ലോക്ക് ഡൗണ്‍ കാലത്ത് സുഹൃത്തുക്കളെ ടാഗ് ചെയ്‍തുള്ള പലതരം ചലഞ്ചുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. അക്കൂട്ടത്തില്‍ സിനിമാതാരങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ചലഞ്ച് നടത്തിയിരിക്കുകയാണ് ചലച്ചിത്രതാരം അബു സലിം. ബോഡി ബില്‍ഡര്‍ കൂടിയായ അബു സലിം ദുര്‍ഘടമായ ഒരു പുഷ് അപ് രീതിയാണ് തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

ചിരപരിചിതമായ പുഷ് അപ്പ് ശൈലികളില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണ് അബു സലിം വീഡിയോയിലൂടെ ആവിഷ്കരിച്ചിരിക്കുന്നത്. ശരീരം നേര്‍രേഖയില്‍ വരത്തക്കവിധം കമിഴ്‍ന്നു കിടന്നതിനു ശേഷം നീട്ടി വച്ചിരിക്കുന്ന കൈകള്‍ ഉപയോഗിച്ച്, കൈകളോ കാലുകളോ മടക്കാതെതന്നെ ശരീരം കുറച്ച് ഉയര്‍ത്തുകയാണ് വീഡിയോയില്‍ അദ്ദേഹം. മലയാള സിനിമയിലെ യുവനിരയില്‍ ശരീരസംരക്ഷണത്തില്‍ ഏറെ ശ്രദ്ധിക്കുന്ന രണ്ട് താരങ്ങളെയാണ് അദ്ദേഹം പ്രധാനമായും ചലഞ്ച് ചെയ്‍തിരിക്കുന്നത്. ടൊവീനോ തോമസിനെയും ഉണ്ണി മുകുന്ദനെയും. ഒപ്പം യുവ അത്ലറ്റുകളെയും അബു സലിം ചലഞ്ച് ചെയ്‍തിട്ടുണ്ട്.

വലിയ പ്രതികരണമാണ് ഫേസ്ബുക്കില്‍ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. അഞ്ച് മണിക്കൂറുകള്‍ക്കുള്ളില്‍ എണ്ണായിരത്തോളം ലൈക്കുകളും ഇരുനൂറിലേറെ ഷെയറുകളും ഇതിന് ലഭിച്ചിട്ടുണ്ട്.