കൊവിഡ് മഹാമാരി കാരണം നിര്‍ത്തിവെക്കേണ്ടിവന്ന ബോളിവുഡിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നാണ് ആമിര്‍ ഖാന്‍ നായകനാവുന്ന 'ലാല്‍ സിംഗ് ഛദ്ദ'. ഇന്ത്യയിലെ പല ലൊക്കേഷനുകളിലായി ചിത്രീകരണം നടന്ന സിനിമയുടെ പഞ്ചാബ് ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടെയാണ് മാര്‍ച്ച് മാസത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതും ചിത്രീകരണം അവസാനിപ്പിക്കേണ്ടിവന്നതും. മാസങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയില്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് തിരിച്ചറിഞ്ഞ അണിയറപ്രവര്‍ത്തകര്‍ വിദേശലൊക്കേഷനുകള്‍ തെരഞ്ഞെടുക്കുകയായിരുന്നു. ഇതുപ്രകാരം 'ഛദ്ദ'യുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനായി ആമിറും സംഘവും തുര്‍ക്കിയില്‍ എത്തിയതായി റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളും പുറത്തെത്തിയിരുന്നു. ഇപ്പോഴിതാ അവിടെ ആമിറിനെ ആരാധകര്‍ വളയുന്നതിന്‍റെ ഏതാനും വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്.

അപ്രതീക്ഷിതമായി പ്രിയതാരത്തെ മുന്നില്‍ കണ്ട ആരാധകര്‍ ആമിറിനരികിലേക്ക് ഓടിയെത്തുന്നതും സെല്‍ഫികള്‍ പകര്‍ത്തുന്നതുമൊക്കെയാണ് വീഡിയോയില്‍. ഒരാള്‍ ആവേശം അടക്കാനാവാതെ അദ്ദേഹത്തെ എടുത്തുയര്‍ത്തുന്നുമുണ്ട്. കൊവിഡ് പശ്ചാത്തലത്തിലെ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനദണ്ഡങ്ങളുള്‍പ്പെടെ കാറ്റില്‍ പറത്തിയാണ് ആരാധകരുടെ ഇടപെടല്‍. ഇതില്‍ അസ്വസ്ഥനാണെങ്കിലും മുഖത്ത് ചിരി വരുത്താന്‍ ശ്രമിക്കുന്ന ആമിറിനെയും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍ ഒരു കൈക്കുഞ്ഞുമായി നില്‍ക്കുന്ന ആരാധകനെ അടുത്തേക്ക് വിളിച്ച് ചിത്രത്തിന് പോസ് ചെയ്യുന്ന ആമിറിനെയും കാണാം.

ടോം ഹാങ്ക്സ് നായകനായി 1994ല്‍ പുറത്തെത്തിയ പ്രശസ്ത ഹോളിവുഡ് ചിത്രം ഫോറസ്റ്റ് ഗംപിന്‍റെ റീമേക്ക് ആണ് ലാല്‍ സിംഗ് ഛദ്ദ. അതുല്‍ കുല്‍ക്കര്‍ണി തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അദ്വൈത് ചന്ദന്‍ ആണ്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‍സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു. ഗല്‍വാന്‍ താഴ്വരയിലെ ഇന്ത്യ-ചൈന പ്രശ്നങ്ങളെത്തുടര്‍ന്ന് നടക്കാനിരുന്ന ലഡാക്ക് ഷെഡ്യൂള്‍ അണിയറക്കാര്‍ ഒഴിവാക്കിയിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ് തീയ്യതിയും മാറ്റിയിട്ടുണ്ട്. ഈ വര്‍ഷം തീയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം 2021 ക്രിസ്‍മസിനേ പ്രേക്ഷകര്‍ക്കു മുന്നിലേക്ക് എത്തൂ.