നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അശ്വിൻ കുമാർ ജനിച്ചത് ചുണ്ടും മൂക്കും ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് ഇന്ന് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരം, ഒന്നിലധികം ഭാഷകളിൽ ഡബ്ബ് ചെയ്യുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതനായ നടനാണ് അശ്വിൻ കുമാർ. ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിൽ കോർപ്പറേറ്റ് ലുക്കിൽ, ഇംഗ്ലീഷ് ചുവയുള്ള സംസാരവുമായി നിവിൻ പോളി കഥാപാത്രത്തെ വട്ടം കറക്കിയ ഇദ്ദേഹം ഇന്ന് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്നൊരു താരമാണ്. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകൾ ചെയ്ത അശ്വിൻ ബിഗ് സ്ക്രീനിൽ എത്തിയിട്ട് പത്ത് വർഷവും പിന്നിട്ട് കഴിഞ്ഞു. അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയാണ് അശ്വിൻ.
തിയറ്ററുകളിൽ അദ്ദേഹത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം മുഴങ്ങി കേൾക്കുമ്പോൾ, അതിന് പിന്നിൽ പത്തിലധികം സർജറികളുടെ കഥ പറയാനുണ്ട്. ഏവർക്കും പ്രചോദനമാകുന്ന അശ്വിൻ തന്റെ ആ യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധനേടുകയാണ്. ചുണ്ടും മൂക്കും തമ്മിൽ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു അശ്വിൻ കുമാറിന്റെ ജനനം. ജനിച്ച് മൂന്നാം മാസത്തിലായിരുന്നു ആദ്യ സർജറി എന്ന് താരം പറയുന്നു.
"ഭയങ്കര മിറാക്കിള്‍ ആണ്. ഞാനൊരു അനുഗ്രഹീതനാണ്. അച്ഛനോടും അമ്മയോടും ഡോക്ടേഴ്സിനോടും സര്‍ജന്‍സിനോടും നന്ദി മാത്രം. എന്‍റെ ജീവിതത്തില്‍ പകുതി ജീവിതവും ആശുപത്രിയില്‍ ആയിരുന്നു. മൂന്ന് മാസമുള്ളപ്പോഴാണ് എന്‍റെ ആദ്യ സര്‍ജറി. പിന്നീട് ആറ് മാസത്തില്‍. അങ്ങനെ ഇടയ്ക്ക് ഇടയ്ക്ക് സര്‍ജറികളായിരുന്നു. സ്കൂളില്‍ എനിക്ക് വെക്കേഷനെ ഇല്ലായിരുന്നു. ചെയ്യുന്നതെല്ലാം മേജര്‍ ശസ്ത്രക്രിയകള്‍. 2006ലാണ് എന്‍റെ അവസാനത്തെ സര്‍ജറി നടക്കുന്നത്. ആറര മണിക്കൂര്‍ സര്‍ജറിയായിരുന്നു അത്. ഇതുവരെ ബ്യൂട്ടിഫിക്കേഷന് വേണ്ടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എനിക്ക് അപ്പര്‍ ലിപ്പില്‍ എല്ലുകളില്ലായിരുന്നു. ചൂണ്ടും പാലറ്റും ഇല്ല. ചുണ്ടും മൂക്കുമായി ചുരുങ്ങിരുന്നു. സൗണ്ട് തോമയിലെ ദിലീപിന്‍റെ കഥാപാത്രത്തെ പോലെ. സംസാരം പ്രശ്നമായിരുന്നു. ആ ഞാന്‍ ഇന്ന് മള്‍ട്ടി ലാഗ്വേജ് സിനിമയില്‍ ഡബ്ബ് ചെയ്യുന്നു. അഭിനേതാക്കളെ അനുകരിക്കുന്നു. ഗ്രേറ്റ്ഫുള്ളാണ് ഞാൻ", എന്നായിരുന്നു അശ്വിൻ കുമാറിന്റെ വാക്കുകൾ. ഡോസ് എന്ന സിനിമയുടെ പ്രമോഷനിടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.



