഗാഗുല്‍ത്താ മലകളേ' എന്നാരംഭിക്കുന്ന ഗാനമാണ് യേശുദാസ് ഒരുക്കിയത്. സിനിമയില്‍ തുടര്‍ന്നുള്ള പത്ത് വര്‍ഷക്കാലം യേശുദാസ് പന്ത്രണ്ടോളം ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. ഉദയം കിഴക്കു തന്നെ, താറാവ്, സഞ്ചാരി, കോളിളക്കം എന്നിവ അക്കൂട്ടത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്.

ഇക്കാലയളവില്‍ സിനിമാഗാനങ്ങളേക്കാള്‍ പ്രശസ്‍തമായ ഭക്തിഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതം പകര്‍ന്നിട്ടുണ്ട്. 1975ല്‍ എച്ച്എംവി പുറത്തിറക്കിയ അയ്യപ്പഭക്തിഗാനങ്ങളില്‍ ആറെണ്ണത്തിന് സംഗീതം പകര്‍ന്നത് യേശുദാസ് ആണ്. ഗംഗയാറ് പിറക്കുന്നു, ഒരേയൊരു ലക്ഷ്യം, സുപ്രഭാതം പൊട്ടിവിടര്‍ന്നു തുടങ്ങി, ഇപ്പോഴും വൃശ്ചികമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാറുള്ള ഗാനങ്ങളൊക്കെ യേശുദാസിന്‍റെ ഈണത്തില്‍ പുറത്തിറങ്ങിയവയാണ്. പില്‍ക്കാലത്ത് സ്വന്തം മ്യൂസിക് ലേബല്‍ ആയ തരംഗിണിയുടെ ഗാനങ്ങള്‍ക്ക് മാത്രമാണ് യേശുദാസ് സംഗീതം പകര്‍ന്നത്. എന്തുകൊണ്ട് സംഗീത സംവിധാനം തുടര്‍ന്നില്ല എന്ന ചോദ്യത്തിന് യേശുദാസ് പില്‍ക്കാലത്ത് നല്‍കിയ മറുപടി ആ ജോലി നല്‍കുന്ന അധികഭാരത്തെക്കുറിച്ചാണ്. സംഗീതം പകരുന്ന സമയത്ത് താന്‍ പാടിയിട്ടുള്ള ആയിരക്കണക്കിന് ഗാനങ്ങള്‍ മനസിലേക്ക് കടന്നുവരാറുണ്ടെന്നും അത് സൃഷ്‍ടിക്കുന്ന സംശയങ്ങള്‍ ആലോചനാഭാരം നല്‍കുമെന്നും.

Follow Us:
Download App:
  • android
  • ios