സംപ്രേഷണം ആരംഭിച്ച് പെട്ടന്നുതന്നെ മലയാളത്തില്‍ ജനപ്രിയ പരമ്പര എന്ന ഗണത്തിലേക്കെത്തിയ പരമ്പരയാണ് സാന്ത്വനം. പ്രായഭേദമില്ലാതെ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പരയായി മാറിയ സാന്ത്വനത്തിലെ ഓരോ അഭിനേതാക്കള്‍ക്കും സോഷ്യല്‍മീഡിയയില്‍ ഓരോ ഫാന്‍ ഗ്രൂപ്പ് പോലുമുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കാന്‍ കാരണം. സാന്ത്വനത്തിലെ മിക്കവാറും താരങ്ങളൊക്കെ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. അവര്‍ പങ്കുവെക്കുന്ന, സെറ്റിലെ വിശേഷങ്ങളൊക്കെ നിമിഷങ്ങള്‍കൊണ്ടാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകാറുള്ളത്.  

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായി നില്‍ക്കുന്നത് പരമ്പരയില്‍ കണ്ണനായെത്തുന്ന അച്ചു സുഗന്ധാണ്. തന്റേതല്ലാത്ത കുറ്റത്തിന് പൊലീസ് സ്‌റ്റേഷനില്‍ കയറുകയും, പൊലീസിന്റെ ഇടി ഇടതടവില്ലാതെ കൊള്ളുകയുംചെയ്താണ് കണ്ണന്‍ സോഷ്യല്‍മീഡിയയില്‍ സ്റ്റാറായതെന്നുവേണം പറയാന്‍. കോളേജില്‍ വച്ചുണ്ടായ പ്രശ്‌നത്തിലാണ് കണ്ണന് പൊലീസ് സ്‌റ്റേഷനില്‍ കയറേണ്ടി വന്നത്. കണ്ണന്റെ ഫോണിലൂടെ മറ്റ് ചിലര്‍ ചില ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും, അതിന്റെ ഭവിഷത്തെല്ലാം കണ്ണന്‍ അനുഭവിക്കുകയുമാണുണ്ടായത്. കുറച്ച് ദിവസങ്ങളായി കണ്ണനായെത്തുന്ന അച്ചു സുഗന്ധിന്റെ ചിത്രങ്ങളാണ് സാന്ത്വനം ആരാധകരും, ഫാന്‍പേജിലുമെല്ലാം തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ഇടികൊണ്ട് നില്‍ക്കുന്ന വീഡിയോയും മറ്റുമെല്ലാം ചൂടപ്പം പോലെയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായത്. ഇടികൊണ്ട് വളരെയേറെ ആരാധകരെ സ്വന്തമാക്കിയെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്.

സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, പരമ്പരയിലും എക്‌സ്ട്രാ കെയറാണ് കണ്ണന് വീട്ടുകാരില്‍നിന്നും കിട്ടുന്നത്. ഇടികിട്ടി മുഖവും ശരീരവുമെല്ലാം നാശകോശമായ കണ്ണന് വല്ല്യേടത്തിയുടേയും, ഏട്ടന്മാരുടേയും സ്‌പെഷ്യല്‍കെയറാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കൂടാതെ കാര്യം മനസ്സിലാക്കാതെ അനിയന്‍ചെക്കനെ ഇടിച്ച് പരുവമാക്കിയ പോലീസുകാരന്റെ മൂക്ക് താനിടിച്ച് പരിപ്പാക്കും എന്നുപറഞ്ഞാണ് ശിവേട്ടന്റെ നടപ്പും. ഏതായാലും കണ്ണനെ സന്തോഷിപ്പിക്കുക എന്ന ഉദ്യമം വീട്ടുകാരെല്ലാം ഏറ്റെടുത്തതോടെ പരമ്പര കൂടുതല്‍ കളറായിമാറിയിട്ടുണ്ട്.