കോമഡി നമ്പറുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഈ ചിത്രങ്ങളും, കുറിപ്പുമെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. പിഷാരടിയുടെ നര്‍മ്മബോധം സ്റ്റേജില്‍ മാത്രമല്ല എന്നതാണ്, ആരാധകര്‍ക്ക് അദ്ദേഹത്തോട് പ്രത്യേക ഇഷ്‍ടത്തിനുകാരണം. സോഷ്യല്‍മീഡിയയിലും പിഷാരടി കോമഡി നമ്പറുകളുമായി ചര്‍ച്ചയാകാറുണ്ട്. ചിത്രങ്ങള്‍ക്ക് അദ്ദേഹമിടുന്ന ക്യാപ്ഷനുകളാണ് തരംഗമാകാറുള്ളത്.

പിഷാരടിയുടെ ഏതൊരു ചിത്രം എടുത്തുനോക്കിയാലും കാണുന്ന കമന്റാണ്, ക്യാപ്ഷന്‍ സിംഹമേ നമിച്ചുവെന്നത്. ഇപ്പോളിതാ തന്റെ 'ആല്‍'ക്കഹോളിക് ചിത്രമാണ് പിഷാരടി പങ്കുവച്ചരിക്കുന്നത്. വലിയൊരു ആല്‍മരച്ചോട്ടില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് 'ആല്‍'ക്കഹോളിക്കെന്നുപറഞ്ഞ് പിഷാരടി പങ്കുവച്ചത്. ആല്‍ ആയാല്‍ ഒരു 'തറ' വേണമെന്നാണ് പിഷാരടിയെ കളിയാക്കിക്കൊണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്.

കഴിഞ്ഞദിവസം പിഷാരടി പങ്കുവച്ച മുയലാളി ചിത്രവും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ആല്‍ക്കഹോളിക് ചിത്രം പിഷാരടി പങ്കുവച്ചത്. എന്തൊരു ക്യാപ്ഷനുകളാണ് മനുഷ്യാ നിങ്ങള്‍  ഉണ്ടാക്കുന്നതെന്നാണ് പിഷാരടിയോട് ആരാധകര്‍ ചോദിക്കുന്നത്.