മൈക്രോമാക്‌സ് ലോകത്തിലെ ഏറ്റവും വലിയ 10 മൊബൈൽ ഫോൺ കമ്പനികളിൽ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഇന്ത്യയിൽ വിജയകരമായി അതിജീവിച്ചു.

മുംബൈ: 12000 കോടിയുടെ വരുമാനത്തിൽ നിന്ന് വെറും അഞ്ച് വർഷം കൊണ്ട് തകർന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി മൈക്രോമാക്സ് ഉടമയും നടി അസിന്റെ ഭർത്താവുമായ രാഹുൽ ശർമ്മ. മൊബൈൽ ഫോൺ രംഗത്തെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ മൈക്രോമാക്‌സിന്റെ സഹസ്ഥാപകനായിരുന്നു രാഹുൽ. വളരെ ചുരുങ്ങിയ കാലം കൊണ്ട് എന്നാൽ ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിക്കുകയും അന്താരാഷ്ട്ര ബ്രാൻഡുകളെ വരെ ഏറ്റെടുക്കുകയും ചെയ്തെങ്കിലും കുറച്ച് വർഷങ്ങൾക്ക് ശേഷം കൂപ്പുകുത്തി. ഇന്ത്യൻ വിപണിയിലേക്ക് ചൈനീസ് ബ്രാൻഡുകൾ ഉയർന്നുവന്നതായിരുന്നു മൈക്രോമാക്സിന്റെ തകർച്ചക്ക് കാരണമെന്ന് രാഹുൽ പറയുന്നു. രാജ് ഷമാനിയുടെ പോഡ്‌കാസ്റ്റിൽലായിരുന്നു രാഹുലിന്റെ തുറന്ന് പറച്ചിൽ.

Add Asianetnews as a Preferred SourcegooglePreferred

മൈക്രോമാക്‌സ് ലോകത്തിലെ ഏറ്റവും വലിയ 10 മൊബൈൽ ഫോൺ കമ്പനികളിൽ ഒന്നായിരുന്നു. നോക്കിയ , സാംസങ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള മത്സരത്തെ ഇന്ത്യയിൽ വിജയകരമായി അതിജീവിച്ചു. 12,000 കോടി മുതൽ 15,000 കോടി രൂപ വരെ വിറ്റുവരവ് നേടി. എന്നാൽ താമസിയാതെ കാര്യങ്ങൾ മാറിമറിഞ്ഞു. ബൗൺസറുകൾക്ക് പിന്നാലെ ബൗൺസറുകൾ, പിന്നെ ഫുൾടോസിൽ ക്ലീൻ ബൗൾഡ്- എന്നാണ് തകർച്ചയെ രാഹുൽ വിശേഷിപ്പിച്ചത്. മൈക്രോമാക്സിൽ സംഭവിച്ചത് മൈക്രോമാക്സിൽ മാത്രം സംഭവിച്ചതല്ല. അതൊരു ആഗോള പ്രതിഭാസമായിരുന്നു. അക്കാലത്ത് ആഗോളതലത്തിൽ ധാരാളം ബ്രാൻഡുകൾ ഉണ്ടായിരുന്നു. പക്ഷേ ആളുകൾ ഞങ്ങളെക്കുറിച്ച് സംസാരിച്ചു. ഇതിനിടെ വിതരണ ശൃംഖല മാറാൻ തുടങ്ങി.

ചൈനീസ് നിർമ്മാതാക്കൾ വളർന്നുവരുന്ന ചൈനീസ് ബ്രാൻഡുകളുമായി കരാറുകളിൽ ഏർപ്പെട്ടതിനാൽ ഞങ്ങൾക്ക് പുതിയ പരീക്ഷണങ്ങൾക്ക് അവസരമുണ്ടായില്ല. ഇന്ന് എനിക്ക് ഒരു ട്രിപ്പിൾ സ്‌ക്രീൻ ഫോൺ നിർമ്മിക്കണമെന്ന് സങ്കൽപ്പിക്കുക. എനിക്ക് കഴിയില്ല. കാരണം എനിക്ക് അതിന്റെ ഘടകങ്ങൾ ഇല്ല. അതിനർത്ഥം എനിക്ക് പിടിച്ചുനിൽക്കാനാകില്ല എന്നാണ്. ഞങ്ങൾ രണ്ട് വർഷത്തോളം ശ്രമിച്ചു. പക്ഷേ ഒരു ഘട്ടത്തിനുശേഷം, കൂടുതൽ പണം ചെലവാക്കുന്നതിൽ അർത്ഥമില്ലെന്ന് മനസ്സിലായി. എതിരാളികൾക്ക് അനന്തമായ വിഭവങ്ങൾ ലഭ്യമാകുമ്പോൾ നമ്മൾ പണം ചെലവാക്കുന്നതിൽ അർഥമില്ലെന്ന് മനസ്സിലായി.

2014-ൽ ആലിബാബയിൽ നിന്നുള്ള 800 മില്യൺ ഡോളറിന്റെ ധനസഹായം നിരസിച്ചു. തിരിഞ്ഞുനോക്കുമ്പോൾ അതൊരു തെറ്റായിരിക്കാം. അക്കാലത്ത് ഫിന്നിഷുകാരെയും കൊറിയക്കാരെയും ഞങ്ങൾ നേരിട്ടെങ്കിൽ, എന്തുകൊണ്ട് ചൈനക്കാരെ സാധിക്കില്ലെന്ന് കരുതി. എന്നാൽ നിറയെ വെടിക്കോപ്പുകളുമായാണ് ചൈനക്കാർ വന്നതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് നിർമാണ രം​ഗത്തേക്ക് തിരിഞ്ഞു. മുമ്പത്തേക്കാൾ കൂടുതൽ പണം സമ്പാദിക്കുന്നു. ഇന്ന്, ഞങ്ങളുടെ വരുമാനം മുമ്പത്തേക്കാൾ വളരെ വലുതാണ്. പക്ഷേ അത് മിക്ക ആളുകൾക്കും അറിയില്ലായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.